"ഹോ ഇതൊരു കഥ പോലുണ്ടല്ലോ." ലില്ലിക്കുട്ടി അതിശയിച്ചു.
"അതെ ലില്ലിക്കുട്ടി. പകൃതിയെ കണ്ണ് തുറന്നു കാണൂ. എന്തെല്ലാം കഥകൾ, എത്രയെത്ര നാടകങ്ങൾ, എന്തെല്ലാം അത്ഭുതങ്ങൾ!" മാസ്റ്റർ സമ്മതിച്ചു.
"അപ്പോൾ മാക്രികൾ വളർന്നാലേ മുട്ടയിടൂ. എന്നാലേ വാലുമാക്രികൾ ഉണ്ടാകൂ. നീർക്കോലികൾക്കു തീറ്റ കിട്ടൂ." വിനു പഠിച്ചതൊക്കെ ബന്ധിപ്പിക്കുകയായിരുന്നു.
"അതെ വിനു. കുളം ഒരു 'ആവാസവ്യവസ്ഥ' യാണെന്ന് നിങ്ങൾ പിന്നെ പഠിക്കും. അതിലെ വെള്ളവും മണ്ണും ചെളിയും സസ്യങ്ങളും മറ്റും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. പ്രകൃതിയുടെ മനോഹരമായ ഒരു വലയാണത്. സസ്യജന്തുജാലങ്ങളെ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്ന ഒരു കലാരൂപം. പ്രകൃതി നിരീക്ഷകർക്ക് ഒരു പറുദീസ." മാസ്റ്റർ വികാരഭരിതനായി.
"കുളം ഒരു പറുദീസ! നല്ല ആശയം തന്നെ." ദീപു തല കുലുക്കി ആ ആശയം ആസ്വദിച്ചു.
"ശരിയാ. മനോഹരമായ ഒരു സങ്കൽപം. എത്രയോ ജീവികൾ. ജന്തുക്കളും സസ്യങ്ങളും. പിന്നെ ജീവനില്ലാത്ത ഘടകങ്ങളും അനേകം. വെള്ളം, മണ്ണ്, വെളിച്ചം എന്നിങ്ങനെ. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു; അല്ലേ മാസ്റ്റർ?"
"അതെ."
"ജീവികൾ തമ്മിലല്ലേ ബന്ധമുള്ളൂ? ജീവനില്ലാത്ത വെള്ളവും വെളിച്ചവും മണ്ണും കല്ലും ഒക്കെ ജീവികളുമായി ബന്ധപ്പെട്ടാണോ കിടക്കുന്നത്?" കൊച്ചുമുഹമ്മദിന് സംശയം.
"അതെ കൊച്ചുമുഹമ്മദേ. എല്ലാം പരസ്പരം ബന്ധപ്പെട്ടാണിരിക്കുന്നത്. വെള്ളമില്ലെങ്കിൽ കുളമുണ്ടോ? മീനുകൾക്കും മറ്റും നിലനിൽപ്പുണ്ടോ? അങ്ങനെയങ്ങനെ ചിന്തിച്ചാലേ ബന്ധം വ്യക്തമാകൂ."
"ഓ അതു ശരിയാണ്."
"ഒരു സ്ഥലത്തു ജീവിക്കുന്ന ജീവജാലങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആ സ്ഥലത്ത് ആ ജീവജാലങ്ങളെ സ്വാധീനിക്കുന്ന മറ്റ് അനേകം ഘടകങ്ങളെയും കാണും. ഇവയെ എല്ലാം കൂടിയാണ്