രസകരമാണ്. പരിസ്ഥിതി വിജ്ഞാനം ആവേശകരമാണ്."
"ഞാൻ അതല്ല ഓർത്തുപോകുന്നത്....." ദീപു എന്തോ പറയാൻ തുടങ്ങി.
"എന്താണാവോ ദീപുച്ചേട്ടൻ ഓർത്തുപോകുന്നത്?" അപ്പുക്കുട്ടൻ കളിയാക്കി.
"എന്താ ദീപു ഓർത്തുപോകുന്നത്?" മാസ്റ്റർ തിരക്കി.
"ഒരു കുളത്തിൽ പോലും എന്തെല്ലാം കാണാനും അറിയാനുമുണ്ട്!"
"അതെ ദീപൂ. എത്രയെത്ര രഹസ്യങ്ങൾ കുളത്തിൽ ഒളിച്ചിരിക്കുന്നുണ്ടെന്നോ. നിങ്ങൾക്ക് ഞാൻ രസകരമായ ഒരു പ്രോജക്ട് തരാം. സയൻസ് പ്രോജക്ട്."
"എന്താണാവോ, ഇത്ര രസകരമായ പരിപാടി!" കൊച്ചുമുഹമ്മദ് ആകാംക്ഷയോടേ ശ്രദ്ധിച്ചു നിന്നു.
"കുള നിരീക്ഷണം. ഒരു ദിവസം മുഴുവൻ കുളത്തെ നിരീക്ഷിക്കുക. കുളത്തിലേക്കു വരുന്ന ജീവികൾ, അവയിൽ നിന്നും പോകുന്ന ജീവികൾ, കുളത്തിലെ നാനാതരം സസ്യജന്തുജാലങ്ങൾ, കുളത്തിലെ വെള്ളം, ചെളി... "
"കുളത്തിൽ നടക്കുന്ന നാടകങ്ങൾ". "നീർക്കോലിയുടെ ഇരപിടുത്തം"
"തവളച്ചാരുടെ ചാട്ടവും പാട്ടും"
"ഓരോരുത്തരും ഇങ്ങനെ ഓരോന്നുപറഞ്ഞ് നേരം കളയേണ്ട. എല്ലാവരും ഒരു നോട്ടുബുക്കുമായി വേണം കുളനിരീക്ഷണത്തിനു വരാൻ. കാണുന്നതൊക്കെ അതിലെഴുതിവയ്ക്കുക."
"ഏറ്റവും നല്ല നിരീക്ഷണത്തിന് സമ്മാനം തരുമോ മാസ്റ്റർ? എങ്കിൽ എനിക്ക് അതു കിട്ടും." കൊച്ചുറാണിക്ക് അക്കാര്യത്തിൽ സംശയമേ ഇല്ല.
"കുളത്തെ നിരീക്ഷിക്കാൻ ഞാനാ മിടുക്കൻ." കൊച്ചുമുഹമ്മദ് തർക്കിച്ചു.
"നല്ല പരിപാടിയാണ്. നമുക്ക് നാളെത്തന്നെ കുള നിരീക്ഷണ മത്സരം നടത്തിയാലോ?" അപ്പുക്കുട്ടൻ ചോദിച്ചു.
"അങ്ങനെ തന്നെ." മാസ്റ്റർ സമ്മതിച്ചു.