ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"പറയാം. ഒരു ജന്തുവിനും വേറൊരു ജന്തുവിനോടു ശത്രുതയില്ല. വെറുതെ കണ്ടാലുടനെ ഒരു സിംഹവും ഒന്നിന്റെ മേലും ചാടിവീഴുകയില്ല. വിശക്കുമ്പോൾ ആഹാരത്തിനുവേണ്ടി മാത്രമേ അതു കൊല്ലൂ." മാസ്റ്റർ തുടങ്ങി.

"എന്നാലും സിംഹം കണ്ടാലുടനെ കൊല്ലുമെന്നാ ഞങ്ങൾ കേട്ടിരിക്കുന്നത്." അനു പറഞ്ഞു.

"അത് തെറ്റാണ്. ഒരു കാട്ടിൽ ഒരു മാൻകൂട്ടം മേഞ്ഞു നടക്കുന്നു എന്നിരിക്കട്ടെ. സിംഹകുടുംബം വിശ്രമിക്കുന്നതിനടുത്തുപോലും അവ മേഞ്ഞുനടക്കും. സിംഹങ്ങൾ അവയെ കണ്ടാലും അനങ്ങുകയില്ല."

"പിന്നെ!"

"അവയ്ക്ക് വിശപ്പു തോന്നുമ്പോഴെ ഇരയെ പിടിക്കുന്ന കാര്യം ഓർക്കൂ."

"ഉടനെ സിംഹരാജൻ ഓടിച്ചെന്ന് മാനുകളെ പിടിച്ചുകൊല്ലും, അല്ലേ?"

"അതും തെറ്റിദ്ധാരണയാണ്. സിംഹരാജൻ എന്നൊക്കെ വെറുതെ പറയുന്നതാണ്. അവൻ മഹാമടിയനാണ്. വെറുതെ കിടക്കാറാണ് പതിവ്. എന്നിട്ട് പെൺസിംഹത്തെയാണ് ഇര തേടാൻ വിടാറ്!"

"നല്ല രാജാവു തന്നെ!" ലില്ലിക്കുട്ടി ചിരിച്ചു.

"മറ്റു മൃഗങ്ങൾ കൊന്നുതിന്നിട്ട് മിച്ചമിട്ടിരിക്കുന്ന എച്ചിൽതിന്നു വിശപ്പടക്കുന്നതും സിംഹരാജാക്കൻമാരുടെ സ്വഭാവമാണ്!"

"അമ്പട. ഇവനെ രാജാവെന്നു വിളിച്ചവരെ തല്ലണം!" കൊച്ചുമുഹമ്മദ് പറഞ്ഞു. "തനിയെ ഒന്നും ചെയ്യില്ല" മാസ്റ്റർ പറഞ്ഞു.

"എല്ലാ രാജാക്കൻമാരും അങ്ങനെയാണ്."

"ഇരതേടുന്ന രീതിയല്ലേ മാസ്റ്റർ പറഞ്ഞുവന്നത്? അപ്പോൾ പെൺസിംഹം പോയി എല്ലാ മാനുകളേയും കൊന്നിടും അല്ലേ?" വിനു ബാക്കി വിവരമറിയാൻ ചോദിച്ചു.

"അതെന്തിനാ എല്ലാറ്റിനേയും കൊല്ലുന്നത്? ഒരെണ്ണത്തിനെ പോരേ തിന്നാൻ" മാസ്റ്റർ ചോദിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/48&oldid=172209" എന്ന താളിൽനിന്ന് ശേഖരിച്ചത്