ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
സർപ്പക്കാവിലെ രഹസ്യങ്ങൾ


സംഭാരം കുടി കഴിഞ്ഞപ്പോൾ മാസ്റ്റർ പറഞ്ഞു: "എന്നാലിനി അമ്മൂമ്മയുടെ സർപ്പക്കാവു കൂടി ഒന്നുകാണാം." കൂട്ടുകാർക്ക് അത് സന്തോഷമായി.

"കണ്ടോ. പക്ഷേ അവിടെ നിന്ന് ഒന്നും ഒടിച്ചും പറിച്ചും കൊണ്ടു പോകരുത്." അമ്മൂമ്മയുടെ മുന്നറിയിപ്പ്.

ആകാശത്തിലേക്ക് വളർന്നുയർന്നു നിൽക്കുന്ന ഏഴിലംപാല, ഇലഞ്ഞി, ആഞ്ഞിലി, ചേര് അവയുടെ മുകൾ വരെ പടർന്നു കയറിയിരിക്കുന്ന ഊഞ്ഞാലുവള്ളികൾ. സർപ്പക്കാവിനകത്ത് എന്തൊരു കുളിർമ. ഉഷ്ണവുമില്ല, അധികം തണുപ്പുമില്ല. സർപ്പക്കാവിനകം മുഴുവൻ കുറ്റിച്ചെടികളും മറ്റ് കൊച്ചു മരങ്ങളും വള്ളികളും കാട്ടുചെടികളും. "ഇതെന്താ, കാശാവോ!" വിനുവിന് സംശയം.

"ദാ, ഈ വള്ളിക്ക് ഓടം എന്നാണ് പേര്. 'GNETUM' എന്നാണ് ഇംഗ്ലീഷ് പേര്. അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ചെടിയാണിത്." മാസ്റ്റർ ഒരു വലിയ വള്ളി ചൂണ്ടിക്കൊണ്ടു പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/53&oldid=172215" എന്ന താളിൽനിന്ന് ശേഖരിച്ചത്