ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"മീനേ ആഞ്ഞിലിക്കുരു വറുത്തത് പട്ടണത്തിൽ കിട്ടുമോ?" സൂസിക്കുട്ടിക്കൊരു സംശയം.

"ഇല്ലേയില്ല. ഞാൻ ആദ്യമായി തിന്നുകയാണ്. എന്തു സ്വാദ്. തേങ്ങായും കൂട്ടിത്തിന്നുമ്പോൾ പ്രത്യേക സ്വാദാണ്." മീന ആഞ്ഞിലിക്കുരുവും തേങ്ങായും കൂടി ചവച്ചിറക്കുന്നതിനിടയിൽ പറഞ്ഞു. ഞാനും ആഞ്ഞിലിക്കുരു ആദ്യമായിത്തിന്നുകയാണ്. അനുവും പറഞ്ഞു.

"അതു മോശമായിപ്പോയി. ഈ ഗ്രാമത്തിൽ ഇത്രനാൾ താമസിച്ചിട്ടും ആഞ്ഞിലിക്കുരു വറുത്തത് തിന്നിട്ടില്ലെന്നോ!" മാസ്റ്റർക്ക് അത്ഭുതം.

"ഞാനും ആദ്യമായി തിന്നുകയാണ്." ലക്ഷ്മിക്ക് അതു പറഞ്ഞപ്പോൾ നാണം വന്നു.

"ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ ടി.വി. യിൽ കാണുന്ന തീറ്റസാധനങ്ങൾ മാത്രമേ പരിചയമുള്ളൂ. അതാ മാസ്റ്റർ കുഴപ്പം." കൊച്ചു മുഹമ്മദ് ഒരു മുതിർന്ന ആളിന്റെ ഗമയിൽ പറഞ്ഞു.

"ഹൊ ഒരു കാർന്നോര് വന്നിരിക്കുന്നു!" സൂസിക്കുട്ടി കൊച്ചുമുഹമ്മദിനെ കളിയാക്കി.

"കൊച്ചുമുഹമ്മദ് പറഞ്ഞതിൽ കാര്യമുണ്ട്." മാസ്റ്റർ പറഞ്ഞു. "ഇന്ന് നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികൾക്കുപോലും ഗ്രാമങ്ങളിലെ വിഭവങ്ങളെപ്പറ്റി അറിയുകയില്ല."

"ഇപ്പോൾ ചക്ക തിന്നാൻ വരെ മനുഷ്യർക്ക് മടിയാണ്." കൊച്ചുമുഹമ്മദ് മാസ്റ്ററെ പിൻതാങ്ങി.

"അതെയതെ. പല പ്രായത്തിലുള്ള ചക്ക കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കാം. വേവിച്ച് ഇടിച്ച് ചതച്ച് കറി വയ്ക്കാവുന്ന പ്രായമാണ് ഇടിച്ചക്ക. ഇടിച്ചക്കത്തോരൻ ഒന്നാംതരവുമാണ്. കുറെക്കൂടി പ്രായമായാൽ കൊത്തുചക്കയായി. മൂത്തചക്കയുടെ ചുള പുഴുക്കിന് ഒന്നാംതരവുമാണ്. ചക്കപ്പഴം കൊണ്ടും പല വിഭവങ്ങൾ ഉണ്ടാക്കാം. ചക്കക്കുരു നല്ല പോഷകഗുണമുള്ള ഒരു ആഹാരസാധനമാണ്." മാസ്റ്റർ 'ഒരു ചക്കപ്രസംഗം' തന്നെ നടത്തി.

അതുകേട്ടു കൊണ്ടു വന്ന അമ്മൂമ്മ പറഞ്ഞു:

"കുട്ടികളെ, ചുറ്റും കണ്ണു തുറന്ന് നോക്ക്. തോരനും മറ്റു കറികളും വയ്ക്കാവുന്ന എന്തൊക്കെ പറമ്പിൽതന്നെ ഉണ്ടെന്നോ? തഴുതാമ, തകര, മുരിങ്ങയില, കാട്ടുതാളില..."

"ഞങ്ങളുടെ വീട്ടിൽ പച്ചക്കറിയെന്നു പറഞ്ഞാൽ കാബേജു മാത്രമാണ്. അമ്മ അതേ വാങ്ങൂ.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/58&oldid=172220" എന്ന താളിൽനിന്ന് ശേഖരിച്ചത്