ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

കൊല്ലണ്ടേ? തോമസ് തർക്കിച്ചു.

"ങും, എന്താ കാര്യം?" മാസ്റ്റർ തിരക്കി.

"അവ കടിക്കും കടിച്ചാൽ ചാകും." തോമസിന്റെ മറുപടി.

"അതിന്റെ കുറ്റം ആർക്കാ? മൂർഖൻ എലിയെയും മറ്റും പിടിക്കാൻ രാത്രി ഇഴഞ്ഞു നടക്കും. അവന് ബുദ്ധിയില്ല. നിങ്ങളാണ് വെളിച്ചം കൊണ്ടു നടക്കേണ്ടത്. അല്ലാതെ ഇരുട്ടത്ത് നടന്നു ചെന്ന് അവന്റെ നടുവിന് ചവിട്ടിയാൽ അവന് വേദനയെടുക്കും. നിങ്ങളുടെ നടുവിന് ഒരാൾ ചവിട്ടിയാൽ നിങ്ങൾ എന്തു ചെയ്യും?"

"അവനെ അടിച്ച് പപ്പടമാക്കും." അനു പറഞ്ഞു.

"ആക്കുമേ, മൂർഖനും അണലിക്കും അടിക്കാൻ കൈയില്ല. പകരം വായേ ഉള്ളൂ. അവ കടിക്കുന്നു. അല്ലാതെ എന്റെ നടുവിൽ ഒന്നുകൂടി ചവിട്ടാൻ പറയണോ?" മാസ്റ്ററുടെ ചോദ്യം.

"അതു ശരിയാ, എന്നാലും...." കൊച്ചു മുഹമ്മദ് മാസ്റ്റർ പറഞ്ഞത് പൂർണ്ണമായി അംഗീകരിക്കാൻ മടിച്ചു നിന്നു തലചൊറിഞ്ഞു.

"ഒരു എന്നാലുമില്ല. എലികളെയും മറ്റും നിയന്ത്രിക്കാനാണ് പ്രകൃതിയിൽ ഇഴജന്തുക്കൾ. കൊതുകിനെയും മുഞ്ഞയെയും മറ്റും നിയന്ത്രിക്കാനാണ് തവളകൾ. മനുഷ്യർ ഇവയെ എല്ലാം കൊന്നാൽപിന്നെ നിങ്ങൾ പോയി എലികളെ തിന്നുമോ? മുഞ്ഞകളെ പിടിക്കുമോ?" മാസ്റ്റർ.

"ഹേ, ഞങ്ങളെങ്ങനെ എലികളെയും മുഞ്ഞകളെയും തിന്നും?" കൊച്ചുറാണിക്ക് ചിരി.

"ങാ, അപ്പോൾ പാമ്പുകളെയും തവളകളെയും ഒന്നും കൊല്ലരുത്. കൊന്നാൽ പ്രകൃതിയുടെ സന്തുലനം തകരും. മനസ്സിലായോ കൂട്ടുകാരേ?"

"ഇപ്പോൾ മനസ്സിലായി മാസ്റ്റർ."

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/63&oldid=172226" എന്ന താളിൽനിന്ന് ശേഖരിച്ചത്