ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"നമുക്ക് ഈ വർഷത്തെ ബാലവേദി വാർഷികം ഭംഗിയാക്കണം" അപ്പുക്കുട്ടൻ പറഞ്ഞു.

"ഓ കൺവീനർക്ക് വാർഷികത്തെപ്പറ്റി ഇപ്പോഴേ വേവലാതിയായോ?" ദീപു ചോദിച്ചു.

"ഏഴെട്ടുമാസം കിടക്കുന്നല്ലോ" അനു പറഞ്ഞു.

"പക്ഷേ, നേരത്തെതന്നെ പ്ലാനുകളിടണം. പരിപാടികൾ ആലോചിക്കണം. എന്നാലേ നന്നാകൂ. അല്ലേ മാസ്റ്റർ?" അപ്പുക്കുട്ടൻ വിട്ടില്ല.

"അതു ശരിയാണ്." മാസ്റ്റർ സമ്മതിച്ചു.

"ഈ വർഷം പുതുമയുള്ള കുറച്ച് ഇനങ്ങൾ വേണം. പ്രകൃതി നിരീക്ഷണ മത്സരം തീർച്ചയായും വേണം." മാസ്റ്റർ തുടർന്നു.

"അതെന്തു മത്സരമാ മാസ്റ്റർ? ഇപ്പോഴേ തയ്യാറെടുക്കണോ? മിനിക്ക് സംശയം. "വേണം. ഞാൻ നേരത്തെ പറഞ്ഞില്ലേ, ഡയറി സൂക്ഷിക്കണമെന്ന്. ഒരു പഴയ നോട്ടുബുക്ക് മതി. എന്നും അൽപനേരം പ്രകൃതിയെ നിരീക്ഷിക്കണം. പക്ഷികളെ നിരീക്ഷിക്കാം. കുളത്തെയോ പുഴയെയോ ആകാശത്തെയോ മഴയെയോ നിരീക്ഷിക്കാം. ചെടികളെയും ജന്തുക്കളെയും നിരീക്ഷിക്കാം. ആത്മാർഥമായി, സത്യസന്ധമായി നിരീക്ഷിക്കണമെന്നു മാത്രം. ആ സമയം മറ്റൊന്നിലും ശ്രദ്ധ തിരിയരുത്. നിരീക്ഷിച്ച് കാണുന്നതെഴുതുക. സംശയങ്ങൾ തോന്നുമ്പോൾ മുതിർന്നവരോട് ചോദിച്ചോ പുസ്തകങ്ങൾ വായിച്ചോ കൂടുതൽ അറിവ് നേടണം. നിഗമനങ്ങളുമെഴുതാം - എന്തെങ്കിലുമുണ്ടെങ്കിൽ." മാസ്റ്റർ വിശദീകരിച്ചു.

"ഹോ, വല്ലാത്ത ഒരു പൊല്ലാപ്പായിരിക്കുമല്ലോ." കൊച്ചുമുഹമ്മദ് പറഞ്ഞുപോയി.

"കൊച്ചുമുഹമ്മദേ, ഡയറി എഴുതാതെ അതെങ്ങനെയാ പറയുന്നത്. വളരെ രസമാണ് ഡയറിയെഴുത്ത്."

"ആണോ മാസ്റ്റർ"

"എന്താ സംശയം. ഞാൻ കഴിഞ്ഞ മുപ്പതു വർഷങ്ങളായി മുറയ്ക്ക് ഡയറിയെഴുതുന്നതാണ്, അറിയാമോ?"

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/66&oldid=172229" എന്ന താളിൽനിന്ന് ശേഖരിച്ചത്