"അതെ, നിങ്ങളുടെ വീട്ടിലെ അക്വേറിയമുപയോഗിക്കാം. മാക്രിക്ക് കയറിയിരിക്കാൻ ജലനിരപ്പിനു മുകളിൽ പൊങ്ങിനിൽക്കുന്ന ഒരു കല്ലും അതിലുണ്ടായിരിക്കണം. സാധാരണ കുളത്തിന്റെ ഒരു വശത്ത് കുഴിച്ചുണ്ടാക്കിയ കുഴിയിൽ പായലും വെള്ളവും മറ്റും നിറച്ചും കൃത്രിമക്കുളത്തെ ഒരു വലിയ കമ്പിവല കൊണ്ടു മൂടിയാൽ മാക്രികൾ പുറത്തു പോവുകയില്ല. എന്നിട്ട് വാലു മാക്രികളുടെ വളർച്ച നിരീക്ഷിച്ചെഴുതുക. ചെകിള ഇല്ലാതാകുന്നതും വാൽ കുറുകുന്നതും കൈകൾ വളരുന്നതും മറ്റും ശ്രദ്ധിച്ച് നിരീക്ഷിക്കുക. അവസാനം വളർച്ചയെത്തി മാക്രിക്കുട്ടന്മാരാകുന്നത് കാണാൻ എന്തു രസമാണെന്നോ!"
"നല്ല രസമായിരിക്കും." അനു സമ്മതിച്ചു.
"ഇനി പ്രകൃതിസ്നേഹികൾ വാലുമാക്രികളെ വൻതോതിൽ വളർത്തേണ്ട കാലം വന്നിരിക്കുകയാണ്. തവളകൾ തീരെ നശിച്ചു. വംശനാശത്തിന്റെ ഘട്ടത്തിലെത്തിയിരിക്കുന്നു." മാസ്റ്റർ തുടർന്നു.
"ഓ അത് തവളപിടുത്തം കൊണ്ടായിരിക്കും. അല്ലേ മാസ്റ്റർ?"
"അതെ. സായിപ്പിന് തവളക്കാൽ ഇഷ്ടമാണെന്നും പറഞ്ഞ് നമ്മുടെ നാട്ടിൽ നിന്നും വൻതോതിൽ തവളക്കാൽ കയറ്റി അയക്കുകയാണ്. നല്ല വില കിട്ടും. ചിലർക്ക് അതല്ലേ നോട്ടമുള്ളൂ."
"അങ്ങനെ നാട്ടിൽ തവളകൾ ഇല്ലാതാകുന്നു. കൊതുകും മുഞ്ഞയും മറ്റും പെരുകുന്നു. അല്ലേ മാസ്റ്റർ?"
"അതെ പ്രകൃതിയുടെ ഒരു സന്തുലനം കൂടി തകരുന്നു... എന്തു വില കൊടുത്തും ഈ തവളക്കാൽ കയറ്റുമതി നിരോധിക്കേണ്ടതാണ്. ഇതിന് ഇന്ത്യയ്ക്കുപുറത്ത് ശ്രമം നടക്കുന്നുണ്ട്." മാസ്റ്റർ തുടർന്നു.
"നമ്മുടെ നാട്ടുകാർ എന്നിട്ടും അനങ്ങുന്നുമില്ല. അല്ലേ മാസ്റ്റർ?"
"അതെ, തവളക്കാൽ തീറ്റക്കാരോട് നമുക്ക് പറയണം. നിങ്ങൾക്ക് തവളക്കാൽ തിന്നാതെയും കഴിയാം. പക്ഷേ പാവം തവളക്ക് തന്റെ കാലില്ലാതെ കഴിയാൻ വയ്യ."