"അതും നല്ല ഒരു മുദ്രാവാക്യമാണല്ലോ മാസ്റ്റർ. നമുക്കത് ഗ്രാമപത്രത്തിലെഴുതി വയ്ക്കണം."
"പാവം തവളക്ക് അതിന്റെ കാലില്ലാതെ കഴിയാൻ വയ്യ. എന്നെഴുതി വയ്ക്കാം."
"നല്ല പരിപാടി തന്നെ തോമസ്. ഒരു കാര്യം കൂടി ചെയ്യണം. നാട്ടിൽ തവളപിടിക്കാൻ വരുന്നവരെ നമ്മൾ അതിനു സമ്മതിക്കരുത്."
"അങ്ങനെ തന്നെ. ബാലവേദി കൂട്ടുകാർ അതിന് സംഘടിക്കാം."
"ഞാൻ തവളകളെപ്പറ്റി ഒരു കടംകഥ പറയട്ടെ മാസ്റ്റർ?" അപ്പുക്കുട്ടൻ ഇടക്കുകയറി ചോദിച്ചു.
"ഓഹോ പറഞ്ഞോളൂ."
"ഞാൻ പെറ്റകാലം മീൻ പെറ്റ പോലെ വാലറ്റകാലം ഞാൻ പെറ്റപോലെ!"
"ഓഹോ, അർത്ഥം പിടികിട്ടി" തോമസ് തലകുലുക്കി.
"നല്ല കവിത പോലുണ്ട്." കൊച്ചുറാണി സമ്മതിച്ചു.
"മറ്റൊരു പ്രോജക്ട് പറയട്ടെ. ഒരു പേരക്കായുടെ ശരാശരി ആയുസ് കാണുക." മാസ്റ്റർ പറഞ്ഞു.
"അതെങ്ങനെ?" രൂപക്കുട്ടിക്ക് സംശയം.
ഒരു പേരയിൽ വിരിയുന്ന കുറച്ച് പൂവുകൾ തിരഞ്ഞെടുക്കുക. വിരിയുന്ന പൂവിന് അന്നു തന്നെ നമ്പർ നൽകണം. കട്ടിക്കടലാസിലെഴുതി പുറത്ത് ഉരുകിയ മെഴുക് പുരട്ടി അതു തൂക്കിയിട്ടാൽ മതി."
"എന്തിനാ മാസ്റ്റർ മെഴുക്?"
"മഴ വന്നാൽ കടലാസ് നനയാതിരിക്കാനും എഴുത്ത് മായാതിരിക്കാനും. എന്നിട്ട് ഓരോ ദിവസവും നിരീക്ഷണം തുടരണം. പൂക്കൾ കൊഴിഞ്ഞു പോയാൽ അത് എഴുതിവയ്ക്കണം. അങ്ങനെ കുറച്ച് പൂക്കൾ കൊഴിയും. കൊഴിയാത്തവ കായായി വളരും. വലുതാകും പഴുക്കും. അവസാനം കണക്കുണ്ടാക്കാം. എത്ര പൂക്കൾ വിരിഞ്ഞു. എത്ര കൊഴിഞ്ഞു. എത്ര കായായി മാറി എന്നെല്ലാം.