ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

“പ്രേതത്തെ കണ്ടൊന്നുമല്ല. പക്ഷേ, നായ്‌ എന്തുകൊണ്ടാ മോങ്ങുന്നതെന്ന് ആർക്കുമറിയാൻവയ്യ. ഏതായാലും അപ്പുക്കുട്ടനൊന്നു മോങ്ങിക്കേ, കൊള്ളാമോ എന്നറിയട്ടെ.” മാസ്റ്റർ പ്രോത്സാഹിപ്പിച്ചു.

അപ്പുക്കുട്ടൻ ഒച്ച ശരിയാക്കി ശ്വാസം പിടിച്ചു.

“വൗ...” അപ്പുക്കുട്ടൻ നായുടെ ഓരിയിടൽ കേട്ട് കൂട്ടുകാർ കൈയടിച്ചു.

“ഇനി ആർക്കെല്ലാം നായ കരയാനറിയാം.” മാസ്റ്റർ തിരക്കി.

“എനിക്ക് തെണ്ടിപ്പട്ടി കരയുന്നതറിയാം. കല്ലുകൊണ്ടുള്ള ഏറു വാങ്ങുമ്പോൾ കരയുന്നത്.” ദീപു പറഞ്ഞു.

“കേൾക്കട്ടെ”

“ക്കീയ് ക്കീയ് ക്കീയ് ക്കീയ്....”

അവൻറെ കരച്ചിൽ അവസാനം നേർത്തു നേർത്തു വന്നു. പട്ടിയുടെ വേദന കുറയുന്നതനുസരിച്ചു കരച്ചിൽ കുറഞ്ഞത് ദീപു അസ്സലായി അവതരിപ്പിച്ചു.

“കണ്ടോ. നായുടെ കരച്ചിൽ തന്നെ എത്രതരം! ചുറ്റുപാടും ശ്രദ്ധിച്ചാൽ പ്രകൃതിയുടെ ശബ്ദങ്ങൾ കേൾക്കാം. സംഗീതം കേൾക്കാം. ആൺകുയിലിൻറെ പാട്ട്, പെൺകുയിലിൻറെ 'ക്കുക്കുക്കു' എന്ന വികൃത ശബ്ദം. കോഴിയുടെ കൂവൽ. പൂച്ചയുടെ പാട്ട്, മണ്ണാത്തിപ്പുള്ളിൻറെ ട്യൂ...ട്യൂട്യൂ... ചൂളമടി, ഇരട്ടത്തലച്ചിയുടെ ക്ലി- ക്ലി-പാട്ട്. നത്തിൻറെ കരച്ചിൽ. തവളയുടെ സംഗീതം. ചിവീടിൻറെ തുളച്ചു കയറുന്ന ശബ്ദം. ചേര തവളയെ പിടിക്കുമ്പോൾ അതിൻറെ കരച്ചിലും അതിൽ വരുന്ന മാറ്റങ്ങളും. ആട്ടിൻകുട്ടിയുടെ കരച്ചിൽ, പശുവിൻറെ അമറൽ....”

“ഹോ, എന്തെല്ലാം തരം ശബ്ദങ്ങൾ!” കൊച്ചുറാണി ഇടക്കുകയറി പറഞ്ഞു.

“അതെ എത്രയെത്ര തരം രാഗങ്ങൾ, താളങ്ങൾ!” ഇവയെല്ലാം ഇനി ശ്രദ്ധിക്കുക. അനുകരിക്കൂ. എന്നിട്ട് വാർഷികത്തിന് ഒരു “പ്രകൃതി മിമിക്രി” നടത്താം.” മാസ്റ്റർ എല്ലാവരെയും നോക്കി ചിരിച്ചു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/74&oldid=172238" എന്ന താളിൽനിന്ന് ശേഖരിച്ചത്