“അവസാനം ഏറ്റവും കൂടുതൽ തിരിച്ചറിയുന്നയാളിനു സമ്മാനം, എന്താ?”
അമ്മൂമ്മ ചോദിച്ചു.
“ഓ, ഇതിൽ എനിക്ക് ഫസ്റ്റ് കിട്ടും.” വിനു വീമ്പു പറഞ്ഞു.
“എനിക്ക് ഒത്തിരി ചെടികളുടെ മണമറിയാം.” അനുവും തർക്കിക്കാൻ വന്നു.
“നിങ്ങൾ തർക്കിക്കേണ്ട. അമ്മൂമ്മയുടെ കളി നല്ല രസമായിരിക്കും. ഒരു പോലെയുള്ള ചെടികൾ എത്ര തന്നെ തരമുണ്ടെന്നോ.” മാസ്റ്റർ പറഞ്ഞു.
“ശരിയാ. തുളസി തന്നെ പലതരം. കൃഷ്ണതുളസി, കർപ്പൂര തുളസി, രാമതുളസി....’
ചേച്ചി സമ്മതിച്ചു.
കളികളുടെ കാര്യം അവിടെ നിൽക്കട്ടെ. ഇത്തരം പ്രകൃതിക്കളികൾ നിങ്ങൾ തന്നെ ആലോചിച്ചും കളിച്ചുനോക്കിയും കണ്ടുപിടിക്കൂ. നമുക്കതൊക്കെ പരീക്ഷിച്ചു നോക്കാം.” മാസ്റ്റർ കളിപ്രശ്നം അവസാനിപ്പിച്ചു.
“മാസ്റ്റർ, നീന്തൽ മത്സരമായാലോ? നമ്മുടെ പുഴയിൽ അക്കരയിക്കരെ നീന്താൻ ധൈര്യമുള്ളവർ വരട്ടെ” കൊച്ചുമുഹമ്മദ് നെഞ്ചത്തടിച്ചു ഒരു വെല്ലുവിളി.
“ഓ, അതിനു ഞാനും മോശമല്ല, ട്ടോ” അപ്പുക്കുട്ടൻ വെല്ലുവിളി സ്വീകരിച്ചു.
“അയ്യോ പുഴ കുറുകെ നീന്താനോ!” കൊച്ചുറാണി തലയിൽ കൈവെച്ചു.
“നീന്തൽ നല്ലൊരു വ്യായാമമാണ്. പ്രകൃതി സ്നേഹികൾ നിർബന്ധമായും പഠിച്ചിരിക്കേണ്ട കളിയും. ബാലവേദിയിലെ കൂട്ടുകാരെയെല്ലാം ഞാൻ നീന്താൻ പഠിപ്പിക്കാം.” മാസ്റ്റർ പറഞ്ഞു.
“പെൺകുട്ടികളെ ഞാൻ പഠിപ്പിക്കാമല്ലോ.” ചേച്ചി പറഞ്ഞു.
“ഏതായാലും നീന്തൽ മൽസരം വേണം.” കൊച്ചുമുഹമ്മദ് വീണ്ടും ആവശ്യമുന്നയിച്ചു.
“എന്നാൽ മരംകയറ്റ മത്സരവും വേണം.” തോമസിന്റെ നിർദ്ദേശമാണ്.