ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ആ പുസ്തകത്തിൻറെ ഒരു പേജു മാത്രമാണ്. ആദിമ മനുഷ്യൻ മുതൽ പ്രകൃതിയെന്ന വലിയ പുസ്തകം വായിക്കാൻ തുടങ്ങുകയും ചെയ്തു.”

“നല്ല ഉപമ. പ്രകൃതിയെന്ന പുസ്തകം വായിക്കാൻ അക്ഷരം പഠിക്കേണ്ടല്ലോ.” കൊച്ചുറാണി ഒരു തമാശ പറഞ്ഞു ചിരിച്ചു.

“വേണ്ട. പ്രകൃതിയെന്ന വലിയ പുസ്തകം വായിക്കാൻ അക്ഷരം പഠിക്കേണ്ട. പക്ഷെ എല്ലാം കാണാൻ ഇഷ്ടമുള്ള, കൗതുകമുള്ള കണ്ണുവേണം. എല്ലാം അറിയാനുള്ള ആവേശം വേണം. എന്തുകൊണ്ട് എന്ന ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവും വേണം. ആദ്യം സ്വന്തം നിലനിൽപ്പിനായി മാത്രം മനുഷ്യൻ പ്രകൃതിയെ സാവധാനം നിരീക്ഷിച്ചു പഠിച്ചു. അതായത് പ്രകൃതിയെന്ന പുസ്തകത്തിലെ താളുകൾ വായിച്ചു പഠിച്ചു.”

“പിന്നെയോ?”

“പിന്നെപ്പിന്നെ വായനയുടെ വേഗത കൂടി. ശാസ്ത്രീയമായ സമീപനരീതി വളർന്നു വികസിച്ചതോടെ വായനയുടെയും പഠനത്തിൻറെയും ആഴവും പരപ്പും കൂടി. പരീക്ഷണം, നിരീക്ഷണം, നിഗമനം എന്നീ വഴികളിലൂടെ യുക്തിയോടെ, കാര്യങ്ങൾ പഠിച്ചതോടെ പ്രകൃതിയെന്ന പുസ്തകത്തിലെ വിജ്ഞാനപ്രദങ്ങളായ എത്രയെത്ര രഹസ്യങ്ങൾ വായിച്ചറിയാൻ കഴിഞ്ഞു.” മാസ്റ്റർ വിശദമാക്കി.

“ഹൊ എത്ര നാളായി ഈ വായന തുടരുന്നു. പഠനം തുടരുന്നു.”

“അതെ. മനുഷ്യന്റെ അവസാനിക്കാത്ത വായനയാണത്. ഇന്നും മനുഷ്യൻ പ്രകൃതിയെന്ന പുസ്തകത്തിലെ ഇതുവരെ കാണാത്ത പുതിയ പേജുകൾ വായിച്ചുകൊണ്ടിരിക്കുന്നു. ഓരോ നിമിഷവും പുതിയ രഹസ്യങ്ങൾ വായിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഇതുവരെ വായിച്ചിട്ടും തീരാത്ത പുസ്തകമാണ് പ്രകൃതി. വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം.” അതുപറഞ്ഞപ്പോൾ മാസ്റ്റർ ആവേശഭരിതനായി.

“വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം!” കൊച്ചുറാണിക്ക് ആ ഉപമ ഇഷ്ടമായി.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/88&oldid=172253" എന്ന താളിൽനിന്ന് ശേഖരിച്ചത്