ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"പുതിയ താളുകൾ വായിച്ചതോടെ, പ്രകൃതിയുടെ രഹസ്യങ്ങൾ കൂടുതലറിഞ്ഞതോടെ മനുഷ്യൻ പ്രകൃതിയെ കൂടുതൽ ആദരവോടെ കാണാൻ തുടങ്ങി. പ്രകൃതിയെ കീഴടക്കുക എന്ന ആശയം തന്നെ വിഡ്ഢിത്തമാണെന്ന് ആധുനികമനുഷ്യന് മനസ്സിലായി. കാരണം അവൻ തന്നെ പ്രകൃതിയുടെ ഒരു കൊച്ചുഭാഗം മാത്രമാണല്ലോ. ഒരു കൊച്ചു പേജ് മാത്രമാണല്ലോ."

"ഓ അതുശരിയാ. വലിയ വലിയ ഒരു പുസ്തകത്തിലെ ചെറിയ ചെറിയ ഒരു പേജ് പോലെ, അല്ലേ മാസ്റ്റർ?" കൊച്ചുറാണിക്ക് ഒരു കവിത തോന്നി.

"വളരെ ശരി. ഒരു കാര്യം കൂടി മനുഷ്യന് അവസാനം മനസ്സിലായി."

"എന്താ മാസ്റ്റർ?"

"പ്രകൃതിയെ ചൂഷണം ചെയ്യണം എന്ന ആശയവും തെറ്റാണ് എന്ന്."

"ഛെ ഛെ. അതെന്താ മാസ്റ്റർ അങ്ങനെ പറയുന്നത്? മനുഷ്യന്റെ പുരോഗമനം സാധിച്ചത്, പ്രകൃതിയെ ചൂഷണം ചെയ്താണ് എന്നാണല്ലോ ക്ലാസിൽ പഠിച്ചത്." അപ്പുക്കുട്ടന് സംശയം.

"ശരിയാ. ശരിയാ. വ്യവസായങ്ങൾ വളരണമെങ്കിൽ പ്രകൃതിയെ ചൂഷണം ചെയ്യണമെന്ന് രാജൻസാർ എന്റെ ക്ലാസിലും പറഞ്ഞു." തോമസും അപ്പുക്കുട്ടന്റെ സഹായത്തിനെത്തി.

"മനുഷ്യന്റെ സുഖസൗകര്യങ്ങൾ കൂടണമെങ്കിൽ പ്രകൃതിയെ ചൂഷണം ചെയ്യണമെന്നാ ഞാനും പഠിച്ചിരിക്കുന്നത്." കൊച്ചുമുഹമ്മദും തർക്കത്തിനെത്തി.

"എടടാ. എല്ലാവരും കൂടി തർക്കത്തിനെത്തിയല്ലോ. നിങ്ങളെ ഞാൻ കുറ്റം പറയുന്നില്ല. നിങ്ങൾക്ക് ക്ലാസുകളിൽ വച്ച് തെറ്റായ ധാരണകൾ കിട്ടിയതാണ് കുഴപ്പം. പ്രകൃതിയെ ചൂഷണം ചെയ്‌താൽ അവസാനം എന്തുസംഭവിക്കും? മറക്കരുത്, ചൂഷണം ആണ് നടത്തുന്നത്!"

"ങാ ചൂഷണം നടത്തിയാൽ അവസാനം പ്രകൃതി നശിക്കും" ദീപു ആലോചിച്ചു പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/89&oldid=172254" എന്ന താളിൽനിന്ന് ശേഖരിച്ചത്