ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

നൽകിയിരുന്ന പേര് "വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം" എന്നായിരുന്നു. പുസ്തകത്തിനും ആ പേരുമതി എന്ന് കാവുമ്പായി തീരുമാനിച്ചു.

അങ്ങനെ 1985 ആഗസ്റ്റിൽ പുസ്തകം പുറത്തു വന്നു. അതിന് അന്ന് ലഭിച്ച സ്വീകരണം ഞാൻ പ്രതീക്ഷിച്ചതിലും എത്രയോ വലുതായിരുന്നു. അനേകം കുട്ടികളും മുതിർന്നവരും പുസ്തകം വായിച്ച് എനിക്ക് കത്തുകളെഴുതി. അവരുടെ സ്നേഹനിർഭരമായ കത്തുകൾ എനിക്ക് എത്രമാത്രം ആവേശകരമായിരുന്നു എന്നോ!

വർഷം ഒന്നു കഴിഞ്ഞു. 1986 ഡിസംബറിൽ ഒരു ദിവസം ഉച്ചയ്ക്ക് ശ്രീമാൻ ഡി. സി. കിഴക്കേമുറിയുടെ ഫോൺ വരുന്നു. "അഭിനന്ദനങ്ങൾ" അദ്ദേഹം നാടകീയമായി പറഞ്ഞു. "എന്തിനാണു ഡീസീ?" ഞാൻ അത്ഭുതത്തോടെ തിരക്കി. "അല്ലാ ശിവദാസല്ലേ അവാർഡിനു പുസ്തകമയച്ചത്?" "അല്ലല്ലോ. ഏതു പുസ്തകം? ഏത് അവാർഡിന്?" കാര്യം മനസ്സിലാകാതെ ഞാൻ ചോദിച്ചു. "എന്നാൽ കേട്ടോളൂ കൈരളി ബുക്ക് ട്രസ്റ്റിന്റെ ഈ വർഷത്തെ ബാലസാഹിത്യ അവാർഡ് ശിവദാസിന്റെ വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിനാണ്. പരിശോധകരുടെ മാർക്ക് ഇപ്പോൾ കൂട്ടി നോക്കിയതേയുള്ളൂ". ഡി.സി. കാര്യം പറഞ്ഞു. പിന്നീടാണ് ഞാൻ അതിന്റെ രഹസ്യം അറിഞ്ഞത്. പത്രത്തിലെ വാർത്ത കണ്ട് കാവുമ്പായി പുസ്തകമയക്കാൻ ശ്രീ വി. എം. രാജമോഹനോട് പറഞ്ഞു. രാജമോഹനാണ് പുസ്തകം അവാർഡിനായി അയച്ചു കൊടുത്തത്. അക്കാര്യം എന്നെ അറിയിച്ചില്ലെന്നു മാത്രം.

ഏതായാലും ആ അവാർഡും ഈ പുസ്തകത്തിനു കൂടുതൽ പ്രചാരം ലഭിക്കാൻ കാരണമായി. വർഷം വീണ്ടും ഒന്നു കഴിഞ്ഞു. അപ്പോൾ ഒരു ദിവസം തിരുവനന്തപുരത്തു നിന്നും ശ്രീമാൻ കെ. കെ. കൃഷ്ണകുമാർ ആഹ്ലാദപൂർവ്വം വിളിക്കുന്നു, വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകത്തിനു രണ്ടാമതൊരു അവാർഡു കൂടി ലഭിച്ചിരിക്കുന്ന വിവരം വിളിച്ചു പറയുകയായിരുന്നു. "കൃകു". കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മറ്റിയുടെ ബാലശാസ്ത്രസാഹിത്യത്തിനുള്ള ഒന്നാമത്തെ അവാർഡ്! അതിനിടെ ഒരിക്കൽക്കൂടി ഈ പുസ്തകം യുറീക്കാ പരീക്ഷയ്ക്ക് പാഠപുസ്തകവുമായി. ഇങ്ങനെ പല കാരണങ്ങൾ മൂലം പുസ്തകത്തിന്റെ അനേകായിരം കോപ്പികൾ വിൽക്കാനും കഴിഞ്ഞു.

കേരളത്തിലെ ജനങ്ങളിൽ പ്രകൃതി ബോധം വളർത്താൻ ശാസ്ത്രസാഹിത്യ പരിഷത്ത്

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/9&oldid=172255" എന്ന താളിൽനിന്ന് ശേഖരിച്ചത്