ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

"പ്രകൃതി നശിക്കും എന്നു പറഞ്ഞാൽ മനുഷ്യനും നശിക്കും എന്നുകൂടി ഓർക്കണം. അപ്പോൾ പ്രകൃതിയെ ചൂഷണം ചെയ്യലല്ല ശരിയായ നടപടി. പ്രകൃതിയുടെ സന്തുലനം തകർക്കാതെ പ്രകൃതി തന്നെ നമുക്ക് കനിഞ്ഞു തന്നിരിക്കുന്ന വിഭവങ്ങൾ ഉപയോഗിക്കുകയാണ് വേണ്ടത്. ഏറ്റവും കുറച്ചു തകരാറേ പ്രകൃതിക്കുണ്ടാവൂ എന്നർത്ഥം" മാസ്റ്റർ പറഞ്ഞു.

"അത് മനസ്സിലായില്ലല്ലോ മാസ്റ്റർ” അപ്പുക്കുട്ടൻ പരാതി പറഞ്ഞു.

"ഒരു ഉദാഹരണം പറയാം അപ്പുക്കുട്ടാ. നീ സുന്ദരിയായ കറവപ്പശുവിനെ സങ്കൽപ്പിക്കൂ. കുറഞ്ഞ മിനുമിനുത്ത രോമവും കൊഴുത്ത ദേഹവും നീണ്ട കണ്ണും നിലത്തു കിടന്നിഴയുന്ന വാലുമുള്ള ഒരു സുന്ദരിപ്പശു."

"പുരാണത്തിലെ കാമധേനുവിനെപ്പോലെ, അല്ലേ മാസ്റ്റർ?” ദീപുവിന് പുരാണകഥകൾ നല്ല നിശ്ചയമായിരുന്നു.

"അതുതന്നെ. അകിട്ടിൽ നിറയെ പാലുമായി നിൽക്കുന്ന ആ സുന്ദരിയെ കണ്ടാൽ ഒരു അറവുകാരന്റെ മനസ്സിൽ എന്താ തോന്നുക?" മാസ്റ്റർ ചോദിച്ചു.

"ഹഹഹഹ" തോമസ്‌ ചിരിച്ചു കുഴഞ്ഞു.

"എന്താ തോമസ്‌ ചിരിച്ചു മറിയുന്നത്? ഉത്തരം പറയൂ." മാസ്റ്റർ.

"മാസ്റ്ററുടെ ഉപമ ഒന്നാംതരം തന്നെ. അറവുകാരൻ കാമധേനുവിനെ കണ്ടാൽ അയാളുടെ കൈ തരുതരുക്കും. അറിയാതെ കൈ കത്തിക്കടുത്തേക്കു പോകും." തോമസ് ചിരിക്കിടയിൽ പറഞ്ഞു.

"ശരിയാ, ശരിയാ. കാമധേനുവിൻറെ കഴുത്ത് മുറിച്ച് കളഞ്ഞ് ഒരു കമ്പിയിൽ കെട്ടിത്തൂക്കി തൊലിയുരിച്ചിട്ട് ഇറച്ചി വെട്ടിയാൽ എത്ര കിലോ വരും എന്നയാൾ കണക്കാക്കും."

അപ്പുക്കുട്ടൻ ബാക്കി പറഞ്ഞു.

"ഇറച്ചി വിറ്റാൽ എത്ര രൂപ കിട്ടും എന്നോർത്ത് അയാളുടെ വായിൽ വെള്ളമൂറും.”

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/90&oldid=172256" എന്ന താളിൽനിന്ന് ശേഖരിച്ചത്