ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പ്രകൃതി. നൂറുനൂറു രഹസ്യങ്ങളും അത്ഭുതങ്ങളും നിറഞ്ഞ പ്രകൃതി.

ആലോചനയ്ക്കിടയിൽ രാജു സാവധാനം പറഞ്ഞു: "പ്രകൃതിയെപ്പറ്റി മാസ്റ്റർ ആദ്യം പറഞ്ഞ ഉപമയാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ഈ പ്രകൃതി എത്ര വായിച്ചാലും തീരാത്ത ഒരു പുസ്തകം തന്നെയാണ്. നമ്മെ എന്നും പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്ന അത്ഭുതകരമായ പുസ്തകം."

"എങ്കിൽ ആ ഉപമതന്നെ സ്വീകരിച്ചോളൂ. പ്രകൃതി വായിച്ചാലും വായിച്ചാലും തീരാത്ത ഒരു പുസ്തകം തന്നെ. ആ പുസ്തകം വായിക്കുംതോറും നാം പ്രകൃതിയുടെ കൗശലത്തിൽ ആകൃഷ്ടരായിപ്പോകും. അപ്പോഴതിനെ ആദരവോടെ കാണും. സ്നേഹിക്കും. നാമും അതിൻറെ ഒരു ഭാഗമാണെന്നറിയും. അതോടെ പ്രകൃതിയെ നശിപ്പിക്കുന്നവർക്കെതിരായി നീങ്ങാനും നാം അറിയാതെ തയ്യാറാകും." മാസ്റ്റർ ആവേശത്തോടെ പറഞ്ഞു.

മാസ്റ്ററുടെ വാക്കുകൾ കേട്ട് അവർ വീണ്ടും തരിച്ചിരുന്നു. വായിച്ചാലും വായിച്ചാലും തീരാത്ത ഒരു വലിയ പുസ്തകം. പ്രകൃതി എന്ന മനോഹരമായ പുസ്തകം. കീറാതെയും മുറിക്കാതെയും കാത്തു സൂക്ഷിക്കേണ്ട വിലയേറിയ പുസ്തകം... മഴയും പുഴയും മാനും മലയും എല്ലാം ആ പുസ്തകത്തിൻറെ ഭാഗങ്ങൾ മാത്രം. എണ്ണമില്ലാത്ത രഹസ്യങ്ങൾ നിറഞ്ഞ ആ വലിയ പുസ്തകത്തിലെ ചെറിയ ഒരു താൾ മാത്രമാണ് താൻ! എന്തെല്ലാം രഹസ്യങ്ങൾ ഇനിയും വായിക്കാൻ കിടക്കുന്നു, എല്ലാം വായിക്കണം. അറിയണം. മാത്രമോ, ആ വിലയേറിയ പുസ്തകത്തെ കാത്തുസൂക്ഷിക്കുകയും വേണം. അതിനെ നശിപ്പിക്കാനൊരുങ്ങുന്നവർക്കെതിരെ നീങ്ങുകയും വേണം.

അവർ ആ പുതിയ അറിവിൽ ആഹ്ലാദിച്ച് ഇരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/94&oldid=172260" എന്ന താളിൽനിന്ന് ശേഖരിച്ചത്