തിരഞ്ഞെടുത്ത ഹദീസുകൾ/അനന്തരാവകാശം
1) ആയിശ(റ) നിവേദനം: നബി(സ) അരുളി: ഞങ്ങൾ അനന്തരമെടുക്കപ്പെടുകയില്ല. ഞങ്ങൾ ഉപേക്ഷിച്ചിടുന്നത് ദാനധർമ്മമാണ്. (ബുഖാരി. 8. 80. 719)
2) ഇബ്നുഅബ്ബാസ്(റ) നിവേദം: നബി(സ) അരുളി: അനന്തരാവകാശികൾക്ക് അവരുടെ ഓഹരികൾ നൽകിയശേഷം ബാക്കിയുള്ളത് കുടുംബത്തിൽ ഏറ്റവും അടുത്ത ബന്ധമുള്ള പുരുഷന് അവകാശപ്പെട്ടതാണ്. (ബുഖാരി. 8. 80. 724)
3) മുആദ്(റ) നിവേദനം: ഒരാൾ മരിച്ച് അയാൾക്ക് പെൺകുട്ടിയും സഹോദരിയും ഉണ്ടായാൽ പെൺകുട്ടിക്ക് പകുതിയും സഹോദരിക്കു പകുതിയും ലഭിക്കും. (ബുഖാരി. 8. 80. 726)
4) ഹൂസൈൽ(റ) പറയുന്നു: മരിച്ചവ്യക്തിക്ക് ഒരു പുത്രിയും മകന്റെ ഒരുപുത്രിയും ഒരു സഹോദരിയുമുണ്ട്. എങ്കിൽ അവരുടെ അവകാശം എങ്ങിനെയാണെന്ന് അബൂമൂസ(റ)യോട് ഒരാൾ ചോദിച്ചു. സ്വന്തം പുത്രിക്ക് പകുതിയും സഹോദരിക്കുപകുതിയും ലഭിക്കുമെന്ന് മറുപടി അദ്ദേഹം നൽകി. ശേഷം പറഞ്ഞു: നിങ്ങൾ ഇബ്നുമസ്ഊദിന്റെയടുക്കൽ പോയി അദ്ദേഹത്തോട് ചോദിച്ചുകൊള്ളുക. അദ്ദേഹം എന്റെ അഭിപ്രായത്തെ അനുകൂലിക്കുമെന്ന് അബൂമൂസ പറഞ്ഞു. ഇബ്നുമസ്ഊദിന്റെ യടുക്കൽ ചെന്ന് അബൂമൂസായുടെ തീരുമാനം അറിയിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. അങ്ങിനെ വിധി കൽപ്പിക്കുന്നപക്ഷം ഞാൻ നേർമാർഗ്ഗം പ്രാപിച്ചവനായിരിക്കുകയില്ല. വഴി പിഴച്ചവനായിരിക്കും. നബി(സ) കൽപ്പിച്ചതനുസരിച്ചാണ് ഈ വിഷയത്തിൽ ഞാൻ തീരുമാനം കൽപ്പിക്കുക. സ്വന്തം പുത്രിക്ക് പകുതി ലഭിക്കും. മകന്റെ മകൾക്ക് ആറിലൊരംശവും. ബാക്കിയുള്ളത് സഹോദരിക്ക് ലഭിക്കും. അബൂമൂസയെ വിവരമറിയിച്ചപ്പോൾ ഈ മഹാപണ്ഡിതൻ നിങ്ങൾക്കിടയിൽ ജീവിക്കുന്ന കാലമത്രയും ഇത്തരം വിഷയങ്ങളെക്കുറിച്ച് നിങ്ങളെന്നോട് ചോദിക്കാൻ വരരുത് എന്നദ്ദേഹം ഉപദേശിച്ചു. (ബുഖാരി. 8. 80. 728)
5) അസ്വദ്(റ) പറയുന്നു: മുആദ്(റ) നബി(സ)യുടെ കാലത്ത് പുത്രിക്ക് പകുതിയും സഹോദരിക്ക് പകുതിയും അവകാശം നൽകി. സുലൈമാൻ (നിവേദകൻ) ശേഷം പറഞ്ഞു: നബി(സ) യുടെ കാലത്ത് എന്നുപറയുന്നില്ല. (ബുഖാരി. 8. 80. 733)
6) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ നിങ്ങളുടെ പിതാക്കളെ വെറുക്കരുത്. വല്ലവനും തന്റെ പിതാവിനെ വെറുക്കുന്ന പക്ഷം അവൻ നന്ദികെട്ടവനത്രെ. (ബുഖാരി. 8. 80. 759)
7) അബൂ ഉമാമ(റ) പറഞ്ഞു: ഹജ്ജത്തുൽ വദായിലെ പ്രഭാഷണത്തിൽ (ഖുത്തുബ) പ്രവാചകൻ(സ) പറയുന്നതു ഞാൻ കേട്ടു: നിശ്ചയമായും അല്ലാഹു ഓരോരുത്തർക്കും അവനു അവകാശപ്പെട്ട് പങ്കു നൽകിയിരിക്കുന്നു. അതിനാൽ പിന്തുടർച്ചാവകാശിയാകുന്ന ഒരുവനു വേണ്ടി മരണശാസനം വേണ്ട (അബൂദാവൂദ്)
8) ബുറൈദ(റ) പറഞ്ഞു: കസാഅയിൽപെട്ട ഒരാൾ മരിക്കയും അയാളുടെ പിന്തുടർച്ചാവകാശം പ്രവാചക(സ) ന്റെ അടുക്കൽ കൊണ്ടുവരപ്പെടുകയും ചെയ്തു. അവിടുന്നു പറഞ്ഞു: അയാളുടെ അവകാശിയെ അല്ലെങ്കിൽ പെൺവഴിക്കു അയാളുമായി ബന്ധമുള്ള ഒരാളെ അന്വേഷിക്കുക . എന്നാൽ അയാൾക്കു ഒരു അവകാശിയേയോ, പെൺവഴിയിൽ ബന്ധമുള്ള ഒരാളെയോ കാണുവാൻ അവർക്കു സാധിച്ചില്ല. അതിനാൽ അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: അയാളുമായി പ്രപിതാമഹൻ മൂലം ഏറ്റവും അടുത്ത ബന്ധമുള്ള കസാഅയിൽ പെട്ടവർക്ക് കൊടുക്കുക. (അബൂദാവൂദ്)
9) ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു. ഒരാൾ മരിക്കയും അയാൾ സ്വതന്ത്രനാക്കപ്പെട്ട ഒരു അടിമയല്ലാതെ മറ്റു അവകാശികൾ അയാൾക്കു അവശേഷിക്കാതിരിക്കയും ചെയ്തു. പ്രവാചകൻ(സ) പറഞ്ഞു. അയാൾക്ക് (പിൻതുടർച്ചാവകാശപ്പെടുത്തുന്നതിന്) ആരെങ്കിലും ഉണ്ടോ? അവർ പറഞ്ഞു: സ്വതന്ത്രനാക്കിയ ഒരടിമയല്ലാതെ അയാൾക്കു മറ്റാരും ഇല്ല. അതിനാൽ പ്രവാചകൻ(സ) അയാളുടെ പിൻതുടർച്ചാവകാശം അയാൾക്ക് (അടിമക്ക്) കൊടുത്തു. (അബൂദാവൂദ്)
10) മിഖ്ദാം(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ഞാൻ ഓരോ വിശ്വാസിയോടും അവനവനെത്തന്നെയെക്കാൾ അടുത്താണ്. അതുകൊണ്ട് ഒരുകടത്തെയോ പുലർത്തേണ്ട കുട്ടികളേയോ ആരൊരുവൻ ശേഷിപ്പിക്കുന്നുവോ, അതു നമ്മുടെ ചുമതലയിലാണ്; ആരൊരുവൻ സ്വത്തു ശേഷിപ്പിക്കുന്നുവോ, അത് അവന്റെ പിൻഗാമികൾക്കുമാണ്. അവാകാശികളില്ലാത്ത ആളിന്റെ അവകാശി ഞാനാകുന്നു. ഞാൻ അയാളുടെ സ്വത്തിനു അവകാശിയായിത്തീരുകയും അവന്റെ ബാദ്ധ്യസ്ഥതയെ വിമോചിക്കയും ചെയ്യുന്നു. (അബൂദാവൂദ്)
11) അബുഹുറയ്റാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ഘാതകൻ പിന്തുടർച്ചാവകാശിയാകുന്നില്ല. (തിർമിദി)
12) അംറ് ഇബ്നു ഷുഅയ്ബ്(റ) നിവേദനം ചെയ്തു: പ്രവാചകൻ(സ) പറഞ്ഞു: സ്വതന്ത്രയായ ഒരു സ്ത്രീയുമായോ ഒരു അടിമസ്ത്രീയായോ വ്യഭിചാരം നടത്തി (അപ്രകാരം ജനിക്കുന്ന) ശിശു നിയമാനുസൃതമല്ല. അവൻ പിൻതുടർച്ചാവകാശിയാകുന്നില്ല. അവനെ പിൻതുടർച്ചാവകാശപ്പെടുത്തുന്നുമില്ല. (തിർമിദി)