1) അബ്ദുല്ല ഇബ്നുഉമർ(റ) നിവേദനം: റമളാനിലെ അവസാനത്തെ പത്തിൽ നബി(സ) ഇഅ്തികാഫ് ഇരിക്കാറുണ്ട്. (ബുഖാരി. 3. 33. 242)

2) ആയിശ(റ) നിവേദനം: നബി(സ) മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തിൽ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ മരണശേഷം അവിടുത്തെ പത്നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു. (ബുഖാരി. 3. 33. 243)

3) ആയിശ(റ) പറയുന്നു: നബി(സ) പള്ളിയിൽ ഇഅ്ത്തികാഫ് ഇരിക്കുമ്പോൾ തന്റെ തല എന്റെ അടുത്തേക്ക് നീട്ടിത്തരും. അപ്പോൾ ഞാൻ മുടി വാർന്നുകൊടുക്കും. നബി(സ) ഇഅ്ത്തികാഫിരിക്കുമ്പോൾ ആവശ്യത്തിന് വേണ്ടിയല്ലാതെ വീട്ടിൽ പ്രവേശിക്കാറില്ല. (ബുഖാരി. 3. 33. 246)

4) അബ്ദുല്ല ഇബ്നുഉമർ(റ) പറയുന്നു: ഉമർ(റ) നബി(സ) യോടു ചോദിച്ചു. ഞാൻ ജാഹിലിയ്യാകാലത്തു ഒരു രാത്രി മസ്ജിദുൽ ഹറമിൽ ഇഅ്തികാഫ് ഇരിക്കുവാൻ വേണ്ടി നേർച്ചയാക്കിയിട്ടുണ്ട്. അതു ഞാൻ പൂർത്തിയാക്കേണ്ടതുണ്ടോ? നബി(സ) അരുളി: നിന്റെ നേർച്ച നീ പൂർത്തിയാക്കുക. (ബുഖാരി. 3. 33. 248)

5) ആയിശ(റ) നിവേദനം: നബി(സ) റമളാനിലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ട്. ഞാൻ നബി(സ)ക്ക് ഒരു മറ നിർമ്മിച്ചുകൊടുക്കും. സുബ്ഹ് നമസ്കരിച്ചതിനുശേഷം അവിടുന്ന് അതിൽ പ്രവേശിക്കും. അപ്പോൾ ഹഫ്സ(റ) ആയിശ(റ) യോട് അവർക്ക് വേണ്ടി ഒരു മറ നിർമ്മിക്കുവാൻ അനുവാദം ചോദിച്ചു. ആയിശ(റ) അനുവാദം നൽകുകയും ഒരു മറ നിർമ്മിക്കുകയും ചെയ്തു. സൈനബ(റ) ഇതു കണ്ടപ്പോൾ മറ്റൊരു മറ അവരും നിർമ്മിച്ചു. പ്രഭാതമായപ്പോൾ നബി(സ) ഈ തമ്പുകൾ കണ്ടു. അവിടുന്ന് ചോദിച്ചു. ഇതു എന്താണ്? അപ്പോൾ വിവരം നബി(സ)യോട് പറയപ്പെട്ടു. നബി(സ) വീണ്ടും ചോദിച്ചു: പുണ്യമാണോ ഇവയെക്കൊണ്ട് നിങ്ങളുദ്ദേശിക്കുന്നത്? (അതല്ല, പരസ്പരം മൽസരമോ?) നബി(സ) ആ മാസം ഇഅ്തികാഫിരിക്കുന്നതു ഉപേക്ഷിച്ചു. അവസാനം ശവ്വാലിലെ പത്തു ദിവസങ്ങളിലാണ് അവിടുന്ന് ഇഅ്തികാഫ് ഇരുന്നത്. (ബുഖാരി. 3. 33. 249)

6) നബി പത്നി സഫിയ്യ(റ) പറയുന്നു: റമളാനിലെ അവസാനത്തെ പത്തിൽ നബി(സ) പള്ളിയിൽ ഇഅ്ത്തികാഫിരുന്നപ്പോൾ അവർ നബി(സ)യെ സന്ദർശിച്ചു. കുറെ സമയം അവർ സംസാരിച്ചശേഷം തിരിച്ചു പോന്നു. യാത്രയയക്കാൻ നബി(സ) അവരെ അനുഗമിച്ചു. ഉമ്മു സലമ(റ) യുടെ വീട്ടിനടുത്തുള്ള പള്ളിയുടെ വാതിൽക്കലെത്തിയപ്പോൾ രണ്ടു അൻസാരിക്കാർ ആ വഴി കടന്നുപോയി. അവർ നബി(സ)ക്ക് സലാം ചൊല്ലി. നബി(സ) അവരോട് പറഞ്ഞു. നിങ്ങളിവിടെ നിൽക്കുവീൻ. നിശ്ചയം ഇവൾ സഫിയ്യയാണ്. അവർ പറഞ്ഞു. സുബ്ഹാനല്ലാ! പ്രവാചകരേ! നബി(സ)യുടെ സംശയ നിവാരണം അവരെ സങ്കടപ്പെടുത്തി. നബി(സ) അരുളി: ശരീരത്തിൽ രക്തം സഞ്ചരിക്കുന്നിടങ്ങളിലെല്ലാം പിശാചും സഞ്ചരിക്കും. അവൻ നിങ്ങളിലൂടെ മനസ്സിൽ വല്ല തെറ്റിദ്ധാരണയും ഉണ്ടാക്കിക്കളയുമോ എന്ന് ഞാൻ ഭയപ്പെട്ടു. (ബുഖാരി. 3. 33. 251)

7) അബൂഹുറൈറ(റ) നിവേദനം: നബി(സ) എല്ലാ റമളാനിലും പത്തു ദിവസം ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. നബി(സ) മരണപ്പെട്ട വർഷമാവട്ടെ ഇരുപത് ദിവസം ഇഅ്തികാഫിരുന്നു. (ബുഖാരി. 3. 33. 260)