തിരഞ്ഞെടുത്ത ഹദീസുകൾ/കുഴപ്പങ്ങൾ
1) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും തന്റെ ഭരണാധികാരിയിൽ വെറുക്കപ്പെട്ടത് കണ്ടാൽ അവൻ ക്ഷമ കൈക്കൊള്ളട്ടെ. കാരണം വല്ലവനും ഭരണാധിപനെ അനുസരിക്കാതെ ഒരു ചാൺ അകന്ന് നിന്നാൽ ജാഹിലിയ്യാ മരണമാണ് അവൻ വരിക്കുക. (ബുഖാരി. 9. 88. 176)
2) ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ) അരുളി: ആരെങ്കിലും തന്റെ ഭരണാധികാരിയിൽ അനിഷ്ടകരമായത് കണ്ടാൽ അവൻ ക്ഷമ കൈക്കൊള്ളട്ടെ. കാരണം ഇസ്ളാമിക സമൂഹ ത്തിൽ നിന്നും ഒരു ചാൺ ആരെങ്കിലും അകന്നു നിന്നാൽ അവൻ ജാഹിലിയ്യാ മരണമാണ് വരിക്കുന്നത്. (ബുഖാരി. 9. 88. 177)
3) അബൂമൂസ(റ) പറയുന്നു: നബി(സ) അരുളി: അന്ത്യദിനത്തിന്റെ മുമ്പ് ചില ദിവസങ്ങളുണ്ട്. അറിവില്ലായ്മ അന്ന് പ്രചരിക്കും. വിജ്ഞാനം നശിക്കും. വധം വർദ്ധിക്കും. (ബുഖാരി. 9. 88. 185)
4) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: അന്ത്യദിനത്തിൽ ജീവിച്ചിരിക്കുന്നവർ ജനങ്ങളിൽ വെച്ചേറ്റവും ദുഷ്ടരായിരിക്കും. (ബുഖാരി. 9. 88. 187)
5) സുബൈർ (റ) പറയുന്നു: നിങ്ങൾ അനസി(റ)ന്റെ അടുത്ത് ചെന്ന് ഹജ്ജാജിൽ നിന്നും ഏൽക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ആവലാതിപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ ക്ഷമ കൈക്കൊള്ളുക. പിന്നീട് വരുന്ന കാലങ്ങൾ ആദ്യമാദ്യം വരുന്ന കാലത്തേക്കാൾ ദുഷിച്ചുകൊണ്ട് തന്നെയാണ് പോവുക. നിങ്ങളുടെ നാഥനെ കണ്ടുമുട്ടുംവരെ. നിങ്ങൾ ഈ അവസ്ഥ തുടരും. ഞാനിതു നിങ്ങളുടെ നബി(സ)യിൽ നിന്നും കേട്ടതുതന്നെയാണ്. (ബുഖാരി. 9. 88. 188)
6) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: നിങ്ങളാരും തന്റെ സഹോദരന്റെ നേരെ വാൾ ചൂണ്ടിക്കാട്ടരുത് (കൈക്ക് പകരമായി) ഒരുപക്ഷെ പിശാച് അവന്റെ കയ്യിൽ നിന്ന് ആ വാൾ പിടിച്ചെടുക്കുകയും അവസാനം അവൻ നരകക്കുഴിയിൽ വീഴാനിടയാവുകയും ചെയ്തെങ്കിലോ. (ബുഖാരി. 9. 88. 193)
7) ഇബ്നുഉമർ (റ) നിവേദനം: നബി(സ) അരുളി: അല്ലാഹു ഒരു ജനതയെ ശിക്ഷിക്കുമ്പോൾ ആ ശിക്ഷ അവരിലുള്ള എല്ലാവരേയും ബാധിക്കും. പിന്നീട് അവരിൽ ഓരോരുത്തരേയും അവരുടെ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ പുനർജീവിപ്പിക്കും. (ബുഖാരി. 9. 88. 224)
8) ഹുദൈഫ(റ) പറയുന്നു: നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്ന മുനാഫിഖുകളെക്കാൾ ചീത്തയാണ് ഇന്നുള്ള മുനാഫിക്കുകൾ. അവർ അന്ന് രഹസ്യമാക്കിവെച്ചു. ഇവർ ഇന്ന് പരസ്യമാക്കുന്നു. (ബുഖാരി. 9. 88. 229)
9) ഹുദൈഫ:(റ) നിവേദനം: നബി(സ)യുടെ കാലത്തായിരുന്നു കാപട്യം (നിഫാക്ക്) ഉണ്ടായിരുന്നത് . ഇന്നുള്ളത് വിശ്വസിച്ചശേഷം കാഫിറായി മാറുന്ന സ്വഭാവമാണ്. (ബുഖാരി. 9. 88. 230)
10) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ദൗസിലെ സ്ത്രീകൾ ദുൽഖുലൈസ്വത്തിന് ചുറ്റും പ്രദക്ഷിണം ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. ദുൽഖുലൈസ്വ: എന്നാൽ കിരാത യുഗത്തിൽ ആരാധിച്ചിരുന്ന വിഗ്രഹമാണ്. (ബുഖാരി. 9. 88. 232)
11) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ഹിജാസിൽ നിന്ന് ഒരു അഗ്നിപുറപ്പെട്ടു. ബുസ്റാ: യിലെ ഒട്ടകങ്ങളുടെ പിരടിയെ പ്രകാശിപ്പിക്കുംവരെ അന്ത്യദിനം സംഭവിക്കുകയില്ല. (ബുഖാരി. 9. 88. 234)
12) അബൂഹുറൈറ(റ)നിവേദനം: നബി(സ) അരുളി: അടുത്തുതന്നെ യുപ്രട്ടീസ് നദിയിൽ നിന്ന് ഒരു സ്വർണ്ണനിധി പുറത്തുവന്നേക്കാം. വല്ലവനും അപ്പോൾ അവിടെയുണ്ടെങ്കിൽ അതിൽ നിന്നും എടുത്തു പോകരുത്. മറ്റൊരു നിവേദനത്തിൽ സ്വർണ്ണത്തിന്റെ പർവ്വതമാണെന്ന് പറയുന്നു. (ബുഖാരി. 9. 88. 235)
13) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: രണ്ടു വലിയ സമൂഹത്തിന്റെ ഇടയിൽ ഒരു വലിയ യുദ്ധം നടക്കുന്നതുവരേക്കും അന്ത്യദിനം സംഭവിക്കുകയില്ല. ആ രണ്ടു വിഭാഗത്തിന്റെയും ആദർശം ഒന്നു തന്നെയായിരിക്കും. അപ്രകാരം തന്നെ കള്ളവാദികളായ മുപ്പതോളം ദജ്ജാലുകൾ പുറത്തു വരും. അവരിലോരോരുത്തരും താൻ പ്രവാചകനാണെന്ന് വാദിച്ചുകൊണ്ടിരിക്കും. ജ്ഞാനം നശിച്ചുപോകുകയും ഭൂചലനം വർദ്ധിക്കുകയും സമയം കുറയുകയും കുഴപ്പങ്ങൾ വർദ്ധിക്കുകയും കൊല വർദ്ധിക്കുകയും ചെയ്യുന്നതുവരേക്കും അന്ത്യദിനം ഉണ്ടാവുകയില്ല. നിങ്ങളിൽ സമ്പത്ത് അധികമായി വർദ്ധിച്ച് വെള്ളം പോലെ ഒഴുകാൻ തുടങ്ങും. അവസാനം ദാനധർമ്മം സ്വീകരിക്കുവാൻ ആരെയാണ് കിട്ടുകയെന്ന ചിന്ത ഉടമസ്ഥനെ അലട്ടാൻ തുടങ്ങും. അവൻ തന്റെ ധനം ചിലർക്ക് വെച്ച് കെട്ടുമ്പോൾ എനിക്കതാവശ്യമില്ലെന്ന് മറ്റവൻ പറയും. കെട്ടിടങ്ങൾ കെട്ടിപ്പൊക്കുന്നതിൽ ജനങ്ങൾ കിടമത്സരം നടത്തും. ഒരാൾ മറ്റൊരാളുടെ ഖബറിന്റെ അരികിലൂടെ നടന്നുപോകുമ്പോൾ ഇവന്റെ സ്ഥാനത്ത് ഖബറിൽ കിടക്കുന്നത് ഞാനായിരുന്നുവെങ്കിൽ നന്നായിരുന്നേനെയെന്ന് അവൻ ആശിച്ചു പോകും. സൂര്യൻ അതിന്റെ അസ്തമന സ്ഥാനത്തു ഉദിച്ചു ഉയരും. അങ്ങിനെ അതു ഉദിക്കുകയും മനുഷ്യർ കാണുകയും ചെയ്താൽ എല്ലാ മനുഷ്യരും സത്യത്തിൽ വിശ്വസിക്കും. പക്ഷെ പുതിയ വിശ്വാസം പ്രയോജനം ലഭിക്കാത്ത സമയമായിരിക്കും അത്. രണ്ടാളുകൾ കച്ചവടം നടത്തുവാൻ അവരുടെ മുണ്ട് നിവർത്തി കയ്യിമേൽ ഇട്ടിട്ടുണ്ടായിരിക്കും. പക്ഷേ അവർക്ക് വ്യാപാരം നടത്തുവാനോ ആ തുണി ചുരുട്ടാനോ സമയം ലഭിക്കുകയില്ല. ഒരാൾ ഒട്ടകത്തെക്കറന്ന പാലും കൊണ്ട് പോകുന്നുണ്ടാകും. അവനതുകുടിക്കാൻ കഴിഞ്ഞിട്ടുണ്ടാവുകയില്ല. മറ്റൊരാൾ നാൽക്കാലികൾക്ക് കുടിക്കാനുള്ള വെള്ളം സ്ഥലം ശുചീകരിക്കുന്നുണ്ടാവും. പക്ഷെ നാൽക്കാലികളെ വെള്ളം കുടിപ്പിക്കാൻ സമയം കിട്ടിയിരിക്കയില്ല. ഒരാൾ ഭക്ഷണം എടുത്ത് വായിലേക്ക് പൊക്കിക്കൊണ്ടു പോകും. പക്ഷെ അത് തിന്നാൻ അവന്ന് കഴിഞ്ഞിട്ടുണ്ടായിരിക്കുകയില്ല. (ബുഖാരി. 9. 88. 237)
14) അനസ്(റ) നിവേദനം: നബി(സ) അരുളി: ഉണങ്ങിയ മുന്തിരിങ്ങ പോലെയുള്ള ശിരസ്സോടുകൂടിയ ഒരു നീഗ്രോ അടിമ നിങ്ങളുടെ ഭരണാധികാരിയെങ്കിൽ പോലും അദ്ദേഹത്തിന്റെ കൽപനകൾ നിങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുവീൻ. (ബുഖാരി. 9. 89. 256)
15) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: ഒരു മുസ്ലീമായ മനുഷ്യൻ അവന്ന് ഇഷ്ടകരവും അനിഷ്ടകരവുമായ സംഗതികളിൽ ഭരണാധികാരിയെ അനുസരിക്കണം. തെറ്റ് കൽപ്പിക്കപ്പെടുന്നത് വരെ. തെറ്റ് ഭരണാധികാരി കൽപ്പിച്ചാൽ കേൾവിയും അനുസരണവുമില്ല. (ബുഖാരി. 9. 89. 258)
16) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ ഭരണാധികാരം കിട്ടാൻ കൊതിച്ചുകൊണ്ടിരിക്കും. പരലോകദിനം നിങ്ങൾക്ക് ഖേദത്തിന് കാരണമായിത്തീരുകയും ചെയ്യും. മുല കൊടുത്തവൾ എത്ര നല്ലവൾ! മുല കുടി നിർത്തുന്നവൾ എത്ര മോശപ്പെട്ടവൾ! (ബുഖാരി. 9. 89. 262)
17) മഅ്ഖൽ (റ) പറയുന്നു: നബി(സ) അരുളി: ഒരു മനുഷ്യനെ ഒരു വിഭാഗത്തിന്റെ ഭരണാധികാരിയായി അല്ലാഹു നിശ്ചയിച്ചു. എന്നിട്ട് ഗുണകാംക്ഷയോട് കൂടി അവരെ അവൻ പരിപാലിച്ചില്ല. എങ്കിൽ അത്തരത്തിലുള്ള ഒരൊറ്റ മനുഷ്യനും സ്വർഗ്ഗത്തിന്റെ സുഗന്ധം ആസ്വദിക്കാൻ കഴിയുകയില്ല. (ബുഖാരി. 9. 89. 264)
18) മഅ്ഖൽ (റ) നിവേദനം: നബി(സ) അരുളി: ഒരാൾ മുസ്ലിംകളിൽ ഒരു വിഭാഗത്തിന്റെ അധികാരം ഏറ്റെടുത്തു. അവരെ വഞ്ചിച്ചുകൊണ്ടാണ് അവൻ മൃതിയടഞ്ഞതെങ്കിൽ അല്ലാഹു അവന് സ്വർഗ്ഗം ഹറാമാക്കാതിരിക്കുകയില്ല. (ബുഖാരി. 9. 89. 265)
19) ജൂൻദുബ്(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും കേൾവിക്കു വേണ്ടി വല്ല സൽപ്രവൃത്തിയും ചെയ്താൽ പരലോകദിവസം അല്ലാഹു അവന് പ്രസിദ്ധിയുണ്ടാക്കിക്കൊടുക്കും. വല്ലവനും ജനങ്ങളെ പ്രയാസങ്ങൾക്ക് വിധേയരാക്കുന്ന പക്ഷം പരലോകദിവസം അല്ലാഹു അവനെ പ്രയാസപ്പെടുത്തും. സഹാബിമാർ പറഞ്ഞു: താങ്കൾ ഞങ്ങളെ കൂടുതൽ ഉപദേശിച്ചാലും. നബി(സ) അരുളി: മനുഷ്യന്റെ ശരീരത്തിൽ നിന്ന് ആദ്യമായി ചീഞ്ഞു പോകുക അവന്റെ വയറാണ്. അതുകൊണ്ട് വല്ലവനും ശുദ്ധമായ വസ്തുക്കൾ മാത്രം ഭക്ഷിക്കാൻ സാധിക്കുന്ന പക്ഷം അങ്ങിനെ ചെയ്തുകൊള്ളട്ടെ. വല്ലവനും താൻ ചിന്തിയ ഒരു കൈക്കുമ്പിൾ നിറയെയുള്ള രക്തവും കൊണ്ട് തനിക്കും സ്വർഗ്ഗത്തിനുമിടയിൽ ഒരു മറയുണ്ടാക്കാതെ കഴിക്കാൻ കഴിഞ്ഞെങ്കിൽ അപ്രകാരം അവൻ ചെയ്തുകൊള്ളട്ടെ. (ബുഖാരി. 9. 89. 266)
20) അനസ്(റ) പറയുന്നു: ഖൈസ്ബ്നു സഅദിന്ന് നബി(സ)യുടെ അടുത്ത് ഭരണാധികാരിയുടെ അടുത്തു ഒരു പോലീസ്കാരനു ഉണ്ടായിരിക്കുന്ന പരിഗണനയായിരുന്നു. (ബുഖാരി. 9. 89. 269)
21) ഇബ്നുഉമർ (റ) പറയുന്നു: ഭരണാധികാരിയുടെ മുന്നിൽ വെച്ച് ഒന്നുപറയുക. പുറത്തു വന്നാൽ മറ്റൊന്നും പറയുക. ഇത് നബി(സ)യുടെ കാലത്ത് കാപട്യമായിട്ടാണ് ദർശിച്ചിരുന്നത്. (ബുഖാരി. 9. 89. 289)
22) സൈദ്(റ) പറയുന്നു: നബി(സ) അദ്ദേഹത്തോട് ജൂതന്മാരുടെ എഴുത്തിന്റെ ഭാഷ പഠിക്കുവാൻ കൽപ്പിച്ചു. അങ്ങിനെ നബിയുടെ എഴുത്ത് ഞാൻ എഴുതും. അവരുടെ എഴുത്ത് അദ്ദേഹത്തിന് വായിച്ച് കേൾപ്പിക്കുകയുംചെയ്യും. (ബുഖാരി. 9. 89. 301)
23) ഇബാദത്തു(റ) പറയുന്നു: ഞങ്ങൾ എവിടെയായിരുന്നാലും സത്യം പറയുവാനും അതിന് വേണ്ടി നിലകൊള്ളുവാനും അല്ലാഹുവിന്റെ പ്രശ്നത്തിൽ ഒരാക്ഷേപകന്റെയും ആക്ഷേപത്തെ ഒട്ടും ഭയപ്പെടാതിരിക്കുവാനും നബി(സ) പ്രതിജ്ഞ ചെയ്യുകയുണ്ടായി. (ബുഖാരി. 9. 89. 307)
24) ഇബ്നുഉമർ (റ) നിവേദനം: ഞങ്ങൾ നബി(സ)യോട് കേൾക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് പറയുമ്പോൾ അവിടുന്ന് പറയും. നിങ്ങൾക്ക് സാധിക്കുന്നതിൽ (ബുഖാരി. 9. 89. 309)
25) ഇബ്നദീനാർ (റ) പറയുന്നു: അബ്ദുൽ മലികിന്റെ മേൽ ജനങ്ങൾ ഒരുമിച്ച് കൂടിയപ്പോൾ ഇബ്നുഉമർ(റ)ന്റെ അടുത്ത് ഞാൻ ഉണ്ടായിരുന്നു. ഞാൻ അബ്ദുൾ മാലിക്കിന് കേൾവിയും അനുസരണവും സമ്മതിക്കുന്നു. അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ചര്യയുടെ അടിസ്ഥാനത്തിൽ. നിശ്ചയം, എന്റെ സന്താനങ്ങളും അതു പോലെ അംഗീകരിക്കുന്നു എന്ന് അദ്ദേഹം എഴുതി. (ബുഖാരി. 9. 89. 310)
26) ഇബ്നുഉമർ (റ) പറയുന്നു: താങ്കൾ ഖലീഫയെ നിശ്ചയിക്കുന്നില്ലയോ എന്ന് ഉമർ(റ) നോട് ചോദിക്കപ്പെട്ടു. അദ്ദേഹം പറഞ്ഞു: ഞാൻ ഖലീഫയെ നിശ്ചയിച്ചാൽ എന്നെക്കാൾ ശ്രേഷ്ഠനായ അബൂബക്കർ അപ്രകാരം ചെയ്തിട്ടുണ്ട്. ഉപേക്ഷിച്ചാൽ ഉത്തമനായ നബി(സ) ഉപേക്ഷിച്ചിട്ടുണ്ട്. അപ്പോൾ ജനങ്ങൾ അദ്ദേഹത്തെ പ്രശംസിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. ആഗ്രഹിക്കുന്നവനും ഭയപ്പെടുന്നവനും. ഭരണത്തിന്റെ നന്മയിൽ നിന്നും തന്മയിൽ നിന്നും ഞാൻ രക്ഷപ്രാപിച്ചുവെന്നു ഞാൻ ആഗ്രഹിച്ചു. ഇല്ല. ജീവിക്കുന്ന സന്ദർഭത്തിലും മരിച്ചാലും ഞാൻ അതിന്റെ ബാധ്യത ഏറ്റെടുക്കുകയോ? (ബുഖാരി. 9. 89. 325)
27) അനസ്(റ) പറയുന്നു: ഉമർ(റ) ന്റെ ഖുതൂബ: അദ്ദേഹം കേൾക്കുകയുണ്ടായി നബി(സ) മരണപ്പെട്ട ദിവസമായിരുന്നു അത്. അദ്ദേഹം തശഹുദ് ചൊല്ലി. അബൂബക്കർ മൗനമായി ഇരിക്കുന്നു. നമുക്ക് ശേഷം അവസാനമായി നബി(സ) മരിക്കുവാനായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ മുഹമ്മദ് മരിച്ചു. അല്ലാഹു നമുക്ക് മുന്നിൽ ഒരു പ്രകാശത്തെ നിശ്ചയിച്ചിട്ടുണ്ട്. അതുമൂലം നമുക്ക് മാർഗ്ഗദർശനം ലഭിക്കും. മുഹമ്മദിന് അല്ലാഹു മാർഗ്ഗദർശനം നൽകിയതും അതുകൊണ്ടാണ്. നിശ്ചയം അബൂബക്കർ പ്രവാചകന്റെ സ്നേഹിതനാണ്. രണ്ടിൽ ഒരുത്തനും. നമ്മുടെ കാര്യത്തിന് ഏറ്റവും അവകാശപ്പെട്ടത് അദ്ദേഹമാണ്. നിങ്ങൾ എഴുന്നേറ്റ് അദ്ദേഹത്തിന് പ്രതിജ്ഞ ചെയ്യുവീൻ. ഈ പ്രസംഗത്തിനു മുമ്പ് തന്നെ ഒരു സംഘം അദ്ദേഹത്തിന് ബനൂസാഇദ:യുടെ നടപ്പന്തലിൽ വെച്ച് ബൈഅത്തുചെയ്തിരുന്നു. മിമ്പറിൽ വെച്ചാണ് പൊതുവായ ബൈഅത്തു നടന്നത്. ഉമർ(റ) പറഞ്ഞു: താങ്കൾ മിമ്പറിൽ കയറുക. പല പ്രാവശ്യം ആവർത്തിച്ചപ്പോൾ അദ്ദേഹം കയറുകയും ജനങ്ങൾ പൊതുവായ ബൈഅത്തുചെയ്യുകയും ചെയ്തു. (ബുഖാരി. 9. 89. 326)