തിരഞ്ഞെടുത്ത ഹദീസുകൾ/നോമ്പ്
1) ത്വൽഹ:(റ) നിവേദനം: തലമുടി പാറിക്കളിക്കുന്ന ഒരു ഗ്രാമീണൻ നബി(സ)യുടെ അടുത്തുവന്നു പറഞ്ഞു: പ്രവാചകരേ, നമസ്കാരത്തിൽ നിന്ന് അല്ലാഹു എന്റെ മേൽ അനിവാര്യമാക്കിയത് താങ്കൾ പറഞ്ഞു തരിക. നബി(സ) അരുളി: അഞ്ച് നേരത്തെ നമസ്കാരം. നീ സുന്നത്തു എന്തെങ്കിലും നമസ്കരിക്കുന്നത് ഒഴികെ. അദ്ദേഹം ചോദിച്ചു. നോമ്പിൽ നിന്ന് അല്ലാഹു അവന്റെ മേൽ നിർബന്ധമാക്കിയത് ഏതാണ്? നബി(സ) അരുളി: റമളാനിലെ നോമ്പ്. എന്നെങ്കിലും നീ സുന്നത്ത് നമസ്കരിക്കുന്നത് ഒഴികെ. സക്കാത്തിൽ നിന്ന് എന്റെ മേൽ അല്ലാഹു നിർബന്ധമാക്കിയത് എന്താണ്? നബി(സ) അദ്ദേഹത്തോട് ഇസ്ളാം ശരീഅത്തു വിവരിച്ചു. അദ്ദേഹം പറഞ്ഞു: സത്യംകൊണ്ട് താങ്കളെ ആദരിച്ചവൻ തന്നെ സത്യം. ഞാൻ യാതൊരു സുന്നത്തും അനുഷ്ഠിക്കുന്നതല്ല. എന്നാൽ അല്ലാഹു എന്റെ മേൽ നിർബന്ധമാക്കിയ യാതൊന്നും ഞാൻ കുറവ് വരുത്തുകയുമില്ല. അപ്പോൾ നബി(സ) അരുളി: അവൻ പറഞ്ഞതുപോലെ യാഥാർത്ഥ്യമാക്കിയാൽ അവൻ വിജയിച്ചു അല്ലെങ്കിൽ സ്വർഗ്ഗത്തിൽ പ്രവേശിച്ചു. (ബുഖാരി. 3. 31. 115)
2) ഇബ്നുഉമർ(റ) പറയുന്നു: നബി(സ) മുഹറം പത്തിലെ നോമ്പ് അനുഷ്ഠിക്കാൻ കൽപ്പിക്കുകയും ചെയ്തു. റമളാൻ നിർബന്ധമാക്കിയപ്പോൾ അതു ഉപേക്ഷിക്കപ്പെട്ടു. ഇബ്നു ഉമർ(റ) മുഹറം പത്തിൽ(ആശൂറാഅ്)മാത്രമായി നോമ്പനുഷ്ഠിക്കാറില്ല. മുമ്പ് തന്നെ സുന്നത്തു നോമ്പ് അനുഷ്ഠിച്ച് വരികയും അതുമായി യോജിക്കുകയും ചെയ്താൽ ഒഴികെ. (ബുഖാരി. 3. 31. 116)
3) ആയിശ(റ) നിവേദനം: ജാഹിലിയ്യാ കാലത്തു തന്നെ ഖുറൈശികൾ ആശുറാഅ് ദിവസം നോമ്പനുഷ്ഠിച്ചിരുന്നു. ശേഷം അത് അനുഷ്ഠിക്കുവാൻ നബി(സ) കൽപ്പിച്ചു. റമളാൻ നിർബന്ധമാക്കുന്നതുവരെ അപ്പോൾ നബി(സ) പറഞ്ഞു: ഉദ്ദേശിക്കുന്നവൻ അത് അനുഷ്ഠിച്ചുകൊള്ളുക. ഉദ്ദേശിക്കാത്തവൻ അതു ഉപേക്ഷിക്കുക. (ബുഖാരി. 3. 31. 117)
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതിനാൽ നോമ്പ്കാരൻ തെറ്റായ പ്രവർത്തികൾ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുയും ചെയ്യട്ടെ. വല്ലവനും അവനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്തെങ്കിൽ അവൻ നോമ്പ്കാരനാണ് എന്ന് രണ്ടു പ്രാവശ്യം അവൻ പറയട്ടെ. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹു സത്യം! നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന്റ അടുത്തു കസ്തൂരിയേക്കാൾ സുഗന്ധമുള്ളതാണ്. (അല്ലാഹു പറയുന്നു)അവൻ അവന്റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാൻ തന്നെയാണ് അതിനു പ്രതിഫലം നൽകുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. (ബുഖാരി. 3. 31. 118)
5) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: നിശ്ചയം സ്വർഗ്ഗത്തിൽ റയ്യാൻ എന്ന് പറയപ്പെടുന്ന ഒരു വാതിലുണ്ട്. അന്ത്യദിനത്തിൽ നോമ്പുകാർ അതു വഴിയാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അവരല്ലാതെ മറ്റാരും അതിലെ പ്രവേശിക്കുകയില്ല. ഇപ്രകാരം വിളിച്ചു ചോദിക്കും. നോമ്പുകാരെവിടെ? അപ്പോൾ നോമ്പുകാർ എഴുന്നേറ്റു നിൽക്കും. അവരല്ലാതെ മറ്റാരും അതുവഴി പ്രവേശിക്കുകയില്ല. അവർ പ്രവേശിച്ചുകഴിഞ്ഞാൽ ആ വാതിൽ പറ്റെ അടച്ചു കളയും. പിന്നീട് ആരും തന്നെ അതിലൂടെ പ്രവേശിക്കുകയില്ല. (ബുഖാരി. 3. 31. 120)
6) അബൂഹുറൈറ(റ) പറയുന്നു. നബി(സ) അരുളി: വല്ലവനും ഒരു ജോലി സാധനങ്ങൾ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിച്ചാൽ സ്വർഗ്ഗത്തിന്റെ വാതിൽക്കൽ നിന്നും വിളിച്ചു പറയപ്പെടും. ദേവദാസാ! ഈ കവാടമാണ് നിനക്ക് നല്ലത്. നമസ്കരിച്ചവരെ നമസ്കാരത്തിന്റെ കവാടത്തിൽ നിന്നും ജിഹാദ് ചെയ്തവരെ ജിഹാദിന്റെ വാതിൽക്കൽ നിന്നും നോമ്പുകാരെ റയ്യാൻ വാതിൽക്കൽ നിന്നും ധർമ്മം ചെയ്തവരെ ധർമ്മത്തിന്റെ വാതിൽക്കൽ നിന്നും വിളിക്കപ്പെടും. അപ്പോൾ അബൂബക്കർ(റ) പറഞ്ഞു: പ്രവാചകരേ! എന്റെ മാതാപിതാക്കൾ താങ്കൾക്ക് പ്രായശ്ചിത്തമാണ്. ഈ വാതിലുകളിൽ ഏതെങ്കിലുമൊരു വാതിലിൽ നിന്ന് വല്ലവനെയും വിളിച്ചു കഴിഞ്ഞാൽ അവന് വിഷമമൊന്നുമില്ല. എന്നാൽ ഈ വാതിലുകളിൽ എല്ലാറ്റിൽ നിന്നും ആരെങ്കിലും വിളിക്കുമോ? നബി(സ) അരുളി: അതെ. വിളിക്കുന്നതാണ്. നീ അവരിൽ പെട്ടവനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. (ബുഖാരി. 3. 31. 121)
7) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാൻ സമാഗതമായപ്പോൾ സ്വർഗത്തിന്റെ വാതിലുകൾ തുറക്കപ്പെടും. (ബുഖാരി. 3. 31. 122)
8) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാൻ സമാഗതമായാൽ ആകാശത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകൾ അടക്കപ്പെടുകയും പിശാചുകളെയെല്ലാം ചങ്ങലകളിൽ ബന്ധിപ്പിക്കപ്പെടുകയും ചെയ്യും. (ബുഖാരി. 3. 31. 123)
9) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ലൈലത്തുൽ ഖദ്റിന്റെ രാത്രിയിൽ വല്ലവനും വിശ്വാസം കാരണവും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്കരിച്ചാൽ അവന്റെ പാപങ്ങളിൽ നിന്നും പൊറുക്കപ്പെടും. വല്ലവനും റമളാനിൽ നോമ്പനുഷ്ഠിച്ചാൽ അവന്റെ പാപങ്ങളിൽ നിന്ന് പൊറുക്കപ്പെടും. അവനെ അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമായിരിക്കണം. (ബുഖാരി. 3. 31. 125)
10) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും കളവ് പറയലും അതു പ്രവർത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവൻ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി. 3. 31. 127)
11) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നോമ്പ് പരിചയാണ്. അതിനാൽ നിങ്ങളിൽ ഒരുവന് അവന്റെ നോമ്പ് ദിവസമായാൽ അവൻ അനാവശ്യം പ്രവർത്തിക്കരുത്. അട്ടഹസിക്കരുത്. അവനെ ആരെങ്കിലും ശകാരിക്കരുത്. അവനെ ആരെങ്കിലും ശകാരിച്ചാൽ ഞാൻ നോമ്പനുഷ്ഠിച്ച മനുഷ്യനാണെന്നു പറയട്ടെ. നോമ്പ്കാരന് രണ്ടു സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോൾ, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോൾ. (ബുഖാരി. 3. 31. 128)
12) ഇബ്നുമസ്ഊദ്(റ) നിവേദനം: ഞങ്ങൾ നബി(സ)യുടെ കൂടെയായിരുന്നപ്പോൾ അവിടുന്ന് അരുളി: വല്ലവനും വിവാഹത്തിനുള്ള സാഹചര്യം ഉണ്ടായാൽ അവൻ വിവാഹം കഴിക്കട്ടെ. അതവന്റെ കണ്ണിനെ കൂടുതൽ നിയന്ത്രിക്കുകയും കാമവികാരത്തെ കൂടുതൽ അടക്കി നിർത്തുകയും ചെയ്യും. എന്നാൽ വല്ലവനും വിവാഹം ചെയ്യാൻ കഴിവില്ലെങ്കിലോ അവർ നോമ്പനുഷ്ഠിക്കട്ടെ. അതു അവനൊരു ഷണ്ഡീകരണ നടപടിയാണ്. (ബുഖാരി. 3. 31. 129)
13) ഇബ്നു ഉമർ(റ) നിവേദനം: നബി(സ) അരുളി: മാസം ചിലപ്പോൾ ഇരുപത്തൊമ്പത് ദിവസമായിരിക്കും. മാസപ്പിറവി കാണുന്നതുവരെ നിങ്ങൾ നോമ്പനുഷ്ഠിക്കരുത്. മേഘം കാരണം ചന്ദ്രപ്പിറവി കാണാൻ കഴിയാതെ വന്നാൽ മുപ്പതു ദിവസം എണ്ണിപ്പൂർത്തിയാക്കുക. (ബുഖാരി. 3. 31. 130)
14) ഇബ്നുഉമർ(റ) നിവേദനം: നബി(സ) അരുളി: മാസം ഇപ്രകാരം ഉണ്ടാവും. രണ്ടു കൈകളും മൂന്നു പ്രാവശ്യം ആംഗ്യം കാണിച്ചു. മൂന്നാമത്തെ പ്രാവശ്യം നബി(സ) പെരുവിരൽ താഴ്ത്തിപ്പിടിച്ചു. (29 എന്ന് പറയാൻ). (ബുഖാരി. 3. 31. 132)
15) ഉമ്മുസലമ(റ) നിവേദനം: ഒരു മാസം തന്റെ ഭാര്യമാരെ സമീപിക്കുകയില്ലെന്ന് നബി(സ) സത്യം ചെയ്തു. ഇരുപത്തൊമ്പത് ദിവസം കഴിഞ്ഞപ്പോൾ അവിടുന്ന് ഭാര്യമാരെ സമീപിച്ചു. അപ്പോൾ ചിലർ പറഞ്ഞു. അങ്ങ് ഒരു മാസക്കാലം ഉപേക്ഷിക്കുമെന്നല്ലേ സത്യം ചെയ്തത്? നബി(സ) പറഞ്ഞു: നിശ്ചയം മാസം ചിലപ്പോൾ ഇരുപത്തൊമ്പത് ദിവസവും ആവാറുണ്ട്. (ബുഖാരി. 3. 31. 134)
16) അബൂബക്കറത്ത്(റ) നിവേദനം: നബി(സ) അരുളി: രണ്ട് മാസങ്ങൾ അതായത് രണ്ടു പെരുന്നാൾ മാസങ്ങളായ റമളാൻ, ദുൽഹജ്ജ് എന്നീ രണ്ടു മാസങ്ങൾ (എണ്ണത്തിൽ കുറഞ്ഞുപോയാലും) പുണ്യത്തിൽ ഒരിക്കലും കുറയുകയില്ല. (ബുഖാരി. 3. 31. 136)
17) ഇബ്നുഉമർ(റ) നിവേദനം: നബി(സ) അരുളി: അക്ഷര ജ്ഞാനമില്ലാത്ത ജനതയാണ് നാം. നമുക്ക് എഴുതാനോ കണക്ക് കൂട്ടുവാനോ അറിയില്ല. മാസം ഇങ്ങനെയും അങ്ങിനെയും വരും. ചിലപ്പോൾ ഇരുപത്തൊമ്പതും ചിലപ്പോൾ മുപ്പതും ദിവസങ്ങളുണ്ടായിരിക്കും. (ബുഖാരി. 3. 31. 137)
18) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: റമളാൻ നോമ്പിന് ഒന്നോ രണ്ടോ ദിവസം മുൻകൂട്ടി നിങ്ങൾ നോമ്പു തുടങ്ങരുത്. വല്ലവനും അതിനുമുമ്പ് തന്നെ നോമ്പ് പിടിച്ച് വരികയാണെങ്കിൽ അവന് അങ്ങനെ നോമ്പ് അനുഷ്ഠിക്കാം. (ബുഖാരി. 3. 31. 138)
19) സഹ്ല്(റ) നിവേദനം: ഞാൻ എന്റെ കുടുംബത്തിൽ വെച്ച് അത്താഴം കഴിക്കാറുണ്ട്. ശേഷം നബി(സ)യുടെ കൂടെ സുജൂദ്(സുബ്ഹി നമസ്കാരം) ലഭിക്കുവാൻ ഞാൻ വേഗത്തിൽ പുറപ്പെടും. (ബുഖാരി. 3. 31. 143)
20) സൈദ്ബ്നു സാബിത്(റ) നിവേദനം: നബി(സ) യോടൊപ്പം ഞങ്ങൾ അത്താഴം കഴിച്ചു. നബി(സ) ശേഷം നമസ്കാരത്തിന് ഒരുങ്ങി. ഞാൻ (അനസ്) ചോദിച്ചു. അത്താഴത്തിനും ബാങ്കിനുമിടയിൽ എത്ര സമയമുണ്ടായിരുന്നു. സൈദ്(റ) പറഞ്ഞു. അമ്പതു ആയത്തു ഓതുന്ന സമയം. (ബുഖാരി. 3. 31. 144)
21) അബ്ദുല്ല(റ) നിവേദനം: നബി(സ) രാത്രിയും പകലും യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിച്ചു. അപ്പോൾ ജനങ്ങളും അപ്രകാരം ചെയ്തു. ശേഷം അതവർക്ക് പ്രയാസം സൃഷ്ടിച്ചു. അപ്പോൾ നബി(സ) അതിനെ വിരോധിച്ചു. അനുചരന്മാർ പറഞ്ഞു. താങ്കൾ യോജിപ്പിച്ചുകൊണ്ട് നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി(സ) അരുളി: ഞാൻ നിങ്ങളെപ്പോലെയല്ല. എന്റെ രക്ഷിതാവ് എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നു. (ബുഖാരി. 3. 31. 145)
22) അനസ്(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ അത്താഴം കഴിക്കുവീൻ. നിശ്ചയം അത്താഴത്തിൽ ബർക്കത്തുണ്ട്. (ബുഖാരി. 3. 31. 146)
23) സലമ(റ) നിവേദനം: ആശുറാഅ് ദിവസം നബി(സ) ഒരു മനുഷ്യനെ നിയോഗിക്കുകയും ഇപ്രകാരം വിളിച്ചു പറയുകയും ചെയ്തു. വല്ലവനും ആഹാരം കഴിച്ചിട്ടുണ്ടെങ്കിൽ (ഇനി അതു ഉപേക്ഷിച്ച്) അവന്റെ നോമ്പ് പൂർത്തിയാക്കട്ടെ. കഴിച്ചിട്ടില്ലാത്തവൻ ആഹാരം ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കട്ടെ. (ബുഖാരി. 3. 31. 148)
24) ആയിശ(റ) പറയുന്നു: നോമ്പ് അനുഷ്ഠിക്കുന്നവനായിക്കൊണ്ട് നബി(സ) തന്റെ ഭാര്യമാരെ ചുംബിക്കാറുണ്ട്. അവരുടെ കൂടെ സഹവസിക്കുകയും ചെയ്യാറുണ്ട്. കാമവികാരങ്ങളെ നിയന്ത്രിക്കാൻ നിങ്ങളെക്കാളെല്ലാം കഴിവുള്ളവനായിരുന്നു നബി(സ). (ബുഖാരി. 3. 31. 149)
25) ആയിശ(റ) നിവേദനം: നബി(സ) തന്റെ ചില ഭാര്യമാരെ നോമ്പ്കാരനായി ചുംബിക്കാറുണ്ട്. ശേഷം അവർ ചിരിച്ചു. (ബുഖാരി. 1928)
26) ഉമ്മു സലമ(റ) നിവേദനം: ഞാൻ ഒരിക്കൽ നബി(സ)യുടെ വിരിപ്പിൽ കിടക്കുമ്പോൾ ഞാൻ ആർത്തവക്കാരിയായി. അപ്പോൾ ഞാൻ തെറ്റിമാറുകയും എന്റെ ആർത്തവത്തിന്റെ സമയത്ത് ധരിക്കാറുള്ള വസ്ത്രം ഞാൻ എടുക്കുകയും ചെയ്തു. നബി(സ) ചോദിച്ചു. നീ ആർത്തവക്കാരിയായോ? അതെയെന്ന് ഞാൻ മറുപടി പറഞ്ഞു: നബി(സ)യുടെ കൂടെ അവിടുത്തെ വിരിപ്പിൽ ഞാൻ പ്രവേശിച്ചു. അവരും നബി(സ) യും ഒരേ പാത്രത്തിൽ നിന്നും കുളിക്കാറുണ്ട്. നബി(സ) നോമ്പുകാരനായി അവരെ ചുംബിക്കാറുണ്ട്. (ബുഖാരി. 3. 31. 151)
27) ആയിശ(റ) നിവേദനം: സ്വപ്നസ്ഖലനം എന്ന നിലക്കല്ലാതെ തന്റെ ഭാര്യമാരുമായി ലൈംഗികബന്ധം സ്ഥാപിച്ചുകൊണ്ടു തന്നെ ജനാബത്തുകാരനായി നബി(സ) റമളാനിൽ പ്രഭാതത്തിൽ പിടികൂടാറുണ്ട്. ശേഷം അവിടുന്ന് കുളിച്ച് നോമ്പനുഷ്ഠിക്കും. (ബുഖാരി. 3. 31. 152)
28) അബൂഹുറൈറ(റ) നിവേദനം: ഒരാൾ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താൽ അവന്റെ നോമ്പ് അവൻ പൂർത്തിയാക്കട്ടെ. അല്ലാഹുവാണ് അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തത്. (ബുഖാരി. 3. 31. 154)
29) ആയിശ(റ) പറയുന്നു: ഞാൻ നശിച്ചുവെന്ന് പറയുന്നവനായി ഒരാൾ നബി(സ)യുടെ അടുത്തു വന്നു. ഞാൻ ചോദിച്ചു: നിന്റെ പ്രശ്നമെന്താണ്? അയാൾ പറഞ്ഞു: റമളാനിന്റെ പകലിൽ ഞാൻ ഭാര്യയുമായി ബന്ധപ്പെട്ടു. അപ്പോൾ നബി(സ)യുടെ അടുത്ത് ഒരു കുട്ടയിൽ ഈത്തപ്പഴം കൊണ്ടുവരപ്പെട്ടു. നബി(സ) ചോദിച്ചു: നശിച്ചു എന്ന് പറഞ്ഞവൻ എവിടെ. ഞാനാണെന്ന് അയാൾ പറഞ്ഞപ്പോൾ നബി(സ) പറഞ്ഞു. നീ ഇതുകൊണ്ടുപോയി ദാനധർമ്മം ചെയ്യുക. (ബുഖാരി. 3. 31. 156)
30) അബൂഹുറൈറ(റ) നിവേദനം: നബി(സ)യുടെ കൂടെ ഞങ്ങൾ ഇരിക്കുമ്പോൾ ഒരാൾ വന്നു പറഞ്ഞു: പ്രവാചകരേ! ഞാൻ നാശത്തിലകപ്പെട്ടു കഴിഞ്ഞു. നബി(സ) ചോദിച്ചു. നിന്റെ പ്രശ്നമെന്താണ്? അയാൾ പറഞ്ഞു: റമളാനിൽ നോമ്പുകാരനായികൊണ്ട് ഞാനെന്റെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. നബി(സ) ചോദിച്ചു. നിനക്ക് ഒരടിമയെ മോചിപ്പിക്കുവാൻ സാധിക്കുമോ? സാധ്യമല്ലെന്ന് അയാൾ പറഞ്ഞു. തുടർച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കുവാൻ സാധിക്കുമോ? നബി(സ) വീണ്ടും ചോദിച്ചു. ഇല്ലെന്നദ്ദേഹം മറുപടി പറഞ്ഞു. അറുപത് ദരിദ്രന്മാർക്ക് അന്നദാനം ചെയ്യാൻ നിങ്ങളെക്കൊണ്ടാകുമോ? നബി(സ) തുടർന്ന് ചോദിച്ചു. ഇല്ലെന്നപ്പോഴും അയാൾ പറഞ്ഞു. അബൂഹുറൈറ(റ) പറയുന്നു. നബി(സ) കുറെ സമയം ഇരുന്നു. അതിനിടക്ക് നബി(സ)യുടെ അടുത്ത് ഒരാൾ ഒരു കൊട്ട ഈത്തപ്പഴം കൊണ്ടുവന്നു. നബി(സ) ചോദിച്ചു. ചോദ്യകർത്താവ് എവിടെ? ഞാനിവിടെയുണ്ടെന്ന് അയാൾ മറുപടി പറഞ്ഞു. നബി(സ) നിർദ്ദേശിച്ചു. നീ ഇതെടുത്തുകൊണ്ടു പോയി ദാനം ചെയ്യുക. ദൈവ ദൂതരേ! എന്നെക്കാൾ ദരിദ്രനായ ഒരാൾക്കല്ലേ ഞാൻ ദാനം ചെയ്യേണ്ടത്? അല്ലാഹു സത്യം. മദീനയുടെ രണ്ട് കാൽ പ്രദേശങ്ങൾക്കിടയിൽ എന്റെ കുടുംബത്തേക്കാൾ ദരിദ്രമായ ഒരു കുടുംബമില്ല എന്നയാൾ പറഞ്ഞു: നബി(സ) തന്റെ അണപ്പല്ലുകൾ പുറത്തു കാണുന്നവിധം ചിരിച്ചു. ശേഷം അരുളി: ഇതു നിന്റെ വീട്ടുകാരെ തീറ്റിക്കുക. (ബുഖാരി. 3. 31. 157)
31) ഇബ്നു അബീഔഫ(റ) പറയുന്നു: ഞങ്ങൾ നബി(സ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. ഒരാളോട് നബി(സ) പറഞ്ഞു. നിങ്ങൾ വാഹനത്തിൽ നിന്നിറങ്ങി എനിക്ക് നോമ്പ് തുറക്കാൻ സവീക്ക് തയ്യാറാക്കിത്തരിക. അദ്ദേഹം പറഞ്ഞു: പ്രവാചകരേ? സൂര്യനസ്തമിച്ചിട്ടില്ലല്ലോ. നബി(സ) പറഞ്ഞു: നീ ഇറങ്ങി എനിക്ക് സവീക്ക് തയ്യാറാക്കിത്തരിക. പ്രവാചകരേ, സൂര്യനസ്തമിച്ചിട്ടില്ലല്ലോ. എന്നദ്ദേഹം വീണ്ടും പറഞ്ഞു. നീ ഇറങ്ങി എനിക്ക് സവീക്ക് തയ്യാറാക്കിത്തരിക എന്ന് നബി(സ) മൂന്നാമതും അരുളി: അപ്പോൾ അദ്ദേഹം പാനീയം തയ്യാറാക്കി കൊടുത്തു. നബി(സ) അതു കുടിച്ചു. അങ്ങോട്ടു കൈ ചൂണ്ടിക്കൊണ്ട് അരുളി: ഇവിടെ(കിഴക്ക് ഭാഗം)നിന്നും രാവ് ആരംഭിക്കുന്നതു കണ്ടാൽ നോമ്പ്കാരന്ന് നോമ്പുമുറിക്കാം. (ബുഖാരി. 3. 31. 162)
32) ആയിശ(റ) നിവേദനം: അസ്ലം ഗോത്രക്കാരനായ ഹംസതുബ്നു അംറ് ഒരിക്കൽ നബി(സ) യോടു ചോദിച്ചു. ഞാൻ യാത്രയിൽ നോമ്പ് അനുഷ്ഠിക്കട്ടെയോ? അദ്ദേഹം ധാരാളം നോമ്പനുഷ്ഠിക്കുന്നവനായിരുന്നു. അപ്പോൾ നബി(സ) അരുളി: നീ ഉദ്ദേശിക്കുന്നുവെങ്കിൽ നോമ്പ് ഉപേക്ഷിക്കാം. (ബുഖാരി. 3. 31. 164)
33) ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരു റമളാനിൽ നബി(സ) മക്കയിലേക്ക് പുറപ്പെട്ടപ്പോൾ കദീദ് എന്ന സ്ഥലത്ത് എത്തുന്നതുവരെ നോമ്പനുഷ്ഠിച്ചു. അവിടെയെത്തിയപ്പോൾ നബി(സ) നോമ്പ് മുറിച്ചു. അപ്പോൾ ജനങ്ങളും മുറിച്ചു. (ബുഖാരി. 3. 31. 165)
34) അബൂദർദാഅ്(റ) പറയുന്നു: ചൂടുള്ള ഒരു ദിവസം നബി(സ)യുടെ കൂടെ ഞങ്ങൾ ഒരു യാത്ര പുറപ്പെട്ടു. ഉഷ്ണത്തിന്റെ കാഠിന്യം മൂലം ആളുകൾ തലയിൽ കൈവെച്ചിരുന്നു. ഞങ്ങളുടെ കൂട്ടത്തിൽ അന്ന് നോമ്പുകാരായി നബി(സ) യും ഇബ്നു റവാഹത്തും മാത്രമാണുണ്ടായിരുന്നത്. (ബുഖാരി. 3. 31. 166)
35) ജാബിർ(റ) നിവേദനം: നബി(സ) ഒരു യാത്രയിലായിരുന്നു. അപ്പോൾ ഒരു സ്ഥലത്തു ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നതും ഒരാൾക്ക് തണലുണ്ടാക്കിക്കൊടുക്കുന്നതും നബി(സ) കണ്ടു. ഇതെന്താണെന്ന് നബി(സ) ചോദിച്ചു. അവർ പറഞ്ഞു. അദ്ദേഹം നോമ്പനുഷ്ഠിച്ചവനാണ്. നബി(സ) പ്രത്യുത്തരം അരുളി: യാത്രയിൽ നോമ്പനുഷ്ഠിക്കൽ വലിയ പുണ്യമൊന്നുമല്ല. (ബുഖാരി. 3. 31. 167)
36) അനസ്(റ) നിവേദനം: ഞങ്ങൾ നബി(സ)യുടെ കൂടെ യാത്ര ചെയ്യാറുണ്ട്. അപ്പോൾ നോമ്പുകാർ നോമ്പില്ലാത്തവരെയോ നോമ്പില്ലാത്തവർ നോമ്പുകാരെയോ പരസ്പരം ആക്ഷേപിക്കാറില്ല. (ബുഖാരി. 1947)
37) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) മദീനയിൽ നിന്ന് മക്കയിലേക്ക് യാത്ര പുറപ്പെട്ടു. ഉസ്ഫാൻ എന്ന സ്ഥലത്ത് എത്തുന്നതുവരെ അവിടുന്ന് നോമ്പനുഷ്ഠിച്ചു. ശേഷം കുറച്ചു വെള്ളം കൊണ്ടുവരാൻ അവിടുന്ന് ആവശ്യപ്പെടുകയും അങ്ങനെ തന്റെ കയ്യിൽ ജനങ്ങൾ കാണുന്ന വിധം അതു ഉയർത്തിപ്പിടിക്കുകയും ചെയ്തു. ശേഷം അവിടുന്ന് അത് കുടിച്ച് നോമ്പ് മുറിച്ചു. മക്കയിൽ എത്തുന്നതുവരെ. ഇതു ഒരു റമളാനിൽ ആയിരുന്നു. ഇബ്നു അബ്ബാസ്(റ) പറയാറുണ്ട്. നബി(സ) നോമ്പനുഷ്ഠിച്ചിരുന്നു. ശേഷം അതു മുറിച്ചു. അതിനാൽ ഉദ്ദേശിക്കുന്നവന് നോമ്പ് അനുഷ്ഠിക്കാം. ഉദ്ദേശിക്കുന്നവന് നോമ്പ് മുറിക്കാം. (ബുഖാരി. 3. 31. 169)
38) അബൂസയിദ്(റ) നിവേദനം: നബി(സ) അരുളി: സത്രീകൾക്ക് ആർത്തവം ഉണ്ടായാൽ അവർ നോമ്പ് അനുഷ്ഠിക്കുകയോ നമസ്കരിക്കുകയോ ചെയ്യാറില്ല. അതാണ് അവരുടെ മതത്തിന്റെ കുറവ്. (ബുഖാരി. 3. 31. 172)
39) ആയിശ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും മരണപ്പെട്ടു. അവന് വീട്ടാനുള്ള നോമ്പുണ്ട്. എങ്കിൽ അവന്റെ ബന്ധുക്കൾ അത് പിടിച്ചു വീട്ടേണ്ടതാണ്. (ബുഖാരി. 3. 31. 173)
40) ഇബ്നു അബ്ബാസ്(റ) നിവേദനം: ഒരു മനുഷ്യൻ നബി(സ)യുടെ അടുത്തുവന്നു. അദ്ദേഹം പറഞ്ഞു. പ്രവാചകരേ! എന്റെ മാതാവ് മരണപ്പെട്ടു. അവർക്ക് ഒരു മാസത്തെ നോമ്പ് നോറ്റുവീട്ടാൻ ബാധ്യതയുണ്ട്. ഞാനത് നോറ്റു വീട്ടാമോ? നബി ചോദിച്ചു. അതെ, അല്ലാഹുവിന്റെ കടമാണ് വീട്ടുവാൻ ഏറ്റവും അവകാശപ്പെട്ടത്. മറ്റൊരു നിവേദനത്തിൽ പറയുന്നു. ഒരു സ്ത്രീ പറഞ്ഞു: എന്റെ മാതാവ് മരിച്ചു. അവർക്ക് നേർച്ചയാക്കിയ നോമ്പുകൾ നോറ്റുവീട്ടാനുണ്ട്. (ബുഖാരി. 3. 31. 174)
41) ഉമർ (റ) നിവേദനം: നബി(സ) അരുളി: രാവ് ഇവിടെനിന്നു വരികയും പകൽ ഇവിടെനിന്ന് പിന്തിരിയുകയും സൂര്യൻ അസ്തമിക്കുകയും ചെയ്താൽ നോമ്പുകാരൻ നോമ്പു മുറിച്ചു. (ബുഖാരി. 3. 31. 175)
42) സഹ്ല്(റ) നിവേദനം: നബി(സ) അരുളി: നോമ്പ് മുറിക്കുവാൻ ജനങ്ങൾ ധൃതികാണിക്കുന്ന കാലം വരേക്കും ജനങ്ങൾ നന്മയിലായിരിക്കും. (ബുഖാരി. 3. 31. 178)
43) അസ്മാഅ്(റ) നിവേദനം: നബി(സ)യുടെ കാലത്തു മേഘം മൂടിയ ഒരു ദിവസം ഞങ്ങൾ നോമ്പ് മുറിച്ചു. അതിനു ശേഷം സൂര്യൻ പ്രത്യക്ഷപ്പെട്ടു. ഹിശാമ്(റ) പറയുന്നു: അവർ ആ നോമ്പ് ഖളാ വീട്ടിയോ ഇല്ലയോ എന്ന് എനിക്ക് അറിയുകയില്ല. (ബുഖാരി. 3. 31. 180)
44) മഅവദിന്റെ പുത്രി റുബയ്യിഅ്(റ) പറയുന്നു: മുഹറം പത്തിന്റെ പ്രഭാതത്തിൽ അൻസാരികളുടെ ഗ്രാമങ്ങളിലേക്ക് ഒരാളെ ഇപ്രകാരം അറിയിക്കുവാൻ വേണ്ടി നബി(സ) നിയോഗിച്ചു. വല്ലവനും നോമ്പില്ലാതെയാണ് ഇന്ന് പ്രഭാതത്തിൽ പ്രവേശിച്ചതെങ്കിൽ അവൻ ബാക്കി ദിവസം പൂർത്തിയാകട്ടെ. നോമ്പ്കാരനായിക്കൊണ്ട് പ്രഭാതത്തിൽ എഴുന്നേറ്റവൻ അവൻ ആ അവസ്ഥ തുടർന്നു പോവുകയും ചെയ്യട്ടെ. അവർ പറയുന്നു. ഞങ്ങൾ മുഹറം പത്തിന്റെ നോമ്പനുഷ്ഠിക്കുകയും കുട്ടികളെക്കൊണ്ട് അത് നോൽപ്പിക്കുകയും ചെയ്യാറുണ്ട്. അവർക്ക് രോമം കൊണ്ട് കുപ്പായങ്ങളുാക്കികൊടുക്കും. വല്ല കുട്ടിയും ഭക്ഷണത്തിന് കരഞ്ഞാൽ നോമ്പ് മുറിക്കാൻ സമയമാകുന്നതു വരെ കളിപ്പാട്ടങ്ങൾ കൊടുത്ത് ഞങ്ങളവരെ കളിപ്പിക്കും. (ബുഖാരി. 3. 31. 181)
45) അനസ്(റ) നിവേദനം: നബി(സ) പറഞ്ഞു: നിങ്ങൾ രാവും പകലും ചേർത്തിക്കൊണ്ട് നോമ്പനുഷ്ഠിക്കരുത്. അനുചരന്മാർ പറഞ്ഞു: താങ്കൾ അപ്രകാരം അനുഷ്ഠിക്കുന്നതുണ്ടല്ലോ? നബി(സ) അരുളി: ഞാൻ നിങ്ങളിൽ ആരെപ്പോലെയുമല്ല. ഞാൻ തീറ്റിക്കപ്പെടുകയും കുടിപ്പിക്കപ്പെടുകയും ചെയ്യുന്നു. (ബുഖാരി. 3. 31. 182)
46) അബൂഹുറൈറ(റ) നിവേദനം: രാവും പകലും ചേർത്തിക്കൊണ്ട് നോമ്പനുഷ്ഠിക്കുന്നതിനെ നബി(സ) വിരോധിച്ചു. അപ്പോൾ മുസ്ളിംകളിൽ പെട്ട ഒരു മനുഷ്യൻ പറഞ്ഞു. നിശ്ചയം താങ്കൾ അപ്രകാരം നോമ്പനുഷ്ഠിക്കുന്നുണ്ടല്ലോ? നബി(സ) പ്രത്യുത്തരം നൽകി. എന്നപ്പോലെ നിങ്ങളിലാരുണ്ട്? ഞാൻ ഭക്ഷിക്കപ്പെടുന്നവനും പാനം ചെയ്യപ്പെടുന്നവനുമായി രാത്രി കഴിച്ചുകൂട്ടുന്നു. അവർ അതിൽ നിന്ന് വിരമിക്കുവാൻ മടി കാണിച്ചപ്പോൾ അവരേയുമായി നബി(സ) രണ്ടു ദിവസം വിസ്വാൽ നോമ്പ് അനുഷ്ഠിച്ചു. പിന്നീടവൻ ചന്ദ്രപ്പിറവി കണ്ടു. അപ്പോൾ നബി(സ) അരുളി: മാസപ്പിറവി കാണാൻ വൈകിയിരുന്നുവെങ്കിൽ നിങ്ങൾക്ക് ഞാൻ വർദ്ധിപ്പിക്കുമായിരുന്നു. അവർ വിശ്രമിക്കുവാൻ വിസമ്മതം കാണിച്ചപ്പോൾ അവരെ ശിക്ഷിക്കുവാൻ നബി(സ) ഉദ്ദേശിച്ചതുപോലെ. (ബുഖാരി. 3. 31. 186)
47) അബൂജുഹൈഫ(റ) പറയുന്നു: നബി(സ) സൽമാൻ, അബൂദർദാഅ് എന്നിവർക്കിടയിൽ സാഹോദര്യബന്ധം സ്ഥാപിച്ചു. അങ്ങനെ ഒരു ദിവസം സൽമാൻ(റ) അബൂദർദാഇ(റ) നെ സന്ദർശിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുദർദാഇനെ വസ്ത്രത്തിന്റെ മോടിയിലും മറ്റും യാതൊരു ശ്രദ്ധയുമില്ലാതെ സൽമാൻ കണ്ടു. അദ്ദേഹം ചോദിച്ചു. നിങ്ങളുടെ പ്രശ്നമെന്ത്? അവർ പറഞ്ഞു: താങ്കളുടെ സഹോദരൻ അബൂദർദാഅ്ന് ഐഹിക കാര്യങ്ങളിൽ യാതൊരു താൽപര്യവുമില്ല. കുറച്ച് കഴിഞ്ഞപ്പോൾ അബൂദർദാഅ് കയറി വന്നു. സൽമാനു വേണ്ടി ഭക്ഷണം തയ്യാറാക്കി കൊണ്ടു വന്നു പറഞ്ഞു. നിങ്ങൾ കഴിച്ചുകൊള്ളുവിൻ. ഞാൻ നോമ്പുകാരനാണ് സൽമാൻ പറഞ്ഞു. താങ്കൾ ഭക്ഷിക്കാതെ ഞാൻ ഭക്ഷിക്കുകയില്ല. അപ്പോൾ അബുദർദാഅ് ഇനി അവിടുന്നു നോമ്പ് മുറിക്കുക തന്നെയില്ലേ എന്ന് ഞങ്ങൾക്ക് തോന്നും. മറ്റു ചിലപ്പോൾ നബി(സ) സുന്നത്തു നോമ്പ് ഉപേക്ഷിക്കുന്നതു കണ്ടാൽ ഇനി അവിടുന്ന് സുന്നത്തു നോമ്പ് നോൽക്കുക തന്നെയില്ലേ എന്നും ഞങ്ങൾക്ക് തോന്നിപ്പോകാറുണ്ട്. റമളാൻ മാസത്തിലല്ലാതെ ഒരു മാസം മുഴുവൻ നബി(സ) നോമ്പ് നോറ്റത് ഞാൻ കണ്ടിട്ടില്ല. ശഅ്ബാൻ മാസത്തിലാണ് അവിടുന്ന് കൂടുതൽ നോമ്പനുഷ്ഠിക്കാറുള്ളത്. (ബുഖാരി. 3. 31. 189)
48) ആയിശ(റ) നിവേദനം: നബി(സ) ചിലപ്പോൾ സുന്നത്തു നോമ്പ് നോൽക്കുന്നത് കണ്ടാൽ ഇനി അവിടുന്നു നോമ്പ് മുറിക്കുക തന്നെയില്ലേ എന്ന് ഞങ്ങൾക്ക് തോന്നും. മറ്റു ചിലപ്പോൾ നബി(സ) സുന്നത്തു നോമ്പ് ഉപേക്ഷിക്കുന്നതു കണ്ടാൽ ഇനി അവിടുന്ന് സുന്നത്തു നോമ്പ് നോൽക്കുക തന്നെയില്ലേ എന്നും ഞങ്ങൾക്ക് തോന്നിപ്പോകാറുണ്ട്. റമളാൻ മാസത്തിലല്ലാതെ ഒരു മാസം മുഴുവൻ നബി(സ) നോമ്പ് നോറ്റത് ഞാൻ കണ്ടിട്ടില്ല. ശഅ്ബാൻ മാസത്തിലാണ് അവിടുന്ന് കൂടുതൽ നോമ്പനുഷ്ഠിക്കാറുള്ളത്. (ബുഖാരി. 3. 31. 190)
49) ആയിശ(റ) നിവേദനം: ശഅ്ബാൻ മാസത്തേക്കാൾ കൂടുതൽ നോമ്പുകൾ നബി(സ) മറ്റൊരു മാസത്തിലും അനുഷ്ഠിക്കാറില്ല. ചിലപ്പോൾ ശഅ്ബാന്റെ മിക്ക ദിവസങ്ങളിലും നബി(സ) നോമ്പനുഷ്ഠിക്കും. അവിടുന്ന് പറയാറുണ്ട്. നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നത് നിങ്ങൾ ചെയ്യുവീൻ. നിശ്ചയം നിങ്ങൾക്ക് മടുപ്പ് തോന്നാത്ത കാലം വരേയ്ക്കും അല്ലാഹുവിനും മടുപ്പ് തോന്നുകയില്ല. പതിവായി അനുഷ്ഠിക്കുവാൻ സാധിക്കുന്ന നമസ്കാരം നിർവ്വഹിക്കുന്നതാണ് അവിടുന്ന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും. അതു കുറച്ചാണെങ്കിലും. നബി(സ) ഒരു നമസ്കാരം തുടങ്ങിവെച്ചാൽ അതു പതിവാക്കാറുണ്ട്. (ബുഖാരി. 3. 31. 191)
50) അനസ്(റ) പറയുന്നു: നബി(സ) ചില മാസങ്ങളിൽ നോമ്പു ഉപേക്ഷിച്ചു. ആ മാസത്തിൽ നബി(സ) ഇനി തീരെ നോൽക്കുകയില്ലെന്ന് ഞങ്ങൾക്ക് തോന്നാറുള്ളതുവരെ. അവിടുന്ന് ചില മാസങ്ങളിൽ നോമ്പനുഷ്ഠിക്കും. ഇനി നോമ്പ് ഉപേക്ഷിക്കുകയില്ലെന്നും ഞങ്ങൾക്ക് തോന്നുന്നതുവരെ രാത്രിയിൽ അവിടുന്ന് നിന്ന് നമസ്കരിക്കുന്നവനായി ക്കൊണ്ട് കാണാൻ നീ ഉദ്ദേശിച്ചാൽ അതിന് നിനക്ക് സാധിക്കും. ഉറങ്ങുന്നവനായി കാണാൻ ഉദ്ദേശിച്ചാൽ അതിനും നിനക്ക് സാധിക്കും. (ബുഖാരി. 3. 31. 193)
51) അനസ്(റ) നിവേദനം: അദ്ദേഹത്തോട് നബി(സ)യുടെ നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു. ഏതു മാസത്തിൽ നോമ്പുകാരനായി കാണാൻ ഞാനുദ്ദേശിച്ചാലും നബി(സ)യെ ആ നിലക്ക് ഞാൻ കാണാറുണ്ട്. നബി(സ) നോമ്പുപേക്ഷിച്ചിരുന്നതു കാണാൻ ഏത് മാസത്തിൽ ഞാനുദ്ദേശിച്ചാലും എനിക്കതും കാണാൻ കഴിയാതെ വന്നിട്ടില്ല. നബി(സ)യുടെ കൈപ്പത്തിയേക്കാൾ മാർദ്ദവമുള്ള പട്ട് ഞാൻ തൊട്ടിട്ടേയില്ല. നബി(സ)യുടെ ശരീരത്തിലെ സുഗന്ധത്തെ കവച്ചു വെക്കുന്ന കസ്തൂരിയോ മറ്റു സുഗന്ധദ്രവ്യങ്ങളോ എനിക്ക് കാണാൻ കഴിഞ്ഞിട്ടുമില്ല. (ബുഖാരി. 3. 31. 194)
52) അംറ്(റ) നിവേദനം: നബി(സ) അദ്ദേഹത്തോട് പറഞ്ഞു: നിന്റെ ഭാര്യക്കും നിന്റെ അതിഥിക്കും നിന്നിൽ അവകാശമുണ്ട്. ഞാൻ ചോദിച്ചു. പ്രവാചകരേ! ദാവൂദ് (അ) ന്റെ നോമ്പ് എങ്ങിനെയായിരുന്നു. നബി(സ) പ്രത്യുത്തരം നൽകി. ഒരു ദിവസം ഇടവിട്ടുകൊണ്ട് കൊല്ലത്തിന്റെ പകുതി. (ബുഖാരി. 3. 31. 195)
53) അബ്ദുല്ല(റ) നിവേദനം: നബി(സ) പറഞ്ഞു: അബ്ദുല്ലാ?! നീ എല്ലാ പകലിലും നോമ്പനുഷ്ഠിക്കുന്നതായും രാത്രി മുഴുവൻ നിന്ന് നമസ്കരിക്കുന്നതായും നിന്നെ സംബന്ധിച്ച് എനിക്ക് വിവരം ലഭിക്കുകയുണ്ടായി. ഞാൻ പറഞ്ഞു: അതെ, പ്രവാചകരേ! നബി(സ) അരുളി: എങ്കിൽ നീ അപ്രകാരം ചെയ്യരുത്. നീ നോമ്പനുഷ്ഠിക്കുക. ചില ദിവസങ്ങളിൽ നോമ്പ് ഉപേക്ഷിക്കുക. നീ രാത്രി നമസ്കരിക്കുക. ഉറങ്ങുകയും ചെയ്യുക. നിശ്ചയം നിന്റെ കണ്ണിനും നിന്റെ ഭാര്യക്കും നിന്റെ അതിഥിക്കും നിന്നിൽ അവകാശമുണ്ട്. നിനക്ക് മാസത്തിൽ മൂന്നു ദിവസം നോമ്പനുഷ്ഠിച്ചാൽ മതിയാകുന്നതാണ്. കാരണം ഓരോ നന്മക്കും പത്തിരട്ടി പ്രതിഫലം നിനക്ക് ലഭിക്കുന്നതാണ്. അതു ഒരു വർഷത്തെ നോമ്പിന് തുല്യമാകുന്നു. ഞാൻ വർദ്ധനവ് ആവശ്യപ്പെട്ടപ്പോൾ നബി(സ) അതു അനുവദിച്ചു. ഞാൻ പറഞ്ഞു:നബി(സ)യെ എനിക്ക് കൂടുതൽ ശക്തിയുണ്ട്. നബി(സ) പറഞ്ഞു. എങ്കിൽ ദാവൂദിന്റെ നോമ്പ് നീ അനുഷ്ഠിക്കുക. അബ്ദുല്ലക്ക് വാർദ്ധക്യം പ്രാപിച്ച ശേഷം ഇപ്രകാരം പറയാറുണ്ട്. നബി(സ) അനുവദിച്ച ഇളവ് ഞാൻ സ്വീകരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. (ബുഖാരി. 3. 31. 196)
54) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: നീ മാസത്തിൽ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക. അതു ഒരു വർഷം നോമ്പനുഷ്ഠിച്ചതിന്(പ്രതിഫലത്തിൽ)തുല്യമാണ്. (ബുഖാരി. 3. 31. 199)
55) അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: നബി(സ) അരുളി: നീ മാസത്തിൽ മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക. എനിക്ക് അതിനെക്കാൾ സാധിക്കും എന്ന് ഞാൻ പറഞ്ഞു. നബി(സ) പ്രത്യുത്തരം നൽകി. നീ ഒരു ദിവസം നോമ്പനുഷ്ഠിക്കുകയും അടുത്ത ദിവസം നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുക. (ഇപ്രകാരം ഇടവിട്ട് നോൽക്കുക)എല്ലാ മാസത്തിലും ഖുർആൻ പരിപൂർണ്ണമായി ഓതിക്കൊണ്ട് നീ രാത്രി നമസ്കരിക്കും. ഞാൻ പറഞ്ഞു. അതിനെക്കാൾ എനിക്ക് സാധിക്കും. ഇപ്രകാരം ആവർത്തിച്ചുകൊണ്ടിരുന്നു. മൂന്നു ദിവസംകൊണ്ട് എന്ന് അവിടുന്ന് പറയുന്നതുവരെ. (ബുഖാരി. 3. 31. 199)
56) അനസ്(റ) നിവേദനം: നബി(സ) ഉമ്മു സുലൈമിന്റെ വീട്ടിൽ പ്രവേശിച്ചു. അവർ കുറെ ഈത്തപ്പഴവും നെയ്യും കൊണ്ടു വന്നു. നബി(സ)യെ സൽക്കരിച്ചു. നബി(സ) പറഞ്ഞു. നിങ്ങളുടെ നെയ്യ് തോൽഭരണിയിലും ഈത്തപ്പഴം വട്ടിയിലും തിരികെ കൊണ്ട് വെച്ചേക്കുക. ഞാൻ നോമ്പ് നോറ്റിരിക്കുകയാണ്. നബി(സ) പിന്നെ വീടിന്റെ ഒരു ഭാഗത്തു ചെന്നു നിന്നു. (ബുഖാരി. 3. 31. 203)
57) ഇംറാനുബ്നു ഹുസൈൻ(റ) പറയുന്നു: നബി(സ) ഒരൂ മനുഷ്യനോട് ചോദിച്ചു. ഹേ, ഇന്നവന്റെ പിതാവേ! നീ ഈ മാസാവസാനം നോമ്പ് നോറ്റോ? പ്രവാചകരേ! ഇല്ല എന്ന് ആ മനുഷ്യൻ മറുപടി പറഞ്ഞു. അപ്പോൾ നബി(സ) പ്രത്യുത്തരം നൽകി. എങ്കിൽ രണ്ടു ദിവസം നീ നോമ്പനുഷ്ഠിക്കുക. മറ്റൊരു നിവേദനത്തിൽ ശഅ്ബാൻ മാസത്തിന്റെ അവസാനം രണ്ടു ദിവസം നോമ്പ് നോൽക്കുക എന്നാണുള്ളത്. (ബുഖാരി. 3. 31. 204)
58) മുഹമ്മദ്ബ്നു അബ്ബാസ് പറയുന്നു: നബി(സ) വെള്ളിയാഴ്ച നോമ്പനുഷ്ടിക്കുന്നത് വിരോധിച്ചിട്ടുണ്ടോ എന്ന് ജാബിർ(റ) നോട് ഞാൻ ചോദിച്ചു. അതെയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതായത് വെള്ളിയാഴ്ച ദിവസം മാത്രം നോമ്പനുഷ്ഠിക്കുന്നതിനെ. (ബുഖാരി. 3. 31. 205)
59) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളി: വെള്ളിയാഴ്ച ദിവസം നിങ്ങളിൽ ആരും തന്നെ നോമ്പനുഷ്ഠിക്കരുത്. അതിന്റെ ഒരു ദിവസം മുമ്പോ ഒരു ദിവസം ശേഷമോ നോമ്പനുഷ്ഠിച്ചാൽ ഒഴികെ. (ബുഖാരി. 3. 31. 206)
60) ജുവൈരിയ്യ(റ) പറയുന്നു: അവർ നോമ്പനുഷ്ഠിച്ച ഒരു വെള്ളിയാഴ്ച ദിവസം നബി(സ) അവരുടെയടുക്കൽ പ്രവേശിച്ചു. നബി(സ) ചോദിച്ചു. നീ ഇന്നലെ നോമ്പ് നോറ്റിരുന്നോ? ഇല്ലെന്നവർ പറഞ്ഞു. നാളെ നോമ്പ് നോൽക്കാനുദ്ദേശിക്കുന്നുണ്ടോ എന്ന് നബി(സ) വീണ്ടും ചോദിച്ചു. ഇല്ലെന്നവർ പ്രത്യുത്തരം നൽകി. നബി(സ) അരുളി: എങ്കിൽ നീ നോമ്പ് മുറിക്കുക. (ബുഖാരി. 207)
61) അൽഖമ(റ) പറയുന്നു: പ്രവാചകൻ ദിവസങ്ങളിൽ ഏതെങ്കിലും ഒരു ദിവസത്തിന് വല്ല പ്രത്യേകതയും കൽപ്പിക്കാറുണ്ടായിരുന്നോ എന്ന് ഞാൻ ആയിശ(റ) യോട് ചോദിച്ചു. അവർ പറഞ്ഞു. ഇല്ല. അവിടുത്തെ പുണ്യകർമ്മം ചെയ്യൽ പതിവാക്കലായിരുന്നു. നബി(സ)യുടെ കഴിവ് നിങ്ങളിലാർക്കുണ്ട്.?(ബുഖാരി. 3. 31. 208)
62) മൈമൂന(റ) നിവേദനം: മനുഷ്യർ നബി(സ) അറഫാ ദിവസം നോമ്പനുഷ്ഠിച്ചിട്ടുണ്ടോ എന്ന സംഗതിയിൽ ഭിന്നിച്ചു. അപ്പോൾ ഞാൻ ഒരു പാൽ പാത്രം നബി(സ)ക്ക് അയച്ചു കൊടുത്തു. നബി(സ) അറഫായിൽ നിൽക്കുകയായിരുന്നു. അവിടുന്ന് ജനങ്ങൾ കാണുന്നവിധം അതു കുടിച്ചു. (ബുഖാരി. 3. 31. 210)
63) ഉമർ (റ) പറയുന്നു: ഈ രണ്ടു ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുന്നതിന് നബി(സ) വിരോധിച്ചിരിക്കുന്നു. ഒന്ന് നിങ്ങളുടെ നോമ്പ് മുറിക്കുന്ന ദിവസമായ ചെറിയപെരുന്നാൾ ദിനമാണ്. മറ്റൊന്ന് നിങ്ങളുടെ ബലിമൃഗത്തിന്റെ മാംസം ഭക്ഷിക്കുന്ന ബലിപെരുന്നാൾ ദിനമാണ്. (ബുഖാരി. 3. 31. 211)
64) അബൂസഈദ്(റ) പറയുന്നു: സുബ്ഹിനു ശേഷവും അസറിനു ശേഷവും നമസ്കരിക്കുന്നതും നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 3. 31. 212)
65) അബൂഹുറൈറ(റ) നിവേദനം: രണ്ടു നോമ്പും രണ്ട് കച്ചവടവും വിരോധിക്കപ്പെട്ടിട്ടുണ്ട്. ചെറിയ പെരുന്നാൾ ദിവസവും ബലിപെരുന്നാൾ ദിവസവും നോമ്പനുഷ്ഠിക്കുന്നതിനെയും മൂലാമസത്തു, മുനാബദത്തു എന്നീ രണ്ടു കച്ചവടങ്ങളെയും. (ബുഖാരി. 3. 31. 213)
66) ഇബ്നു ഉമർ(റ) നിവേദനം: ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അടുത്തുവന്നു പറഞ്ഞു. ഒരാൾ ഒരു ദിവസം നോമ്പനുഷ്ഠിക്കുവാൻ നേർച്ചയാക്കി. തിങ്കളാഴ്ച ദിവസം എന്നാണ് അയാൾ പറഞ്ഞത് എന്ന് ഞാൻ (നിവേദകൻ)വിചാരിക്കുന്നു. യാദൃശ്ചികമായി ആ ദിവസം പെരുന്നാളായി. എങ്കിൽ അയാൾ നേർച്ച പൂർത്തിയാക്കേണ്ടതുണ്ടോ? ഇബ്നു ഉമർ(റ) പറഞ്ഞു: അല്ലാഹു നേർച്ച പൂർത്തിയാക്കുവാൻ നിർദ്ദേശിക്കുന്നുണ്ട്. നബി(സ) ഈ ദിവസം നോമ്പനുഷ്ഠിക്കുന്നതിനെ വിരോധിക്കുകയും ചെയ്യുന്നു. (അതിനാൽ പാടില്ല). (ബുഖാരി. 3. 31. 214)
67) ആയിശ(റ)യും ഇബ്നുഉമർ(റ)യും പറയുന്നു: ബലിമൃഗം കൈവശമില്ലാത്ത ഹാജിമാർക്കല്ലാതെ അയ്യാമുത്തശ്രീഖിൽ നോമ്പനുഷ്ഠിക്കുവാൻ നബി(സ) അനുവാദം നൽകിയിട്ടില്ല. (ബുഖാരി. 3. 31. 216)
68) ഇബ്നുഉമർ(റ) പറയുന്നു: വല്ലവനും ഉംറ: നിർവ്വഹിച്ച് ഹജ്ജ് വരെ സുഖിച്ചാൽ അറഫാ ദിനത്തിന്റെ മുമ്പായി നോമ്പനുഷ്ഠിക്കണം. ബലിമൃഗം ലഭിക്കാതിരിക്കുകയും അറഫാ ദിനത്തിന്റെ മുമ്പ് നോമ്പനുഷ്ഠിക്കാതിരിക്കുകയും ചെയ്തവൻ മിനായുടെ ദിവസങ്ങളിൽ നോമ്പനുഷ്ഠിക്കാം. (ബുഖാരി. 3. 31. 217)
69) സാലിം(റ) തന്റെ പിതാവിൽ നിന്ന് നിവേദനം: നബി(സ) അരുളി: ആശുറാഅ് ദിവസത്തെ നോമ്പ് ഉദ്ദേശിക്കുന്നവന് നോൽക്കാം. (ബുഖാരി. 3. 31. 218)
70) ആയിശ(റ) പറയുന്നു: നബി(സ) ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുവാൻ കൽപ്പിച്ചിരുന്നു. റമളാൻ നിർബന്ധമാക്കിയപ്പോൾ ഉദ്ദേശിക്കുന്നവൻ നോൽക്കുകയും ഉദ്ദേശിക്കാത്തവൻ നോൽക്കാതിരിക്കുകയും ചെയ്യും. (ബുഖാരി. 3. 31. 219)
71) ആയിശ(റ) പറയുന്നു: ആശുറാഅ് ദിവസം ജാഹിലിയ്യാ കാലത്ത് ഖുറൈശികൾ നോമ്പനുഷ്ഠിച്ചിരുന്നു. നബി(സ) ജാഹിലിയ്യാ കാലത്തു അതു അനുഷ്ഠിച്ചിരുന്നു. മദീനയിൽ വന്നപ്പോൾ അതു നബി(സ) നോൽക്കുകയും നോൽക്കുവാൻ കൽപ്പിക്കുകയും ചെയ്തു. റമളാൻ നിർബന്ധമാക്കിയപ്പോൾ നബി(സ) അതു ഉപേക്ഷിച്ചു. ഉദ്ദേശിക്കുന്നവൻ നോൽക്കുകയും ഉദ്ദേശിക്കുന്നവൻ ഉപേക്ഷിക്കുകയും ചെയ്തുവന്നു. (ബുഖാരി. 3. 31. 220)
72) മുആവിയ്യ(റ) നിവേദനം: അദ്ദേഹം ഹജജ് നിർവ്വഹിച്ച വർഷത്തിൽ മിമ്പറിന്മേൽ കയറി ഇപ്രകാരം പറഞ്ഞു. മദീനക്കാരേ! നിങ്ങളുടെ പണ്ഡിതന്മാർ എവിടെപ്പോയി! നബി(സ) പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി. ഇതു ആശൂറാഅ് ദിവസമാണ്. അല്ലാഹു ഈ നോമ്പ് നിങ്ങളുടെ മേൽ നിർബന്ധമാക്കിയിട്ടില്ല. ഞാൻ നോമ്പനുഷ്ഠിക്കുകയാണ്. ഉദ്ദേശിക്കുന്നവൻ അതു അനുഷ്ഠിക്കട്ടെ. ഉദ്ദേശിക്കുന്നവൻ അതു അനുഷ്ഠിക്കാതിരിക്കട്ടെ. (ബുഖാരി. 3. 31. 221)
73) അബൂമൂസ(റ) പറയുന്നു: ആശൂറാഅ് ദിവസം ജൂതന്മാർ പെരുന്നാളായി ആഘോഷിച്ചിരുന്നു. അപ്പോൾ നബി(സ) പറഞ്ഞു: നിങ്ങൾ അതിൽ നോമ്പനുഷ്ഠിക്കുവിൻ. (ബുഖാരി. 3. 31. 223)
74) ഇബ്നു അബ്ബാസ്(റ) പറയുന്നു: ആശൂറാഅ് നോമ്പനുഷ്ഠിക്കുവാൻ നബി(സ) ശ്രദ്ധിക്കാറുള്ളത് പോലെ മറ്റൊരു ദിവസവും നബി(സ) ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിട്ടില്ല. മാസം മുഴുവൻ അവിടുന്നു നോമ്പനുഷ്ഠിക്കാറുള്ളത് റമളാനിലായിരുന്നു. (ബുഖാരി. 3. 31. 224)
75) സലമ(റ) നിവേദനം: നബി(സ) അസ്ലം ഗോത്രത്തിൽ പെട്ട ഒരു മനുഷ്യനെ നിയോഗിച്ച് ഇപ്രകാരം വിളിച്ചുപറയാൻ കൽപ്പിച്ചു. വല്ലവനും ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ ബാക്കി ദിവസം അവൻ നോമ്പനുഷ്ഠിക്കട്ടെ. ഭക്ഷിക്കാത്തവൻ തന്റെ നോമ്പ് പൂർത്തിയാക്കട്ടെ. നിശ്ചയം ഇന്ന് ആശുറാഅ് ദിനമാണ്. (ബുഖാരി. 3. 31. 225)
76) ഇബ്നു അബ്ബാസിൽ(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയാറുണ്ട്. റമസാനു മുമ്പെ നിങ്ങൾ സുന്നത്തായ വ്രതമനുഷ്ഠിക്കരുത്. പക്ഷേ റമസാൻ മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പനുഷ്ഠിക്കുകയും ശവ്വാൽ മാസപ്പിറവി കണ്ടാൽ നിങ്ങൾ നോമ്പ് മുറിക്കുകയും ചെയ്യുക. മേഘം കൊണ്ട് തടസ്സം നേരിട്ടാൽ മുപ്പത് ദിവസം നിങ്ങൾ പൂർത്തീകരിക്കൂ. (തിർമിദി)
77) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: ശഅ്ബാന്റെ അവസാനത്തെ പകുതി അവശേഷിച്ചാൽ നിങ്ങൾ നോമ്പനുഷ്ഠിക്കരുത്. (തിർമിദി)
78) അമ്മാറി(റ)ൽ നിന്ന് നിവേദനം: മാസപ്പിറവി സംശയിക്കാറുള്ള ദിവസം (വ്യക്തമായ തെളിവില്ലാതെ) വല്ലവനും നോമ്പനുഷ്ഠിച്ചാൽ അബുൽഖാസിമിനോട് അവൻ വിപരീതം പ്രവർത്തിച്ചു. (അബൂദാവൂദ്, തിർമിദി)
79) ത്വൽഹത്തി(റ)ൽ നിന്ന് നിവേദനം: നബി(സ) മാസപ്പിറവി കണ്ടാൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ട്. അല്ലാഹുവേ! (ഇഹപരവിഷയങ്ങളിൽ നിന്നുള്ള) നിർഭയത്തോടെയും നിലനിൽക്കുന്ന വിശ്വാസത്തോടെയും രക്ഷയോടെയും ഞങ്ങൾക്കീ മാസത്തെ നീ പിറപ്പിക്കേണമേ! എന്റെയും നിന്റെയും സംരക്ഷകൻ അല്ലാഹുവാണ്. ഇത് നന്മയുടെയും സന്മാർഗ്ഗത്തിന്റെയും മാസമായി മാറട്ടെ!(തിർമിദി)
80) അംറുബിൻആസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: നമ്മുടെയും വേദം നല്കപ്പെട്ടവരുടെയും നോമ്പ് തമ്മിലുള്ള വ്യത്യാസം അത്താഴം കഴിക്കലാണ്. (മുസ്ലിം) (ജൂതരും കൃസ്ത്യാനികളും അത്താഴം കഴിക്കുകയില്ല. ഈ സമുദായത്തിന്റെ മാത്രം പ്രത്യേകതയാണ് അത്താഴം)
81) അബൂഅത്വിയ്യി(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ ഞാനും മസ്റൂഖും ആയിശ(റ) യുടെ അടുത്ത് കടന്നുചെന്നു. തത്സമയം മസ്റൂഖ് പറഞ്ഞു. റസൂൽ(സ)യുടെ സന്തത സഹചാരികളിൽ രണ്ടാളുകളുണ്ടായിരുന്നു. സദ്വൃത്തിയിൽ അവരൊട്ടും പിന്നോക്കമല്ല. ഒരാൾ മഗ്രിബ് നമസ്കരിക്കലും നോമ്പ് മുറിക്കലും ധൃതിയിൽ ചെയ്തുതീർക്കും. മറ്റെയാൾ മഗ്രിബ് നമസ്കരിക്കലും നോമ്പ് തുറക്കലും പിന്തിക്കും. ആയിശ(റ) ചോദിച്ചു: മഗ്രിബ് നമസ്കാരവും നോമ്പ് തുറക്കലും ധൃതിയിൽ കൊണ്ടുവരുന്നവനാരാണ്? മസ്റൂഖ് പറഞ്ഞു: അബ്ദുല്ലാഹിബ്നുമസ് ഊദാണ്. ആയിശ(റ) പറഞ്ഞു: ഇപ്രകാരമാണ് റസൂൽ(സ) ചെയ്തിരുന്നത്. (മുസ്ലിം) (ധൃതിയിലാണ് മഗ്രിബ് നമസ്കാരവും നോമ്പ് തുറക്കലും റസൂൽ(സ) ചെയ്തുതീർത്തിരുന്നത്)
82) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: അല്ലാഹു അരുൾ ചെയ്തിട്ടുണ്ട്. എന്റെ ദാസന്മാരിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവർ അസ്തമനത്തിനുശേഷം ധൃതിയിൽ നോമ്പ് മുറിക്കുന്നവരാണ്. (തിർമിദി)
83) സൽമാനി(റ)ൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: നിങ്ങളിൽ വല്ലവനും നോമ്പ് തുറക്കുന്നപക്ഷം കാരക്കകൊണ്ട് നോമ്പ് തുറന്നുകൊള്ളട്ടെ. ഇനി അത് കിട്ടിയില്ലെങ്കിലോ? വെള്ളംകൊണ്ട് നോമ്പുതുറക്കട്ടെ. നിശ്ചയം, അത് ശുദ്ധിയാക്കുന്നതാണ്. (അബൂദാവൂദ്, തിർമിദി)
84) അനസി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) മഗ്രിബ് നമസ്കരിക്കുന്നതിന് മുമ്പുതന്നെ ഈത്തപ്പഴം കൊണ്ട് നോമ്പ് മുറിച്ചിരുന്നു. ഇനി ഈത്തപ്പഴമില്ലെങ്കിൽ കാരക്ക. കാരക്കയുമില്ലെങ്കിലോ? അവിടുന്ന് വെള്ളം വലിച്ചുകുടിക്കും. (അബൂദാവൂദ്, തിർമിദി)
85) ലഖീത്വി(റ)ൽ നിന്ന് നിവേദനം: ഞാൻ പറഞ്ഞു: പ്രവാചകരേ! വുളുവിനെക്കുറിച്ച് അങ്ങ് എനിക്ക് പറഞ്ഞുതരിക. അവിടുന്ന് പറഞ്ഞു. നീ വുളു പൂർണ്ണമായി എടുക്കൂ! വിരലുകൾ വിടർത്തി കഴുകുകയും നോമ്പുകാരനല്ലെങ്കിൽ മൂക്കിൽ നല്ലവണ്ണം വെള്ളം കയറ്റുകയും വേണം. (അബൂദാവൂദ്, തിർമിദി)
86) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറഞ്ഞു: മുഹറമാസത്തിലെ നോമ്പാണ് റമസാനുശേഷം നോമ്പുകളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായത്. അപ്രകാരം തന്നെ രാത്രിയിലെ നമസ്കാരമാണ് ഫർളിനുശേഷമുള്ള നമസ്കാരങ്ങളിൽ ഏറ്റവും ഉത്തമമായത്. (മുസ്ലിം)
87) മുജീബത്ത്(റ) തന്റെ പിതാവിൽനിന്നോ പിതൃവ്യനിൽനിന്നോ നിവേദനം ചെയ്യുന്നു: അദ്ദേഹം ഒരിക്കൽ റസൂൽ(സ)യുടെ അടുത്തു ചെന്നു. പിന്നീട് സ്വന്തം വീട്ടിലേക്ക് അദ്ദേഹം തിരിച്ചുപോയി. ഒരു കൊല്ലത്തിനുശേഷം വീണ്ടും അവിടുത്തെ സന്നിധിയിലേക്ക് മടങ്ങിവന്നു. അപ്പോഴേക്ക് അദ്ദേഹത്തിന്റെ സ്ഥിതിഗതികൾ അല്പം വ്യത്യാസപ്പെട്ടിട്ടുണ്ടായിരുന്നു. അദ്ദേഹം ചോദിച്ചു: പ്രവാചകരേ! അങ്ങെന്നെ അറിയുമോ? അവിടുന്ന് ചോദിച്ചു: നീ ആരാണ്? അദ്ദേഹം പറഞ്ഞു: കഴിഞ്ഞകൊല്ലം അങ്ങയുടെ അടുത്ത് വന്ന ബാഹിലിക്കാരനാണ് ഞാൻ. അന്നേരം തിരുദൂതൻ(സ) ചോദിച്ചു: നീ രൂപലാവണ്യമുള്ളവനായിരുന്നല്ലോ! നിനക്കെന്ത് പരിവർത്തന മാണ് സംഭവിച്ചത്? അദ്ദേഹം പറഞ്ഞു: അങ്ങയെ വിട്ടുപിരിഞ്ഞതു മുതൽ രാത്രിയിലല്ലാതെ ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. (ഞാൻ തുടർന്നു നോമ്പനുഷ്ഠിച്ചുപോന്നു)അന്നേരം റസൂൽ(സ) പറഞ്ഞു: നിന്നെത്തന്നെ നീ ശിക്ഷിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു. നീ റമസാൻ വ്രതം അനുഷ്ഠിക്കൂ! മാസംതോറും ഓരോ ദിവസവും അദ്ദേഹം പറഞ്ഞു: കുറച്ചുകൂടി ഏറ്റിത്തരിക. എനിക്കതിന് ത്രാണിയുണ്ട്. അവിടുന്ന് പറഞ്ഞു. എന്നാൽ (മാസംതോറും) രണ്ടുദിവസം നീ വ്രതമനുഷ്ഠിക്കൂ. പിന്നെയും അദ്ദേഹം പറഞ്ഞു. അല്പം കൂടി ഏറ്റിത്തരിക. അവിടുന്ന് പറഞ്ഞു. എങ്കിൽ (മാസം തോറും) മൂന്നുദിവസം നോമ്പനുഷ്ഠിക്കൂ. വീണ്ടും അദ്ദേഹം പറഞ്ഞു. ഇനിയും അവിടുന്ന് എനിക്ക് ഏറ്റിത്തരിക. അപ്പോൾ അവിടുന്ന് പറഞ്ഞു: എങ്കിൽ (റജബ്, ദുൽഖഅ്ദ്, ദുൽഹജ്ജ്, മുഹർറം എന്നീ) യുദ്ധം നിഷിദ്ധമായ (നാല്) മാസങ്ങളിൽ നീ നോമ്പനുഷ്ഠിക്കുകയും ഉപേക്ഷിക്കുകയും ചെയ്യൂ. മൂന്നു പ്രാവശ്യം അതാവർത്തിച്ചു. എന്നിട്ട് അവിടുന്ന് മൂന്ന് വിരലുകൾ ചേർത്തുപിടിക്കുകയും പിന്നീടത് വിടർത്തുകയും ചെയ്തുകൊണ്ട്(അവയിൽ നിന്ന് മുമ്മൂന്ന് ദിവസം വ്രതമനുഷ്ഠിക്കാൻ)ആംഗ്യം കാണിച്ചുകൊടുത്തു. (അബൂദാവൂദ്)
88) അബൂഖത്താദ(റ)യിൽ നിന്ന് നിവേദനം: അറഫാ നോമ്പിനെക്കുറിച്ച് റസൂൽ(സ)യോട് ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു. കഴിഞ്ഞതും വരുന്നതുമായ ഓരോ കൊല്ലങ്ങളിലെ ചെറിയ പാപങ്ങളെ അത് പൊറുപ്പിക്കും. (മുസ്ലിം)
89) അബൂഖത്താദ(റ)യിൽ നിന്ന് നിവേദനം: ആശൂറാ നോമ്പിനെ സംബന്ധിച്ച് ഒരിക്കൽ റസൂൽ(സ) ചോദിക്കപ്പെട്ടു. അവിടുന്ന് മറുപടി പറഞ്ഞു: കഴിഞ്ഞുപോയ ഒരു കൊല്ലത്തെ (ചെറിയ) പാപങ്ങളെ അത് പൊറുപ്പിക്കും. (മുസ്ലിം)
90) ഇബ്നു അബ്ബാസി(റ)ൽ നിന്ന്: റസൂൽ(സ) പറഞ്ഞു: അടുത്ത വർഷം വരെ ഞാൻ ജീവിച്ചിരിക്കുന്നപക്ഷം (മുഹർറത്തിലെ)ഒമ്പതാമത്തെ നോമ്പും ഞാൻ നോൽക്കുന്നതാണ്. (മുസ്ലിം)
91) അബൂഅയ്യൂബി(റ)ൽ നിന്ന് നിവേദനം: നിശ്ചയം റസൂൽ(സ) അരുൾ ചെയ്തു. വല്ലവനും റമസാനിലെ നോമ്പും തുടർന്ന് ശവ്വാലിലെ ആറും അനുഷ്ഠിച്ചാൽ (ഫലത്തിൽ) അത് കൊല്ലം മുഴുവൻ ഫർള് നോമ്പ് അനുഷ്ഠിച്ചതിന് തുല്യമായി. (മുസ്ലിം)
92) അബൂഖത്താദ(റ)യിൽ നിന്ന് നിവേദനം: തിങ്കളാഴ്ചയിലെ നോമ്പിനെ സംബന്ധിച്ച് റസൂൽ(സ) ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: ഞാൻ പ്രസവിക്കപ്പെടുകയും പ്രവാചകനായി നിയോഗിക്കപ്പെടുകയും ഖുർആൻ എനിക്കവതരിക്കുകയും ചെയ്തത് അന്നേ ദിവസമാണ്. (മുസ്ലിം)
93) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: വ്യാഴാഴ്ചയും തിങ്കളാഴ്ചയും (മനുഷ്യരുടെ) ഓരോ പ്രവർത്തനങ്ങളും (അല്ലാഹുവിങ്കൽ)വെളിവാക്കപ്പെടും. നോമ്പുകാരനായിക്കൊണ്ട് എന്റെ അമലുകൾ അല്ലാഹുവിങ്കൽ വെളിവാക്കപ്പെടാനാണ് ഞാനിഷ്ടപ്പെടുന്നത്. (തിർമിദി)
94) ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. (തിർമിദി)
95) മുആദത്തി(റ)ൽ നിന്ന് നിവേദനം: ആയിശ(റ) യോട് ഒരിക്കൽ ഞാൻ അന്വേഷിച്ചു. എല്ലാ മാസവും മൂന്ന് ദിവസം റസൂൽ(സ) നോമ്പനുഷ്ഠിക്കാറുണ്ടോ? അതെ എന്നവർ മറുപടി പറഞ്ഞു. ഞാൻ ചോദിച്ചു: മാസത്തിൽ ഏത് ദിവസത്തിലാണ് അവിടുന്ന് നോമ്പനുഷ്ഠിച്ചിരുന്നത്. അവർ മറുപടി പറഞ്ഞു. മാസങ്ങളിൽ ഏത് ദിവസവും നോമ്പനുഷ്ഠിക്കുന്നത് അവിടുന്ന് ഒരു പ്രശ്നമാക്കിയിരുന്നില്ല (മുസ്ലിം) (ഏതു ദിവസമെങ്കിലും നോമ്പനുഷ്ഠിക്കുമായിരുന്നു)
96) അബൂദർറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) അരുൾ ചെയ്തു: മാസത്തിൽ മൂന്ന് ദിവസം നീ നോമ്പനുഷ്ഠിക്കുന്നുവെങ്കിൽ പതിമൂന്നിലും പതിനാലിലും നീ നോമ്പനുഷ്ഠിച്ചുകൊള്ളുക. (തിർമിദി)
97) ഖത്താദ(റ)യിൽ നിന്ന് നിവേദനം: അയ്യാമുൽ ബീള് അഥവാ പതിമൂന്ന്, പതിനാല്, പതിനഞ്ച് ഏന്നീ ദീവസങ്ങളിൽ നോമ്പനുഷ്ഠിക്കാൻ ഞങ്ങളോട് റസൂൽ(സ) കൽപിച്ചിരുന്നു. (അബൂദാവൂദ്)
98) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം: നാട്ടിൽവെച്ചും യാത്രയിലും അയ്യാമുൽബീളിൽ റസൂൽ(സ) ഒരിക്കലും നോമ്പുപേക്ഷിക്കാറില്ല. (നസാഈ)
99) സൈദി(റ)ൽ നിന്ന് നിവേദനം: വല്ലവനും നോമ്പ് തുറപ്പിച്ചാൽ നോമ്പുകാരന്റെ തുല്ല്യഫലം അവന് ലഭിക്കും. അതുകൊണ്ട് നോമ്പുകാരന്റെ പ്രതിഫലത്തിൽ ഒന്നും ചുരുങ്ങുകയില്ല. (തിർമിദി)
100) ഉമ്മഉമാറത്തിൽ(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ നബി(സ) അവരുടെ അടുത്ത് കടന്നുചെന്നു. ഉടനെ കുറച്ചാഹാരം കൊണ്ട് വെച്ചപ്പോൾ അവിടുന്ന് പറഞ്ഞു: അത് നീ ഭക്ഷിക്കു. ഞാൻ നോമ്പുകാരിയാണ് എന്ന് മറുപടി നല്കിയപ്പോൾ റസൂൽ(സ) പറഞ്ഞു: നോമ്പുകാരന്റെയടുത്തുവെച്ച് ആഹാരം കഴിച്ചാൽ അത് ഭക്ഷിച്ച് കഴിയുന്നതുവരെ മലക്കുകൾ നോമ്പുകാരനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ടിരിക്കും ചിലപ്പോൾ അവിടുന്ന് പറയാറുണ്ട്. അവർക്ക് വയറ് നിറയുന്നതുവരെ. (തിർമിദി)
101) അനസി(റ)ൽ നിന്ന് നിവേദനം: നബി(സ) ഒരിക്കൽ സഅ്ദ്(റ)ന്റെ അടുക്കൽ വിരുന്ന് ചെന്നു. ഉടനെ അദ്ദേഹം പത്തിരിയും ഒലിവെണ്ണയും കൊണ്ടുവന്നു. അത് ഭക്ഷിച്ചിട്ട് നബി(സ) പ്രാർത്ഥിച്ചു. നോമ്പുകാർ നിങ്ങളുടെ അടുത്ത് നോമ്പ് തുറക്കട്ടെ! നിങ്ങളുടെ ആഹാരം ഉത്തമന്മാർ ഭക്ഷിക്കട്ടെ. മലക്കുകൾ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കട്ടെ. (അബൂദാവൂദ്) (ആഹാരത്തിനുവേണ്ടി ആരെയെങ്കിലും ക്ഷണിച്ചുവരുത്തിയാൽ ആഹാരത്തിനുശേഷം അവനുവേണ്ടി പ്രാർത്ഥിക്കേണ്ടതാണ്)