തിരഞ്ഞെടുത്ത ഹദീസുകൾ/പങ്കുചേരൽ
1) റാഫിഅ്(റ) നിവേദനം: ഞങ്ങൾ നബി(സ)യുടെ കൂടെ അസർ നമസ്കരിക്കാറുണ്ട്. ശേഷം ഒട്ടകത്തെ ഞങ്ങൾ അറുക്കും. തുടർന്ന് അതിനെ പത്ത് ഓഹരിയാക്കും. അങ്ങനെ വേവിച്ച മാംസം സൂര്യൻ അസ്തമിക്കുന്നതിന്റെ മുമ്പായി ഞങ്ങൾ ഭക്ഷിക്കും. (ബുഖാരി. 3. 44. 665)
2) അബൂമൂസാ(റ) നിവേദനം: യുദ്ധത്തിൽ അശ്അരികളുടെ ആഹാരസാധനങ്ങൾ തീർന്നു. അല്ലെങ്കിൽ മദീനയിലായിരിക്കുമ്പോൾ തന്നെ അവരുടെ കുടുംബത്തിലെ ആഹാരം കുറഞ്ഞു. എങ്കിൽ ഞങ്ങളുടെ പക്കലുള്ളതെല്ലാം കൂടി അവർ ഒരു തുണിയിൽ ശേഖരിക്കും. ശേഷം ഒരളവ് പാത്രവും കൊണ്ട് സമമായി അതവർ പങ്കിട്ടെടുക്കും. അതാണ് അവരുടെ പതിവ്. അവർ എന്നിൽ നിന്നുള്ളവരും ഞാൻ അവരിൽ നിന്നുള്ളവനുമാണ്. (ബുഖാരി. 3. 44. 666)
3) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒന്നിലധികം പേർക്കു പങ്കുള്ള ഒരടിമയിൽ ഒരാളുടെ പങ്ക് അവൻ മോചിപ്പിച്ചാൽ തന്റെ ധനം വിനിയോഗിച്ച് ആ അടിമയെ പൂർണ്ണമായി മോചിപ്പിക്കേണ്ടത് അവന്റെ ബാധ്യതയാണ്. അവന്റെ പക്കൽ ധനമില്ലെങ്കിലോ ആ അടിമക്ക് നീതിപൂർവ്വം വില കണക്കാക്കണം. അവനെക്കൊണ്ട് ജോലി ചെയ്യിപ്പിച്ച് പണമുണ്ടാക്കി പ്രതിഫലം വാങ്ങി ബാക്കി അവകാശികളും അവരുടെ അവകാശം കൈവിടണം. എന്നാൽ ജോലി ചെയ്യാൻ അവനെ പ്രയാസപ്പെടുത്തരുത്. (ബുഖാരി. 3. 44. 672)
4) നുഅ്മാൻ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ നിമയപരിധിക്കുള്ളിൽ ജീവിക്കുന്നവന്റെയും ആ പരിധി ലംഘിക്കുന്നവന്റെയും സ്ഥിതി ഒരു സംഘം ആളുകളുടെ സ്ഥിതിപോലെയാണ്. (സീറ്റ് നിർണ്ണയിക്കാൻ വേണ്ടി) അവർ നറുക്കിട്ടു. ചിലർക്ക് കിട്ടിയത് മേലെ തട്ടാണ്. മറ്റ് ചിലർക്ക് കപ്പലിന്റെ താഴെ തട്ടും. താഴെ തട്ടിലിരിക്കുന്നവർ വെള്ളത്തിനാവശ്യം വരുമ്പോൾ മേലെ തട്ടിലിരിക്കുന്നവരുടെ അരികിലൂടെ നടക്കാൻ തുടങ്ങി. താഴെ തട്ടിലുള്ളവർ പറഞ്ഞു: ഞങ്ങൾ ഓഹരിയിൽപെട്ട സ്ഥലത്ത് ഞങ്ങളൊരു ഓട്ട തുളച്ചാൽ മുകളിലുള്ളവർക്ക് ശല്യമുണ്ടാക്കാതെ കഴിക്കാമായിരുന്നു. താഴെ തട്ടിലുള്ളവരെ അങ്ങനെ പ്രവർത്തിക്കാൻ വിടുന്ന പക്ഷം രണ്ടു കൂട്ടരും ഒന്നായി നശിക്കും. അവരിങ്ങനെ പ്രവർത്തിക്കാതിരിക്കാൻ അവരുടെ കൈ പിടിച്ചാലോ ഇരുവിഭാഗവും രക്ഷപ്പെടുകയും ചെയ്യും. (ബുഖാരി. 3. 44. 673)
5) അബ്ദൂല്ലാഹിബ്നു ഹിശാം(റ) പറയുന്നു: അദ്ദേഹത്തിന്റെ മാതാവ് സൈനബ് അദ്ദേഹത്തെയും കൊണ്ട് ഒരിക്കൽ നബി(സ)യുടെ മുമ്പിൽ ചെന്നു. ശേഷം അവർ പറഞ്ഞു: പ്രവാചകരേ! അവിടുന്ന് ഇവനോട് ബൈഅത്തു ചെയ്താലും. നബി(സ) പറഞ്ഞു: ഇവനൊരു ചെറിയ കുട്ടിയാണല്ലോ. നബി(സ) അവനെ തലോടുകയും കുട്ടിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഈ അബ്ദുല്ലാഹിബ്നു ഹിശാം (പിൽക്കാലങ്ങളിൽ) മാർക്കറ്റിൽ പോയി ആഹാരസാധനങ്ങൾ വാങ്ങി വ്യാപാരം ചെയ്യാറുണ്ടായിരുന്നു. ചിലപ്പോൾ ഇബ്നു ഉമർ(റ), ഇബ്നു സുബൈർ(റ) എന്നിവർ അദ്ദേഹത്തെ കാണുമ്പോൾ പറയും: നിങ്ങൾ വ്യാപാരത്തിൽ ഞങ്ങളെ പങ്കു ചേർത്താൽ കൊള്ളാം. കാരണം നിങ്ങൾക്ക് ബർക്കത്തിന് വേണ്ടി നബി(സ) പ്രാർത്ഥിച്ചിട്ടുണ്ട്. അപ്പോൾ അവരെ അദ്ദേഹം പങ്ക് ചേർക്കും. ചിലപ്പോൾ ഒരൊട്ടകം ചുമന്ന ചരക്ക് അതേ പടി അദ്ദേഹത്തിന് ലാഭമായിക്കിട്ടും. ഉടനെ അതു അദ്ദേഹം വീട്ടിലേക്കയക്കും. (ബുഖാരി. 3. 44. 680)