ഉബ്ബാദ് തന്റെ പിതൃവ്യനിൽ നിന്നും നിവേദനം: നബി(സ) മഴക്കു വേണ്ടി നമസ്കരിക്കുവാൻ പുറപ്പെടുകയും അവിടെ തന്റെ തട്ടം തല തിരിക്കുകയും ചെയ്തു. (ബുഖാരി. 2. 17. 119)
അബുദുറഹ്മാൻ തന്റെ പിതാവിൽ നിന്ന് നിവേദനം: അബൂത്വാലിബ് പാടിയ കവിത ഇബ്നു ഉമർ(റ) പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം വെള്ള നിറമുള്ള ഒരു നേതാവാണ്. അദ്ദേഹത്തെ മുൻ നിറുത്തി മേഘത്തോട് വെള്ളത്തിനാവശ്യപ്പെടാം. അദ്ദേഹം അനാഥക്കുട്ടികളുടെ അഭയ കേന്ദ്രവും വിധവകളുടെ രക്ഷാകേന്ദ്രവുമാണ്. (ബുഖാരി. 2. 17. 122)
അനസ്(റ) നിവേദനം: നിശ്ചയം ഉമറൂബ്നൂൽ ഖത്താബിന്റെ കാലത്തു അദ്ദേഹം മഴക്ക്വേണ്ടി പ്രാർത്ഥിച്ചിരുന്നത് അബ്ബാസി(റ)നെ കൊണ്ടായിരുന്നു. അപ്പോൾ അദ്ദേഹം പറയും: അല്ലാഹുവേ! ഞങ്ങളുടെ നബിയെ ക്കൊണ്ട് നിന്നോട് ഞങ്ങൾ മഴക്കുവേണ്ടി പ്രാർത്ഥിപ്പിക്കുകയും അപ്പോൾ നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരികയും ചെയ്യാറുണ്ടായിരുന്നു. അപ്പോൾ നബിയുടെ പിതൃവ്യനെക്കൊണ്ട് ഞങ്ങളിതാ നിന്നോട് മഴക്കു വേണ്ടി പ്രാർത്ഥിപ്പിക്കുന്നു. നീ ഞങ്ങൾക്ക് മഴ വർഷിപ്പിച്ചു തരേണമേ! റാവി പറയുന്നു: അന്നേരം അവർക്കു മഴ ലഭിക്കാറുണ്ട്. (ബുഖാരി. 2. 17. 123)
അബ്ദുല്ല(റ) നിവേദനം: നിശ്ചയം നബി(സ) മഴക്ക് വേണ്ടി പ്രാർത്ഥിച്ചപ്പോൾ തന്റെ തട്ടം തല തിരിച്ചിട്ടു. (ബുഖാരി. 2. 17. 124)
അബ്ദുല്ലാഹുബ്നു സൈദ്(റ) നിവേദനം: നബി(സ) മഴക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മൈതാനത്തേക്ക് പുറപ്പെട്ടു. ഖിബ്ല:യുടെ നേരെ നബി(സ) തിരിയുകയും തന്റെ തട്ടം തല തിരിച്ചിടുകയും രണ്ട് റക്അത്തു നമസ്കരിക്കുകയും ചെയ്തു. (ബുഖാരി. 2. 17. 125)
അനസ്(റ) നിവേദനം: ഒരു മനുഷ്യൻ സമ്പത്തു നശിച്ചതിനെ സംബന്ധിച്ചും കുടുംബത്തിന്റെ ക്ളേശത്തെ സംബന്ധിച്ചും നബി(സ) യോട് ആവലാതിപ്പെട്ടു. അപ്പോൾ നബി അല്ലാഹുവിനോട് മഴക്കു വേണ്ടി പ്രാർത്ഥിച്ചു. നബി(സ) തന്റെ തട്ടം തിരിച്ചിട്ടതും ഖിബ്ലയെ അഭിമുഖീകരിച്ചതും ഇവിടെ പറയുന്നില്ല. (ബുഖാരി. 2. 17. 131)
അബ്ബാസ് തന്റെ പിതൃവ്യനിൽ നിന്ന് നിവേദനം: നബി(സ) ജനങ്ങളേയുമായി മഴക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ മൈതാനത്തേക്ക് പുറപ്പെട്ടു. അങ്ങനെ നബി(സ) എഴുന്നേറ്റു നിന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചു. ശേഷം ഖിബ്ലയുടെ നേരെ തിരിഞ്ഞു തന്റെ തട്ടം തിരിച്ചിട്ടു. അങ്ങനെ അവർക്ക് മഴ ലഭിച്ചു. (ബുഖാരി. 2. 17. 138)
അബ്ബാസ്(റ) തന്റെ പിതൃവ്യനിൽ നിന്ന് നിവേദനം: നബി(സ) മഴക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ പുറപ്പെട്ടു. അവിടുന്ന് ഖിബ്ലയെ അഭിമുഖീകരിച്ചുകൊണ്ട് പ്രാർത്ഥിച്ചു. തന്റെതട്ടം മാറ്റിയിട്ടു ശേഷം ഉറക്കെ ഖുർആൻ പാരായണം ചെയ്തു കൊണ്ട് രണ്ട് റക്അത്തു നമസ്കരിച്ചു. (ബുഖാരി. 2. 17. 139)
അനസ്(റ) നിവേദനം: നബി(സ) വെള്ളിയാഴ്ച ദിവസം പ്രസംഗിക്കുമ്പോൾ ഒരു ഗ്രാമീണൻ കയറി വന്നു. ഇപ്രകാരം പറഞ്ഞു: പ്രവാചകരേ! മൃഗങ്ങളും കുടുംബങ്ങളും നശിച്ചു. ജനങ്ങളും അപ്പോൾ നബി(സ) തന്റെ ഇരുകൈകളും ഉയർത്തി പ്രാർത്ഥിച്ചു. ജനങ്ങളും നബിയുടെ കൂടെ അവരുടെ കൈകൾ ഉയർത്തി പ്രാർത്ഥിക്കുവാൻ തുടങ്ങി. ഞങ്ങൾ പള്ളിയിൽ നിന്നും പുറത്തു പോകുന്നതിന്റെ മുമ്പ് തന്നെ മഴ പെയ്തു. അടുത്ത വെള്ളിയാഴ്ച ദിവസം വരെ ഞങ്ങൾക്ക് മഴ ലഭിച്ചുകൊണ്ടിരുന്നു. അപ്പോൾ ആ മനുഷ്യൻ നബി(സ)യുടെ അടുത്തു വന്നു. പ്രാവചകരേ! യാത്രക്കാർക്ക് ക്ളേശമായി. വഴികൾ തടസ്സപ്പെട്ടു എന്നു പറഞ്ഞു. (ബുഖാരി. 2. 17. 143)
അനസ്(റ) നിവേദനം: മഴക്കുവേണ്ടിയുള്ള പ്രാർത്ഥനയിൽ അല്ലാതെ മറ്റൊരു പ്രാർത്ഥനയിലും നബി(സ) കൈകൾ ഉയർത്താറില്ല. മഴക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ നബി(സ) അവിടുത്തെ രണ്ടു കക്ഷത്തിലെ വെളുപ്പ് കാണുന്നതു വരെ രണ്ടും കയ്യും ഉയർത്താറുണ്ട്. (ബുഖാരി. 2. 17. 141)
ആയിശ(റ) നിവേദനം: നബി(സ) മഴയെ വർഷിക്കുന്നത് കാണുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കും. ഉപകാരപ്രദമായ മഴ വർഷിപ്പിക്കേണമേ. (ബുഖാരി. 2. 17. 142)
അനസ്(റ) നിവേദനം: ശക്തിയായി കാറ്റടിക്കുമ്പോൾ നബി(സ)യുടെ മുഖത്ത് ഭയത്തിന്റെ ലക്ഷണങ്ങൾ കാണാറുണ്ടായിരുന്നു. (ബുഖാരി. 2. 17. 144)
ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ഇളം കാറ്റ് വഴി എനിക്ക് സഹായം ലഭിച്ചു. ആദ്കാർ ചുഴലിക്കാറ്റ് കൊണ്ട് നശിപ്പിക്കപ്പെട്ടു. (ബുഖാരി. 2. 17. 145)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിജ്ഞാനം നശിപ്പിക്കപ്പെടുകയും ഭൂചലനങ്ങൾ വർദ്ധിക്കുകയും സമയം കുറയുകയും കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടുകയും വധം വർദ്ധിക്കുകയും സമ്പത്ത് വർദ്ധിച്ച് (സാധാരണക്കാരുടെ ഇടയിൽ പോലും) ഒഴുകുകയും ചെയ്യുന്നതുവരെ അന്ത്യദിനം സംഭവിക്കുകയില്ല. (ബുഖാരി. 2. 17. 146)
ഇബ്നു ഉമർ(റ) നിവേദനം: നബി(സ) ഒരിക്കൽ ഇപ്രകാരം പ്രാർത്ഥിച്ചു. അല്ലാഹുവേ! ഞങ്ങളുടെ ശാമിലും ഞങ്ങളുടെ യമനിലും നീ ബർക്കത്തു (നന്മ) നൽകേണമേ! അപ്പോൾ ഞങ്ങളുടെ നജ്ദിലും എന്ന് കൂട്ടിച്ചേർക്കാൻ അനുചരന്മാർ നബി(സ) യോടു ആവശ്യപ്പെട്ടു. അപ്പോൾ നബി(സ) പറഞ്ഞു. അവിടെയാണ് കമ്പനങ്ങളും വിപ്ളവങ്ങളും ഉടലെടുക്കുക. പിശാചിന്റെ പാർട്ടി വെളിപ്പെടുന്നതും അവിടെത്തന്നെയാണ്. (ബുഖാരി. 2. 17. 147)
സൈദ്ബനു ഖാലിദ്(റ) നിവേദനം: ഹുദൈബിയ്യ: യിൽ വെച്ച് രാത്രി മഴ ലഭിച്ചതിന് ശേഷമുള്ള ഒരു സുബ്ഹ് നമസ്കാരം നബി(സ) ഞങ്ങളേയുമായി നമസ്കരിച്ചു. നമസ്കാരത്തിൽ നിന്ന് നബി(സ) വിരമിച്ചപ്പോൾ ജനങ്ങളുടെ നേരെ തിരിഞ്ഞുകൊണ്ട് അവിടുന്ന് പറഞ്ഞു. ഇന്ന് രാത്രി നിങ്ങളുടെ രക്ഷിതാവ് എന്താണ് പ്രസ്താവിച്ചതെന്ന് നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് ഏറ്റവും അറിവുള്ളത്. നബി(സ) പറഞ്ഞു. ഇന്ന് എന്റെ അടിയന്മാരിൽ ഒരു വിഭാഗം എന്നിൽ വിശ്വസിച്ചുകൊണ്ടും മറ്റൊരു വിഭാഗം എന്നെ നിഷേധിച്ചും കൊണ്ടും പ്രഭാതത്തിൽ പ്രവേശിക്കും. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടും ഞങ്ങൾക്ക് മഴ ലഭിച്ചുവെന്ന് പറയുന്നവർ എന്നിൽ വിശ്വസിച്ചു. ഞാറ്റുവേലയെ നിഷേധിച്ചു. എന്നാൽ ഞാറ്റുവേല കൊണ്ട് ഞങ്ങൾക്ക് മഴ ലഭിച്ചുവെന്നു പറയുന്നവർ എന്നെ നിഷേധിക്കുകയും ഞാറ്റുവേലയിൽ വിശ്വസിക്കുകയും ചെയ്തു. (ബുഖാരി. 2. 17. 148)
ഇബ്നു ഉമർ(റ) നിവേദനം: നബി(സ) അരുളി: അദൃശ്യ കാര്യങ്ങളുടെ താക്കോൽ അഞ്ചു കാര്യങ്ങളാണ്. അല്ലാഹുവിന്നല്ലാതെ മറ്റാർക്കും അവയെക്കുറിച്ചറിയാൻ കഴിയുകയില്ല. നാളെ എന്തു സംഭവിക്കുമെന്നും സ്ത്രീകളുടെ ഗർഭപാത്രത്തിൽ എന്താണുടലെടുക്കുകയെന്നും താൻ നാളെ എന്താണ് പ്രവർത്തിക്കുകയെന്നും താൻ ഏത് ഭൂമിയിൽ വെച്ചാണ് മൃതിയടയുകയെന്നും ഒരാൾക്കും അറിയുവാൻ കഴിയുകയില്ല. എപ്പോഴാണ് മഴ വർഷിക്കുകയെന്നും ഒരു മനുഷ്യനും അറിയാൻ കഴിയുകയില്ല. (ബുഖാരി. 2. 17. 149)