1) അനസ്(റ) പറയുന്നു: മൂന്നുപേർ നബി(സ)യുടെ ആരാധനാ സമ്പ്രദായങ്ങളന്വേഷിച്ചുകൊണ്ട് നബി(സ)യുടെ ഭാര്യമാരുടെ വീട്ടിൽ വന്നു. നബി(സ)യുടെ ആരാധനയെക്കുറിച്ച് കേട്ടപ്പോൾ അവർക്കതു വളരെ കുറഞ്ഞു പോയെന്ന് തോന്നി. അവർ പറഞ്ഞു: നാമും നബിയും എവിടെ? നബി(സ) ക്ക് ആദ്യം ചെയ്തുപോയതും പിന്നീട് ചെയ്തു പോയതുമായ എല്ലാ പാപങ്ങളും അല്ലാഹു പൊറുത്തുകൊടുത്തിട്ടുണ്ടല്ലോ. അങ്ങിനെ മറ്റൊരാൾ പറഞ്ഞു: ഞാൻ എന്നും രാത്രി മുഴുവൻ നമസ്കരിക്കും. മറ്റൊരാൾ പറഞ്ഞു: എല്ലാ ദിവസവും ഞാൻ നോമ്പ് പിടിക്കും. ഒരു ദിവസവും നോമ്പ് ഉപേക്ഷിക്കുകയില്ല. മൂന്നാമൻ പറഞ്ഞു: ഞാൻ സ്ത്രീകളിൽ നിന്നകന്ന് നിൽക്കും. ഒരിക്കലും വിവാഹം കഴിക്കുകയില്ല. നബി(സ) അവിടെ വന്നു. വിവരം അറിഞ്ഞപ്പോൾ അരുളി: നിങ്ങൾ ഇന്നതെല്ലാം പറഞ്ഞുവല്ലോ. അല്ലാഹു സത്യം. നിങ്ങളെക്കാളെല്ലാം അല്ലാഹുവിനെ ഭയപ്പെടുന്നവരും അവനെ സൂക്ഷിക്കുന്നവനുമാണ് ഞാൻ. ഞാൻ ചിലപ്പോൾ നോമ്പനുഷ്ഠിക്കുകയും ചിലപ്പോൾ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യും. രാത്രി നമസ്കരിക്കുകയും ഉറങ്ങുകയും ചെയ്യും. സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്യും. വല്ലവനും എന്റെ നടപടി ക്രമങ്ങളെ വെറുക്കുന്ന പക്ഷം അവൻ എന്റെ സമൂഹത്തിൽപ്പെട്ടവനല്ല തന്നെ. (ബുഖാരി. 7. 62. 1)

2) ആയിശ:(റ) നിവേദനം: അനാഥകളുടെ കാര്യത്തിൽ നിങ്ങൾക്കു നീതി പാലിക്കാനാവില്ലെന്ന് നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ ( മറ്റു ) സ്ത്രീകളിൽ നിന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന രണ്േടാ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാൽ ( അവർക്കിടയിൽ ) നീതിപുലർത്താനാവില്ലെന്ന് നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക) അല്ലെങ്കിൽ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക) നിങ്ങൾ അതിരുവിട്ട് പോകാതിരിക്കാൻ അതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്. (4:3). ഈ ആയത്തിനെക്കുറിച്ച് ആയിശ(റ)യോട് ചോദിക്കപ്പെട്ടു. അപ്പോൾ ആയിശ(റ) പറഞ്ഞു: എന്റെ സഹോദരിയുടെ പുത്രാ! ഒരു അനാഥയായ പെൺകുട്ടി അവളുടെ അധികാരിയുടെ കീഴിൽ ജീവിക്കുകയായിരിക്കും. അയാൾ അവളുടെ ധനത്തിലും സൗന്ദര്യത്തിലും ആഗ്രഹിക്കുകയും അവളെ വിവാഹം ചെയ്യുവാൻ ഉദ്ദേശിക്കുകയും ചെയ്യും. എന്നാൽ അവളെപ്പോലെയുളള സ്ത്രീകൾക്ക് ലഭിക്കുന്ന മഹ്ർ അവൾക്ക് നൽകുവാൻ അവൻ ഉദ്ദേശിക്കുകയുമില്ല. അപ്പോൾ അല്ലാഹു ആ പെൺകുട്ടികളെ വിവാഹം ചെയ്യുന്നതിനെ അവരോട് വിരോധിക്കുകയും മറ്റു സ്ത്രീകളെ വിവാഹം കഴിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തു. (ബുഖാരി. 7. 62. 2)

3) അൽഖമ:(റ) പറയുന്നു: ഞാൻ അബ്ദുല്ലയുടെ കൂടെയായിരുന്നു. അപ്പോൾ മിനയിൽവെച്ച് ഉസ്മാൻ അദ്ദേഹത്തെ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: അബാ അബ്ദുറഹ്മാൻ! നിങ്ങളിലേക്ക് എനിക്കൊരു ആവശ്യമുണ്ട്. അങ്ങിനെ അവർ ഇരുപേരും ഒഴിവായി നിന്നു. ഉസ്മാൻ(റ) പറഞ്ഞു: അല്ലയോ അബാഅബ്ദുഹ്മാൻ! നിനക്ക് ഞാനൊരു കന്യകയെ വിവാഹം ചെയ്തുതരട്ടെയോ? നിന്റെ പഴയ ബന്ധത്തെ അവൾ ഓർമ്മിപ്പിക്കും. അബ്ദുല്ലക്ക് വിവാഹത്തിന് താൽപര്യമില്ലെന്ന് കണ്ടപ്പോൾ എന്നോട് ഉസ്മാൻ പറഞ്ഞു: നബി(സ) ഞങ്ങളോട് പറയാറുണ്ട്. അല്ലയോ യുവ സമൂഹമേ! നിങ്ങളിൽ വിവാഹത്തിന് സാധ്യതയുളളവർ വിവാഹം ചെയ്യുവീൻ. സാധിക്കാത്തവൻ നോമ്പനുഷ്ഠിക്കണം. നിശ്ചയം അതു അവനൊരു പരിചയാണ്. (ബുഖാരി. 7. 62. 3)

4) അത്വാഅ്(റ) പറയുന്നു: സറഫ് എന്ന സ്ഥലത്ത് മൈമൂന:(റ) യുടെ ജനാസയിൽ പങ്കെടുക്കുവാൻ ഇബ്നുഅബ്ബാസ്(റ) ന്റെ കൂടെ ഞങ്ങൾ പങ്കെടുത്തു. അപ്പോൾ ഇബ്നുഅബ്ബാസ്(റ) പറഞ്ഞു. ഇവർ നബി(സ)യുടെ പത്നിയാണ്. അതിനാൽ അവരുടെ കട്ടിൽ ഉയർത്തുമ്പോൾ നിങ്ങൾ ഇളക്കുകയോ ചലിപ്പിക്കുകയോ ചെയ്യരുത്. സൗമ്യത കാണിക്കുക. നിശ്ചയം നബി(സ) ക്ക് 9 പത്നിമാർ ഉണ്ടായിരുന്നു. അവർക്കെല്ലാം നബി(സ) ദിവസങ്ങൾ ഭാഗിച്ചിരുന്നു. ഒരുത്തിക്ക് ഒഴികെ. (ബുഖാരി. 7. 62. 5)

5) സഈദ്(റ) പറയുന്നു: ഇബ്നുഅബ്ബാസ്(റ) എന്നോട് പറഞ്ഞു: നീ വിവാഹം ചെയ്തിട്ടുണ്ടോ? ഇല്ലെന്ന് ഞാൻ പറയുന്നു: ഇബ്നുഅബ്ബാസ്(റ) പറഞ്ഞു: നീ വിവാഹം ചെയ്തുകൊളളുക. നിശ്ചയം ഈ സമൂഹത്തിൽ ഏറ്റവും ശ്രേഷ്ഠൻ കൂടുതൽ ഭാര്യമാരുണ്ടായിരുന്നവൻ (പ്രവാചകൻ) ആണ്. (ബുഖാരി. 7. 62. 7)

6) സഅ്ദ്(റ) പറയുന്നു: ഉസ്മാന്ബ്നുമളുഊൻ(റ) ബ്രഹ്മചര്യമനുഷ്ഠിക്കുവാൻ അനുമതി ചോദിച്ചപ്പോൾ നബി(സ) അതിനെ വിരോധിച്ചു. നബി(സ) അദ്ദേഹത്തിന് അനുമതി നൽകിയിരുന്നുവെങ്കിൽ ഞങ്ങൾ ഷണ്ഡീകരണ നടപടി സ്വീകരിക്കുമായിരുന്നു. (ബുഖാരി. 7. 62. 11)

7) അബ്ദുല്ല(റ) പറയുന്നു: ഞങ്ങൾ നബി(സ)യുടെ കൂടെ യുദ്ധം ചെയ്യാറുണ്ട്. ഞങ്ങളുടെ കൂടെ ഭാര്യമാർ ഉണ്ടാവാറില്ല. അപ്പോൾ ഞങ്ങൾ ചോദിച്ചു: ഞങ്ങൾ വികാരത്തെ നശിപ്പിക്കുന്ന പരിപാടി സ്വീകരിക്കട്ടെയോ? അതു നബി(സ) ഞങ്ങളോട് വിരോധിച്ചു. താൽക്കാലിക വിവാഹം അനുവദിച്ചു. ശേഷം അവിടുന്നു ഓതി (അല്ലയോ വിശ്വാസികളെ, അല്ലാഹു നിങ്ങൾക്ക് അനുവദിച്ച നല്ലതു നിങ്ങൾ നിഷിദ്ധമാക്കരുത്). (ബുഖാരി. 7. 62. 13)

8) അബൂഹുറൈറ(റ) പറയുന്നു: പ്രവാചകരേ! ഞാനൊരു യുവാവാണ്. ലൈംഗികവ്യതിചലനം ഞാൻ ഭയപ്പെടുന്നു. എനിക്കാണെങ്കിൽ വിവാഹം കഴിക്കുവാൻ സാമ്പത്തിക ശേഷിയില്ല. നബി(സ) അപ്പോൾ മൗനം പാലിച്ചു. ഞാൻ വീണ്ടും അതുപോലെ പറഞ്ഞു. അപ്പോഴും അവിടുന്ന് മൗനം പാലിച്ചു. ഞാൻ വീണ്ടും അതുപോലെ പറഞ്ഞു. അപ്പോഴും അവിടുന്ന് മൗനം പാലിച്ചു. ഞാൻ ചോദ്യം ആവർത്തിച്ചു. വീണ്ടും മൗനം. വീണ്ടും ചോദ്യം ആവർത്തിച്ചു. നബി(സ)അരുളി: അബൂ ഹുറൈറ(റ) നിങ്ങൾക്ക് അനുഭവപ്പെടാനിരിക്കുന്ന കാര്യങ്ങൾ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. നിങ്ങൾ ഷണ്ഡീകരണ നടപടി സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ എന്തുചെയ്താലും ശരി. (ബുഖാരി. 7. 62. 13)

9) ഉർവ്വ:(റ) പറയുന്നു: നബി(സ) അബൂബക്കർ(റ) നോട് ആയിശയെ വിവാഹം കഴിക്കാൻ ആലോചന നടത്തി. അബൂബക്കർ പറഞ്ഞു: ഞാൻ താങ്കളുടെ സഹോദരനാണ്. നബി(സ) അരുളി: അല്ലാഹുവിന്റെ ദീനും അവന്റെ നിയമവുമനുസരിച്ച് താങ്കൾ എന്റെ സഹോദരൻ തന്നെ. എങ്കിലും ആയിശയെ ഞാൻ വിവാഹം ചെയ്യൽ അനുവദനീയമാണ്. (ബുഖാരി. 7. 62. 18)

10) സഹ്ല്(റ) നിവേദനം: ഒരിക്കൽ ഒരു സ്ത്രീ ചെന്ന് തന്നെ വിവാഹം കഴിക്കണമെന്ന് നബി(സ)യോട് പറഞ്ഞു. സഹ്ല് പറയുന്നു. അദ്ദേഹത്തിന് ആ ഉടുത്തമുണ്ടല്ലാതെ മേൽ മുണ്ടുകൂടി ഉണ്ടായിരുന്നില്ല. നബി(സ) അരുളി: നിങ്ങൾ മുണ്ടുകൊണ്ട് എന്തൊക്കെ ചെയ്യും: നിങ്ങൾ അതു ധരിച്ചാൽ അവൾക്ക് ഉപയോഗിക്കുവാൻ കഴിയുകയില്ല. അവൾ ധരിച്ചാൽ നിങ്ങൾക്കും ഉപയോഗിക്കുവാൻ കഴിയുകയില്ല. ആ മനുഷ്യൻ അവിടെത്തന്നെയിരിപ്പായി. കുറെ കഴിഞ്ഞപ്പോൾ അവിടെ നിന്നെഴുന്നേറ്റു. അവിടുന്ന് അദ്ദേഹത്തെവിളിച്ചുചോദിച്ചു. നിങ്ങൾ ഖുർആൻ വല്ല ഭാഗവും പഠിച്ചിട്ടുണ്ടോ? പഠിച്ചിട്ടുണ്ട്. ഇന്നസൂറ: ഇന്ന സൂറ. ചില സൂറകൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. നബി(സ) അരുളി: നിങ്ങൾ പഠിച്ചുവെച്ച ഖുർആനെ മഹ്റായി പരിഗണിച്ച് അവളെ നിങ്ങൾക്ക് ഞാനിതാ വിവാഹം ചെയ്തു തന്നിരിക്കുന്നു. നീ അതു നിന്റെ മനസ്സിൽ നിന്ന് അവൾക്ക് ഓതിക്കൊടുക്കുക. (ബുഖാരി. 7. 62. 24)

11) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നാല് കാര്യങ്ങൾക്ക് വേണ്ടിയാണ് ഒരു സ്ത്രീയെ വിവാഹം ചെയ്യപ്പെടാറുളളത്. എന്നാൽ നീ മതമുളളവളെ കരസ്ഥമാക്കിക്കൊളളുക. അല്ലാത്ത പക്ഷം നിനക്ക് നാശം. (ബുഖാരി. 7. 62. 27)

12) സഹ്ല്(റ)പറയുന്നു: ഒരു സമ്പന്നൻ നബി(സ)യുടെ കൂടെ അടുത്തുകൂടി നടന്നുപോയി. നബി(സ) ചോദിച്ചു. ഈ മനുഷ്യനെ സംബന്ധിച്ച് എന്താണഭിപ്രായം? അവർ പറഞ്ഞു: അദ്ദേഹം ഒരുതറവാട്ടിൽ വിവാഹാലോചന നടത്തിയാൽ അദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുക്കും. വല്ല ശുപാർശയും ചെയ്താൽ അതു സ്വീകരിക്കപ്പെടും. വല്ലതും സംസാരിച്ചാൽ മറ്റുളളവരെല്ലാം അതു അനുസരിക്കും. അല്പസമയം നബി(സ) മൗനം പാലിച്ചു. അപ്പോൾ ഒരു മുസ്ലിം ദരിദ്രൻ അതിലെ നടന്നുപോയി. നബി(സ) ചോദിച്ചു: ഇദ്ദേഹത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്? അവർ പറഞ്ഞു: അദ്ദേഹം വിവാഹാലോചന നടത്തിയാൽ ആരും വിവാഹം കഴിച്ചുകൊടുക്കില്ല. ശുപാർശ ചെയ്താൽ തന്നെ ആരും സ്വീകരിക്കുകയില്ല. എന്തെങ്കിലും പറഞ്ഞാൽ ആരും ശ്രദ്ധിക്കുകയില്ല. നബി(സ) അരുളി: ആദ്യം പോയവനെപ്പോലുളളവർ ഭൂമി നിറയെ ഉണ്ടെങ്കിലും അവരെക്കാളെല്ലാം ഉത്തമൻ ഇവനാണ്. (ബുഖാരി. 7. 62. 28)

13) ഇബ്നുഉമർ(റ) പറയുന്നു: നബി(സ)യുടെ അടുത്തുവെച്ച് ദുശ്ശകുനത്തെ സംബന്ധിച്ച് പറയപ്പെട്ടു. അപ്പോൾ നബി(സ) പറഞ്ഞു. ദുശ്ശകുനം എന്നതു ഉണ്ടാകുമായിരുന്നുവെങ്കിൽ അതു വീട്, സ്ത്രീ, കുതിര എന്നിവയിലാണ് ഉണ്ടാവേണ്ടിയിരുന്നത് (പക്ഷേ അങ്ങിനെയൊന്ന് ഇല്ലതന്നെ). (ബുഖാരി. 7. 62. 30)

14) ഉസാമ:(റ) പറയുന്നു: നബി(സ)അരുളി: പുരുഷന്മാർക്ക് സ്ത്രീകളിൽ നിന്ന് അനുഭവിക്കേണ്ടിവരുന്നതിനേക്കാൾ കൂടുതൽ ഉപദ്രവകരമായ മറ്റൊരു നാശം എനിക്ക് ശേഷം ഞാൻ ഉപേക്ഷിക്കുന്നില്ല. (ബുഖാരി. 7. 62. 33)

15) ആയിശ(റ) പറയുന്നു: ഒരിക്കൽ നബി(സ) അവരുടെ അടുക്കൽ ചെല്ലുമ്പോൾ അവിടെ മറ്റൊരുപുരുഷൻ ഉണ്ടായിരുന്നു. നബി(സ)യുടെ മുഖത്തു ഭാവവ്യത്യാസമുണ്ടായി. അവിടുത്തേക്ക് അതിഷ്ടപ്പെട്ടില്ലെന്ന് തോന്നി. അപ്പോൾ ആയിശ(റ) പറഞ്ഞു: ഇദ്ദേഹം എന്റെ സഹോദരനാണ്. നബി(സ) അരുളി: ആരാണ് നിങ്ങളുടെ സഹോദരി അല്ലെങ്കിൽ സഹോദരൻ എന്ന് നല്ലവണ്ണം ശ്രദ്ധിച്ചു നോക്കിക്കൊളളണം. ശിശു പാൽ മാത്രം കുടിച്ച് ജീവിക്കുന്ന പ്രായത്തിൽ മുലകുടിച്ചാൽ മാത്രമേ മുലകുടിബന്ധം സ്ഥാപിതമാവുകയുളളൂ. (ബുഖാരി. 7. 62. 39)

16) അലി(റ) നിവേദനം: അദ്ദേഹം ഇബ്നുഅബ്ബാസിനോട് പറഞ്ഞു: തീർച്ചയായും നബി(സ) മുത്അ (താൽക്കാലിക) വിവാഹവും നാടൻ കഴുതയുടെ മാംസവും ഖൈബർ യുദ്ധക്കാലത്തു വിരോധിക്കുകയുണ്ടായി. (ബുഖാരി. 7. 62. 50)

17) അബുഹൂറൈറ(റ) നിവേദനം: നബി(സ)അരുളി: വിധവയെ അവളുമായി ആലോചിച്ചല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്. കന്യകയെയും അവളുടെ സമ്മതം വാങ്ങിയ ശേഷമല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്. അനുചരന്മാർ ചോദിച്ചു. പ്രവാചകരേ! അവളുടെ സമ്മതം എങ്ങിനെയാണ്? നബി(സ) അരുളി: അവൾ മൗനം പാലിക്കൽ. (ബുഖാരി. 7. 62. 67)

18) ആയിശ(റ) പറയുന്നു: ഞാൻ ചോദിച്ചു. പ്രവാചകരെ! കന്യക ലജ്ജിക്കുകയില്ലേ? നബി(സ) അരുളി: അവളുടെ തൃപ്തി അവളുടെ സമ്മതമാണ്. (ബുഖാരി. 7. 62. 68)

19) ഇബ്നുഉമർ(റ) പറയുന്നു: ഒരാൾ വില പറഞ്ഞുകൊണ്ടിരിക്കുന്ന വസ്തു മറ്റൊരാൾ വിലപറയുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. തന്റെ സഹോദരൻ വിവാഹാലോചന നടത്തിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ അയാൾ ഒഴിയുകയോ അനുവാദം നൽകുകയോ ചെയ്യാതെ മറ്റൊരാൾ വിവാഹാലോചന നടത്തുന്നതും നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7. 62. 73)

20) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഊഹത്തെ നിങ്ങൾ സൂക്ഷിക്കുവിൻ. നിശ്ചയം ഊഹം വർത്തമാനങ്ങളിൽ ഏറ്റവും വ്യാജം നിറഞ്ഞതാണ്. നിങ്ങൾ തെറ്റുകൾ രഹസ്യമായി അന്വേഷിക്കരുത്. പരസ്പരം അസൂയപ്പെടരുത്. പരസ്പരം കോപിക്കരുത്. നിങ്ങൾ പരസ്പരം സഹോദരന്മാരാകുവിൻ. (ബുഖാരി. 7. 62. 74)

21) അനസ്(റ) പറയുന്നു: നബി(സ) സൈനബ: യെ വിവാഹം ചെയ്ത സന്ദർഭത്തിൽ നൽകിയതുപോലെയുളള വിവാഹസദ്യ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത സന്ദർഭത്തിൽ നൽകിയിട്ടില്ല. ഒരു ആടിനെ അറുത്താണ് അവർക്ക് വിവാഹസദ്യ നൽകിയത്. (ബുഖാരി. 7. 62. 97)

22) ഇബ്നുഉമർ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളിൽ വല്ലവരേയും ഒരു വിവാഹ സദ്യയിലേക്ക് ക്ഷണിച്ചാൽ ആ ക്ഷണം സ്വീകരിക്കുവിൻ. (ബുഖാരി. 7. 62. 102)

23) അബൂഹുറൈറ(റ) നിവേദനം: ദരിദ്രന്മാരെ ഉപേക്ഷിക്കുകയും മുതലാളിമാരെ മാത്രം ക്ഷണിക്കുകയും ചെയ്യുന്ന വിവാഹസദ്യയാണ് ഏറ്റവും ചീത്തയായത്. ക്ഷണത്തെ വല്ലവനും വർജ്ജിച്ചാൽ അവൻ അല്ലാഹുവിനും ദൂതനും എതിർപ്രവർത്തിച്ചു. (ബുഖാരി. 7. 62. 106)

24) ഇബ്നുഉമർ(റ) പറയുന്നു: നോമ്പ്കാരനായിരുന്നാലും വിവാഹ സദ്യയിലേക്കും മറ്റു സദ്യയിലേക്കും ക്ഷണിച്ചാൽ ഇബ്നുഉമർ(റ) പോകാറുണ്ട്. (ബുഖാരി. 7. 62. 108)

25) സഹ്ല്(റ) പറയുന്നു: അബൂഉസൈദ്(റ) വിവാഹം ചെയ്ത സന്ദർഭം. നബി(സ)യേയും സഹാബി വര്യന്മാരേയും സദ്യയ്ക്ക് ക്ഷണിച്ചു. അവർക്കുവേണ്ടി ഭക്ഷണം ഉണ്ടാക്കിയതും അത് അവർക്ക് കൊണ്ടുപോയി നല്കിയതും ഉമ്മുഉസൈദ് ആയിരുന്നു. (ബുഖാരി. 7. 62. 111)

26) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സ്ത്രീകൾ വാരിയെല്ലുപോലെയാണ്. നീ ശക്തി ഉപയോഗിച്ചു അതിനെ നേരെയാക്കുവാൻ ഉദ്ദേശിച്ചാൽ നീ അതിനെ പൊട്ടിക്കും. എന്നാൽ അവളുമായി നീ സുഖിക്കുകയാണെങ്കിൽ ആ വളവ് ഉളള അവസ്ഥയിൽ നീ സുഖിക്കും. (ബുഖാരി. 7. 62. 113)

27) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നെങ്കിൽ അവൻ തന്റെ അയൽവാസിയെ ഉപദ്രവിക്കാതിരിക്കട്ടെ. (ബുഖാരി. 7. 62. 114)

28) ഇബ്നുഉമർ(റ) നിവേദനം: നബി(സ) യുടെ കാലത്ത് ഭാര്യമാരോട് വിശാലമായി സംസാരിക്കുന്നതും വിനോദിക്കുന്നതും ഞങ്ങൾ സൂക്ഷിച്ചിരുന്നു. അതിനെ വിരോധിച്ച് ഖുർആൻ അവതരിപ്പിക്കപ്പെടുമോ എന്ന ഭയം കാരണം. നബി(സ) മരണപ്പെട്ടശേഷം ഞങ്ങൾ അപ്രകാരം ചെയ്യുവാൻ തുടങ്ങി. (ബുഖാരി. 7. 62. 115)

29) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീക്ക് അവളുടെ ഭർത്താവിന്റെ സാന്നിദ്ധ്യത്തിൽ അയാളുടെ അനുമതിയില്ലാതെ സുന്നത്ത് നോമ്പനുഷ്ഠിക്കുവാൻ പാടില്ല. അദ്ദേഹത്തിന്റെ അനുവാദം കൂടാതെ ഒരു അന്യപുരുഷനെ വീട്ടിൽ പ്രവേശിപ്പിക്കുവാനും പാടില്ല. അദ്ദേഹത്തിന്റെ അനുമതി കൂടാതെ അവൾ ചിലവഴിച്ച ഏതൊന്നിന്റെയും പ്രതിഫലത്തിൽ പകുതി അദ്ദേഹത്തിന് ലഭിക്കും. (ബുഖാരി. 7. 62. 120)

30) ഉസാമ(റ) നിവേദനം: നബി(സ) അരുളി: ഞാൻ സ്വർഗ്ഗത്തിന്റെ കവാടത്തിൽ നിന്ന് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അതിൽ പ്രവേശിക്കുന്നവരിൽ ഭൂരിഭാഗവും അഗതികളായിരുന്നു. മുതലാളിമാരെ സ്വർഗ്ഗത്തിൽ പ്രവേശിക്കാനനുവദിക്കാതെ അല്ലാഹു തടഞ്ഞു നിർത്തിയിരിക്കുകയായിരുന്നു. അതിനിടക്ക് നരകവാസികളെ നരകത്തിലേക്ക് അയക്കാൻ കല്പനയായി. ഞാൻ നരകകവാടത്തിൽ ചെന്നു നിന്നു. അപ്പോൾ അതിൽ പ്രവേശിക്കുന്നവരിൽ ഭൂരിപക്ഷവും സ്ത്രീകളാണ്. (ബുഖാരി. 7. 62. 124)

31) ആയിശ(റ) നിവേദനം: ഒരു അൻസാരി സ്ത്രീ തന്റെ പുത്രിയെ ഒരാൾക്ക് വിവാഹം ചെയ്തു കൊടുത്തു. എന്നാൽ അവളുടെ തലമുടി കൊഴിഞ്ഞുപോയി. അപ്പോൾ അവൾ നബി(സ)യുടെ അടുത്തുവന്ന് വിവരം പറഞ്ഞു. ശേഷം ഇപ്രകാരം പറഞ്ഞു: അവളുടെ ഭർത്താവ് അവളോട് കൃത്രിമമുടി ചേർത്തു ബന്ധിപ്പിക്കാൻ കല്പിക്കുന്നു. നബി(സ) അരുളി: പാടില്ല. ഇപ്രകാരം ചെയ്യുന്ന സ്ത്രീകൾ ശപിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി. 7. 62. 133)

32) ജാബിർ (റ) പറയുന്നു: നബി(സ)യുടെ കാലത്ത് ഞങ്ങൾ അസൽ (സംയോഗം ചെയ്യുന്ന സന്ദർഭം ബീജം തെറ്റിക്കൽ) ചെയ്യാറുണ്ടായിരുന്നു. (ബുഖാരി. 7. 62. 135)

33) ആയിശ(റ) പറയുന്നു: നബി(സ) ഒരു യാത്ര ഉദ്ദേശിച്ചാൽ തന്നോടൊപ്പം പോകേണ്ടതാരാണെന്ന് തീരുമാനിക്കാൻ ഭാര്യമാരുടെ ഇടയിൽ നറുക്കിടുക പതിവാണ്. ഒരിക്കൽ ആയിശായുടെയും ഹഫ്സായുടെയും പേരിലാണ് നറുക്ക് വീണത്. നബി(സ) രാത്രിയാത്ര പോകുമ്പോൾ ആയിശയെയും കൂട്ടി സംസാരിച്ചു പോകുക പതിവാണ്. ഒരു ദിവസം ഹഫ്സ: ആയിശയോട് പറഞ്ഞു: ഇന്ന് നിങ്ങൾക്ക് എന്റെ ഒട്ടകപ്പുറത്ത് സഞ്ചരിക്കാം. ഞാൻ നിങ്ങളുടെ ഒട്ടകപ്പുറത്തും. എങ്ങിനെയുണ്ടെന്ന് നോക്കാമല്ലോ. അങ്ങിനെയാവട്ടെ എന്ന് ആയിശ ഹഫ്സ: യുടെ ഒട്ടകപ്പുറത്തുകയറി. നബി(സ) ആയിശയുടെ ഒട്ടകത്തിന്റെ മുമ്പിൽ വന്ന് ആയിശായെ ഉദ്ദേശിച്ച് സലാം ചൊല്ലി. ഒട്ടകപ്പുറത്തിരുന്നത് ഹഫ്സായായിരുന്നു. ഒട്ടകപ്പുറത്ത് കയറി മുമ്പോട്ട് യാത്ര പുറപ്പെട്ടു. ഉദ്ദിഷ്ടസ്ഥാനത്തെത്തിയപ്പോൾ എല്ലാവരുമിറങ്ങി. നോക്കുമ്പോൾ ആയിശ നബിയെ കാണുന്നില്ല. ആയിശ രണ്ടുകാലും ഇദ്ഖർ പുല്ലിലേക്ക് തിരുകിവെച്ചിട്ടുപറഞ്ഞു: അല്ലാഹുവേ! എന്റെ കാലിൽ തേളോ പാമ്പോകടിക്കട്ടെ. നബി(സ)യോട് എനിക്കൊന്നും മറുപടി പറയാൻ സാധിക്കുകയില്ല. (ബുഖാരി. 7. 62. 138)

34) അസ്മാഅ്(റ) നിവേദനം: നബി(സ) പറയുന്നത് ഞാൻ കേട്ടു. അല്ലാഹുവിനേക്കാൾ അഭിമാനരോഷമുളള ആരും തന്നെയില്ല. (ബുഖാരി. 7. 62. 149)

35) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവും അഭിമാനരോഷം കൊളളും. അല്ലാഹു നിഷിദ്ധമാക്കിയത് അവനിൽ വിശ്വസിക്കുന്ന ഒരാൾ പ്രവർത്തിക്കുമ്പോഴാണ് അവനിൽ അഭിമാനരോഷം ഉണ്ടാവുക. (ബുഖാരി. 7. 62. 150)

36) ആയിശ(റ) പറയുന്നു: നബി(സ) എന്നോട് അരുളി: നിനക്ക് എന്നെക്കുറിച്ച് സംതൃപ്തിയോ കോപമോഎന്താണുളളതെന്ന് നിന്റെ ഭാവത്തിൽ നിന്ന് ഞാൻ ഗ്രഹിക്കാറുണ്ട്. അതെങ്ങിനെയാണ് ഗ്രഹിക്കുകയെന്ന് ഞാൻ ചോദിച്ചു. നബി(സ) അരുളി: നിനക്ക് എന്നെക്കുറിച്ച് സംതൃപ്തിയാണുളളതെങ്കിൽ അല്ല, മുഹമ്മദിന്റെ നാഥനെക്കൊണ്ട് സത്യം എന്നാണ് നീ പറയുക. എന്നോട് കോപിച്ചിരിക്കുകയാണെങ്കിൽ അല്ല, ഇബ്രാഹിമിന്റെ നാഥനെക്കൊണ്ട് സത്യം എന്നാണ് നീ പറയുക. ഞാൻ പറഞ്ഞു: പ്രവാചകരേ! അല്ലാഹു സത്യം. താങ്കൾ പറഞ്ഞതു ശരിതന്നെയാണ്. എങ്കിലും അങ്ങയുടെ നാമം മാത്രമെ ഞാനപേക്ഷിക്കാറുളളൂ. (സ്നേഹം എന്റെ മനസ്സിലുണ്ടായിരിക്കും). (ബുഖാരി. 7. 62. 155)

37) ഉഖ്ബ:(റ) നിവേദനം നബി(സ) അരുളി; നിങ്ങൾ അന്യ സ്ത്രീകളുടെയടുക്കൽ പ്രവേശിക്കുന്നതിനെ സൂക്ഷിക്കുവിൻ. അപ്പോൾ ഒരു അൻസാരി പറഞ്ഞു: ഭർത്താവിന്റെ അടുത്ത കുടുംബങ്ങളെക്കുറിച്ച് താങ്കൾ എന്തുപറയുന്നു? നബി(സ) പ്രത്യുത്തരം നൽകി. അതു നാശമാണ്. (ബുഖാരി. 7. 62. 159)

38) ഇബ്നു മസ്ഊദ്(റ) നിവേദനം: നബി(സ) അരുളി: ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി സഹവസിച്ചശേഷം ആ സ്ത്രീയെ നേരിൽ കാണും വിധം സ്വഭർത്താവിന് അവൾ ചിത്രീകരിച്ച് കൊടുക്കരുത്. (ബുഖാരി. 7. 62. 167)

39) ജാബിർ(റ) നിവേദനം ചെയ്തു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു. നിങ്ങൾക്ക് ഒരു സ്ത്രീയെ വിവാഹം ആലോചിക്കുമ്പോൾ നിങ്ങളെ അതിലേക്ക് പ്രേരിപ്പിച്ചതേതോ, അതിനെ കുറിച്ച് ശരിയായി അറിയുന്നതിന് നിങ്ങൾക്കു കഴിവുണ്ടെങ്കിൽ അത് ചെയ്യണം. (അബൂദാവൂദ്)

40) മുഗീറ(റ) നിവേദനം ചെയ്തു: അദ്ദേഹം ഒരു സ്ത്രീയോട് വിവാഹത്തിനാലോചിച്ചു: പ്രവാചകൻ(സ) പറഞ്ഞു: അവളെ കാണുക. എന്തുകൊണ്ടെന്നാൽ നിങ്ങൾ തമ്മിൽ രമ്യതയ്ക്കു ഇതു ഇടയാക്കിയേക്കും. (തിർമിദി)

41) ആയിഷ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: നിങ്ങളുടെ വിവാഹത്തിന് വേണ്ടി (സ്വഭാവഗുണമുള്ള ശരിയായ) സ്ത്രീകളെ തെരെഞ്ഞെടുക്കുകയും (നിങ്ങളുടെ) സമമായിട്ടുള്ളവരെ വിവാഹം ചെയ്യുകയും (നിങ്ങളുടെ പുത്രിമാരെ) അവർക്കു വിവാഹം ചെയ്ത് കൊടുക്കുകയും ചെയ്യുക. (ഇബ്നുമാജാ)

42) ആയിശ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: വിവാഹം പരസ്യമായിട്ടറിയിക്കുക, അതുപള്ളിയിൽവച്ച് നടത്തുകയും ആ അവസരത്തിൽ ദഫ്ഫ് മുട്ടുകയും ചെയ്യുക. (തിർമിദി)

43) അബൂറാഫിഇ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) ഹസൻ ഇബ്നുഅലിയുടെ ചെവിയിൽ, അദ്ദേഹത്തെ ഫാത്തിമ പ്രസവിച്ചപ്പോൾ നമസ്ക്കാരത്തിനുള്ള അസാൻ വിളിക്കുന്നത് ഞാൻ കണ്ടു. (തിർമിദി)

44) ഉമ്മുകുറ്സ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) പറയുന്നതു ഞാൻ കേട്ടു. ആൺകുട്ടിയുടെ കാര്യത്തിൽ രണ്ട് ആടും, പെൺകുട്ടിയുടെ കാര്യത്തിൽ ഒരു ആടും അറുക്കണം. (തിർമിദി)

45) ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻ(സ) ഹസ്സന്റെയും, ഹുസ്സന്റേയും കാര്യത്തിൽ ഓരോ മുട്ടാടു വീതം ബലികൊടുത്തു. (അബൂദാവൂദ്)