തിരഞ്ഞെടുത്ത ഹദീസുകൾ/വിവിധ സൽക്കർമ്മങ്ങൾ

1) ഹദീസുകളിൽ ആദ്യത്തേത് അബൂഹുറൈറ(റ)യുടേതാണ്. റസൂൽ(സ) പ്രഖ്യാപിച്ചു: നിങ്ങൾ സൽ കർമ്മങ്ങൾകൊണ്ട് മുന്നേറുക. ഇരുൾമുറ്റിയ രാത്രിയെപ്പോലെ ഫിത്നകൾ ഉണ്ടായിക്കൊണ്ടിരിക്കും. പ്രഭാതത്തിലെ സത്യവിശ്വാസി പ്രദോഷത്തിൽ സത്യനിഷേധിയും ആയിത്തീരുന്നു. തന്റെ ദീൻ ഐഹികനേട്ടങ്ങൾക്ക് വേണ്ടി വിൽക്കുന്നതു കൊണ്ടാണത്. (മുസ്ലിം)

2) അബൂഹുറയ്റ(റ)യിൽ നിന്ന്: റസൂൽ(സ) ആജ്ഞാപിച്ചു: വരാനിരിക്കുന്ന ഏഴുകാര്യങ്ങൾക്കു മുമ്പായി നിങ്ങൾ സൽക്കർമ്മങ്ങളിൽ ജാഗരൂകരാവുക. വിസ്മൃതിയിലകപ്പെടുന്ന ദാരിദ്യ്രമോ, അധർമ്മത്തിലേക്കു നയിക്കുന്ന സമ്പത്തോ, ആപത്തിലാഴ്ത്തുന്ന രോഗമോ, പിച്ചും പേയും പറയുന്ന വാർദ്ധക്യമോ, ആകസ്മിക മരണമോ, വരാനിരിക്കുന്നതിൽ വെച്ചു ഏറ്റവും ക്രൂരനായ ദജ്ജാലോ കയ്പേറിയതും അപ്രതിരോധ്യവുമായ അന്ത്യദിനമോ അല്ലാത്ത വല്ലതും നിങ്ങൾക്ക് പ്രതീക്ഷിച്ചിരിക്കാനുണ്ടോ? (തിർമിദി)

3) റബീഅത്ത്(റ) നിവേദനം ചെയ്യുന്നു: ഞാൻ നബി(സ) യൊന്നിച്ച് രാത്രി താമസിക്കാറുണ്ട്. തിരുമേനിക്ക് വുളുചെയ്യാനുള്ള വെള്ളവും മറ്റ് അത്യാവശ്യസാധനങ്ങളും ഞാൻ എടുത്ത് കൊടുക്കാറുണ്ടായിരുന്നു. നിനക്കാവശ്യമുള്ളത് ചോദിച്ചുകൊള്ളുക എന്ന് പ്രവാചകൻ അരുളിയപ്പോൾ സ്വർഗ്ഗത്തിൽ അങ്ങുമായുള്ള സഹവാസമാണ് ഞാനഭ്യർത്ഥിക്കുന്നതെന്ന് പറഞ്ഞു. തിരുമേനി പറഞ്ഞു: മറ്റൊന്നും നിനക്ക് ചോദിക്കാനില്ലേ? ഞാൻ പറഞ്ഞു: അതു തന്നേയുള്ളൂ. അവിടുന്ന് പറഞ്ഞു: എന്നാൽ നീ ധാരാളം സുജൂദ് ചെയ്തുകൊണ്ട് എന്നെ സഹായിക്കണം. (മുസ്ലിം)

4) സൗബാനി(റ)ൽ നിന്ന്: റസൂൽ തിരുമേനി(സ) പറയുന്നത് ഞാൻ കേട്ടു: നീ ധാരാളം സുജൂദ് ചെയ്യണം . എന്തുകൊണ്ടെന്നാൽ അല്ലാഹുവിനുവേണ്ടി നീ ചെയ്യുന്ന ഒരു സുജൂദിന് പകരം അല്ലാഹു നിന്നെ ഒരുപടി ഉയർത്തുകയും അതുകൊണ്ട് തന്നെ ഒരുപാപം നിനക്ക് പൊറുത്തുതരികയും ചെയ്യും. (മുസ്ലിം)

5) അബൂസഫ്വാൻ അബ്ദുല്ലയിൽ നിന്ന്: റസൂൽ(സ) പ്രസ്താവിച്ചു: സദ്വൃത്തിയോടൊപ്പം ദീർഘായുസ് ലഭിച്ചിട്ടുള്ളവനാണ് മഹോന്നതൻ. (തിർമിദി)

6) അബൂദർറി(റ)ൽ നിന്ന്: പ്രവാചകൻ പ്രസ്താവിച്ചിരിക്കുന്നു: നിങ്ങളോരോരുത്തർക്കും തന്റെ അവയവ സന്ധികളുടെ കണക്കനുസരിച്ചുള്ള ധർമ്മം അനിവാര്യമാണ്. എന്നാൽ ഓരോ തസ്ബീഹും ഹംദും ദിക്റും തക്ബീറും നല്ലത് ഉപദേശിക്കലും ചീത്ത നിരോധിക്കലും എല്ലാമെല്ലാം ഓരോ സദഖയാണ്. അതിനെല്ലാം പകരമായി രണ്ട് റക്അത്ത് സുഹാ നമസ്കരിച്ചാലും മതി. (മുസ്ലിം)

7) അബൂദർറി(റ)ൽ നിന്ന് നബി വിവരിക്കുന്നു: എന്റെ പ്രജകളുടെ നല്ലതും ചീത്തയുമായ അമലുകൾ എനിക്ക് വ്യക്തമാക്കപ്പെടുകയുണ്ടായി. വഴികളിൽ നിന്നുള്ള ഉപദ്രവങ്ങൾ നീക്കം ചെയ്യുന്നത് സൽക്കർമ്മവും പള്ളികളിൽ കാണപ്പെടുന്ന കാർക്കിച്ച കഫം നീക്കം ചെയ്യാതിരിക്കുന്നത് ദുഷ്കർമ്മവുമായാണ് എനിക്ക് അപ്പോൾ കാണാൻ കഴിഞ്ഞത്. (മുസ്ലിം)

8) അബൂദർറി(റ)യിൽ നിന്ന്: നബി(സ) ഒരവസരത്തിൽ പറഞ്ഞു: പുണ്യകർമ്മങ്ങളിലൊന്നിനേയും നീ നിസ്സാരമാക്കി തള്ളരുത്: നിന്റെ സഹോദരനുമായി മുഖപ്രസന്നതയോടെ കണ്ടുമുട്ടുക എന്നതാണെങ്കിലും (മുസ്ലിം)

9) അബൂഹുറൈറ(റ)ൽ നിന്ന്: നബി(സ) പറയുകയുണ്ടായി: മുസ്ളീംകളെ ശല്യപ്പെടുത്തിയിരുന്ന വഴിവക്കിലെ ഒരു വൃക്ഷം മുറിച്ചുനീക്കിയതിന്റെ പേരിൽ സ്വർഗ്ഗത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞ ഒരാളെ ഞാൻ കാണാനിടയായി. (മുസ്ലിം)

10) അബൂഹുറൈറ(റ)ൽ നിന്ന്്: റസൂൽ(സ) പറഞ്ഞു: ഒരാൾ ക്രമപ്രകാരം വുളുചെയ്തു. എന്നിട്ടവർ ജുമുഅ നമസ്കരിക്കാൻ (പള്ളിയിൽ) പോയി. ഖുത്തുബ ശ്രദ്ധാപൂർവ്വം കേട്ടു. എങ്കിൽ അതിന് മുമ്പത്തെ ജുമുഅവരേയും കൂടുതൽ മൂന്ന് ദിവസവും അവന്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. അവിടെ ആരെങ്കിലും കല്ലുവാരിക്കളിച്ചാൽ അവന്റെ പ്രവൃത്തി വിഫലമായി. (മുസ്ലിം)

11) അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: റസൂൽ(സ) പറഞ്ഞു: വൻപാപങ്ങളിൽ നിന്ന് അകന്നുനിന്നാൽ അഞ്ചു സമയങ്ങളിലെ നിസ്കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅ വരെയും ഒരു റംസാൻ അടുത്ത റംസാൻ വരെയുമുള്ള പാപങ്ങളെ പൊറുപ്പിക്കുന്നതാകുന്നു. (മുസ്ലിം)

12) ജാബിർ (റ) നിവേദനം ചെയ്തിരിക്കുന്നു: റസൂൽ(സ) പ്രഖ്യാപിച്ചു: ഒരു മുസ്ളീമിന്റെ കൃഷിയിൽ നിന്ന് കട്ടുപോകുന്നതും തിന്നുനശിപ്പിക്കപ്പെടുന്നതും മറ്റേതെങ്കിലും വിധത്തിൽ നഷ്ടപ്പെട്ട് പോകുന്നതും അവന് സദഖയായിത്തീരുന്നു. (മുസ്ലിം)

13) ജാബിർ (റ) നിവേദനം ചെയ്യുന്നു: ബനൂസലമ ഗോത്രക്കാർ പള്ളിയുടെ സമീപത്തേക്ക് മാറിത്താമസിക്കാൻ തീരുമാനിച്ചു. വിവരം റസൂലി(സ) ന് ലഭിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങൾ പള്ളിയുടെ സമീപത്തേക്ക് മാറിത്താമസിക്കാൻ തീരുമാനിച്ച വിവരം ഞാനറിഞ്ഞിരിക്കുന്നു. അവർ പറഞ്ഞു: അതെ, പ്രവാചകരെ! ഞങ്ങളത് ഉദ്ദേശിച്ചിരിക്കുന്നു. ഉടനെത്തന്നെ അവിടുന്ന് പറഞ്ഞു: നിങ്ങളുടെ വീട്ടിൽ തന്നെ നിങ്ങൾ താമസിച്ചുകൊള്ളുക. അത് നിങ്ങൾ കൈവിടേണ്ട! കാരണം പള്ളിയിലേക്ക് നടക്കുമ്പോഴുള്ള നിങ്ങളുടെ ചവിട്ടടി നിങ്ങൾക്കെഴുതപ്പെടുകതന്നെ ചെയ്യും. (മുസ്ലിം) (ചവിട്ടടിയുടെ എണ്ണം കണ്ട് പ്രതിഫലം കൂടുന്നതാണ്).

14) ഉബയ്യുബ്നുകഅ്ബി(റ)ൽ നിന്ന്: പള്ളിയുമായി ഏറ്റവുമകലെ ഒരാൾ താമസിച്ചിരുന്നു. അയാളെപ്പോലെ ദൂരെ താമസിച്ചിരുന്ന ആരെയും എനിക്കറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും അദ്ദേഹത്തിന് ഒരൊറ്റ ജമാഅത്തും പാഴായിരുന്നില്ല. ഒരവസരത്തിൽ അദ്ദേഹത്തോട് പറയപ്പെടുകയോ ഞാൻ പറയുകയോ ഉണ്ടായി: കൂരിരുട്ടിലും അത്യുഷ്ണത്തിലും യാത്ര ചെയ്യാൻ പറ്റിയ ഒരു കഴുതയെ നിങ്ങൾ മേടിച്ചാലും. അദ്ദേഹം പറഞ്ഞു: എന്റെ വീട് പള്ളിയുടെ സമീപത്താകുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. കാരണം പള്ളിയിലേക്കുള്ള എന്റെ പോക്കും വരവും ധാരാളം എഴുതപ്പെടാൻ ഞാനാഗ്രഹിക്കുന്നു. അപ്പോൾ റസൂൽ(സ) അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: നിന്റെ ആഗ്രഹമെല്ലാം അല്ലാഹു സഫലീകരിക്കട്ടെ (മുസ്ലിം)

15) ഉമറി(റ)ൽ നിന്ന്: റസൂൽ(സ) അരുൾ ചെയ്തിരിക്കുന്നു: ഒരാൾ രാത്രി പതിവായി ഓതിക്കൊണ്ടിരിക്കുന്നത് മുഴുവനോ ഭാഗികമായോ വെടിഞ്ഞ് ഉറങ്ങുകയും (പിറ്റെ ദിവസം) സുബ്ഹിന്റെയും ളുഹ്റിന്റെയും ഇടയിൽ ഓതുകയും ചെയ്താൽ, രാത്രിതന്നെ അവനത് ഓതിയതായി രേഖപ്പെടുത്തപ്പെടുന്നതാണ്. (മുസ്ലിം)

16) ആയിശ(റ)യിൽ നിന്ന്: രോഗത്താലോ മറ്റോനബി(സ) ക്ക് രാത്രിയിലെ (സുന്നത്ത്) നമസ്കാരം പാഴായിപ്പോയാൽ പകൽ 12 റക്അത്ത് നമസ്കരിക്കുമായിരുന്നു. (മുസ്ലിം)

17) അനസ്(റ) വിൽ നിന്ന് നിവേദനം: ഇസ്ളാമിന്റെ പേരിൽ റസൂൽ(സ) യോട് വല്ലതും ചോദിക്കപ്പെട്ടാൽ അവിടുന്ന് അത് കൊടുക്കാതിരിക്കയില്ല. ഒരവസരത്തിൽ ഒരാൾ നബി(സ) യുടെ അടുത്തുവന്നപ്പോൾ രണ്ടുപർവ്വതത്തിനിടയിലുള്ളത്രയും ആടുകളെ അയാൾക്ക് സമ്മാനിച്ചു. അയാൾ കുടുംബത്തിൽ മടങ്ങിച്ചെന്നുകൊണ്ട് പറഞ്ഞു: ഹേ ജനങ്ങളെ ! നിങ്ങൾ മുസ്ളീം കളായിക്കൊള്ളുക. നിശ്ചയം, മുഹമ്മദ്(സ) ദാരിദ്യ്രം ഭയപ്പെടാത്തവനെപ്പോലെ ധർമ്മം ചെയ്യുന്നു. ചിലയാളുകൾ ഐഹിക നേട്ടം മാത്രം ഉദ്ദേശിച്ചുകൊണ്ട് മുസ്ളീമാകും. എന്നിട്ടോ? താമസംവിനാ ഇഹലോകത്തേക്കാളും അതിലുള്ളതിനേക്കാളും ഇസ്ളാം അവനുകൂടുതൽ പ്രിയങ്കരമായിത്തീരും. (മുസ്ലിം)

18) ഉമർ (റ)വിൽ നിന്ന് നിവേദനം: ഒരിക്കൽ റസൂൽ(സ) കുറെ ധനം ഭാഗിച്ചുകൊടുത്തു. അന്നേരം ഞാൻ പറഞ്ഞു. വേറൊരുകൂട്ടരാണ് ഇവരേക്കാൾ ഇതിന് അർഹതയുള്ളവർ. തിരു ദൂതൻ(സ) പറഞ്ഞു. ഒന്നുകിൽ ഇവർ ചോദിച്ചു ബുദ്ധിമുട്ടിക്കുമ്പോൾ ഞാൻ അവർക്ക് കൊടുക്കേണ്ടിവരും. അതല്ലെങ്കിൽ എന്നെ ലുബ്ധനാണെന്ന് അവർ ആരോപിക്കും. ഞാൻ പിശുക്കനല്ലതാനും. (മുസ്ലിം)

19) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) തറപ്പിച്ചുപറഞ്ഞു. ധർമ്മം ധനത്തെ കുറക്കുകയില്ല. ആർക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വർദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവൻ ഉയർത്തുകതന്നെ ചെയ്യും. (മുസ്ലിം)

20) അംറുബ്നു സഅ്ദ്(റ) വിൽ നിന്ന് നിവേദനം: തിരുദൂതൻ(സ) പറയുന്നത് അദ്ദേഹം കേട്ടു. ഞാൻ നിങ്ങളോട് സത്യം ചെയ്തുപറയുന്ന മൂന്ന് കാര്യം നിങ്ങൾ ഹൃദിസ്ഥമാക്കിക്കൊള്ളുക. 1. ധർമ്മം നിമിത്തം ധനം കുറയുകയില്ല. 2. മർദ്ദനത്തിന്റെ പേരിൽ ക്ഷമ പാലിച്ച മർദ്ദിതന് അല്ലാഹു ശ്രേഷ്ഠത വർദ്ധിപ്പിക്കുന്നതാണ്. 3. യാചനയുടെ കവാടം ആർ തുറന്നാലും അല്ലാഹു അവന് ദാരിദ്യ്രത്തിന്റെ വാതിൽ തുറന്ന് കൊടുക്കുന്നതാണ്. ഇതേ ആശയം ഉൾക്കൊള്ളുന്ന വാക്കുകളാണ് പ്രവാചകൻ പറഞ്ഞത്. അതിനും പുറമെ ഞാൻ നിങ്ങളോട് പറയുന്ന പ്രസ്താവനയും നിങ്ങൾ ഹൃദിസ്ഥമാക്കുക. നിശ്ചയം, ഇഹലോകം നാലുതരം ആളുകൾക്കാണ്. 1. അല്ലാഹു സമ്പത്തും വിജ്ഞാനവും പ്രദാനം ചെയ്തു. എന്നിട്ട് തന്റെ നാഥന്റെ വിധിവിലക്കുകൾ കൈകൊണ്ട്, ചാർച്ചയെ ചേർത്തു: അല്ലാഹുവിനോടുള്ള ബാധ്യത അറിഞ്ഞുപ്രവർത്തിച്ചു: ഇങ്ങനെയുള്ളവൻ ഉത്തമ പദവിയിലാണ്. 2. അല്ലാഹു ജ്ഞാനം നല്കി. ധനം അവന് നൽകിയതുമില്ല. എന്നാൽ, ഉദ്ദേശ ശുദ്ധിയുള്ളവനായിരുന്നു അവൻ. തന്നിമിത്തം അവൻ പറഞ്ഞു. എനിക്ക് ധനം ലഭിച്ചിരുന്നെങ്കിൽ ഇന്നവനെപ്പോലെ ഞാനും പ്രവർത്തിക്കുമായിരുന്നു. തന്റെ സദുദ്ദേശം നിമിത്തം അവരിരുവർക്കും ലഭിക്കുന്ന പ്രതിഫലം സമമത്രെ. 3. അല്ലാഹു ധനം നല്കിയവൻ. ജ്ഞാനം അവന് നൽകിയതുമില്ല. അജ്ഞതയോടെ തനിക്കു ലഭിച്ച ധനത്തിൽ അവൻ കൈകാര്യം ചെയ്തു. തന്റെ നാഥനെ അവൻ സൂക്ഷിച്ചില്ല. കുടുംബബന്ധം സംഘടിപ്പിച്ചതുമില്ല. അല്ലാഹുവിനോടുള്ള ബാധ്യത അവൻ അറിഞ്ഞു പ്രവർത്തിച്ചതുമില്ല. ഇവനോ ഏറ്റവും താഴ്ന്ന പടിയിലത്രെ. 4. അല്ലാഹു ജ്ഞാനവും ധനവും നൽകാത്തവൻ. എനിക്ക് ധനം ലഭിച്ചിരുന്നെങ്കിൽ ഇന്നവനെ പ്പോലെ തെറ്റ് ഞാനും പ്രവർത്തിക്കുമായിരുന്നു. തന്റെ ദുരുദ്ദേശം കാരണം അവരിരുവരുടെയും പാപം സമമത്രെ. (തിർമിദി)

21) ആയിശ(റ)യിൽ നിന്ന് നിവേദനം: നബി(സ) യുടെ വീട്ടുകാർ ഒരാടിനെ അറുത്ത് ധർമ്മം ചെയ്തു. റസൂൽ(സ) ചോദിച്ചു: ഇനി അതിൽ നിന്ന് വല്ലതും ശേഷിച്ചിരിപ്പുണ്ടോ? ആയിശ(റ) പറഞ്ഞു. അതിന്റെ തോളല്ലാതെ മറ്റൊന്നും മിച്ചമില്ല. തിരുദൂതൻ(സ) പറഞ്ഞു. അതിന്റെ തോളൊഴിച്ച് മറ്റുള്ളതൊക്കെ അവശേഷിച്ചു. (തിർമിദി)