1. അബുമാലിക്കു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ശുദ്ധി, വിശ്വാസത്തിന്റെ നേർപകുതിയാകുന്നു. (മുസ്ലിം)
  2. ജാബിർ(റ) പറഞ്ഞു, ദൈവദൂതൻ(സ) പറഞ്ഞു: സ്വർഗ്ഗത്തിന്റെ താക്കോൽ നമസ്കാരവും നമസ്കാരത്തിന്റെ താക്കോൽ ശുദ്ധീകരണവും ആകുന്നു. (അഹ്മദ്)
  3. ആയിശ(റ) പറഞ്ഞു, അല്ലാഹുവിന്റെ പ്രവാചകൻ(സ) പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും വിസർജ്ജനത്തിന് പോകുമ്പോൾ, ശുദ്ധീകരണത്തിനായി അയാൾ മൂന്ന് കല്ല് കൊണ്ട് പോകട്ടെ. എന്തുകൊണ്ടെന്നാൽ ഇവ അവനു മതിയാകുന്നതാണ്. (അബൂദാവൂദ്)
  4. ജാബിർ(റ) പറഞ്ഞു, വിസർജ്ജനത്തിനു ആവശ്യമായപ്പോൾ പ്രവാചകൻ(സ) അദ്ദേഹത്തെ ആർക്കും കാണാതാവുന്നത് വരെ (ദൂരസ്ഥലത്തേക്ക്) പോയി. (അബൂദാവൂദ്)
  5. അബുമൂസാ(റ) നിവേദനം ചെയ്തു, പ്രവാചകൻ(സ) പറഞ്ഞു: നിങ്ങളിൽ ആരെങ്കിലും മൂത്രവിസർജ്ജനത്തിനുള്ള സ്ഥലം ആരാഞ്ഞുകൊള്ളട്ടെ. (അബൂദാവൂദ്)
  6. ആയിശ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്റെ(സ) വലതു കൈ തന്റെ വുസുവിനും തന്റെ ആഹാരത്തിനും ആയിരുന്നു; ഇടതു കൈ, വിസർജ്ജനത്തിന് ശേഷം ശുദ്ധീകരിക്കുന്നതിനും വൃത്തിഹീനമായ സാധനങ്ങൾ നീക്കം ചെയ്യുന്നതിനും ആയിരുന്നു. (അബൂദാവൂദ്)
  7. മുആദു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതൻ(സ) പറഞ്ഞു: ശപിക്കപ്പെട്ട മുന്നു കാര്യങ്ങളിൽനിന്നു പിൻമാറുക: ഉറവുകൾക്കു സമീപവും, വഴിയിലും, (മനുഷ്യൻ വിശ്രമിക്കുന്ന) തണലിലും വിസർജ്ജിക്കുന്നത്. (അബൂദാവൂദ്)
  8. അബൂഹുറയ്റാ(റ) പറഞ്ഞു: പ്രവാചകൻ(സ) കക്കൂസിലേക്ക് പോയപ്പോൾ, ഞാൻ അവിടുന്നിനു ഒരു ചെറുപാത്രത്തിലോ തോൽസഞ്ചിയിലോ വെള്ളം കൊണ്ടുവരികയും, അവിടുന്ന് വെള്ളം ശുദ്ധീകരണത്തിനായി ഉപയോഗിക്കുകയും, പിന്നീട് തന്റെ കയ്യ് മണ്ണിൽ തേക്കുകയും പിന്നീട് ഞാൻ അവിടുന്നിന് മറ്റൊരു പാത്രം വെള്ളം കൊണ്ടുവരികയും അവിടുന്നു വുസു ഉണ്ടാക്കുകയും ചെയ്തു (അബൂദാവൂദ്)
  9. ആയിശ(റ) പറഞ്ഞു: പ്രവാചകൻ(സ) കക്കൂസിൽ നിന്ന് പുറത്ത് വരുമ്പോൾ ഇങ്ങിനെ പറയുക പതിവായിരുന്നു: നിന്റെ (രക്ഷിതാവിന്റെ) പാപമോചനത്തെ ഞാൻ തേടുന്നു. (തിർമിദി)
  10. അനസ്(റ) പറഞ്ഞു: പ്രവാചകൻ(സ) കക്കൂസിൽ നിന്ന് പുറത്ത് വന്നപ്പോൾ അവിടുന്നു പറയുക പതിവായിരുന്നു. എന്നിൽ നിന്ന് മാലിന്യത്തെ നീക്കം ചെയ്കയും എനിക്ക് ആരോഗ്യത്തെ പ്രദാനം ചെയ്കയും ചെയ്ത അല്ലാഹുവിനാകുന്നു സർവ്വസ്തോത്രങ്ങളും. (ഇബ്നുമാജാ)
  11. ആയിശ(റ) പറഞ്ഞു: രാത്രിയിലോ പകലോ പ്രവാചകൻ(സ) ഉണർന്നെഴുന്നേറ്റാൽ മിസ്വാക്ക് (ദന്തധാവിനി) ഉപയോഗിക്കുന്നതിനു മുമ്പായി വുസു ചെയ്യാറില്ല. (അബൂദാവൂദ്)
  12. ശുറൈഹിബ്നുഹാനി(റ) പറഞ്ഞു: ഞാൻ ആയിശയോടു ചോദിച്ചു: അല്ലാഹുവിന്റെ ദൂതൻ(സ) സ്വഗൃഹത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ഒന്നാമതായി ചെയ്തതെന്തായിരുന്നു? അവർ പറഞ്ഞു: പല്ലുതേയ്ക്കൽ (മുസ്ലിം)
  13. ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ)ക്ക് ബ്രഷും ശുചീകരിക്കാനുള്ള വെള്ളവും ഞങ്ങൾ ഒരുക്കി വെക്കുമായിരുന്നു. രാത്രി ഉണർത്താനുദ്ദേശിക്കുന്ന സമയത്ത് അല്ലാഹു അദ്ദേഹത്തെ ഉണർത്തും. അനന്തരം അവിടുന്ന് ബ്രഷ് ചെയ്യുകയും വുളു എടുക്കുകയും നമസ്കരിക്കുകയും ചെയ്തിരുന്നു. (മുസ്ലിം)
  14. ശുറൈഹി(റ)ൽ നിന്ന് നിവേദനം: ഞാൻ ആയിശ(റ) യോടു ചോദിച്ചു. നബി(സ) വീട്ടിൽ കയറിയാൽ ആദ്യമായി തുടങ്ങുന്നതെന്തായിരുന്നു? ബ്രഷ് ചെയ്യലാണെന്ന് അവർ മറുപടി പറഞ്ഞു, (മുസ്ലിം)
  15. ആയിശ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ബ്രഷ് ചെയ്യലും വായയുടെ ശുദ്ധീകരണവും അല്ലാഹുവിന് ഇഷ്ടപ്പെട്ടതാകുന്നു. (നസാഈ)
  16. ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പ്രഖ്യാപിച്ചു. പത്തുകാര്യം നബിമാരുടെ ചര്യകളിൽ പെട്ടതാകുന്നു. മീശ വെട്ടുക. 2 താടി വളർത്തുക, ബ്രഷ് ചെയ്യുക. 4. (വുളുവിൽ) മൂക്കിൽ വെള്ളം കയറ്റുക, 5 നഖം വെട്ടുക, ബറാജിം (വിരൽമടക്കുകൾ) കഴുകുക, 7 കക്ഷം പറിക്കുക. 8 ആനത്ത് (ഗുഹ്യഭാഗത്തെ രോമങ്ങൾ ) കളയുക, ശൗച്യം ചെയ്യുക. റിപ്പോർട്ടർ പറയുന്നു: പത്താമത്തേത് ഞാൻ മറന്നുപോയി. അത് വായ കഴുകലായേക്കാം. (മുസ്ലിം)