തിരഞ്ഞെടുത്ത ഹദീസുകൾ/സമ്മതം ചോദിക്കൽ
1) അബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: ചെറിയവർ വലിയവർക്കും നടക്കുന്നവർ ഇരിക്കുന്നവർക്കും ചെറിയസംഘം വലിയസംഘത്തിനും സലാം പറയണം. (ബുഖാരി. 8. 74. 250)
2) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: വാഹനത്തിൽ സഞ്ചരിക്കുന്നവൻ നടക്കുന്നവനും നടക്കുന്നവൻ ഇരിക്കുന്നവനും സലാം ചൊല്ലണം. (ബുഖാരി. 8. 74. 251)
3) അബ്ദുല്ല(റ) നിവേദനം: ഒരാൾ നബി(സ)യോട് ചോദിച്ചു: ഇസ്ലാമിലെ നടപടികളിലേതാണ് ഏറ്റവും ഉൽകൃഷ്ടം? നബി(സ) അരുളി: വിശക്കുന്നവർക്ക് ആഹാരം നൽകുകയും നിനക്ക് പരിചയമുളളവർക്കും പരിചയമില്ലാത്തവർക്കും സലാം ചൊല്ലുകയും ചെയ്യൽ. (ബുഖാരി. 8. 74. 253ഃ)
4) സഹ്ല്(റ) പറയുന്നു: ഒരിക്കൽ ഒരു മനുഷ്യൻ നബി(സ)യുടെ വീട്ടിലേക്ക് ചുമരിലെ ഒരു പൊത്തിലൂടെ എത്തിനോക്കി. നബി(സ) ഒരു ഇരുമ്പിന്റെ ചീർപ്പുകൊണ്ട് തല ചൊറിഞ്ഞുകൊണ്ടിരിക്കുകയാണ്. നബി(സ)അരുളി: നീ എത്തിനോക്കുന്നത് ഞാൻ ഗ്രഹിച്ചിരുന്നുവെങ്കിൽ ഇതുകൊണ്ട് നിന്റെ കണ്ണിൽ ഞാൻ കുത്തുമായിരുന്നു. സമ്മതം ചോദിക്കാൻ നിശ്ചയിച്ചിരിക്കുന്നത് തന്നെ നോട്ടത്തിന്റെ കാരണമാണ്. (ബുഖാരി. 8. 74. 258)
5) അബൂഹുറൈറ(റ) നിവേദനം: നബി(സ)അരുളി: ആദമിന്റെ സർവ്വസന്താനങ്ങളുടെ മേലും വ്യഭിചാരത്തിൽ നിന്നുളളവരു ഓഹരി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. അതവൻ കരസ്ഥമാക്കുക തന്നെ ചെയ്യും. അതിൽ അസംഭവ്യതയില്ല. കണ്ണിന്റെ വ്യഭിചാരം (വികാരപരമായ) നോട്ടമാണ്. നാവിന്റെ വ്യഭിചാരം സംസാരമാണ്. മനസ്സ് അഭിലഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു. ഗുഹ്യസ്ഥാനം അവയെ സത്യപ്പെടുത്തുകയും കളവാക്കുകയും ചെയ്യുന്നു. ഇബ്നുഅബ്ബാസ് (റ) പറയുന്നു: ചെറുപാപത്തിന് ഏറ്റവും ഉദാഹരണമായി ഞാൻ കാണുന്നത് അബൂഹൂറൈറ ( റ)യുടെ ഈ ഹദീസാണ്. (ബുഖാരി. 8. 74. 260)
6) അനസ്(റ) നിവേദനം: നബി(സ)ഒരു സംഘം കുട്ടികളുടെ അടുത്തുകൂടി നടന്നുപോയപ്പോൾ അവർക്ക് സലാം പറഞ്ഞു. അനസും അപ്രകാരം ചെയ്തു. (ബുഖാരി. 8. 74. 264)
7) അബ്ദുല്ല(റ) നിവേദനം: നബി(സ)അരുളി: യഹൂദികൾ നിങ്ങൾക്ക് സലാം പറയുമ്പോൾ അസ്സാമുഅലൈക്കും (നിനക്ക് മരണം) എന്നാണ് പറയുക. അതിനാൽ നിങ്ങൾ "വ അലൈക്ക എന്ന് പറയുക. (ബുഖാരി. 8. 74. 274)
8) ഖതാദ(റ) പറയുന്നു: പരസ്പരം കൈ കൊടുക്കൽ നബി(സ)യുടെ കാലത്തുണ്ടായിരുന്നുവോ എന്ന് ഞാൻ അനസിനോട് ചോദിച്ചു; അതെയെന്ന് അദ്ദേഹം പ്രത്യുത്തരം നൽകി. (ബുഖാരി. 8. 74. 279)
9) ഇബ്നുഉമർ (റ) നിവേദനം: നബി(സ) കഅ്ബ: യുടെ മുറ്റത്ത് കൈകൾ മുട്ടിൻ കാലിന്മേൽ പിടിച്ച് ഇരിക്കുന്നത് ഞാൻ കണ്ടു. (ബുഖാരി. 8. 74. 289)
10) അനസ്(റ) പറയുന്നു: ഉമ്മുസുലൈം(റ) നബി(സ) ക്ക് കിടക്കുവാൻ ഒരു വിരിപ്പ് വിരിച്ച് കൊടുക്കാറുണ്ട്. നബി(സ) ഉറങ്ങിയാൽ അവർ നബി(സ) യുടെ വിയർപ്പ് എടുക്കും. അതുപോലെ മുടിയും. ശേഷം ഒരു കുപ്പിയിൽ ശേഖരിക്കും. പിന്നീട് അതു സുഗന്ധത്തിൽ കലർത്തും. നബി(സ) ഉറങ്ങുകയായിരിക്കും. അനസ്(റ) മരണസന്ദർഭത്തിൽ തന്റെ കഫൻ പുടവയിൽ പുരട്ടുന്ന സുഗന്ധത്തിൽ ആ സുഗന്ധത്തിൽ നിന്ന് കലർത്തുവാൻ ഉപദേശിക്കുകയുണ്ടായി. (ബുഖാരി. 8. 74. 298)
11) അബ്ദുല്ല(റ) നിവേദനം: നബി(സ) അരുളി: നിങ്ങൾ മൂന്ന് പേർ ആയിരിക്കുമ്പോൾ രണ്ടാളുകൾ രഹസ്യസംഭാഷണം ചെയ്യരുത്-മൂന്നാമത്തെ വ്യക്തിയെ ഒഴിവാക്കിക്കൊണ്ട്. (ബുഖാരി. 8. 74. 303)
12) അനസ്(റ) നിവേദനം: നബി(സ) എന്നോട് ഒരു രഹസ്യം പറഞ്ഞു. ഞാനതു ഇതുവരെ ഒരു മനുഷ്യനോടും പറഞ്ഞിട്ടില്ല. ഉമ്മുസുലൈമ്(റ) ചോദിച്ചിട്ടു പോലും. ഞാനത് അവരോട് പറഞ്ഞിട്ടില്ല. (ബുഖാരി. 8. 74. 304)
13) ഇബ്നുഉമർ (റ) പറയുന്നു: നിങ്ങൾ ഉറങ്ങുമ്പോൾ വീട്ടിൽ തീ കെടുത്താതെ അവശേഷിപ്പിക്കരുത് എന്ന് നബി(സ)അരുളി. (ബുഖാരി. 8. 74. 308)
14) അബൂമൂസ:(റ) പറയുന്നു: രാത്രിയിൽ ഒരു വീട് അതിലെ മനുഷ്യന്മാർ ഉൾപ്പെടെ അഗ്നിക്കിരയായി. മദീനയിൽ നടന്ന ഈ സംഭവം നബി(സ)യോട് പറയപ്പെട്ടു. അപ്പോൾ നബി(സ) അരുളി: ഈ അഗ്നി നിങ്ങളുടെ ശത്രുവാണ്. അതിനാൽ നിങ്ങൾ ഉറങ്ങുമ്പോൾ അതുകെടുത്തുവീൻ. (ബുഖാരി. 8. 74. 309)
15) ഇബ്നുഉമർ (റ) പറയുന്നു: നബി(സ)യുടെ കാലത്ത് എന്റെ വീട് എന്റെ കൈ കൊണ്ട് തന്നെയാണ് ഞാൻ നിർമിച്ചത്. മഴയിൽ നിന്ന് അതു എന്നെ സംരക്ഷിക്കും. വെയിലിൽ നിന്ന് എനിക്ക് നിഴൽ നൽകും. (അത്രമാത്രം) ഒരു മനുഷ്യനും ഈ വീട് നിർമ്മാണത്തിൽ എന്നെ സഹായിക്കുകയുണ്ടായില്ല. (ബുഖാരി. 8. 74. 315)
16) ഇബ്നുഉമർ (റ) പറയുന്നു: അല്ലാഹു സത്യം! ഒരു ഇഷ്ടികക്കു മുകളിൽ മറ്റൊരു ഇഷ്ടിക ഞാൻ വെച്ചിട്ടില്ല. ഒരു ഈത്തപ്പനപോലും ഞാൻ കൃഷിചെയ്തിട്ടില്ല. നബി(സ) മരിച്ചതു മുതൽ. (ബുഖാരി. 8. 74. 316)