തിരഞ്ഞെടുത്ത ഹദീസുകൾ/സ്ത്രീകളെക്കുറിച്ചുള്ള വസിയ്യത്ത്

1) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: സത്യവിശ്വാസി സത്യവിശ്വാസിനിയോട് കോപിക്കരുത്. അവളിൽ നിന്ന് ഒരു സ്വഭാവം അവൻ വെറുത്താൽ തന്നെയും മറ്റുപലതും അവൻ തൃപ്തിപ്പെട്ടേക്കാനിടയുണ്ട്. (മുസ്ലിം)

2) മുആവിയ(റ)യിൽ നിന്ന് നിവേദനം: ഞാൻ ചോദിച്ചു: പ്രവാചകരേ! ഞങ്ങൾക്ക് ഭാര്യയോടുള്ള കടമ എന്താണ്? അവിടുന്ന് പറയുകയുണ്ടായി. നീ ഭക്ഷിക്കുമ്പോൾ അവളെ ഭക്ഷിപ്പിക്കുകയും നീ വസ്ത്രം ധരിക്കുമ്പോൾ അവളെ ധരിപ്പിക്കുകയുമാണ്. എന്നാൽ നീ അവളുടെ മുഖത്തടിക്കുകയോ ഇവളെന്ത് മാത്രം ദുസ്സ്വഭാവി എന്ന് പറഞ്ഞ് മാനം കെടുത്തുകയോ കിടപ്പറയിലല്ലാതെ വെടിയുകയോ ചെയ്യാൻ പാടില്ല. (അബൂദാവൂദ്)

3) അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) പ്രസ്താവിച്ചു: മുഅ്മിനുകളിൽ പരിപൂർണ്ണൻ നല്ല സ്വഭാവമുള്ളവനാകുന്നു. നിങ്ങളിൽവെച്ചേറ്റവും ഉത്തമൻ ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കുന്നവനാണ്. (തിർമിദി)

4) അബ്ദുല്ലാഹിബിൻ അംറിബിൻ ആസി(റ)യിൽ നിന്ന്: നബി(സ) പ്രസ്താവിച്ചു: ഇഹലോകം ചില ഉപകരണങ്ങളാണ്. ഐഹികവിഭവങ്ങളിൽ ഉത്തമമായത് സത്യസന്ധയായ സ്ത്രീയാകുന്നു. (മുസ്ലിം)