ദേവയാനി
(വേണുമതീതീരം. മനോഹരമായ ഒരുകുന്നിന്റെ പരന്നുകിറ്റകുന്ന അടിവാരം. ചുറ്റുപാടും പൂത്തുപൂത്തു നിൽക്കുന്ന കാടുകൾ, പച്ചപ്പടർപ്പുകൾ, വള്ളിക്കുടിലുകൾ. കുന്നിന്റെ അഗഭാഗത്തായി, ആകാശത്തിന്റെ ചരിവിൽ, ശിഥിലങ്ങളായ വെള്ളിമേഘച്ചുരുളുകൾ അങ്ങിങ്ങായി കാണപ്പെടുന്നു. സൂര്യൻ കുന്നിന്റെ മുകളിൽ നിന്നും കുറെ മേലോട്ടുയർന്നു കഴിഞ്ഞു. വിദൂരത്തിൽ പച്ചക്കാടുകളുടെ വിള്ളലുകളിൽക്കൂടി സ്ഫടികാഭമായ നീലാകാശം ആകർഷകമാം വിധം പ്രത്യക്ഷപ്പെടുന്നു. കാടുകളാകമാനം പക്ഷികളുടെ കളകളത്താൽ മുഖരമധുരമാണ്. മാഞ്ഞുതുടങ്ങുന്ന മൂടൽമഞ്ഞിൽ, മദാലസകളായ കിന്നരകന്യകകളെപ്പോലെ, ആകർഷകങ്ങളായ ആദിത്യരശ്മികൾ അവിടവിടെ ആടിക്കളിക്കുന്നു. സൗരഭ്യസാന്ദ്രവും, സ്വപ്നാത്മകവും ഉത്തേജകവുമായ അന്തരീക്ഷം!
കചനും ദേവയാനിയും പശുക്കളേയുംകൊണ്ട് വേണുമതീതടത്തിൽ എത്തിയിരിക്കുകയാണ്. കാലികൾ പുല്ലുമേഞ്ഞുതുടങ്ങി.
അടിമുടി മൊട്ടിട്ടുനിൽക്കുന്ന ഒരു ബകവൃക്ഷത്തിന്റെ ചുവട്ടിൽ, ഒരു പാറക്കല്ലിന്മേൽ, കചൻ ഇരിപ്പുറപ്പിക്കുന്നു. അതിനോടടുത്തായിമറ്റൊരു വൃക്ഷത്തിൽ നിന്നു തടിച്ച ഒരു കാട്ടുവളി കീഴോട്ടു തൂങ്ങി ചരിഞ്ഞുലഞ്ഞു കിടക്കുന്നുണ്ട്. അതിന്റെ മറ്റേ അറ്റം വേറൊരുമരക്കൊമ്പിൽ ചുറ്റുപ്പിണഞ്ഞ് ഏതാണ്ടൊരുഞ്ഞാലിന്റെ രീതിയിലാണു കിടപ്പ്.
സർവ്വാംഗമോഹിനിയും സാന്ധ്യലക്ഷ്മിയെപ്പോലെ വിലാസിനിയും ആയ ദേവയാനി കാൽ കീഴോട്ടുതൂക്കിയിട്ടുകൊണ്ട് അതിന്മേലിരുന്നു മെല്ലെ മെല്ലെ ആടിത്തുടങ്ങുന്നു. അവളുടെ ഇളംനീലനിറത്തിലുള്ള മൃദുലവസ്ത്രാഞ്ചലങ്ങൾ, നെറ്റിത്തടത്തിൽ ഉതിർന്നുലഞ്ഞു കിടക്കുന്ന അളകാവലിയോടൊപ്പം ഇറ്റയ്ക്കിടെ കാറ്റുതട്ടി മന്ദമന്ദം ഇളകുന്നുണ്ട്.
അവാച്യമായ ഏതോ ഒരാനന്ദചിന്തയാൽ തികച്ചും പ്രഫുല്ലമാണ് ഇരുവരുടേയും മുഖം. മാദകമായ ഒരു പരിമളം, സ്വർഗ്ഗത്തിലെ സ്വപ്നമ്പോലെ അവിടെയാകമാനം പ്രസരിച്ച് അവരെ കോള്മയിർക്കൊള്ളിക്കുന്നു. ഒരുഭാഗത്ത് മന്ദമായി മൂളിക്കൊണ്ടു നൃത്തം ചെയ്യുന്ന വേണുമതിയിലെ കല്ലോലങ്ങൾ....)
- ദേവയാനി:
കുമാരാ, നോക്കൂ!- കുമാരന്റെ സമാഗമം മുതൽ എന്റെ ഹൃദയം പോലെ പുളച്ചൊഴുകുന്ന വേണുമതിയിൽ, വിടർന്നു നിൽക്കുന്ന ആ ചെന്താമരപ്പൂക്കൾക്കുചുറ്റും, രണ്ടു ചിത്രശലഭങ്ങൾ ഉടലെടുത്ത പ്രതീക്ഷകൾപോലെ, എത്ര കുതൂഹലത്തോടെ വട്ടമിട്ടു പറന്നു കളിക്കുന്നു!
- കചൻ:
ദേവീ, എന്റെ നിറമ്പിടിച്ച ആശകളെപ്പോലെ മനോഹരങ്ങളാണ് അവ.
അതിനുമകലെ നോക്കൂ, പൂത്തു പൂത്തുല്ലസിക്കും
ചിതമുടയ വനങ്ങൾക്കപ്പുറം നീലവിണ്ണിൽ,
ധൃതപുളകകളിങ്ങോട്ടെത്തിനോക്കിക്കുണുങ്ങി-
ക്കുതുകമോടു ചിരിപ്പൂ വെണ്മുകിൽപ്പെൺകിടാങ്ങൾ!
- ദേവയാനി:
അതേ, അതേ; കുമാരനെപ്പോഴും ആ സ്വർഗ്ഗത്തെക്കുറിച്ചുള്ള ചിന്തമാത്രമേയുള്ളു. കാണുന്നതെല്ലാം അവിടത്തെ അപ്സരസ്സുകളായിത്തോന്നും!
- കചൻ:
കഷ്ടം! ദേവീ, ഇതാ എന്റെ സ്വർഗ്ഗമല്ലേ, ഇവിടെ, എന്റെ ത്തുതന്നെ മന്ദഹസിച്ചുകൊണ്ടിരിക്കുന്നതത്? പിന്നെന്തിനിങ്ങനെ മുള്ളുവാക്കുകൽ പറയുന്നു?
കല്യാണി, നീയരികിലീവിധമുല്ലസിക്കെ-
പ്പുല്ലാണെനിക്കു സുരലോകസുഖാനുഭോഗം
ഉല്ലാസദേ, കചനു, നിൻപ്രണയാർദ്രചിത്ത-
മല്ലാതെ വേണ്ടുലകിൽ മറ്റൊരു ഭാഗധേയം!
- ദേവയാനി:
അതെന്നേ ഞാൻ കുമാരന്റെ പാദങ്ങളിൽ സമർപ്പിച്ചുകഴിഞ്ഞു! അവിടുന്നിനിയും സംശയാലുവാണോ എന്റെ സ്നേഹത്തിൽ? അങ്ങയെ ആദ്യമായിക്കണ്ട നിമിഷംമുതൽ എന്റെ ഹൃദയം അങ്ങേയ്ക്ക് അധീനമായിക്കഴിഞ്ഞു!
- കചൻ:
അതെനിക്കറിയാം, ദേവി! ആ മനോഹരമായ സായാഹ്നം, എന്റെ സൗഭാഗ്യത്തിന്റെ സൂര്യോദയമായിരുന്നു, അതെങ്ങനെ മറക്കാനൊക്കും?
വീണയ്ക്കൊത്ത മൃദുസ്വനത്തിലമൃതം
വർഷിച്ചു, ഭഗ്നാശയിൽ-
ത്താണല്ലൽപ്പെടുമെന്നിൽ വീണ്ടുമുണർവാ-
റാടിച്ച ചൈതന്യമേ,
കാണപ്പെട്ടൊരുദാരതേ, കനിവിനു-
ള്ളാകാരമേ, മാമക-
പ്രാണൻപോലു, മിതാ, ഭവൽപദയുഗ-
ത്തിങ്കൽ സമർപ്പിപ്പു ഞാൻ!
- ദേവയാനി:
വരൂ, കുമാരാ, ഈ വള്ളിയിന്മേൽ എന്റെ അടുത്തു വന്നിരിക്കൂ...അൽപനേരം നമുക്ക് ഒന്നിച്ചിരുന്ന് ഊഞ്ഞാലാടാം!
- കചൻ:
അങ്ങനെതന്നെ. (കചൻ എഴുന്നേറ്റുചെന്നു ദേവയാനിയോടൊപ്പമിരുന്നാടുന്നു.)
- ദേവയാനി:
കുമാരാ, നമ്മുടെ ചുറ്റുമുള്ള പ്രകൃതിവിലാസം എത്ര രമണീയമായിരിക്കുന്നു! അതിനെ വർണ്ണിച്ചുകൊണ്ട് ഒരു പാട്ടു പാടൂ ...
- കചൻ:
ദേവിതന്നെയാകട്ടെ. ആ മധുരാലാപം നിലാവുനിറഞ്ഞ എത്രയെത്ര രാത്രികളിൽ എന്റെ ഏകാന്തതകളെ പുളകംകൊള്ളിച്ചു!
ഏതോ അജ്ഞാതമേഖലകളിലേക്ക് ആത്മാവിനെ ആവഹിച്ചുകൊണ്ടുപോകുന്ന അദമ്യമായ അതിന്റെ മായാശക്തി! ഹാ ദേവീ! എന്റെ ഹൃദയം വെമ്പുകയാണ്; ഒന്നു പാടൂ!...
- ദേവയാനി:
എന്തിനിങ്ങനെ മുഖസ്തുതി പറയുന്നു? കുമാരനെപ്പോലെ മധുരമായി പാടാൻ എനിക്കു വശമില്ല. ആകാശത്തിന്റെ ശബ്ദമാണത്; എന്റെതാകട്ടെ, മണ്ണിന്റെയും!... മണ്ണിന്റെ എന്തും മടുപ്പിക്കുന്നതല്ലേ?
- കചൻ:
എന്നെനിക്കുതോന്നുന്നില്ല. അനുഭവം നേരെമറിച്ചാണ് എന്നെ പഠിപ്പിക്കുന്നതും
- ദേവയാനി:
അനുഭവം വളരട്ടെ; അങ്ങയുടെ അഭിപ്രായം താനേ മാറിക്കൊള്ളും!....അതെന്തെങ്കിലുമാകട്ടെ നമ്മുടെ പ്രായവും, അടുപ്പവും, ഈ സന്ദർഭവും മുരടിച്ച തത്ത്വചിന്തകൾക്കുള്ളതല്ല....പാടൂ, ആദ്യം കുമാരൻതന്നെ പാടൂ; എന്നിട്ടാകാം ഞാൻ.
- കചൻ:
അല്ല, ദേവിതന്നെ പാടിയാൽ മതി....
- ദേവയാനി:
ആട്ടെ, എന്നാൽ നമുക്കൊന്നിച്ചു പാടാം.
- കചൻ:
ശരി, അങ്ങനെതന്നെ...പക്ഷേ, ദേവി വേണം തുടങ്ങാൻ....
- ദേവയാനി:
എന്തുകാര്യത്തിലും ഈ വാശിതന്നെ വാശി!-ഞാൻ തന്നെ തോറ്റു, സമ്മതിച്ചേക്കാം! എന്താ പോരേ? (പാടുന്നു)
ശ്രിലസ്നിഗ്ദ്ധനിതാന്തനിർമ്മലമതാ
രാജിപ്പു നീലാംബരം;
- കചൻ:
ബാലേ, മുഗ്ദ്ധസരസ്സിൽ നിന്മിഴികൾപോൽ
മിന്നുന്നിതിന്ദീവരം;
- ദേവയാനി:
മലേയാനിലനെത്തിയാത്തകൗതുകം
വീശുന്നിതാ ചാമരം;
- കചൻ:
ചാലേ പച്ചമരങ്ങൾ നിന്മൊഴികൾപോൽ
::തൂകുന്നിതാ മർമ്മരം!
- ദേവയാനി:
കുമാരനെപ്പൊഴും എന്നെ കളിയാക്കുന്നതാണിഷ്ടം...ആട്ടെ നമുക്കു കുറച്ചുകൂടി പാടാം!....
മലമുകളിൽ പൊങ്ങുന്നു ഭാനുബിംബം
- കചൻ:
മലർനിരയിൽത്തങ്ങുന്നു മത്തഭൃംഗം.
- ദേവയാനി:
കുളിരലകൾ മീട്ടുന്നു വല്ലകികൾ
- കചൻ:
കുസുമിതകളാടുന്നു വല്ലികകൾ.
- ദേവയാനി:
കുറുമൊഴികൾ ചൂടുന്നു പൂങ്കുലകൾ
- കചൻ:
കുയിലിണകൾ പാടുന്നു കാകളികൾ.
- ദേവയാനി:
(വനത്തിന്റെ ഒരു ഭാഗത്തേക്കു ചൂണ്ടിക്കാണിച്ചിട്ട്)
ആടലറ്റാ മരക്കൊമ്പത്തു തത്തിനി-
ന്നാടുന്നിതാണ്മയിൽ ചാലേ!
- കചൻ:
ഓമനേ, നിന്മിഴിക്കോണുതിർമിന്നലിൽ
മാമകമാനസമ്പോലേ!
- ദേവയാനി:
(ലജ്ജാമധുരമായ മന്ദസ്മിതത്തോടെ)
അ, ല്ലപ്സരസ്സുകളൊന്നിച്ചു മേളിച്ച
ചെല്ലസ്മൃതികളെപ്പോലേ!
- കചൻ:
അല്ലല്ല, മോഹിനീ, നീ കൊളുത്തീടു, മെൻ-
ഫുല്ലപ്രതീക്ഷകൾപോലേ!
- ദേവയാനി:
(മറ്റൊരിടത്തേക്കു ചൂണ്ടിക്കാണിച്ചുകൊണ്ട്)
അപ്പനീർപ്പൂവിനടുത്തടുത്തേക്കൊരു
ഷൾപ്പദം പോവതു കണ്ടോ?
- കചൻ:
അപ്പൂവി, നെന്നാ, ലടുത്തതു ചെന്നിട്ടു-
മപ്രിയമൽപവുമുണ്ടോ?
- ദേവയാനി:
ദൂരത്തു ദൂരത്തുനിന്നു പറന്നതിൻ
ചാരത്തതെന്തിനുചെന്നു?
- കചൻ:
വെമ്പിപ്പറന്നതു പോകും വഴിക്കതിൻ
മുമ്പിലതെന്തിനു നിന്നു?
- ദേവയാനി:
ഒപ്പത്തിനൊപ്പം പറയാൻ പഠിപ്പിച്ച-
തപ്സരകന്യകളാണോ?
- കചൻ:
ഒപ്പത്തിനൊപ്പം പറയാ, നൊരാൾക്കിനി-
യപ്സരകന്യകൾ വേണോ?
- ദേവയാനി:
(ദൂരത്തു ചൂണ്ടിക്കാണിച്ച്)
അങ്ങോട്ടു നോകിയാലെന്തുകാണാം?
- കചൻ:
ആയിരം കാടുകൾ പൂത്തുകാണാം.
- ദേവയാനി:
പൂവണിക്കാട്ടിൽനിന്നെന്തുകേൾക്കാം?
- കചൻ:
പൂവേണി, പൈങ്കിളിക്കൊഞ്ചൽ കേൾക്കാം.
- ദേവയാനി:
പൈങ്കിളിക്കൊഞ്ചൽ കേട്ടെന്തു തോന്നി?
- കചൻ:
തങ്കമേ, നിൻ മൊഴിയെന്നു തോന്നി.
- ദേവയാനി:
ഇന്ദ്രസദസ്സിലെക്കന്യകൾതൻ
സുന്ദരാലാപമാണെന്നു തോന്നി!
- കചൻ:
ഇന്ദ്രപുരത്തിലുമില്ലൊരൊറ്റ-
സ്സുന്ദരിപോലുമെന്നോമലേപ്പോൽ!
- ദേവയാനി:
(ലീലാലാലസയായി-ചൂണ്ടിക്കാണിച്ചുകൊണ്ട്)
ആടിച്ചെന്നാരാരപ്പൂ പറിക്കും?
- കചൻ:
ചൂടിക്കാനാശിപ്പോനായിരിക്കും!
(മുമ്പിൽ തെല്ലകലെ, അല്പം ഉയരത്തിൽ മനോഹരമായ ഒരു പുഷ്പം. ആട്ടം മുറുകുന്നു. പുഷ്പത്തോടു സമീപിക്കുമ്പോൾ ഇരുവരും കൈ നീട്ടുന്നു. കിട്ടുന്നില്ല. ചിരിയിൽ കുഴഞ്ഞ വാശിയോടുകൂടിയ മത്സരം മുറുകുന്നു. ഒടുവിൽ കചൻ ജയിച്ചു. ദേവയാനിയുടെ കവിൾത്തടങ്ങൾ ലജ്ജാവിവർണ്ണമാകുന്നു. കചൻ സ്നേഹപൂർവ്വം ദേവയാനിയെ ആപുഷ്പം ചൂടിക്കുന്നു.)
- ദേവയാനി:
ഈ വള്ളിമേലിരുന്നാടിയാടി
- കചൻ:
ജീവൻ പുളകങ്ങൾകൊണ്ടു മൂടി!
- ദേവയാനി:
കുമാരാ, ഞാൻ വല്ലാതെ ക്ഷീണിച്ചു!
- കചൻ:
(ആട്ടം നിർത്തിയിട്ട്) എങ്കിൽ, വേണുമതിയിൽനിന്നു ചെന്താമരപ്പൂക്കൾ പറിച്ചുകൊണ്ടുവന്ന്, ഈ വള്ളിക്കുടിലിൽ വിരിച്ച്, അതിൽ ഞാനെന്റെ ദേവിയെ വിശ്രമിപ്പിക്കാം. (വള്ളിയിൽ നിന്നു താഴെ ചാടിയിറങ്ങുന്നു.) ദേവീ, ഒരു നിമിഷം, ഞാനിതാ വന്നുകഴിഞ്ഞു. (പോകുന്നു.)
- ദേവയാനി:
അമരനന്ദനവനികകൾവിട്ടെ-
ന്നരികിലെത്തിയ കിരണമേ,
പരിചിലെൻപൂർവ്വസുകൃതമേകിയ
പരമസായൂജ്യസ്ഫുരണമേ,
ഭരിതകൗതുകം ഭജനലോലമെൻ
ഹരിതയൗവനമെതിരേൽപൂ!
തണൽപാകിപ്പാകിത്തളിർ വിരിക്കാവൂ
തവ സരണിയിൽ വിജയങ്ങൾ!
(കൈനിറയെ വിടർന്ന താമരപ്പൂക്കളും ഇലകളുമായി കചൻ മടങ്ങിയെത്തുന്നു.)
- കചൻ:
ഞാനധികം വൈകിയില്ലല്ലോ, ഉവ്വോ, ദേവി?
- ദേവയാനി:
ഇല്ല, കുമാരാ, കുമാരൻ വേഗത്തിൽ തിരെച്ചെത്തി.
- കചൻ:
(ലതാഗൃഹത്തിൽ ശയനീയം സജ്ജമാക്കിയിട്ട്) എന്നാൽ വരൂ, ദേവീ, ഇതിൽ വന്നു വിശ്രമിക്കൂ!
- ദേവയാനി:
ഈ വൾലിയിന്മേൽനിന്നു ചാടിയിറങ്ങാൻ എനിക്കു വയ്യ. കുമാരൻ ഒന്നെന്നെ താഴെ ഇറക്കിവിടൂ!
- കചൻ:
(അപ്രകാരം ചെയ്തിട്ട്) കഷ്ടം, എന്റെ ദേവി വല്ലാതെ ക്ഷീണിച്ചിരിക്കുന്നല്ലോ!
- ദേവയാനി:
സാരമില്ല. കുമാരന്റെ മടിയിൽ തലവെച്ച് അൽപനേരമങ്ങനെ കിടക്കുമ്പോഴേക്കും എന്റെ ക്ഷീണമൊക്കെ പറപറക്കുകയില്ലേ?
തവാംഗുലിസ്പർശവു, മിത്തളിർത്ത
തരുക്കളിൽത്തത്തുമിളംമരുത്തും
തരുന്ന രോമാഞ്ചമണിഞ്ഞ മെയ്യിൽ-
ത്തളർച്ച പിന്നെങ്ങനെ തങ്ങിനിൽക്കും?
(വള്ളിക്കുടിലിൽ, കചന്റെ മടിയിൽ തലയും വെച്ചു സുഖശയനം ചെയ്യുന്നു.)
ഇടതിങ്ങിയ കാട്ടുപിച്ചക-
ച്ചെടി മൊട്ടിട്ടിടുമീ നികുഞ്ജകം
ചുടുവെയ്ലിൽ നിതാന്തശീതള-
സ്ഫുടമാം പൂന്തണലിൻ നികേതനം.
ആട്ടെ, കുമാരാ, എന്നോടു വസ്തവം പറയൂ; അനേകമനേകം നിറമ്പിടിച്ച മോഹങ്ങൾ നിറഞ്ഞു നിൽക്കുന്ന ഭാവിയെപ്പോലെ ആകർഷകമായി പരിലസിക്കുന്ന ഈ പച്ചക്കാടുകളും ലജ്ജയാൽ അമർത്തപ്പെട്ട മൂകമായ വികാരതീക്ഷ്ണതപോലെ അടങ്ങിയൊതുങ്ങി അണിനിരന്നു നിൽക്കുന്ന ഈ കുന്നുകളും അങ്ങയ്ക്കു പ്രിയകരമായി ത്തോന്നുന്നുണ്ടോ?
- കചൻ:
തോന്നുന്നുണ്ടോ എന്നോ, ദേവി?-കഷ്ടം!
പച്ചക്കാടുപുതച്ചൊരീ മലകളും
::പാടുന്ന പൂഞ്ചോലയും
സ്വച്ഛന്ദം കളധാരപെയ്തു സസുഖം
::വാഴും വിഹംഗങ്ങളും;
അച്ഛശ്രീകലരുന്ന പൊയ്കകളും.....
(വേണുമതീതടത്തിലേക്കു ചൂണ്ടിക്കാണിച്ചുകൊണ്ട്)
ആ പേരാലും.....
(ഏതോ അനുഭൂതിയിൽ ലയിക്കുന്ന ക്ഷണികമായ ധ്യാനാത്മകതയോടെ)
....ആത്മാവിനെ-
ന്തച്ഛിന്നോത്സവദായകങ്ങൾ!....
(വികസിത നേത്രങ്ങളോടെ ദേവയാനിയെ സസ്മിതം ആശ്ലേഷിച്ചുകൊണ്ട്)
.......അവയെ
സ്നേഹിപ്പു ഞാ, നോമലേ!
(അൽപസമയത്തെ പുളകാങ്കിതമായ മൗനം)
- ദേവയാനി:
(അനുഭൂതിയുടെയും ആശങ്കയുടേയും കലർപ്പുള്ള ഒരു നെടുവീർപ്പോടുകൂടി) എങ്കിലും, കുമാരാ, ആ സ്വർഗ്ഗത്തിലെ നന്ദനോദ്യാനത്തോളം അവിടുത്തേക്കാകർഷകമാണോ അസുരസങ്കേതമായ ഈ കാട്ടിൻപുറം?
- കചൻ:
(നേരിയ പരിഭവസ്വരത്തിൽ)
അതാ, ദേവി പിന്നെയും ആ പഴയ പല്ലവിതന്നെ എടുത്തല്ലോ! ഇതിനകം എത്ര പ്രാവശ്യം ഞാനെന്റെ ദേവിയോടു പറഞ്ഞിട്ടുണ്ട്, എനിക്കാ സ്വർഗ്ഗത്തേക്കാൾ പ്രിയപ്പെട്ടതാണ് ഈ വനപ്രദേശമെന്ന്! ....
- ദേവയാനി:
എന്നെന്നേക്കുമായി ഈവനമണ്ഡലത്തോടിങ്ങനെ ബന്ധപ്പെട്ടാൽ, വല്ലകാലത്തും അങ്ങേയ്ക്കു പശ്ചാത്തപിക്കേണ്ടിവന്നാലോ?
- കചൻ:
ഇല്ല ദേവി, ഒരുകാലത്തുമില്ല. ഈ വനമണ്ഡലം- ഇതെനിക്ക് എന്റെ ആത്മാവിനേക്കാൾ പ്രിയതരമാണ്. ഭവതിയുടെ ഹൃദയം പോലെ സദാ മന്ദഹസിച്ചുകൊണ്ടിരിക്കുന്ന പുഷ്പങ്ങളും, കമനീയമായ കമലകോരകമ്പോലെ പരിമൃദുലമായ ആ കാലിണയെ വിട്ടുമാറാതെ കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്ന കനക നൂപുരങ്ങളോടു മത്സരിച്ചുകൊണ്ട് കളകൂജനം ചെയ്യുന്ന പക്ഷികളും നിറഞ്ഞ ഈ വനമേഖലയിൽ എന്റെ സ്വഗ്ഗത്തേക്കാൾ സുഖദായകമായ മറ്റൊരു സ്വർഗ്ഗം എനിക്കു ലഭിച്ചുകഴിഞ്ഞു. ഇല്ല, ദേവീ, ഒരുകാലത്തും എനിക്കു പശ്ചാത്ത പിക്കേണ്ടി വരില്ല! ....
- ദേവയാനി:
എന്റെ ഹൃദയം തുളുമ്പുന്നു, കുമാരാ!- ഈ നിർവൃതിക്കു ഞാൻ എന്തു പുണ്യം ചെയ്തു?
എന്റെ സ്വർഗ്ഗം!- ഈ ആത്മവിസ്മൃതിയിൽ, ഇതാ എന്റെ കണ്ണുകൾ താനേ അടഞ്ഞുപോകുന്നു. ഞാൻ അൽപമൊന്നുറങ്ങട്ടെ! ..
- കചൻ:
ദേവി സുഖമായി കിടന്നുറങ്ങിക്കൊള്ളൂ! ഞാൻ ഇവിടെ ദേവിയുടെ സമീപം ഇങ്ങനെ ഇരുന്നുകൊള്ളാം.
(ദേവയാനി മെല്ലെമെല്ലെ നിദ്രയിൽ ലയിക്കുന്നു.)
(ദേവയാനിയുടെ നെറ്റിയിൽ ഉതിർന്നുലഞ്ഞു കിടക്കുന്ന അളകങ്ങൾ മന്ദമന്ദം തടവിക്കൊണ്ട്)
കാപട്യം കലരാത്ത പിഞ്ചുഹൃദയം
::ബിംബി, ച്ചുഷശ്ശാന്തിപോൽ
സ്വാപം പൊൻപൊടി പൂശ്ശുമിസ്സരസിജ-
::ശ്രീയാർന്നൊരോമന്മുഖം,
ആപന്നോന്മദമിന്നു നിന്നെയലിവാർ-
::ന്നാലംബമാക്കീടുവാൻ
നീ പുണ്യം പറകെന്തു ചെയ്തതിദമെ-
::ന്നങ്കസ്ഥലീരംഗമേ!
ഇതെന്തു സൗന്ദര്യം! അപ്സരസ്സുകളുടെ ആവാസരംഗമായ എന്റെ സ്വർഗ്ഗത്തിൽപ്പോലും ഇങ്ങനെയൊരു ദിവ്യമോഹിനിയെ ഞാൻ കണ്ടിട്ടില്ല. ഈ ബാലികയിൽ ഞാനറിയാതെതന്നെ അലിഞ്ഞു ചേരുന്നു എന്റെ ഹൃദയം. ഹാ, എന്തു നിഷ്കളങ്കത! എനിക്കുവേണ്ടി എന്തുചെയ്യുവാനും ഇവൾ സദാ സന്നദ്ധയായിരിക്കുന്നു. ആകാരമാധുരിയും ഹൃദയസൗന്ദര്യവും ഒരിടത്തുതന്നെ ഇങ്ങനെ ഒത്തിണങ്ങിച്ചേരുമോ? ത്യാഗസമ്പൂർണ്ണമായ സ്ത്രീഹൃദയത്തിന്റെ മാധുര്യം ഇപ്പോഴാണ് ഞാൻ അറിയുന്നത്.
വെള്ളത്താമരപോൽ വിശുദ്ധിവഴിയും
::സ്ത്രീചിത്തമേ, ജീവിതം
പൊള്ളുമ്പോളമൃതം തളിച്ചു തടവും
::സത്സാന്ത്വനസ്വപ്നമേ,
മുള്ളേറ്റേറ്റു മുറുഞ്ഞു രക്തമൊഴുകു-
::മൊഓഴും പുമനുന്മദ-
ത്തള്ളിച്ചയ്ക്കു ചിരിച്ചിടും സഹനതാ-
::സങ്കേതമേ, വെൽവൂ നീ!
ഇതാ, അലഞ്ഞു തളർന്ന വെൺമേഘശകലം ഗിരിതടത്തെ എന്നപോലെ, എന്റെ അങ്കതലത്തെ ആശ്രയിച്ച്,
അൽപം വിടർന്നൊരരുണാധരപല്ലവത്തിൽ-
പ്പൊൽപ്പൂവിനൊത്ത പുതുപുഞ്ചിരി വെള്ളവീശി,
ഉൽപന്നമായ നെടുവീർപ്പി, ലിടയ്ക്കു, മാർത്ത-
ട്ടൽപാൽപമൊന്നിളകി, നീ സുഖനിദ്രചെയ്വൂ!
ദേവീ, ഉറങ്ങൂ, സുഖമായിക്കിടന്നുറങ്ങിക്കോള്ളൂ! അയ്യോ!-
വെയിലുലച്ച തൈമാന്തളിർപോലെ വാടിത്തളർന്ന ഭവതിയുടെ ശരീരം വല്ലാതെ വിയർക്കുന്നുണ്ടല്ലോ! വനത്തിലെ വല്ലിക്കുടിലിലിരുന്നിട്ടറിയുന്നില്ല; എന്തുഗമായ വെയിലാണ്! ഞാൻ പൂക്കൾ പറിച്ചു പോരുമ്പോൾത്തന്നെ വേണുമതീതടം ചുട്ടുപഴുക്കാൻ തുടങ്ങി. പരാഗസുരഭിലമായ മന്ദാനിലന്റെയും മട്ടു മാറി. ഇതാ എന്റെ ദേവിയുടെ നെറ്റിത്തടത്തിൽ ശൂക്ക്ലപൗർണ്ണമീസമക്ഷം ചന്ദ്രകാന്തമണികളെപ്പോലെ സ്വേദകണങ്ങൾ പൊടിഞ്ഞലിയുന്നു. ഈ താമരയിതളാൽ ഞാനിതു തുടച്ചുകളയട്ടെ! ...(അങ്ങനെചെയ്യുന്നു.) ഇനി, (വീശുന്നു.)
ദത്താനുമോദം ശിശിരാർദ്രമാമീ
നൽത്താമരപ്പച്ചില വീശിവീശി,
ഉത്തേജകേ, നീയുണരുമ്പൊഴേക്കു-
മിത്താപജായാസമകറ്റുവൻ ഞാൻ.
(ഒരു നേരിയ കാറ്റു തട്ടി വള്ളിക്കുടിലിൽ തളിർച്ചില്ലകൾ ഉലയുകയും കുറച്ചു പുഷ്പങ്ങൾ ദേവയാനിയുടെ മുഖത്ത് അടർന്നു വീഴുകയും ചെയ്യുന്നു.)
- ദേവയാനി:
അയ്യോ, കുമാരാ! എന്റെ കുമാരാ! ...അങ്ങെവിടെ? ....അയ്യോ, അങ്ങെവിടെ? ...
- കചൻ:
എന്തുദേവി?-ഞാനിതാ ദേവിയുടെ അടുത്തുതന്നെയുണ്ടല്ലോ! ... എന്തേ ഇങ്ങനെ ഞെട്ടിയുണർന്നത്?
- ദേവയാനി:
(അൽപനേരത്തെ മൗനം ...ആശങ്കാത്മകമായ ഒരു വിക്ഷണം ചുറ്റും നടത്തിയിട്ട് ഒടുവിൽ കചന്റെ മുഖത്തുനോക്കി ഒരാശ്വാസനിശ്വാസം വിട്ടുകൊണ്ട്) ഓ! ഒന്നുമില്ല. ഞാൻ ഒരു ദുഃസ്വപ്നം കണ്ടു. അസുരന്മാർ എന്റെ ജീവനും ജീവനായ കുമാരനെ-അയ്യോ?- അതു പോട്ടെ. സാരമില്ല; വെറും ഒരു സ്വപ്നം. അതിനൊരർത്ഥവുമില്ല ...എന്നാലും ... എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നു ... ഛേയ്! വെറും വിഡ്ഢിത്തം! ... എന്നാലും എന്റെ കുമാരാ, എന്നിൽ ജീവൻ തങ്ങി നിൽക്കുന്നിടത്തോളം കാലം എന്റെ കുമാരനു യാതൊരാപത്തും വരികയില്ല ... ഇല്ലെങ്കിലും, ഛേയ്, അതൊന്നും സംഭവിക്കയില്ല. എന്റെ അച്ഛൻ!-അദ്ദേഹത്തിന്റെ ആ നിഗൂഢവും ദിവ്യവുമായ ശക്തി!-അദ്ദേഹത്തിന്റെ ആത്മവത്സലയ്ക്കോ ആപത്ത്! സ്ത്രീസഹജമായ ഭീതിമാത്രമാണെന്റേത്!- അതെല്ലാം പോട്ടെ, ഞാനെന്തുമാത്രമുറങ്ങി? (ദൂരേക്കു നോക്കിയിട്ട്) അല്ലാ, നേരം ഏതാണ്ടു മദ്ധ്യാഹ്നമാകാറായല്ലോ! അതാ, വേണുമതീതടത്തിലെ വെള്ളാരങ്കല്ലുകൾ ആദിത്യന്റെ തീക്ഷ്ണമായ കിരണങ്ങളേറ്റു മരീചികാസദൃശമായ ഒരു മയൂഖമണ്ഡലം സൃഷ്ടിച്ചുതുടങ്ങി! കഷ്ടം!- കുമാരനു വല്ലാതെ വിശന്നിരിക്കും. ഈ വള്ളിക്കുടിലിൽത്തന്നെ ഇരിക്കൂ! ഞാൻ ആശ്രമത്തിൽപ്പോയി ക്ഷണത്തിൽ ആഹാരം കൊണ്ടുവരാം.
- കചൻ:
ദേവി ബുദ്ധിമുട്ടേണ്ട. ദേവിയുമൊന്നിച്ചു ഞാനും വരാം ആശ്രമത്തിലേക്ക്.
- ദേവയാനി:
എനിക്കു ബുദ്ധിമുട്ടോ, കുമാരാ? ഇങ്ങനെ പറയാതിരിക്കൂ! എന്റെ പ്രാണനും പ്രാണനായ കുമാരനുവേണ്ടി എന്തിനും സന്നദ്ധയായ എനിക്കു ബുദ്ധിമുട്ടോ? - പക്ഷേ, കുമാരനെ വിട്ടുപിരിഞ്ഞ് അരനിമിഷമ്പോലും തനിച്ചു കഴിച്ചുകൂട്ടുക എനിക്കു സാദ്ധ്യമല്ല. അതും പോരെങ്കിൽ!-അയ്യോ! എന്റെ സ്വപ്നം!-എല്ലാ മാസത്തിലും ശുക്ലപൗർണ്ണമിദിവസം ഞാൻ ആരാധിക്കുന്ന വനദേവതകൾ എനിക്കു നൽകിയ ഒരു മുന്നറിവാണത്! കുമാരൻ സൂക്ഷിക്കണം!- കുമാരനെ ആപത്തുകൾ ആക്രമിക്കുവാൻ തക്കം നോക്കി കാത്തിരിക്കയാണ്. പക്ഷേ, കുമാരൻ അതു വിചാരിച്ചു ഭീതിപ്പെടേണ്ട. ഞാനുള്ളിടത്തോളം കാലം എന്റെ കുമാരന് ഒരാപത്തും വരികയില്ല.
എങ്കിലും സൂക്ഷിക്കേണ്ടതു നാം സൂക്ഷിക്കണം. വെയിലത്ത് എന്റെ കുമാരനെ നടത്തുന്നതിനുള്ള ഖേദം നിമിത്തം ഞാൻ ആദ്യമങ്ങനെ പറഞ്ഞുപോയി എന്നേ ഉള്ളൂ. വിജനമായ ഈ വനാങ്കണത്തിൽ കുമാരൻ തനിച്ചിരിക്കേണ്ട. നമുക്കൊന്നിച്ചുതന്നെ പോകാം.
- കചൻ:
അങ്ങനെതന്നെ. (വേണുമതീതീരത്തേക്കു ചൂണ്ടിക്കാണിച്ചുകൊണ്ട്)
പച്ചപ്പുൽത്തകിടിപ്പരപ്പുകൾ വെടിഞ്ഞോടിക്കിത, ച്ചുഗമാ-
മുച്ചച്ചൂടിൽ വലഞ്ഞ, പൈക്കളഭയംതേടീ വടച്ചായയിൽ!
ഉച്ചണ്ഡാതപദണ്ഡിതാണ്ഡജകുലം വ്യാകീർണ്ണപർണ്ണോൽക്കര-
പ്രച്ഛന്നസ്തിമിതാംഗമായി മരുവീ വൃക്ഷാഗനീഡങ്ങളിൽ!
ദേവീ വെയിൽ അതികഠിനമായിരിക്കുന്നു. ദേവിക്കു വല്ലാത്ത ക്ഷീണമുണ്ട്. ഞാൻ കൈപിടിച്ചുകൊള്ളാം! ... മരത്തണലുകളിലൂടെ മെല്ലെ മെല്ലെ നടന്നു നമുക്ക് ആശ്രമത്തിൽ ചെന്നുപറ്റാം! ...
(ഇരുവരും കൈകോർത്തുപിടിച്ചുകൊണ്ടു നടന്നുപോകുന്നു.)