ദേവീമാനസപൂജാസ്തോത്രം
രചന:ചട്ടമ്പിസ്വാമികൾ
ആമുഖം

ശ്രീശങ്കരാചാര്യർ സംസ്കൃതഭാ‌ഷയിൽ വിരചിച്ച "ദേവീ ചതുഃ‌ഷ‌ഷ്ട്യുപചാരപൂജാസ്തോത്രം" എന്ന കൃതിയ്ക്ക് മലയാളഭാ‌ഷയിൽ ശ്രീ ചട്ടമ്പിസ്വാമികൾ ചമച്ച വ്യാഖ്യാനമാണ് "ദേവീമാനസപൂജാ സ്തോത്രം". ദേവപൂജയുടെ ഒരു പ്രധാന അംശമാണ് ഉപചാരം. ഉപചാരങ്ങളുടെ സംഖ്യയെ ആധാരമാക്കി പൂജകൾ പലതായി തിരിച്ചിട്ടുണ്ട് പഞ്ചോപചാരപൂജ, ‌ഷോഡശോപചാരപൂജ, ചതുഃ‌ഷഷ്ട്യുപചാരപൂജ, എന്നിങ്ങനെ. ഇവയിൽ ചതുഃ‌ഷഷ്ട്യുപചാരപൂജ മാനസികമായി ചെയ്യുവാനുദ്ദേശിച്ചുകൊണ്ടാണ് ശങ്കരാചാര്യർ ഈ സ്തോത്രം രചിച്ചിട്ടുള്ളത്. ആസനം, സ്വാഗതം, പാദ്യം, അർഘ്യം, ആചമനീയം, മധുപർക്കം, സ്നാനം, മുതലായ അറുപത്തിനാലു ഉപചാരങ്ങളെയും വർണ്ണിക്കുന്നതും കാവ്യഭംഗിയും, ഭക്തിരസവും വഴിഞ്ഞൊഴുകുന്നതുമായ ഈ സ്തോത്രത്തെ ഭക്തിപൂർവ്വം ദിവസവും ജപിച്ച് മാനസപൂജ ചെയ്യുന്ന ഭക്തൻ ധർമ്മം, അർത്ഥം, കാമം എന്നിവയെ നേടുകയും, സകല അഭീഷ്ടങ്ങളേയും പ്രാപിക്കുമെന്നും, മരണാനന്തരം മോക്ഷമടയുമെന്നും ശങ്കരാചാര്യർ ഇതിന്റെ ഫലശ്രുതിയിൽ പറയുന്നുമുണ്ട്. വിഭക്തി, അന്വയം, അന്വയാർത്ഥം, പരിഭാ‌ഷ, ഭാവം എന്നീ അംഗങ്ങളുള്ള വ്യാഖ്യാനശൈലിയാണ് സ്വാമികൾ ഇതിൽ സ്വീകരിച്ചിരിക്കുന്നത്. വ്യാഖ്യാനം പഞ്ചലക്ഷണമെന്നാണ് പറയപ്പെടുന്നത്. സാധാരണയായി പദച്ഛദേം, പദാർത്ഥോക്തി, വിഗ്രഹം, വാക്യയോജന, സാരാർത്ഥകഥനം എന്നിവയാണ് വ്യാഖ്യാനത്തിന്റെ അഞ്ച് അംഗങ്ങൾ. അവയെല്ലാം തന്നെ ഈ വ്യാഖ്യാനത്തിൽ നമുക്കു വ്യക്തമായി ദർശിക്കുവാൻ സാധിക്കും. [ 2 ]

"പരിപൂർണ്ണകലാനിധി"യായ ചട്ടമ്പിസ്വാമികൾ "ദേവീ ചതുഃ‌ഷ‌ഷ്ട്യുപചാരപൂജാസ്തോത്രം" എന്ന കൃതിയെ മലയാളത്തിലേയ്ക്ക് പരിഭാ‌ഷപ്പെടുത്തിയത് കേരളീയരായ ദേവിഭക്തന്മാർക്കെല്ലാം തന്നെ അളവറ്റ ഒരു അനുഗ്രഹമായി ഭവിച്ചു എന്നു പറയുന്നതിൽ അതിശയോക്തിയില്ല.

[ 3 ]