ആറാം അദ്ധ്യായം

ദേവി തൻ വാക്കുകൾ കേട്ടു ദൂതൻ ചെന്നു
ദേവാരിയാകിയ സുംഭനെ കേൾപ്പിച്ചാൻ

കോപം മുഴുത്തൊരു സുംഭനും ചൊല്ലിനാൻ
നീ പോക സേനയോടും ധൂമ്രലോചനാ!

ചെന്നു തലമുടി ചുറ്റിപ്പിടിച്ചിഴ-
ച്ചെന്നുടെ സന്നിധൗ കൊണ്ടു വന്നീടു നീ

രക്ഷിപ്പതിനുണ്ടൊരുത്തനവൾക്കെങ്കിൽ
തൽക്ഷണേ കൊന്നുകളഞ്ഞാലുമാശു നീ

രക്ഷോവരനാകിലും ദേവനാകിലും
യക്ഷനെന്നാകിലും ഗന്ധർവ്വനാകിലും

ഹന്തവ്യനില്ലൊറ്റു സംശയമേതുമേ
ചിന്തിക്കവേണ്ട വിരവെ വരിക നീ

മാനേന പോയാനറുപതിനായിരം
ദാനവന്മാരുമായ് ധൂമ്രവിലോചനൻ

പ്രാലേയശൈലം പ്രവേശിച്ചു ചൊല്ലിനാൻ
നീലാരവിന്ദാക്ഷിയോടു കോപാന്ധനായ്

പോരികെന്നോടുകൂടെ സുംഭദൈത്യേന്ദ്ര-
വീരൻ സമീപേ മടിക്കരുതേതുമേ

അല്ലായ്കിലോ ഞാൻ പിടിച്ചിഴച്ചെത്രയു-
മല്ലൽപെടുത്തങ്ങു കൊണ്ടു പോം നിർണ്ണയം \1\0

സുംഭനാം ത്രൈലോക്യനാഥൻ മഹാബല-
നുമ്പർകുലാരി നിയോഗേന വന്നു നീ

വൻപടയോടും പിടിച്ചിഴച്ചെന്നെയും
വൻപോടു കൊണ്ടുപോകുന്നതിന്തു ഞാൻ

ഓർത്താലുരുതെന്നു ചൊല്ലുവാനാരുമേ
പാർത്തലത്തിങ്കലില്ലെന്നതു നിർണ്ണയം

എന്നതു കേട്ടവൻ കോപിച്ചു ദേവിയെ-
ച്ചെന്നു പിടിപ്പാൻ തുടെങ്ങും ദശാന്തരേ

ഹുംകാരശബ്ദേന ഭസ്മമാക്കീടിനാൾ
ശങ്കാവിഹീനമസുരരും തൽക്ഷണേ

ശസ്ത്രാസ്ത്രശക്തിപരശുശൂലാദികൾ
എത്രയുമേറ്റം പ്രയോഗിച്ചുകൂടുമ്പോൾ

വാഹനമാകിയ സിംഹപ്രവരനും
ആഹവത്തിന്നയടുത്താനതിദ്രുതം

ബാഹ്യപദാസ്യനഖാദികളെക്കൊണ്ടു
സാഹസത്തോടു കൊന്നൊക്കെയൊടുക്കിനാൻ

ധൂമ്രാക്ഷനും പടയും നഷ്ടമാകയാൽ
താമ്രാക്ഷനായിതു കോപേന സുംഭനും

ചണ്ഡമുണ്ഡന്മാരോടാശു ചൊല്ലീടിനാൻ
ചണ്ഡിയാം ദേവിയെക്കൊണ്ടിങ്ങു പോരുവിൻ \2\0

എന്നു പറഞ്ഞങ്ങയച്ചാനവരെയും
നന്നായ് ത്തൊഴുതവരും നടന്നീടിനാർ

അദ്ധ്യായമാറുമിവിടെക്കഴിഞ്ഞിതു
ബുദ്ധിതെളിഞ്ഞിനിയും കേട്ടുകൊള്ളുവിൻ \2\2