ദേവീമാഹാത്മ്യം കിളിപ്പാട്ട്/ഒന്നാം അദ്ധ്യായം

ദേവീമാഹാത്മ്യം കിളിപ്പാട്ട്
രചന:എഴുത്തച്ഛൻ
ഒന്നാം അദ്ധ്യായം


ശ്രീമദ് ദേവീമാഹാത്മ്യം

കിളിപ്പാട്ട്
ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു
ഒന്നാം അദ്ധ്യായം


ഞായർ :


ലോകമാതാവേ! നാഥേ! ശരണ്യേ! നാരായണീ
ഭോഗമോക്ഷദേ! സർവ്വമംഗലേ വിഷ്ണുമായേ


പാർവതീ ഭഗവതീ ഭാരതീ! ലക്ഷ്മീദേവീ
ദേവവാഹനീ ഗംഗേ ഭുവനേശ്വരീ! ഭദ്രേ


നിന്തിരുവടി മമ നാവിന്മേൽ വസിക്കണം
സന്തതം വന്ദിക്കുന്നേൻ കരുണാലയേ! തായേ


കുംഭീന്ദ്രവദനനാം തമ്പുരാൻ ലംബോദരൻ
സംപ്രതി വിഘ്നം തീർത്തു തുണച്ചീടുകവേണം


കുംഭീന്ദ്രാസുരപരിപന്ഥിയാം മഹേശനും
കുംഭീന്ദ്രൻ തന്നെപ്പരിപാലിച്ച മുകുന്ദനും


അംഭോജോത്ഭവൻതാനും നാരദമുനീന്ദ്രനും
ജംഭാരിമുമ്പായുള്ള നിലിമ്പകദംബവും


വേദവ്യാസനുമാദികവിയാം വാൽമീകിയും
വേദവേദാംഗജ്ഞന്മാരായ ഭൂദേവന്മാരും


രാമനാമാചാര്യനുമാവോളം തുണയ്ക്കേണം
മാമുനിശ്രേഷ്ഠൻ മാർക്കാണ്ഡേയനും തുണയ്ക്കണം


ദേവിതന്മാഹാത്മ്യത്തെച്ചൊല്ലുവാൻ കിളിമക-
ളാവോളം വന്ദ്യന്മാരെ വന്ദിച്ചു ചൊല്ലീടിനാൾ


സാർവ്വണ്ണ്യനാകുമെട്ടാം മനുതൻ മാഹാത്മ്യവും
പൂർവ്വജന്മാദികളും കേട്ടുകൊള്ളുവിനെങ്കിൽ        \1\0


ആദിത്യ തനയനായ് ദേവിതൻ ഭക്തന്മാരി-
ലാധിക്യം കലർന്നീടുമഷ്ടമേ മനുശ്രേഷ്ഠൻ


മുന്നമസ്വാരോചിഷ്മാവാകിയ മന്വന്തരേ
മന്നവൻ ചൈത്രവംശം തന്നിലുത്ഭൂതനായാൻ


നാമവും സുരഥനെന്നെത്രയും കീർത്തിയോടെ
ഭൂമിയെയടക്കിവാണീടീനാൻ ചിരകാലം


ഔരസന്മാരാം പുത്രന്മാരെയെന്നതുപോലെ
പാരിലെ പ്രജകളെ രക്ഷിച്ചാൻ വഴിപോലെ


അക്കാലം ലോകവിദ്ധ്വംസികളാം ശത്രുക്കളോ-
ടുൾക്കരുത്തോടു യുദ്ധം ചെയ്തു തോറ്റതുനേരം


പൃഥ്വീമണ്ഡലമെല്ലാം ശത്രുക്കളടക്കിനാ-
രെത്രയും വിഷണ്ണനായ്ച്മ്മഞ്ഞാൻ സുരഥനും


നിജദേശാധിപനായ്ച്ചമഞ്ഞാനതുകാലം
സ്വജനങ്ങൾക്കും ബഹുമാനമില്ലാതെ വന്നു


ദുഷ്ടന്മാരേറ്റം ബലവാന്മാരാമമാത്യന്മാ-
രൊന്നൊഴിയാതെ കോശമടക്കിക്കൊണ്ടാരല്ലോ


അക്കാലം ഹൃതസ്വാമ്യനാകിയ സുരഥനും
ദുഃഖിച്ചു പുരത്തിങ്കലിരിക്കും കാലത്തിങ്കൽ


ഏകാകിയായി നൃപൻ കുതിരപ്പുറമേടി
ശോകേന വനംപൂക്കു മൃഗയാവ്യാജത്തോടെ \2\0


തത്രൈവ കാണായിതൊരാശ്രമം മനോഹര-
മുത്തമൻ സ്ഉമേധസ്സാം താപസൻ വാഴും ദേശം


ഭൂപതി തപോധനപാദങ്ങൾ വണങ്ങിനാൻ
താപസപ്രവരനാൽ സൽകൃതനായ നൃപൻ


അങ്ങനെ പലദിനമവിടെ വാണീടിനാ-
നങ്ങോട്ടിങ്ങോട്ടും പെരുമാറിനാൻ വനാശ്രമേ


അക്കാലം മനസ്സിങ്കൽ മമത്വം വർദ്ധിക്കയാ-
ലുൾക്കാമ്പിലാരോ വിഷയങ്ങളെ നിരൂപിച്ചു


എന്നുടെ രാജ്യം മുന്നം കഴിഞ്ഞ രാജാക്കന്മാർ
നന്നായിപ്പരിപ്പാലിച്ചീടീനാർ ധർമ്മത്തോടെ


ഞാനുമവ്വണ്ണം തന്നെ രക്ഷിച്ചേൻ പലകാലം
ദാനധർമ്മാദികളും വഴിയേ ചെയ്തേനല്ലോ


ഇക്കാലമസദ്വൃത്തന്മാരായോരമാതൃന്മാർ
ദുഃഖിപ്പിച്ചീടുകയോ മൽപ്രജകളെയെല്ലാം


സൽക്കാരപൂർവ്വം വഴിയേ പരിപാലിക്കയോ
നിഷ്കൃപന്മാരെത്രയുമെന്തറിയാവതയ്യോ!


ശൂരനാം കരിവരനെന്തു ചെയ്യുന്നതിപ്പോൾ
വൈരികളുടെ വശത്തായ് വന്നു വിധിവശാൽ

ആരുള്ളതെന്നെപ്പോലെ ലാളിപ്പാനവനുമ-
റ്റാരാനും കൊടുത്താലും ഭുജിക്കയില്ല മുന്നം \3\0


എന്നെസ്സേവിച്ചു പൊറുത്തീടിന ജനങ്ങൾക്കു
അന്യഭൂപാലന്മാരെസ്സേവിച്ചാൽ പൊറുതിയോ


പുത്രനും പത്നിതാനുമെന്തുചെയ്യുന്നോരിപ്പോൾ
വൃത്തിയെ രക്ഷിക്കയോ ദുർവൃത്തി കൈക്കൊൾകയോ


സ്വർഗ്ഗതുല്യങ്ങളായ ഭവനികരവും
സ്വർഗ്ഗസ്ത്രീകൾക്കു തുല്യമാരായ നാരിമാരും


എന്തു ചെയ്‌വതു പാർത്താലേതുമൊന്നറീഞ്ഞീല
സന്തതമസദ്‌വ്യയം ചെയ്കയോ ധനമെല്ലാം


ഇത്തരം പല ചിന്തയാ വിവശനാ-
യെത്രയും പീഡയോടൂം വർത്തിക്കും ദശാന്തരേ


കാണായിതൊരു വൈശ്യൻ തന്നെയുമൊരുദിനം
ക്ഷോണീപാലനുമവൻ തന്നോടു ചോദ്യം ചെയ്താൻ


ആരെടോ ഭവാനിഹ കാനനേ വന്നീടുവാൻ
കാരണമെന്തു മുഖം വാടുവാനുമെന്തുമൂലം


ഏതാനുമൊരു ദുഃഖമുണ്ടെന്നു തോന്നും കണ്ടാൽ
സാദരം പരമാർത്ഥം ചൊല്ലുകെന്നോടു സഖേ!


ഇത്ഥം ഭൂപതിവാക്യം കേട്ടോരു വൈശ്യൻ താനു-
മെത്രയും വിനീതനായുത്തരമുരചെയ്താൻ


എങ്കിലോ സമാധിയാം വൈശ്യൻ ഞാനറിഞ്ഞാലും
സംഖ്യയില്ലാതെ ധനമുണ്ടു മൽഗൃഹത്തിങ്കൽ \4\0


അർത്ഥലോഭികളായ പുത്രദാരാദികളാ-
ലത്യർത്ഥം നിരർത്ഥനായ് ദുഃഖിച്ചു പുറപ്പെട്ടേൻ


അവർക്കു കുശലമോ കുശലമല്ലെന്നോ താൻ
പ്രവൃത്തിയെന്തെന്നെല്ലാമേതുമൊന്നറിഞ്ഞീല


സസദ്വൃത്തന്മാരോ മറ്റു ദുർവൃത്തന്മാരോ മമ
ഒപുത്രന്മാരെന്നുമറിഞ്ഞീല ഞാനിവയെല്ലാം


ചിത്തത്തിൽ നിരൂപിച്ചു ദുഃഖമെന്നതു കേട്ടു
പൃത്ഥ്വീപാലനും വൈശ്യൻ തന്നോടു ചോദ്യം ചെയ്താൻ


ലുബ്ദന്മാരായ തവ പുത്രദാരാദികളാൽ
ത്യക്തനാകിയ ഭവാനവരെക്കുറിച്ചുള്ളിൽ


പിന്നെയും സ്നേഹം വർദ്ധിച്ചീടുവാനെന്തുമൂലം
നന്നു നന്നിതുപാർത്താലെത്രയും ചിത്രം ചിത്രം


എന്നതുകേട്ടു വൈശ്യൻ ഭൂപതിയോടു ചൊന്നാ-
നെന്നുടെ മനസ്സിലുമുണ്ടതു സത്യം തന്നെ


എന്തു ചെയ്‌വതു മമ മാനസിങ്കലൊട്ടും
ചിന്തിച്ചാലുറപ്പുണ്ടാകുന്നില്ല കഷ്ടം കഷ്ടം


സ്നേഹമില്ലാത്ത പുത്രദാരാദി ബന്ധുക്കളിൽ
സ്നേഹം വേർപെടുന്നീല മാനസത്തിങ്കലൊട്ടും \5\0


ഗുണമില്ലാത്ത വിഷയങ്ങളനുദിനം
പ്രണയം ഭവിപ്പതെന്തു കാരണമോർത്താൽ


ഇങ്ങനെ പറഞ്ഞൊരു വൈശ്യനും ഭൂപാലനും
തങ്ങളിലൊരുമിച്ചു താപസൻ തന്നെച്ചെന്നു.


വന്ദിച്ചു നിന്ന നേരം താപസപ്രവരരും
വന്ദിച്ചു സൽക്കാരം ചെയ്തിരുത്തി യഥായോഗ്യം


സൽക്കദകലും പറഞ്ഞിരുത്തിയിരുന്നപ്പോൾ
മുഖ്യനാം നൃപശ്രേഷ്ഠൻ വന്ദിച്ചു ചോദ്യം ചെയ്താൻ


ഭഗവൻ! തപോനിധേ! ൻഇന്തിരുവടിയോടു
സുഖമേ ധരിപ്പാനായൊന്നുണ്ടൂ ചോദിക്കുന്നു


പുത്രഭൃത്യാദിജനം രാജ്യഭണ്ഡാരാദികൾ
സത്വരമടക്കിക്കൊണ്ടെന്നെയുമുപേക്ഷിച്ചാർ


എന്നാലുമവർകളിൽ സ്നേഹവും മമത്വവും
പിന്നെയും വളരുവാനെന്തുകാരണം മുനേ!


വൈശ്യനാമിവനുമെന്നെപ്പോലെ പുത്രന്മാരാൽ
ദ്വേഷ്യനായ് നിരസ്തനായ്ച്ചമഞ്ഞാനിതുകാലം


നന്ദനന്മാരിലേറെ സ്നേഹവും വാത്സല്യവും
മന്ദിരധനാദിയിലുള്ളൊരും മമത്വവും


വർദ്ധിച്ചു ദുഃഖം പെരുതാകുന്നിതിവന്നുമെൻ
ചിത്തകാമ്പിലും ദുഃഖമെത്രയും പെരുകുന്നു \6\0


ജ്ഞാമുണ്ടെന്നാകിലുമീദൃശമിരുവർക്കും
മാനസേ മൂഢത്വമുണ്ടാവതിനെന്തുമൂലം


സന്താപം വർദ്ധിപ്പിക്കുമജ്ഞാനമകലുവാൻ
നിന്തിരുവടിയരുൾ ചെയ്യണം തത്വജ്ഞാനം


ഇത്ഥം ഭൂപതിയുടെ ചോദ്യം കേട്ടതുനേരം
തത്വജ്ഞനായ മുനിശ്രേഷ്ഠനുമരുൾ ചെയ്തു


സർവജന്തുക്കളുക്കുമുണ്ടോർക്കുമ്പോൾ ജ്ഞാനം പുന-
രവ്വണ്ണമ്മുള്ളിൽ ജ്ഞാനം മാനുഷർക്കില്ലാ നൂനം


വെവ്വേറെ ജന്തുക്കൾക്കു വിഷയങ്ങളുമുണ്ടു
ദുർവ്വാരമതു മഹൽജ്ഞാനികളാലുമോർത്താൽ


കേചിൽപ്രാണികൾ ദിനാന്ധങ്ങളായുള്ളു ഭുവി
കേചിൽപ്രാണികളെല്ലാം രാത്രിയിലന്ധങ്ങളാം


തുല്യദൃഷ്ടികൾ മനുജന്മാരെന്നല്ലോ ചൊൽവൂ
സത്യമല്ലതു നിരൂപിച്ചാൽ കേവലം ജ്ഞാനം


ചിത്തത്തിൽ പശുപക്ഷി മൃഗജാതികൾക്കത്രേ
പക്ഷികൾ മുട്ടയിട്ടു പട്ടിണിയിട്ടു കിട-
ന്നൊക്കവേ കൊത്തിപ്പിരിച്ചരികേ ചേർത്തുകൊണ്ട്


പക്ഷങ്ങൾ തോറും പ്അറക്കുവാൻ പഠിച്ചുവളർക്കയാ-
ലേതുമേ മമത്വമില്ലവറ്റിലൊട്ടും പിന്നെ \7\0


മർത്യന്മാർ പുത്രന്മാരിൽ പ്രത്യുപകാരം ചിന്തി-
ച്ചെത്രയും മോഹിക്കുന്നൊരജ്ഞാനം നിമിത്തമായ്


സൃഷ്ടിപാലനമൂലമായ തൻ പ്രഭാവത്തിൽ
പുഷ്ടമോഹേന നൃണന്മജ്ഞാനം ഭവിക്കുന്നു


ദേവദേവേശനുടെ യോഗനിദ്രയായീടും
ദേവിതൻ പ്രഭാവമത്യത്ഭുതമല്ലോ പാർത്താൽ


മാധവനുടെ മാഹാമായ തൻപ്രഭാവത്താൽ
ചേതനാരൂപ ജഗത്തൊക്കവേമഓഹിപ്പിപ്പൂ


വിദ്യാരൂപിണിയായ വിഷ്ണുതൻ മാഹാമായ
ഭക്തന്മാർക്കെല്ലാം മുക്തി കൊടുക്കുന്നിതു നൂനം


സർഗ്ഗപാലനസംഹാരങ്ങൾ ചെയ്തിടുന്നതും
സ്വർഗ്ഗാപവർഗ്ഗങ്ങളെദ്ദാനം ചെയ്തിടുന്നതും


ഭക്തിമുക്തികൾ നൽകീടുന്നതും നാരായണ-
ശക്തിയാം മഹാമായദേവിയെന്നതറിഞ്ഞാലും


അതുകേട്ടൊരു നൃപൻ പിന്നെയും ചോദ്യം ചെയ്താൻ
മുദിതാത്മാവാം മുനിശ്രേഷ്ഠനോടതുനേരം


മാധവനുടെ യോഗനിദ്രയാം മഹാമായ
ബോധരൂപിണിയായ ദേവിയെങ്ങനെയുള്ളൂ?


യാതോരേയടത്തുനിന്നുണ്ടായിതു മായാദേവി
യാതൊരു ജാതിരൂപം യാതൊരു ജാതിനാമം?
യാതൊരു ജാതിശീലം യാതൊരു ജാതികർമ്മം? \8\0


എന്നിവയെല്ലാമെനിക്കറിയാൻ തക്കവണ്ണ-
മൊന്നൊഴിതാതെയരുൾചെയ്യണം ദയാനിധേ!


ഭൂപതിയുടെ ചോദ്യം കേട്ടു സന്തോഷം പൂണ്ടു
താപസപ്രവരനുമരുളിചെയ്തീടിനാന


വിഷ്ണുമായാദേവി തന്നുത്ഭവാദികളെല്ലാം
വിഷ്ണുമുഖ്യന്മരാലുമറിഞ്ഞുകൂടായല്ലോ


പരബ്രഹ്മവും മഹാമായയുമതുപോലെ
അറിഞ്ഞുകൂടാത്ത വസ്തുക്കളെന്നറിഞ്ഞാലും


ആദ്യന്തം ബ്രഹ്മത്തിനും മായയ്ക്കുമില്ലാരാലും
വേദ്രവുമില്ല നിത്യമായുള്ള വസ്തുവത്രേ


ചദ്രനും ചന്ദ്രികയുമെന്നതുപോലെ പുന-
രൊന്നത്രേവിചാരിച്ചു കാൺകിലെന്നറിഞ്ഞാലും


രൂപനാമങ്ങളംഗീകരിച്ചു കാര്യാർത്ഥമായ്
ഭൂപതേ കേട്ടുകൊൾക തൻപ്രകാരങ്ങളെല്ലാം


കല്പാന്തേ ലോകമേകാർണ്ണവമായ്ച്ചമഞ്ഞനാൾ
സർപ്പന്ദ്രേതല്പേ വിഷ്ണു യോഗനിദ്രയും പൂണ്ടു


തല്കാലേ വിഷ്ണുകർണ്ണമലസംഭൂതന്മാരായ്
വിഷ്യാതന്മാരാം മധികൈഭടന്മാരെന്നുപേർ


രണ്ടസുരന്മാരുണ്ടായ് വന്നവരിരുവരും
കണ്ടിതു നാഭികമലത്തിങ്കലിരുന്നീടും \9\0


ബ്രഹ്മാവുതന്നെയപ്പോൾ കൊല്ലുവാനടുത്തിതു
സമ്മോഹം പൂണ്ടു ഭയംകൊണ്ടൂ പത്മാസനനും


ലോകനായകനുണ്ടരാഞ്ഞുടൻ വിരിഞ്ചനും
യോഗനിദ്രയെ സ്തുതിച്ചീടിനാൻ ഭക്തിയോടെ


നിന്തിരുവടിയല്ലോ ലോകത്തെ സൃഷ്ടീച്ചുടൻ
സന്തതം രക്ഷിച്ചു സംഹരിച്ചീടുന്നതോർത്താൽ

നിന്തിരുവടി ജഗത്തൊക്കവേ ധരിപ്പതും
ചിന്തിച്ചാലറിഞ്ഞുകൂടാത്തൊരു മഹാമായ


സന്ധ്യയും സാവിത്രിയും വേദമാതാവും നീയേ
ബന്ധമോക്ഷങ്ങൾ നൽകീടുന്നതും നീതാനല്ലോ


ത്രിഗുണാത്മികയാകും പ്രകൃതിയാകുന്നതും
സകലേശ്വരി മഹാവിദ്യയായീടുന്നതും


ശ്രുതിയായതും മഹാമേധയായീടുന്നതും
സ്മൃതിയായീടുന്നതും നിന്തിരുവടിയല്ലോ


കാളരാത്രിയും മഹാരാത്രിയും മോഹരാത്രി
കാളിയും ശ്രീദേവിയും നിന്തിരുവറിയല്ലോ


ബുദ്ധിയായതും നീയേ ലജ്ജയായതും നീയേ
ശക്തിയായതും നീയേ മുക്തിയായതും നീയേ


പുഷ്ടിയായതും നീയേ തുഷ്ടിയായതും നീയേ
ഭുക്തിയായതും നീയേ മുക്തിയായതും നീയേ \1\0\0


ഖഡ്ഗിനിയാകുന്നതും ശൂലിനിയാകുന്നതും
ചക്രിണിയാകുന്നതും ശംഖിനിയാകുന്നതും


ഗദിനിയാകുന്നതും ചാപിനിയാകുന്നതും
മുസൃണ്ഠീബാണപരിഘായുധയാകുന്നതും സൗമ്യയാകുന്നതും ഘോരയായീടുന്നതും
കാമ്യാംഗിയായ ദേവി നിതിരുവടിയല്ലോ


ശൗരിയീശാനൻ ഞാനുംനിന്തിരുവടിയുടെ
കാരുണ്യം കൊണ്ടുണ്ടായ മൂർത്തീഭേദങ്ങളല്ലോ


നിന്തിരുവടിയുടെ ഗുണങ്ങളാധാരമായ്
സന്തതം സൃഷ്ടിസ്ഥിതിസംഹാരം ചെയ്‌വാനായി


അങ്ങനെമരുവുന്ന നിന്തിരുവറിതന്നെ
യെങ്ങനെ സ്തുതിക്കുന്നു ശക്തിയില്ലതിനാർക്കും


മോഹിപ്പിക്കണം മധുകൈടഭന്മാരെയിപ്പോൾ
മോഹത്തെ നീക്കി ജഗത്സ്വാമിയേയുണർത്തണം


ഭാവത്തെ കൊടുക്കണമിവരെ വധം ചെയ്‌വാൻ
ദേവിക്കു നമസ്കാരം മറ്റൊരാധാരമില്ല


ഇത്ഥത്താവുതന്നാൽ സ്റ്റ്ഹുതിക്കപ്പെട്ട ദേവി
ചിത്തകാരുണ്യം പൂണ്ടു സന്തുഷ്ടയായനേരം


നേത്രാസ്യനാസാവാഹുഹൃദയവക്ഷോദേശാൽ
സത്വരം വേർവിട്ടു നിന്നരുളീടിനനേരം \1\1\0


വേധാവുംന്മായാദേവിതന്നെക്കണ്ടാനന്ദിച്ചാൻ
നാഥനുമുണ്ടർന്നെഴുന്നേറ്റിരുന്നരുളിനാൻ


ധാതാവുതന്നെക്കൊൽവാൻ മധുകൈടഭന്മാരും
ക്രോധം പൂണ്ടടുക്കുമ്പോൾ കാണായി മുകുന്ദനും


വീര്യമത്തന്മറായോരസുരന്മാരോടോതി
ഘോരമാംവണ്ണം യുദ്ധം തുടങ്ങി ഭഗവാനും


വേഗമോടയ്യായിരം ദിവ്യവത്സരം കാലം
ലാഘവം വന്നീടാതെ യുദ്ധം ചെയ്തൊരു ശേഷം


മായാമോഹിതന്മാരും മധുകൈഭടന്മാരും
നീയിനി ഞങ്ങളോടു വരംവാങ്ങിക്കൊൾകെന്നാർ


എന്നതു കേട്ടു നാഥനവരോടപേക്ഷിച്ചാ-
നെന്നാലെ വധ്യന്മാരായ് വന്നീടവേണം നിങ്ങൾ


മറ്റൊരു വരം വേണ്ടാ നിങ്ങളോടെന്നു കേട്ടു
മുറ്റും വഞ്ചിതന്മാരാമസുരന്മാരുമപ്പോൾ


എന്തൊരു കഴിവുകൊള്ളാവതെന്നകതാരിൽ
ചിന്തിച്ചു ഭഗവാനോടവരുമുരചെയ്താർ


യുദ്ധവൈദഗ്ദ്യംകണ്ടു സന്തുഷ്ടന്മാരായ് ഞങ്ങൾ
മൃത്യുവന്നീടുന്നതുമെത്രയും ശ്ലാഘ്യം നിന്നാൽ


വെള്ളത്തിൽ നിന്നു കൊന്നീടരുതുഭവാനെന്നാ-
ലുള്ളിലില്ലൊരുഭയം ഞങ്ങൾക്കെന്നറിഞ്ഞാലും \1\2\0


എന്നതു കേട്ടു നാഥനങ്ങനെതന്നെയെന്നു
തന്നുടെതുടതന്മേൽ വച്ചവരുടെ തല


ചക്രത്താൽ ഛേദിച്ചതു കണ്ടൊരു വിരിഞ്ചനു-
മുൾക്കുരുന്നിങ്കൽ ഭയം തീർന്നു സന്തുഷ്ടനായാൻ


മധുകൈഭടന്മാർ തന്നുടെ മേദസ്സുകൊണ്ടു
പൃഥീവീതലത്തെയും നിർമ്മിച്ചാൻ ജഗന്നാഥൻ


മേദിനിയെന്നു നാമമതിനാലുണ്ടായിതു
ഭൂതധാത്രിക്കുമെന്നു ധരിക്ക നൃപോത്തമ


ഏവം ബ്രഹ്മാവാൽ സ്തുതിക്കപ്പെട്ട മഹാമായാ-
ദേവിയും സമുല്പന്നയായിറ്റ്ഹെന്നറിഞ്ഞാലും


ദേവിതൻ പ്രഭാവത്തെച്ചൊല്ലുവനിനിയും ഞാൻ
സാവധാനാത്മക്കളായ്ക്കേട്ടുകൊള്ളുവിൻ നിങ്ങൾ


താപസപ്രവരനുമീവണ്ണമരുൾചെയ്തു
ഭൂപതി സുരഥനും വശ്യനും പ്രീതിപൂണ്ടാർ


“ദേവീമാഹാത്മ്യം” പ്രഥമാദ്ധ്യായം കഴിഞ്ഞിതു
പാവനബുദ്ധ്യാ പറഞ്ഞീടുവൻ കേട്ടുകൊൾവിൻ        \1\2\9