ദേവീമാഹാത്മ്യം കിളിപ്പാട്ട്/പന്ത്രണ്ടാം അദ്ധ്യായം

പന്ത്രണ്ടാം അദ്ധ്യായം

ദേവി കനിഞ്ഞരുളിച്ചെയ്തു പിന്നെയും
\0\1 ഏവമെന്നെ സ്തുതിച്ചീടുന്നവന്നു ഞാൻ

സർവ്വനാശങ്ങളും തീർത്തുടൻ പാലിച്ചു
ദിവ്യഭോഗങ്ങളെല്ലാം കൊടുത്തീടുവൻ

ഭക്ത്യാ മധുകൈടഭന്മാരുടെ വധം
ദൈത്യാധിപനാം മഹിഷാസുരവധം

സുംഭനിസുംഭാസുരന്മാരുടെ വധ-
മൻപോടു കീർത്തിപ്പവർക്കു വിശേഷിച്ചും

അഷ്ടമിനാളും നവമിനാളും തഥാ
പുഷ്ടമാം ഭക്ത്യാ ചതുർദ്ദശി നാളുമേ

മാഹാത്മ്യമുച്ചരിക്കുന്ന ജനങ്ങൾക്കു
മോഹവും ദുഷ്കൃതവും കളഞ്ഞീടുവൻ

ദുഷ്കൃതോദ്ഭൂതങ്ങളാകുമാപത്തുക-
ളൊക്കെക്കളഞ്ഞു രക്ഷിച്ചീടുവനല്ലോ

ദാരിദ്രവും പുനരിഷ്ടവിയോഗവും
വൈരീഭയം ദസ്യുപീഡാ നൃപഭയം

ശസ്ത്രാനലതോയഭീതിയും നീക്കുവാൻ
നിത്യം പഠിതവ്യമസ്മൽ ചരിതങ്ങൾ

കേൾക്കുമവർക്കുമകലുമാപത്തുകൾ \1\0
പോക്കും മഹാമായയാലുണ്ടായീടുന്ന

ഘോരങ്ങളാമുപസർഗ്ഗങ്ങളും നൃണാം
തീരുമാധിത്രയോൽഭൂതഭയങ്ങളും

പൂർണ്ണഭക്ത്യാ മൽഗൃഹേ പഠിച്ചീടുകൽ
സാന്നിധ്യവും തത്ര സുസ്ഥിരമായ് വരും

പൂജാബലി പ്രദേനേ മദീയോത്സവേ
ഭോജനേ ഭൂസുരാണാം മൽചരിതങ്ങൾ

ചൊല്ലുകിലും മുദ്രാ കേട്ടുകൊണ്ടീടിലു-
മെല്ലാം വഴിയേ പരിഗ്രഹിച്ചീടുവൻ

ഉല്പത്തിഭേദവും മാഹാത്മ്യവും മമ
ശില്പമായ് ചൊൽകയും കേൾക്കയും ചെയ്യുന്ന

സൽപുരുഷന്മാർക്കുമഭ്യുദയം വരു-
മൽപകാലേന ലഭിക്കു മഭീഷ്ടവും

ദുഃസ്വപ്ന ദർശനം സുസ്വപ്നമായ്‌വരും
സത്സഭായം ബഹുപൂജ്യനായും വരും

ബാലഗ്രഹപീഡ തീർന്നു തെളിഞ്ഞീടും
ബാലകന്മാരും മമ പ്രസാദത്തിനാൽ

മർത്യജനങ്ങൾക്കു സംഘാതഭേദേഷു
മൈത്രീകരണയായ് വന്നുകൂടും ദൃഢം

ഭൂതപിശാചരക്ഷോജാതികൾക്കെല്ലാം \2\0
ഭീതികരം ചരിതശ്രവണം പരം

യുദ്ധേ മദീയപരാക്രമണം കേൾക്കിലോ
ശത്രുകൃതഭയമുണ്ടാകയില്ലല്ലോ


കാട്ടിലകപ്പെട്ടുഴന്നുവെന്നാകിലും
കാട്ടുതീചുറ്റി ചുട്ടെന്നുവരികിലും

കാട്ടാനപാഞ്ഞടുക്കുന്നുവെന്നാകിലും
കോട്ടയിലാക്കി ബന്ധിച്ചു കിടക്കിലും

രാജാവും കൊല്ലുവാനായ് നിയോഗിക്കിലു-
മാജിയിൽ ശത്രുക്കൾ ചുറ്റും വളകിലും

വാതേന ചൂർണ്ണിയായ് വളഞ്ഞീടിലും
പോതേ മഹാർണ്ണവേ ഭീതനായീടിലും

ശത്രു പ്രയുക്തമാം ശസ്ത്രമേറ്റീടിലും
നിത്യവും വ്യാധിയാൽ പീഡിതനാകിലും

സർപ്പസിംഹവ്യാഘ്ര ദുഷ്ടജന്തുക്കളും
മൽപ്രസാദാകലെപ്പോയൊളിച്ചിടും

എന്നുവേണ്ടാ സർവ്വസങ്കടത്തിങ്കലും
നന്നായ്‌പരിപാലനം ചെയ്തുകൊള്ളുവൻ

ദേവവൃന്ദത്തോടീവണ്ണമരുൾചെയ്തു
ദേവകൾ കണ്ടിരിക്കേ മറഞ്ഞീടിനാൾ

വൃന്ദാരകന്മാർ തെളിഞ്ഞു നിജ നിജ \3\0
മന്ദിരം പൂക്കു സുഖിച്ചു മരുവിനാർ
സുംഭനിസുംഭാസുരന്മാരെ വിഗ്രഹേ
അമ്പോടു ദേവി വധിച്ചോരനന്തരം

ശേഷിച്ചസുരകൾ ദേവിയെപ്പേടിച്ചു
ശേഷാലയം പ്രവേശിച്ചിരുന്നീടിനാർ

ഏവം മഹാവിഷ്ണുമായാഭഗവതി
ദേവി ജഗൽപരിപാലനം ചെയ്‌വതും
വിശ്വമെല്ലാം പ്രസരിക്കുന്നതുമവൾ

വിശ്വമാതാവായ ദേവി നിസ്സംശയം
വിശ്വമെല്ലാടവും തിങ്ങി വിളങ്ങീട്ടു
വിജ്ഞാന മുക്തി സിദ്ധ്യാദി നൽകീടുന്നു

ദ്വാദശാദ്ധ്യായമിവിടെക്കഴിഞ്ഞിതു
മോദേന കേട്ടുകൊണ്ടാലും നൃപോത്തമ! \3\6