ദേവീസ്തവം

രചന:ശ്രീനാരായണഗുരു
1887 - 97 കാലഘട്ടത്തിൽ എഴുതപ്പെട്ട സ്തോത്രം.


തിരുമേനി നിന്നവയവങ്ങളൂഴിന്നു മുൻ
മൊഴിയുന്നതെന്നി മുനികൾക്കുമെന്നംബികേ!
കഴിവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നിൻ
മൊഴി വന്നു മൗനനിലയായ് മുഴങ്ങുന്നിതാ!        1

ഇതുകൊണ്ടു കണ്ടതിലൊരുത്തി നീയെന്നുമീ
മതിമണ്ഡലത്തൊടു മറുത്തു മറ്റൊന്നിലും
കുതികൊണ്ടു ചാടി വലയാതെകണ്ടങ്ങു നിൻ
പാദതാരടുത്തു പദമൂന്നി പൊന്നിൻകനീ!        2

കണികാണുമിക്കനകമോടു കാർവേണി മൺ-
പണികാനൽനീരുനികരെന്നു പാടുന്നിതാ
പിണിയാറുമാറു പിരിയാതെ പേണുന്ന നിൻ
മണിമേനിതന്നിലണയുന്നതിന്നൂതു നീ!        3

ധുനി ചൂടുമയ്യനു തുണയ്ക്കു തോന്നുന്ന നീ
മുനിമൗലിതന്നിലെഴുനള്ളി മൂളുന്നതും
പനിയുണ്ടിടും കൃമി തുടങ്ങി മറ്റൊക്കെ നി-
ന്നിനമെന്നതും നിലയിലൂതി നിന്നീടു നീ!        4

ഇടയില്ലെനിക്കിടയിലിന്നു കാണുന്നൊരി-
പ്പൊടികൊണ്ടു മൂടുമുടലിന്നു പൊന്നംബികേ!
തടവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നി-
ന്നുടലൊന്നു തന്നിനിയുമൂതു മാണിക്യമേ!        5

കമരും ചെവിക്കുമതുമല്ല കണ്ണിന്നു തൊ-
ട്ടമരുന്നതിന്നുമൊരു മൗലിയെന്നല്ല നീ
അമരം തുഴഞ്ഞിതിലിരുന്നുയർന്നങ്ങു വ-
ന്നമരുന്നതിന്നരുളുമാമതൂതിന്നിയും!        6

ഇനി നിന്റെ മൗലിയിലെഴുന്നിടും പൂനിലാ-
വിനുമങ്ങു നിന്നു വിളയുന്ന വെണ്ണീറിനും
കനലിന്നു നീരിനു മണത്തിനെന്നല്ല നി-
ന്നിനമിങ്ങു കണ്ടതതിനൊക്കെയും കൈതൊഴാം.        7

തൊഴുമെന്നെയങ്ങുവിളി,യിങ്ങുനിന്നാഴിയിൽ
തുഴയുന്നെനിക്കു തുണയില്ല നീയെന്നിയേ
അഴലിങ്കലിട്ട മെഴുകല്ല, നെയ്യെൻ മനം
കുഴയുന്നിതങ്ങു കുഴലൂതു കാർകൊണ്ടലേ!        8

അല പൊങ്ങിവന്നു നുര തള്ളിയുള്ളാഴി നി-
ന്നലയുന്നു പെൺകുതിരയല്ലി മല്ലിന്നു നീ!
നിലപെറ്റു നിന്നിതു നുറുക്കി നീരാടു നീ-
രലയുന്നതില്ല, തണലെന്നറിഞ്ഞൂതു നീ!        9

ഫലശ്രുതി

ഇതു പഥ്യവൃത്തമിടരില്ല പാടുന്നവർ-
ക്കിതിനിന്നു നിന്നടിയെടുത്തു തന്നീടു നീ

"https://ml.wikisource.org/w/index.php?title=ദേവീസ്തവം&oldid=51984" എന്ന താളിൽനിന്ന് ശേഖരിച്ചത്