ദൈവാത്മാവു യേശുവിനെ
ആത്മ നിറവിൻ ഗീതങ്ങൾ
ദൈവാത്മാവു യേശുവിനെ വിശ്വാസിയിൽ
മഹത്വപ്പെടുത്തുന്നതു
പല്ലവി
വേഗമെന്നകമതിൽ-വാ വിശുദ്ധാത്മനേ
ബഹുനാൾ ഞാൻ നിന്നെ-പുറത്തു തള്ളിയയ്യോ
ചരണങ്ങൾ
വന്നെന്നകമേ-കുടി പാർക്കണമെ
എന്നും സാന്നിദ്ധ്യം-നിറഞ്ഞു വിലസണം
ക്രൂശിൽ മരിച്ച-ഈശനെ വഹിച്ചു
ആശുവന്നെന്നുള്ളീൽ- ആവസിക്കേണമെ
ഉയിർത്തെഴുനീറ്റ-പുരുഷോത്തമനെ
ഉള്ളത്തിലെൻ ജീവ-ശക്തിയാക്കീടുക
മഹിമാസനത്തിൽ-വാഴും മഹേശൻ
മഹിമയോടെന്നുളളിൽ-വാണരുളീടേണം
തേജോമയനാം-മനുനന്ദനനെ
ചേതസ്സിലെന്നും-പതിച്ചീടുവാനായി
ദേവശുദ്ധാത്മനേ-ആവസിക്ക എന്റെ
ജീവനിലേശുവിൻ-ഭംഗിവിളങ്ങുവാൻ
യേശുവിൻ ജീവൻ-മമ ജീവനിൽ പ്ര-
കാശിച്ചീടുവാൻ-തുണക്കുക ദേവ-
പരിശുദ്ധനെന്നിൽ-വാസം ചെയ്തീടിലോ
പരിശുദ്ധജീവൻ സാദ്ധ്യമതാകുമെ-
വാക് മനോകായം-ഒക്കെയൊന്നാകവെ
സാക്ഷി ചൊല്ലീടേണം-രക്ഷകനെ സദാ