നാഥൻ വരവിന്നായ് ഉണർന്നീടുവിൻ


നാഥൻ വരവിന്നായ് ഉണർന്നീടുവിൻ

രചന:സാധു കൊച്ചുകുഞ്ഞുപദേശി


നാഥൻ വരവിന്നായ് ഉണർന്നീടുവിൻ
അന്ത്യ നാളിൽ വാനിൽ വരും യേശു
നാഥൻ വരവിന്നായ് ഉണർന്നീടുവിൻ

ലക്ഷങ്ങളിലുത്തമനാമെന്റെ പ്രിയ മണവാളൻ
ലക്ഷണങ്ങൾ തികഞ്ഞുള്ള തന്റെ പ്രിയയെ കാണാനായി
മോക്ഷമാർഗ്ഗേ വാഹനത്തിൽ കോടിദൂതസേനയുമായി
ഇക്ഷണത്തിൽ വരുന്നവാൻ തുള്ളിച്ചാടി മാനിനെപ്പോൽ

മുമ്പ് തന്റെ വരവിനാൽ ലോകത്തെ താൻ രക്ഷിച്ചു
ഇമ്പമേറും പറുദീസിൻ വാതിലുകൾ തുറന്നു
തുമ്പമെന്യേ സ്വന്തനാട്ടിലെന്നെന്നേക്കും വാഴാനായി
അന്പു നിറഞ്ഞേശുപരനാടിപ്പാടി വരുന്നു.

എണ്ണയില്ലാക്കന്യകമാരെണ്ണമില്ലാതുണ്ടിപ്പോൾ
എണ്ണ വാങ്ങി വരാനായിട്ടെല്ലാവരു മൊരുങ്ങിൻ
എണ്ണയില്ലാതുള്ള കാലം ഖിന്നരായി തീരാതെ
കണ്ണുനീരോടെന്നെന്നേക്കും നിന്ദ്യരായിപ്പോകാതെ

കഷ്ടമയ്യോ കഷ്ടം തന്നെ ദുഷ്ടന്മാർക്കുള്ളോഹരി
ദുഷ്ടനാകും സേറ്റനേപ്പോലഗ്നികൂപമവർക്കു
ദുഷ്ടന്മാരേ പാപം എല്ലാം തള്ളി ഓടി വരുവിൻ
ശിഷ്ടരായിട്ടേശു പാദം മുത്തം ചെയ്തു കരവിൻ

ശത്രുത പൂണ്ടെത്ര പേരിന്നിക്ഷിതിയിൽ വാഴുന്നു
ശത്രുക്കളെ സംഹരിപ്പാൻ യേശു രാജൻ വരുന്നു.
വ്യർത്ഥഭക്തരായവരും കൂടിക്കൂടി വരുന്നു.
കർത്തനേശു വരുന്നതാ സർവ്വരേയും വിധിപ്പാൻ

പാതിരാവിൽ മണവാളന്റാർപ്പുവിളി കേൾക്കും നാം
കർത്താ തന്നെ ആർത്തുകൊണ്ടു ദൂതർ മഹാ ശബ്ദത്തോടും
കാത്തിരിക്കും സഭയ്ക്കായി മദ്ധ്യവാനിൽ വരുന്നു.
ആർത്തിയെല്ലാം തീർത്തവൾക്കുള്ളാശ്വാസങ്ങൾ നൽകുന്നു

ഞാനുമെന്റെ പ്രിയനും കൂടാനന്ദമായി വസിപ്പാൻ
താനെനിക്കു സ്വർദേശം ദാനമായി തന്നല്ലോ
ഞാനുലകിലെത്രകാലം ബാഖാ ഖേദം കണ്ടാലും
ഞാനതെല്ലാം മറക്കുന്ന ഭാഗ്യകാലം വരുന്നു.