അവസാനഗാനവും പാടിത്തീർത്തി-
ട്ടവിടേക്കിതാ വരുന്നു, ദേവ!
കമനീയരൂപൻ ഭവാനിരിക്കും
കനകസിംഹാസന സന്നിധിയിൽ
അണിയണിയായോരോരോ ഗായകന്മാർ
മണിവീണ മീട്ടിയിരുന്നിടുമ്പോൾ,
ഇരുവശം ചേടിമാർ നിന്നു മന്ദ-
മരിയ വെൺചാമരം വീശിടുമ്പോൾ,
പുറകിലായ് നിന്നു രണ്ടാലവട്ടം
പുരടാഭയെങ്ങും വിതറിടുമ്പോൾ,-
സവിധത്തിലഞ്ജലീബദ്ധരായി-
സ്സചിവന്മാർ വന്ദിച്ചു നിന്നിടുമ്പോൾ
.........
.........
...............
തവ മണിമേടതൻ ഗാപുരത്തിൽ-
ത്തനിയേയിഭിക്ഷുണി വന്നുനിന്നാൽ,
അവിടെ നിന്മുന്നിലണഞ്ഞുകൊൾവാ-
നനുമതിയന്നെനിക്കാരു നൽകും?
തവ ദർശനോത്സുകമെന്റെ ചിത്തം
തകരുന്ന വാസ്തവമാരറിയും?
അവിടെ നിൻ ഗാപുരദ്വാരപാല-
രരുതരുതെന്നു വിലക്കിയാലും,
അവസാനഗാനവും പാടിത്തീർന്നാ-
ലവിടേയ്ക്കു ഞാനുടൻ പോരും നാഥാ!

ഒരുപോലഗ്ഗായകരാകമാനം
പരമാത്ഭുതാവേശസ്തബ്ധരാകെ,
കനകസിംഹാസനത്തിങ്കൽനിന്നും,
കലിതാനുമോദമെണീറ്റു വേഗം,
അവിടേയ്ക്കു മന്ദമണയുമെന്നെ-
യവിതർക്കമങ്ങെതിരേറ്റശേഷം,
അരികിലസ്സിംഹാസനത്തിലെന്നെ-
പ്പരിചിലിരുത്തിക്കുശലമോതും!
ഉടനസ്സദസ്സു പിരിച്ചയച്ചി-
ട്ടുദിതകൗതൂഹലം മന്ദം മന്ദം,
നിരവധി ചുംബനപ്പൂക്കളാലെൻ
നിറുകയിലങ്ങൊരു മാല ചാർത്തും.
അതിദിവ്യമാകുമസ്സന്മുഹൂർത്തം
അണയുവാനാശിച്ചു ഞാൻ ഭജിപ്പൂ!
അവസാനഗാനവുമിങ്ങു വർഷി-
ച്ചവിടെ വന്നെത്താം ഞാൻ ജീവനാഥാ!