അഭിലാഷം

മന്ദസ്മിതത്തിൻ ശകലങ്ങളാലൊരു
സുന്ദരമാല്യം രചിച്ചിതെങ്കിൽ!
ചന്ദ്രികകൊണ്ടൊരു കേളീതടാകത്തിൽ
മന്ദസമീരണവീചികളിൽ,
ഓരോ സഖികളാം മിന്നൽക്കൊടികളായ്
നീരാടി നീന്തിക്കളിച്ചുവെങ്കിൽ!
ചുംബനംകൊണ്ടൊരു പൂമ്പട്ടുനെയ്തെടു
ത്തൻപിലെന്മെയ്യിലണിഞ്ഞിതെങ്കിൽ!
നർമ്മസല്ലാപസുരഭിലമാമൊരു
നന്മലർമെത്തയിലാത്തരാഗം,
സങ്കൽപനായികതന്മടിത്തട്ടിലി-
ന്നെന്തലചാച്ചൊന്നുറങ്ങിയെങ്കിൽ!-
ആനന്ദസ്വപ്നങ്ങൾകൊണ്ടൊരു നൂതന-
സൂചനികുഞ്ജം ചമച്ചതിങ്കൽ
ഓമലോടൊത്തിരുന്നോരോരോ നിർമ്മല-
പ്രേമകഥകൾ പറഞ്ഞു വെങ്കിൽ!
താരകപ്പൂക്കളിറുത്തെടുത്തോമലിൻ
വാരണിക്കാറെതിർകുന്തളത്തിൽ
ചൂടിച്ചു ചൂടിച്ചൊരോടക്കുഴലുമായ്
വാടികൾതോറുമലഞ്ഞിതെങ്കിൽ!

മാമകജീവിതമഞ്ജുഷികയ്ക്കക-
ത്തീവിധം പുഷ്പങ്ങളെത്ര കാണും!
സദ്രസം ഞാനതു കാഴ്ചവെയ്ക്കുമ്പോഴെൻ
മൃത്യുവും മന്ദഹസിക്കയില്ലേ?

"https://ml.wikisource.org/w/index.php?title=നിർവ്വാണമണ്ഡലം/അഭിലാഷം&oldid=36493" എന്ന താളിൽനിന്ന് ശേഖരിച്ചത്