(ഹരീന്ദ്രനാഥചതോപാദ്ധ്യായ)

പ്രതിരോധവിമുഖരായ് വിൽക്കപ്പെടുമെന്നൊരോമൽ
പ്രതിമായ്ഹ്രപ്രതീക്ഷയിൽ നിമഗ്നരായി
മൺപാത്രങ്ങൾ നമ്മൾ വഴിവക്കിൽ നിരന്നിക്കുലാല-
മന്ദിരത്തിൻ വെളിയിലൊതുങ്ങിനിൽപ്പൂ.
ചെമ്പൊൽക്കനൽക്കതിരണിത്തുടുമേഘനിബിഡിത-
സമ്പന്നശ്രീ കളിയാടും സദസ്സിങ്കീഴിൽ.

ഭാഷയൊന്നുമില്ലാ നമുക്കെങ്കിലും, നമുക്കൊരുഗ-
ദ്വേഷപൂർണ്ണമാം വെറുപ്പുതോന്നുന്നു മേന്മേൽ.
അത്രമാത്രമറ്റകുറ്റമില്ലെങ്കിലെ, ന്തീ നമ്മൾ ത-
ന്നാസ്തിക്യനിയമത്തിന്നു വിരുദ്ധമായി
ആത്തകൗതുകം നമുക്കിന്നോരോരൂപം തന്നു നമ്മെ
വാർത്തെടുത്തോരക്കുലാലചക്രത്തോടേറ്റം!

സുന്ദരങ്ങൾതന്നെയാണിപ്പാത്രമെല്ലാം പക്ഷേയിന്ന-
സ്സൗന്ദര്യത്തിൻ നിന്നുപോലും വിമുക്തരായി
ആകാരത്തിൽ ക്ഷുദ്രമായ മർദ്ദനശക്തിതന്രൂക്ഷ-
മാകും മുഷ്ടിയിങ്കൽനിന്നും വഴുതി വീണ്ടും
മണ്ണിൽ വീണടിഞ്ഞലഞ്ഞു രക്ഷനേടാൻ കഴിഞ്ഞെങ്കിൽ
നിർണ്ണയമതെത്രമാത്രം കൊതിപ്പൂ നമ്മൾ!

മൺപാത്രങ്ങൾ നമ്മൾ ചില, രാസ്തിക്യത്തിൽ മുഷിപ്പാർന്നു
വെമ്പി വെമ്പി നിലത്തടിഞ്ഞുടഞ്ഞിടുന്നു.
ദയനീയപദാർത്ഥങ്ങൾ പാത്രകാരൻ മൺപാത്രത്തിൻ
വിളറിയ മുഷിവുണ്ടോ പരിഗണിപ്പൂ?