നിർവ്വാണമണ്ഡലം/വിജയത്തിന്റെ പിൻപേ
വിജയത്തിന്റെ പിൻപേ
മറയല്ലേ, മായികേ, നീ ഗമിക്കും
മലർവാടിയിങ്കലേക്കാണു ഞാനും !
അനുപമശിഞ്ജിതം വീശിവീശി-
യകലേ നീ മാറിയൊഴിഞ്ഞതെന്തേ ?
മുനകൂർത്ത മുള്ളു തറഞ്ഞു പാദം
മുഴുവനും വിണ്ടു നിണത്തിൽ മുങ്ങി
പരുഷാശ്മഖണ്ഡങ്ങൾ പാതയിങ്കൽ
പരവശമാകുന്നു മൽപ്രയാണം.
പൊരിവെയ്ലിൽ ചുട്ടുപഴുത്ത മണ്ണിൽ
പൊരിയവേ, മുന്നോട്ടു ഞാൻ കുതിപ്പൂ.
തവ രമ്യമായൂരപിഞ്ഛിക നീ
തളിരെതിർക്കൈകളാൽ വീശിവീശി
കഴൽനിലത്തെങ്ങുമേ തൊട്ടിടാതെ
കനകാംഗി വായുവിൽ നീ ഗമിപ്പൂ !
ഇടയപ്പെണ്ണാരാലൊടിച്ചു നീട്ടു-
മിലയണിത്തൈമരക്കൊമ്പിൻ പിമ്പേ
അജകിശോരമ്പോ,ലനുനിമേഷ-
മനുഗമിക്കുന്നു ഞാൻ ഹന്ത നിന്നെ !
ചുടുവെയ്ലിൽപ്പോലുമൊരൽപനേര-
മിടതരുന്നില്ല നീ വിശ്രമിക്കാൻ !
ഇരുമട്ടാണെങ്കിലും നിന്റെ പിമ്പേ
ഗതി തുടരാനാണെനിക്കു മോഹം.
തവ വിശ്രമാരാമഭൂവിലെങ്ങും
തളിരിട്ടു നിൽക്കുന്നൊരുന്മദങ്ങൾ
അനുപമശാന്തിതൻ പൂന്തണലി-
ന്നവലംബമാണെന്നെനിക്കറിയാം.
ഭുവനമാം പൂവിൽനിന്നുത്ഭവിക്കും
ശിവമയസൗരഭധോണിയിൽ
സതതമെൻ കർത്ത്വ്യബോധഭൃംഗം
ഹൃദയകോശത്തിൽ ചിറകടിപ്പൂ !
അവിടെ നിന്മാദകമോഹനമാ-
മലരണിത്തോപ്പിൽ വന്നിട്ടുവേണം-
അനുപമോൽക്കർഷങ്ങൾ പട്ടു പാടു-
മവിടെ നിൻ തോപ്പിൽ വണ്ണിട്ടുവേണം.
പ്രതിബന്ധബദ്ധമായ് വീർപ്പിടുമെൻ
ഹൃദയകവാടം തുറന്നിടുവാൻ!
മറയല്ലേ, മായികേ, നീ ഗമിക്കും
മലർവാടിയിങ്കലേക്കാണു ഞാനും !