പഞ്ചതന്ത്രം കിളിപ്പാട്ട്/അസംപ്രേക്ഷ്യകാരിത്വം/ദ്രവ്യമില്ലാഞ്ഞു ദുഃഖിക്കവേണ്ടാ ഭവാൻ

ഉണ്ടായി പണ്ടൊരു ചെട്ടിക്കുമാരക-
നുണ്ടായനാളേ ജനനി മരിച്ചിതു.
അച്ഛനുമില്ലൊരു ബന്ധുക്കളുമില്ല;
ചാർച്ചയും ചേർച്ചയും വേഴ്ചയുമില്ലഹോ!
മാതാവുതന്നുടെ ദാസി മുലകൊടു-
ത്തേതാവതാ വളർത്തീടിനാൾ ബാലനെ.
ദാരിദ്ര്യദുഃഖവും പാരം, പഴംകഞ്ഞി
കോരിക്കുടിച്ചുകഴിയുന്നു വാസരം.
സ്വജനധനരഹിതനവനൊരുദിനമെദൃച്ഛയാ
സ്വപ്നത്തിലേകനെക്കണ്ടു വരുന്നതു.
ദിവ്യപുമാനവൻ ബാലനോടൂചിവാൻ:-
ദ്രവ്യമില്ലാഞ്ഞു ദുഃഖിക്കവേണ്ടാ ഭവാൻ,
കാലത്തെഴുനേറ്റു കാലും വദനവും
ചാലവേ ശുദ്ധി വരുത്തി വസിക്ക നീ
മഹിതഗുണഗണമുടയയതികളിഹ മൂന്നുപേർ
മദ്ധ്യാഹ്നകാലേ വരുവോർ തവാന്തികേ.
ഭിക്ഷുക്കൾ മൂവരും വന്നാലവരെ നീ
തൽക്ഷണം കോൽ കൊണ്ടടിച്ചു കൊന്നീടുക.
ഭിക്ഷുക്കൾ മൂവരുമന്നേരമേ മൂന്നു
നിക്ഷേപകുംഭങ്ങളായ്‍പ്പിറന്നീടുമേ.
നിയതമിതി പുരുഷവരനരുളി ഗതവാനസൗ
നിദ്രാവസാനേ വിധവാകുമാരകൻ
പാരാതെ കാലത്തെഴുനേറ്റു സത്വരം
ക്ഷൗരാദിശുദ്ധിവരുത്തിക്കുളിച്ചുടൻ
സപദി നിജനിലയമതിലവികലമിരുന്നാശു
സന്യാസിമാരെ പ്രതീക്ഷിച്ചു മേവിനാൻ
മധ്യാഹ്നകാലത്തു മൂന്നു സന്യാസിമാർ
മാധ്യംദിനസ്നാനമാചരിച്ചഞ്ജസാ
വന്നു വണിക്കിന്റെ മുറ്റത്തിരുന്നിതു;
വന്ദനം ചെയ്തു വണിക്കും പതുക്കവേ
കണ്ണുമടച്ചങ്ങിരിക്കും യതികളെ
ദണ്ഡുമെടുത്തങ്ങടിച്ചു മടിയാതെ
നിമിഷമഥ യതികളവരനഘകനകാഞ്ചിതം
നിക്ഷേപകുംഭങ്ങളായ്‍ത്തീർന്നു മൂവരും
പൊന്നും പണങ്ങളും സംപൂർണ്ണമായുള്ള
പൊന്നും കുടങ്ങളെക്കണ്ടു വണിഗ്വരൻ
ചെന്നുവലംവെച്ചു വന്ദിച്ചെടുത്തങ്ങു
തന്നുടെ ഭണ്ഡാരഗേഹത്തിലാക്കിനാൻ.
ക്ഷൗരകത്തിന്നൊരു പൊന്നുരൂപാ കൊടു-
ത്താരും ഗ്രഹിക്കാതെയങ്ങയച്ചീടിനാൻ.
നവകനകഘടജനനചരിതമതു കണ്ടുടൻ
നാപിതന്മാനസേ വിസ്മയിച്ചീടിനാൻ.
സന്യാസിമാർകളെത്തച്ചു കൊന്നാലുടൻ
സന്യാസകുംഭങ്ങൾ സംഭവിച്ചീടുമെ-
ന്നിത്രനാളും ഗ്രഹിച്ചില്ലഹോ ഞാനിനി-
ത്തത്രകണ്ടീടുന്ന ഭിക്ഷുക്കളെത്തല്ലി
നിഗ്രഹിച്ചുംകൊണ്ടു നിക്ഷേപകുംഭം പ-
രിഗ്രഹിച്ചീടുന്നതുണ്ടെന്നുറച്ചവൻ
നിജഭവനനികടഭുവി വിരവിനൊടു ചെന്നുടൻ
നിന്നു ഭിക്ഷുക്കളെപ്പാർത്തു വാണീടിനാൻ.
ദണ്ഡും കഷായവസ്ത്രങ്ങളും നെറ്റിമേൽ
മണ്ണുകൊണ്ടുള്ള കുറികളും കുണ്ഡിയും,
മുണ്ഡിതമാകും ശിരസ്സും ധരിച്ചുള്ള
പണ്ഡിതന്മാർ മൂന്നു ഭിക്ഷുക്കൾ വന്നിതു.
ക്ഷുരകനതുപൊഴുതു നിജപുരമുറിയിൽ നിന്നുടൻ
ക്ഷുദ്രന്മഹാമൂഢനോടിവന്നീടിനാൻ.
സന്ന്യാസിമാരെ പ്രഹരിപ്പതിന്നുള്ള
സന്നാഹവും കൂട്ടിപ്പാഞ്ഞടുക്കും വിധൗ,
പേടിച്ചു മണ്ടുന്ന ഭിക്ഷുക്കളെച്ചെന്നു
താഡിച്ചു കോൽകൊണ്ടു നാപിതൻ കശ്മലൻ
ഹാഹാ മഹാരാജാ! രക്ഷിക്ക രക്ഷിക്ക.
ഹാഹാ മഹാദേവ! പാഹിമാം പാഹിമാം.
രഘുതനയ! യദുതനയ! മധുമഥന! മാധവ!
രക്ഷിക്ക രക്ഷിക്ക ഭിക്ഷുക്കളെ വിഭോ!
ഇത്ഥം മുറവിളി കേട്ടു ഭൂപാലന്റെ
ഭൃത്യപ്രധാനികൾ മണ്ടിവന്നീടിനാർ.
മൂർഖക്ഷുരകനെച്ചെന്നു പിടിപെട്ടു
മൂക്കും ചെവികളും ചെത്തിഗ്ഗദകൊണ്ടു
താഡിച്ചു പല്ലും തകർത്തുടൻ തീവച്ചു
താടിയും മീശയും ചുട്ടുകരിച്ചുകൊ-
ണ്ടാരോഹണാഗ്രേ കിടത്തിത്തിരിച്ചുവ-
ന്നാരോമൽ വന്ദനം ചെയ്തു യതികളെ.
ഇതി വിപദി പതനമതു വിധിവിഹിതമിദ്ദോഷ-
മെല്ലാമസംപ്രേക്ഷ്യകാരിത്വകാരണം.
മറ്റുമൊരുത്തൻ പ്രവർത്തിച്ചതിനെന്തു-
മൂലമെന്നുള്ള വിചാരവും കൂടാതെ;
മറ്റവൻ കൂടെ പ്രവർത്തിക്കിലിങ്ങനെ
കുറ്റം ഭവിക്കുമെന്നോർത്തു കണ്ടീടുവിൻ.
മിത്രഭേദം സുഹൃല്ലാഭം പുനസ്സന്ധി-
വിഗ്രഹം ലബ്ധനാശം തഥാസംപ്രേക്ഷ്യ-
കാരിത്വമിങ്ങനെ പഞ്ചതന്ത്രങ്ങൾ വി-
ചാരിച്ചു ബുദ്ധിക്കു ശുദ്ധിവരുത്തുവിൻ.
പരമഗുണഗണമുടയ നരപതി സുദർശനൻ
പാടലീപുത്രഗേഹത്തിന്നധീശ്വരൻ
നിങ്ങടെ താതൻ നിലിംപരാജോപമൻ
മംഗലാകാരൻ മഹീപാലശേഖരൻ
നിങ്ങൾക്കു നീതിശാസ്ത്രത്തെ ഗ്രഹിപ്പിച്ചു,
നിർമ്മലജ്ഞാനമുണ്ടാക്കുവാൻ നമ്മോടു
കല്പിച്ചതൊക്കവേ സാധിച്ചു ചെറ്റും വി-
കല്പമില്ലേതും വിവേകമേകും സുഖം
ജനകനുടെ നികടഭുവി കനിവിനൊടു ചെന്നുടൻ
ജാതസന്തോഷം വണങ്ങുവിൻ ബാലരേ!

പഞ്ചതന്ത്രം പഠിച്ചീടും ജനങ്ങൾക്കു
നെഞ്ചകത്തേറ്റം വിവേകമുണ്ടായ്‍വരും
സഞ്ചിതാനന്ദം സമസ്തകൃത്യാകൃത്യ-
സഞ്ചിന്തനത്തിന്നു പാത്രമാകും ദൃഢം.
സരസതരമിതി വചനമരചനുരചെയ്തുടൻ
സോമശർമ്മാഖ്യൻ മഹീസുരാഗ്രേസരൻ
പാടലീപുത്രാധിനാഥന്റെ മക്കൾക്കു
പാടവപ്രൗഢത്വമുണ്ടായി മെല്ലവേ
ദക്ഷിണന്മാരാം കുമാരകന്മാരോടു
ദക്ഷിണ വാങ്ങിഗ്ഗമിച്ചു; സുമംഗലം

പഞ്ചതന്ത്രം സമാപ്തം*

കുദൃഷ്ടം കുപരിജ്ഞാതം കുശ്രുതം കുപരീക്ഷിതം
തന്നരേണ ന കർത്തവ്യം; നാപിതേനേഹ യൽകൃതം

ചക്രേ കഥാസമ്മിതസൂക്തയുക്തം
ശ്രീവിഷ്ണുശർമ്മാനൃപനീതിശാസ്ത്രം

  • സംസ്കൃതത്തിലുള്ള അപരീക്ഷിതകാരിതം എന്ന പഞ്ചമതന്ത്രത്തി‍ൽ പതിനഞ്ചു കഥകൾ അടങ്ങിയിരിക്കുന്നു.