പഞ്ചതന്ത്രം കിളിപ്പാട്ട്
രചന:കുഞ്ചൻ നമ്പ്യാർ
പഞ്ചതന്ത്രം കഥാരംഭം


പഞ്ചമരാഗം കൊണ്ടു പാട്ടുകൾ പാടുന്നൊരു
പഞ്ചവർണ്ണിനിക്കിളിപ്പെൺമണിമാണിക്കമേ!
പഞ്ചസാരയും, തേനും, പായസം, ഗുളങ്ങളും
പഞ്ചമെന്നിയേ തരുന്നുണ്ടു ഞാനെടോ ബാലേ
പഞ്ചതന്ത്രമാം മഹാനീതിശാസ്ത്രത്തെസ്സുഖം
പഞ്ചധാ വിഭാഗിച്ചു പാട്ടു പാടുകവേണം
എന്നതുകേട്ടു കിളിപ്പെൺകിടാവുര ചെയ്താൾ
എന്നുടെ ഗുരുക്കന്മാർ അന്തണപ്രവരന്മാർ
മന്നിടം തന്നിലവരീശ്വരന്മരായതും
സന്നതന്മാർക്കു വരം നൽകുവാനാളായതും
അങ്ങനെയുള്ള മഹാബ്രാഹ്മണപ്രസാദത്താൽ
എങ്ങുമേ ഭംഗം കൂടാതിന്നു ഞാനുരചെയ്യാം,
ശ്രീമനു, ബൃഹസ്പതി, ശുക്രനും വേദവ്യാസൻ
ധീമതാം വരൻ വിഷ്ണുഗുപ്തനാം ചാണക്യനും
മാമുനി പരാശരൻ മറ്റുള്ള ബുധന്മാരും
സാമദാനാദിനീതിശാസ്ത്രകർത്താക്കളല്ലോ.
അജ്ജനങ്ങളെയെല്ലാം അഞ്ജലി കൂപ്പിക്കൊണ്ടു
സജ്ജനപ്രസാദത്താൽ ശാസ്ത്രമൊന്നുരചെയ്യാം.
ഗ്രന്ഥവിസ്താരേ ഭയമുള്ള ബാലകന്മാർക്കും
അന്തരംഗത്തിൽ ബോധമില്ലാത്ത ജനങ്ങൾക്കും
ചന്തമോടറിവാനായ് പഞ്ചതന്ത്രാഖ്യം നീതി
ഗ്രന്ഥതാല്പര്യം കിഞ്ചിൽ ഭാഷയായ് ചൊല്ലീടുന്നേൻ.
പാടലാധരിമാർക്കു കേളിസങ്കേതസ്ഥാനം
പാടലീപുത്രമെന്നു നാമമാം മഹാപുരം
വാടകൾ കിടങ്ങുകൾ വാടികളങ്ങാടികൾ
നാടകാഗാരങ്ങളും നഗരസ്ഥാനങ്ങളും
ഹാടകാലയങ്ങളും ഹസ്തിമന്ദിരങ്ങളും
മാടവും മഹാമണിമേടകൾ മഠങ്ങളും
മാടുകൂടുകൾ മണിതോരണശ്രേണികളും
തോടുകൾ നദികളും കൂപങ്ങൾ കുളങ്ങളും
കേടുകൾ കൂടാതുള്ള കേളിസൗധാദികളും
കോട്ടകൾ നിറഞ്ഞുള്ള കേരവും ക്രമുകവും
വീടുകൾ തോറുമുള്ള ധാന്യസംഭാരങ്ങളും
ശൈവമന്ദിരം വിഷ്ണുക്ഷേത്രവും ദുർഗ്ഗാലയം
ദേവതാഗേഹം ബഹുബ്രാഹ്മണാഗാരങ്ങളും
ഏവമുള്ളൊരു മഹാരാജമന്ദിരംതന്നിൽ
ദേവനായകോപമൻ ഭൂപതിസുദർശനൻ
(വീര്യവാൻ വിദ്യാശാലി വിത്തവാൻ വിവേകവാൻ)
കാര്യസാരജ്ഞൻ പ്രാജ്ഞൻ കാമസന്നിഭാകാരൻ
താമസിക്കാതെയോരോ സൽക്കർമ്മം ദിനേദിനേ
ഭൂമിദേവന്മാരെക്കൊണ്ടാദരാൽ ചെയ്യിപ്പിച്ചു.
എന്നതിൻ മൂലം മഹാഭാഗ്യവാൻ മഹീപാലൻ
നന്ദനന്മാരെ ലഭിച്ചീടിനാനെട്ടോ പത്തോ
നന്ദനന്മാർക്കു ചെറ്റും വിദ്യയില്ലായ്ക മൂലം
മന്ദഭാഗ്യൻ ഞാനെന്നു ദുഃഖിച്ചു സുദർശനൻ
ചിന്തിച്ചു മനക്കാമ്പിൽ വിദ്യയും വിവേകവും
സന്ധിവിഗ്രഹാദിയും നീതിയും വിനീതിയും
സന്തതം ഗ്രഹിക്കാതെ പുത്രരെക്കൊണ്ടു കാര്യ-
മെന്തുള്ളു ശരീരികൾക്കെത്രയും പാരം കഷ്ടം!
ഗർഭമുണ്ടാകാതുള്ള ഗോവിനെ വളർത്തുന്ന
ദുർഭഗന്മാർക്കു ഫലമെന്തഹോ വിചാരിച്ചാൽ?
ഘോരമാം രോഗം പോലെ ക്രൂരമാം വിഷം പോലെ
ദാരുണൻ മഹാപാപി തൻ കുലം മുടിച്ചീടും
യൗവനം കാമം ദ്രവ്യപ്രാഭവം മൂഢത്വവും
ദുർവിധം ചതുർവിധം നാശകാരണം നൃണാം
എന്നതിലനർത്ഥത്തിനൊന്നുമാത്രമേ പോരൂ;
പിന്നെയെന്തിനു നാലുമേകനിൽ സ്വരൂപിച്ചാൽ.
നമ്മുടെ മക്കൾക്കിപ്പോൾ ധർമ്മബുദ്ധിയുമില്ല
നിർമ്മലവിവേകവും നീതിശാസ്ത്രവുമില്ല
ദുർമാർഗ്ഗങ്ങളിൽ മനസ്സുണ്ണികൾക്കെല്ലാവർക്കും
വെൺമയിലുണ്ടു താനുമെന്തു ഞാൻ ചെയ്യേണ്ടുന്നു?
ആരുവാനൊരു ശാസ്ത്രി ബ്രാഹ്മണനത്ര വന്നു
ചാരുവാം നീതിശാസ്ത്രമിവരെബ്ബോധിപ്പിച്ചു
സാരമാം പുനർജ്ജന്മമിവർക്കു സമ്പാദിപ്പാൻ
ധീരനായ് വരാനിന്നിപ്പരിടം തന്നിലിപ്പോൾ.
ഭൂമിപൻ സുദർശനൻ ഇങ്ങനെ വിചാരിച്ചു
ഭാമിനിമാരോടൊന്നിച്ചാദരാൽ മേവും കാലം
സോമശർമ്മാവെന്നൊരു ഭൂമിദേവാഗ്രേസരൻ
(സൗമ്യവാൻ വേദപ്രിയൻ നീതിശാസ്ത്രാംഭോനിധി
വിശ്രുതൻ ബൃഹസ്പതിസന്നിഭൻ) തത്ര വന്നു.
വിശ്രമിച്ചരചനോടിങ്ങനെ ചൊല്ലീടിനാൻ
മന്നവ! കേൾക്ക ഭവനാറുമാസത്തിൻ മുമ്പേ
നിന്നുടെ സുതന്മാർക്കു നീതിശാസ്ത്രങ്ങളെല്ലാം
ഒന്നൊഴിയാതെകണ്ടു സാദരം ഗ്രഹിപ്പിക്കാ-
മുന്നതന്മാരായവരുത്തമരായും വരും.
എന്നതു വന്നില്ലെങ്കിലെന്നെ നീ നിന്റെ രാജ്യം-
തന്നിൽ നിന്നാട്ടിപ്പുറത്താക്കുകേ വേണ്ടൂ നൃപ!
എന്നതുകേട്ടു നൃപൻ നിർഭരം പ്രസാദിച്ചു
തന്നുടെ തനൂജവൃന്ദങ്ങളെ വിളിച്ചുടൻ
സോമശർമ്മാഖ്യദ്വിജശ്രേഷ്ഠന്റെ സമീപത്തു
താമസം വിനാപറഞ്ഞാക്കിനാൻ വിദ്യാഭ്യാസേ.
സോമശർമ്മാവും മുദാ രാജനന്ദനന്മാരെ-
സ്സാമദാനാദിശ്രീമന്നീതിശാസ്ത്രങ്ങളെല്ലാം
സാദരം ഗ്രഹിപ്പിപ്പാനാശു താനാരംഭിച്ചു
സല്ക്കഥാകഥനമെന്നുള്ളൊരു മാർഗ്ഗത്തൂടേ.
പഞ്ചതന്ത്രങ്ങളെല്ലാം പാര്ത്ഥിവന്മാർക്കു ധർമ്മം
അഞ്ചിലും പ്രധാനമായുള്ളൊന്നു മിത്രഭേദം,
നല്ലൊരു സുഹൃല്ലാഭമെന്നതു രണ്ടാം തന്ത്രം
ചൊല്ലുവൻ പിന്നെ സന്ധിവിഗ്രഹം മൂന്നാം തന്ത്രം,
ലബ്ധനാശമെന്നല്ലോ ചൊല്ലുന്നു നാലാം തന്ത്രം,
സിദ്ധമാമസമ്പ്രേക്ഷ്യകാരിത്വമഞ്ചാം തന്ത്രം.