പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/ഒട്ടകം ആപത്തിൽ

കാനനേ മദോൽക്കടനെന്ന പേരോടു കൂടെ
മാനശാലിയാമൊരു സിംഹം താനുണ്ടായിപോൽ
കാകനും ഗോമായുവും വ്യാഘ്രവുമിവർമൂന്നു-
കാര്യക്കാറരുമവനുണ്ടായി സമർത്ഥന്മാർ
ധൃഷ്ടരാമവർ വനേ സഞ്ചരിക്കുമ്പോൾ നല്ലൊ-
രൊട്ടകം വരുന്നതു കണ്ടവർ ചോദിച്ചിതുഃ-
ഏങ്ങുന്നു വരുന്നു താനേതു ജാതിയിലുള്ളൂ?
ഇങ്ങനെ നടപ്പാനും കാരണമെന്തു സഖേ!
ഒട്ടകം പറഞ്ഞിതു വാണിഭക്കാരന്മാർക്കു
കെട്ടുകൾ ചുമക്കുന്നോരൊട്ടകം ഞാനാകുന്നു.
കെട്ടുകൾ പേറിപ്പേറിയലഞ്ഞ കൂട്ടക്കാരെ
വിട്ടു ഞാനൊളിച്ചു വങ്കാട്ടിൽ സഞ്ചരിക്കുന്നു.
മന്ത്രിവീരന്മാരതു കേട്ടപ്പോൾ ഹിതാഹിതം.
മന്ത്രിച്ചു വശത്താക്കി സ്വമിയെക്കാണിപ്പിച്ചു.
സ്വാമിയും കഥനകനെന്നൊരു പേരുനൽകി,
സ്വാധീനമാക്കിക്കൊണ്ടു മേളിച്ചുമേവുംകാലം,
തന്നുടെ ഭൃത്യന്മാർക്കും തനിക്കും ചിലവിനു
ചെന്നുടൻ മൃഗങ്ങളെക്കൊന്നുകൊണ്ടന്നീടുവാൻ
അംഗവൈകല്യംകൊണ്ടു നമുക്കു പരാധീനം;
നിങ്ങളിന്നമാത്യന്മാർ കൊണ്ടന്നു പൂരിക്കേണം.
പണ്ടു നാം ജനിച്ചന്നേ കാൽക്കൊരുമുടവു തെ-
ല്ലുണ്ടതുമൂലം വനേ സഞ്ചാരമെളുതല്ല;
ഭൃത്യവർഗ്ഗങ്ങളെല്ലാം ഭക്ഷണമില്ലായ്കയാൽ
ചത്തപോൽ വശംകെട്ടു കാനനേ കിടക്കുന്നു.
വ്യാഘ്രവും ഗോമായുവും കാകനുമിവർമൂന്നും
ശീഘ്രഗാമികളല്ലോ മന്ത്രിപുംഗവന്മാരെ!
നിങ്ങൾക്കു വഴിപോലെ ഭുക്തിയും ചെയ്തുകൊള്ളാം.
ഇങ്ങനെ മദോൽക്കടൻ കല്പിച്ചോരനന്തരം
തൽക്ഷണം സചിവന്മാർ കാനനങ്ങളിൽ നീളെ-
ഭക്ഷണാർത്ഥങ്ങൾ തിരഞ്ഞെങ്ങുമേ ലഭിയാഞ്ഞു
ഇങ്ങു പൊന്നിരുന്നു കൊണ്ടൊട്ടകം ഗ്രഹിയാതെ
തങ്ങളിൽ വിചാരിച്ചു വായസമുരചെയ്തുഃ-
എന്തെടോ! കഥനകനെന്നുള്ള രൂപത്തെക്കൊ-
എന്തൊരു കാര്യം നമുക്കെന്നങ്ങു വിചാരിപ്പിൻ;
കള്ളനു മാസംവേണ്ട കാനനേ പെരുത്തൊരു
മുള്ളുവള്ളി ഭുജിച്ചെങ്കിലേ രുചിയുള്ളു.
ഇന്നത്തെച്ചെലവിനീയൊട്ടകം കൊള്ളാം നമു-
എന്നതു കേട്ടു ചൊന്നാൻ വ്യാഘ്രവും ഗോമായുവും
സ്വാമി താനഭയവും കൊടുത്തു പാർപ്പിക്കുന്നു.
നാമിപ്പോൾ വധിക്കയെന്നുള്ളതും ചിതം വരാ;
എങ്കിൽ നാം ചാകേയുള്ളൂവെന്നു കാകനും ചൊന്നാ-
നെന്നതുകേട്ടു പറഞ്ഞീടിനാരിരുവരും.
പട്ടിണി കിടക്കുന്ന സ്വാമിയെക്കൊണ്ടുതന്നെ-
യൊട്ടകത്തിന്റെ വധം സമ്മതിപ്പിക്കവേണം;
എത്രയും വിശക്കുമ്പോൾ പെറ്റ മാതാവു തന്നേ
പുത്രനെക്കൊന്നു തന്റെ പ്രാണനെ രക്ഷിക്കുന്നു.
മുട്ടുമ്പോൾ സർപ്പസ്ത്രീയും താൻ പ്രസവിച്ചുള്ളൊരു
മുട്ടകളൊട്ടും മടി കൂടാതെ ഭക്ഷിക്കുന്നു.
തന്നുടെ ജഠരത്തെ രക്ഷിപ്പാൻ ശരീരികൾ-
ക്കിന്നതേ ചെയ്യാവുവെന്നില്ലെടോ കാര്യക്കാരേ!
"ക്ഷുത്തു വർദ്ധിക്കുന്നേരം കാരുണ്യമില്ലാതാകും
സത്തുക്കൾക്കുപോലു,മിജ്ജന്തുക്കൾക്കെന്തുപിന്നെ?"
ഇത്തരം വിചാരിച്ചു മൂവരുമൊരുമിച്ചു
സത്വരംച്ചെന്നു മഹാസിംഹത്തെക്കൂപ്പീടിനാർ
കാകനങ്ങുണർത്തിച്ചു ഭക്ഷണദ്രവ്യങ്ങളി-
ലേകമെന്നാലും ലഭിച്ചില്ലഹോ കാന്താരത്തിൽ;
എന്തുപായമെന്നതു ചോദിച്ചു മദോൽക്കടൻ;
ജന്തുഹിംസയല്ലാതെ പിന്നെയെന്തെന്നു കാകൻ;
ഭക്ഷിപ്പാനെന്തുവക കണ്ടു നീയെന്നു സിംഹം;
ഭക്ഷിപ്പാൻ കഥനകധ്വംസനമെന്നു കാകൻ;
സിംഹവും ചെവിപൊത്തിക്കൊണ്ടുതാനുര ചെയ്തു:-
സാഹസം ശിവ! ശിവ! ചെയ്യരുതൊരു നാളും;
അന്നദാനവും പിന്നെഗ്ഗോദാനം ഭൂമിദാനം
തന്നുടെ ദേഹദാനമിത്തരം ദാനങ്ങളിൽ
ഉത്തമമഭയദാനവ്രതം മഹത്തരം;
തത്തഥാ മയാ കൃതമെങ്ങനെ മോചിക്കേണ്ടു?
അശ്വമേധാദിയാഗം ചെയ്തുള്ള ഫലത്തെക്കാൾ
ആശ്രിതത്രാണത്തിനു പുണ്യമേറുന്നു നൂനം.
എന്നതുകേട്ടു കാകൻ ചൊല്ലിനാനിതു സത്യം-
തന്നെയെങ്കിലുമൊരു ശാസ്ത്രമുണ്ടടിയനും;
ഏകനെ ത്യജിച്ചിട്ടും കുലത്തെ രക്ഷിക്കണം;
ആകുലമെന്യേ കുലം ത്യജിക്കാം ഗ്രാമസ്യാർത്ഥേ;
ഭുമിയെ ത്യജിച്ചീടാമാത്മരക്ഷണം ചെയ്‌വാൻ;
തമ്പുരാനറിയേണ്ട വാശ്ശതുമടിയങ്ങൾ
സാമ്പ്രതമശനാർത്ഥമുണ്ടാക്കിക്കൊണ്ടുവരാം;
ഒട്ടകത്തിനെത്തന്നെ ഭക്ഷിപ്പാനനുവാദം
പെട്ടെന്നു നല്കുമതിനുള്ള കൗശലമുണ്ടാം;
എന്നതു കേട്ടിട്ടൊന്നും മിണ്ടാതെ നിന്നു സിംഹം;
തന്നിതു മൗനാനുവാദമെന്നവർ വച്ചു.
മൂവരും കൂടിച്ചെന്നു വന്ദിച്ചു നിന്നാരവർ
മുല്പാടു കാകൻ ചൊന്നാനെന്നെ ഹിംസിക്ക സ്വാമിൻ!
നിന്നുടെ ശരീരത്തിലെന്തുള്ളു മാംസം ഭോഷ!
നിന്നെ ഹിംസക്കയില്ലെന്നുക്തവാൻ മദോല്ക്കടൻ;
എന്നെ ഹിംസിക്കാമെന്നു ഗോമായു പറഞ്ഞപ്പോൾ
മുന്നമുക്തമായതു സിംഹവുമുര ചെയ്തു;
രണ്ടു പേരെക്കാൾ മാംസമേറെയുണ്ടെനിക്കെന്നെ-
ക്കൊണ്ടു ഭക്ഷണമിന്നു ചെയ്താലും തമ്പുരാനേ!
ഇത്തരം വ്യാഘ്രം ചെന്നു കേൾപ്പിച്ച വാക്യത്തിനു-
മുത്തരം മുന്നെപ്പോലെ ചൊല്ലിനാൻ മദോല്ക്കടൻ.
തന്നെ നിഗ്രഹിക്കയില്ലെന്നൊരു വിശ്വാസത്താൽ
ചെന്നുര ചെയ്താനെന്നെക്കൊൽകെന്നു കഥനകൻ.
വ്യാഘ്രവും ഗോമായുവുമായതു കേട്ടനേരം
ശീഘ്രമൊട്ടകത്തിനെപ്പിളർന്നു കൊന്നീടിനാർ
സിംഹവും മന്ത്രികളുമുഷ്ട്രത്തെബ്‌ഭുക്തിക്കായി-
സ്സംഹരിച്ചത്ര മുന്നമിങ്ങനെ കേട്ടിട്ടുണ്ടു.
"ബഹവഃ പണ്ഡിതാഃ ക്ഷുദ്രാഃ സർവേ മായോപജീവിനഃ
കുര്യുഃ കൃത്യമകൃത്യം വാ ഉഷ്ട്രേ കാകാദയോ യഥാ."
എന്നതുകൊണ്ടു ചൊന്നേൻ ശുദ്ധരാം സാധുജനം
ദുർന്നയന്മാരിൽച്ചേർന്നാൽ ദൂഷണമകപ്പെടും;
പിന്നെയും പറഞ്ഞിതു സാധുവാം സഞ്ജീവകൻ:-
മന്നവന്മാരെസ്സേവിച്ചീടുവാന്മഹായത്നം.
മന്നവന്മാരും പിന്നെ ക്ഷുദ്രന്മാരോടു ചേർന്നാൽ
തന്നുടെ ഗുണം വൃഥാഭൂതമാമസംശയം;
നാടുവാഴിയാം നൃപൻ ഹീനജാതിയെന്നാലും
കൂടുന്ന പരിജനം നന്നെങ്കിൽത്താനും നന്നാം.
ഗൃദ്ധൃമെങ്കിലുമരയന്നങ്ങൾ ഭൃത്യരായാ-
ലുത്തമനവനെന്നു വന്നീടും ക്രമത്താലേ
മാംസത്തെബ്‌ഭുജിക്കുന്ന ഗൃദ്ധൃങ്ങൾ ഭൃത്യരായാൽ
ഹംസവുമിളപ്പെട്ടു നീചനായ് വരും ദൃഢം.
കഷ്ടമിസ്സിംഹേന്ദ്രനു നമ്മിലുള്ളൊരു സ്നേഹം
ദുഷ്ടനാമൊരു മന്ത്രി മന്ത്രിച്ചു വേർപെടുത്തു.
അങ്ങനെ വരുന്താനും ദുർജ്ജനം കൂടെക്കൂടെ-
സ്സംഗതി നോക്കിക്കൊണ്ടുമേഷണി പ്രയോഗിച്ചാൽ.
ഇങ്ങനെയറിഞ്ഞു പോകായിന്നു മഹാജന-
മെങ്ങുമേ ഖലന്മാർക്കോ താഴ്ചയില്ലല്ലോ താനും
വാക്കിനാൽബ്ബുധന്മാരെ ദൂഷണംച്ചൊല്ലിച്ചൊല്ലി
നാക്കിനു തഴമ്പുറച്ചീടിന കൂട്ടമല്ലോ.
ദുഷ്ടന്മാർ പലവിധം ഭേദ്യത്തെച്ചെയ്തെങ്കിലു-
മൊട്ടുമേ ബോധിക്കയില്ലുത്തമക്ഷിതീശ്വരൻ
തേജസ്തേജസ്സുമിടിത്തീയുമെന്നിവ രണ്ടും
തേജസ്സിൻ സമൂഹത്തിലെത്രയുമുൽകൃഷ്ടങ്ങൾ
മുന്നം ഞാൻ പറഞ്ഞിതു സർവത്ര പ്രകാശിക്കും;
പിന്നെ ഞാൻ ചൊന്നതൊരുദിക്കിൽ മാത്രമേയുള്ളൂ.
യത്ര നിന്നപായത്തെശ്ശങ്കിച്ചു സിംഹത്തിന്റെ
തത്ര സിംഹത്തെച്ചെന്നു സേവിപ്പാൻ ഭാവമില്ല.
അങ്ങനെ ചെയ്യാമെന്നു ചൊല്ലുന്നു ശാസ്ത്രങ്ങളി-
ലിങ്ങോട്ടു ദ്രോഹിക്കുന്നോർ തൽഗുരുവെന്നാകിലും
ദുർമ്മദം തുടങ്ങിയാൽ ദൂരവേയുപേക്ഷിച്ചു
സന്മാർഗ്ഗസ്ഥിതന്മാരെസ്സേവിക്കാമാപത്തിങ്കൽ.
ആയതു നമുക്കിപ്പോൾ ഭാവമില്ലവനോടു-
മായവണ്ണമാം യുദ്ധം ചെയ്‌വതിന്നൊരുമ്പെട്ടേൻ.
ആയുധം നമുക്കിപ്പോളെപ്പൊഴും പിരിയാതെ-
യായതങ്ങളാം രണ്ടു കൊമ്പുകളുണ്ടുതാനും
യാഗങ്ങൾ ചെയ്തു ചിലർ സ്വർഗ്ഗത്തെ പ്രാപിക്കുന്നു;
യോഗങ്ങൾ കൊണ്ടു ചിലർ ദ്യോവിനെഗ്ഗമിക്കുന്നു;
ദാനങ്ങൾകൊണ്ടു ചിലർ സ്വർലോകം ഗമിക്കുന്നു;
മൗനങ്ങൾ കൊണ്ടു ചിലർ മോക്ഷത്തെ പ്രാപിക്കുന്നു.
ഇത്ഥമുള്ളതിലെല്ലാമുത്തമം ജനങ്ങൾക്കു
യുദ്ധത്തിൽ മരിച്ചുടൻ സത്വരം സ്വർഗ്ഗപ്രാപ്തി.
ഭൂരികർമ്മങ്ങൾ കൊണ്ടു ദിവ്യരാകുന്നു ചിലർ;
വൈരിനിഗ്രഹം കൊണ്ടു ഭവ്യരാകുന്നു ചിലർ;
രണ്ടു സൗഖ്യവുമ്മഹാവീരന്മാർ സംഗ്രാമത്തെ-
ക്കൊണ്ടുതാൻ ലഭിക്കുന്നു ദേഹമോചനം ചെയ്താൽ.
അല്ലാതെ ശത്രുക്കളാൽ ദത്തമാം ചോറും തിന്നു
വല്ലാതെ വസിക്കയും ചാകയുമൊരു പോലെ.
യാതൊരു ദിക്കിൽ യുദ്ധം ചെയ്തീലെന്നാകിലും മൃത്യു
ചെയ്തുവെന്നാകിൽപ്പിന്നെസ്സംശയമൊന്നേയുള്ളു.
അദ്ദിക്കിൽ വരുന്നേരം സംഗരം യോഗ്യമെന്നു
വിദ്വാന്മാർ പറയുന്നതദ്ദിക്കു വന്നു മമ.