പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/പിംഗളസഞ്ജീവകന്മാരുടെ യുദ്ധം

ഇങ്ങനെ ദകനകൻ ചൊന്നതുകേട്ടു മഹാ-
നിംഗിതമറിഞ്ഞുരചെയ്തിതു സഞ്ജീവകൻ
സംഗരം ഭവിക്കുമ്പോൾ പിംഗലൻ തന്റെ ഭാവ-
മെങ്ങനെയെന്നുമപ്പോൾ സംഗതിയെന്നും ചൊല്ക.
ചൊല്ലിനാൻ ദമനകൻ ചോടുകളുറപ്പിച്ചു
പല്ലുകൾ പുറത്താക്കി വക്ത്രവും പിളർന്നിവൻ
കണ്ണുകൾ ചുവപ്പിച്ചു കർണ്ണങ്ങൾ കൂർപ്പിച്ചൊരു-
ദണ്ഡതുപോലെ വാലുമുയർത്തിക്കൊണ്ടു സിംഹം
നിൽക്കുന്നു കാണാമതുനേരത്തു ഭവാൻ ചെന്നു
വക്കാണത്തിനു തുടങ്ങീടുക മഹാത്മാവേ!
ഇത്ഥമങ്ങുരചെയ്തു പോന്നിതു ദമനകൻ
ബുദ്ധിമാൻ കരടനെ പ്രാപിച്ചു കൂപ്പീടിനാൻ.
എന്തെടോ ദമനക! നിന്നുടെ മന്ക്കാമ്പിൽ
ചിന്തിച്ചകാര്യം സിദ്ധമായിതോ വഴിപോലെ?
ഇങ്ങനെ കരടകൻ ചോദിച്ചു; ദമനക-
നങ്ങനെ ഭേദോപായം സിദ്ധമെന്നുര ചെയ്തു
മുന്നമേതന്നെ കിഞ്ചിൽബ്ഭിന്നമായവർ തമ്മിൽ
പിന്നെ ഞാൻ വഴി പോലെ വേർപെടുകയും ചെയ്യും
അർദ്ധഭിന്നമായുള്ള സാധനം ഭേദ്യം ചെയ്‍വാൻ
ബുദ്ധിമാന്മാർക്കു തെല്ലും വൈഷമ്യമില്ലയല്ലോ.
സാരനാം ദമനകൻ സിംഹസന്നിധൗ ചെന്നു
സാരമാമുപദേശം ചെയ്തിതു പരിചോടെ
പുംഗവൻ വരുന്നേരം യുദ്ധസന്നാഹം കൂടി
തുംഗമാം അംഗുലവുമുയർത്തിക്കയർത്തൊരു
ഭാവവും ഭാവിച്ചിരുന്നീടുക മമ സ്വാമിൻ!
സാവധാനത വേണം സംഗരമുണ്ടായ് വരും
എന്നതുകേട്ടു സിംഹമങ്ങനെ സ്ഥിതിചെയ്താ-
നന്നേരമവിടത്തിൽച്ചെന്നിതു സഞ്ജീവകൻ
മുന്നമേ ദമനകൻ ചൊന്നതുപോലെ തന്നെ
ഉത്സാഹത്തോടുനില്ക്കും സിംഹത്തെക്കണ്ടു വൃഷം
കൊമ്പുകളുയർത്തിക്കൊണ്ടടുത്തു യുദ്ധം ചെയ്‍വാൻ:
വമ്പനാം പഞ്ചാനനശ്രേഷ്ഠനുമൊരുമ്പെട്ടാൻ
എത്രയും ഭയങ്കരം യുദ്ധമുണ്ടായി തമ്മിൽ
വൃത്രനും മഹേന്ദ്രനും തങ്ങളിൽ യുദ്ധം പോലെ
ഊക്കേറും വൃഷഭന്റെ മുക്കുറഘോഷങ്ങളും
മുഷ്കേറും സിംഹത്തിന്റെ സിംഹനാദഘോഷവും
കുത്തുകളടികടിമാന്തുകൾ തട്ടും മുട്ടും
ക്രുദ്ധരാമവരുടെ യുദ്ധമെത്രയും ഘോരം
ദുർവിധമിതു കണ്ടു പറഞ്ഞു കരടകൻ:-
ദുർമതേ ദമനക! നിന്നുടെ ദുരാചാരം
ദുർന്നയപ്രയോഗത്തിലിങ്ങനെ മമ സ്വാമി
ദുഷ്പ്രമേയത്തിൽപ്പതിച്ചീടിനാൻ കഷ്ടം! കഷ്ടം!
സാമവും ദാനം ഭേദം ദണ്ഡമെന്നിവ നാലിൽ-
സ്സാമമെന്നതേ സമാരംഭിച്ചീടാവൂ സഖേ!
സാമത്തെ പ്രയോഗിച്ചാലൊക്കവേ സാധിച്ചീടും;
കാമത്തിന്നനുകൂലകാര്യവും സാധിച്ചീടും;
ദാനഭേദാദി മൂന്നുമെങ്ങുമേ ചിതം വരാ;
മാനസംഖ്യാനം ചെയ്‍വാൻ പാത്രമേ കൊള്ളിക്കാവൂ;
സൂര്യരശ്മികൾ കൊണ്ടും പാവകപ്രഭകൊണ്ടും
സൂര്യകാന്താദിമണിശ്രേണി തേജസ്സുകൊണ്ടും
വൈരമാമന്ധകാരം ശമിക്കയില്ല ദൃഢം.
സാരമാം സാമം കൊണ്ടേ ശമിപ്പൂ ദമനകാ!
മന്ത്രിരാജന്റെ മകൻ ഞാനെന്നു മദിച്ചു നീ
മന്ത്രിച്ചു മമ സ്വാമിക്കാപത്തു വലിച്ചിട്ടാൽ
എന്തിനിക്കഴിഞ്ഞതു ചിന്തിച്ചാൽ ഫലം വരാ;
ദന്തിവൈരിയും വൃഷശ്രേഷ്ഠനുമിവർ തമ്മിൽ
സന്ധിപ്പനുപായത്തെച്ചിന്തിക്ക സഹോദരാ!
സന്ധിയെന്നുള്ള നീതി സർവദാ മനോഹരം
തങ്ങളിൽപ്പറഞ്ഞു ചേർക്കുന്നവർ പാരം തുച്ഛം
ഭിന്നിക്കും ജനങ്ങളെച്ചേർക്കുന്ന പുരുഷനും
സന്നിക്കു ചികിത്സിച്ചു ശമിപ്പിപ്പവൻ താനും
തന്നുടെ സാമർത്ഥ്യത്തെക്കാട്ടേണമെങ്കിൽത്തമ്മിൽ-
ബ്‍ഭിന്നരും സന്നിക്കാരുമുണ്ടെന്നേ ഫലം വരൂ
മറ്റുള്ള മൂഢന്മാരുമേതുമേ ഭേദം നാസ്തി;
നീചമാർഗ്ഗങ്ങളിൽ ചെന്നു ചാടുന്ന പ്രഭുക്കളും
നീരാഴമുള്ള കൂപേ പതിക്കും പശുക്കളും
മേല്പോട്ടു കരേറുവാനെത്രയും പരാധീനം;
കീഴ്‍പ്പോട്ടുപ്പതിപ്പതിനെത്രയുമെളുപ്പമാം.
ചൊല്ലെടോ! ദമനക! നീ തന്നെ മുന്നം ശ്രമി-
ച്ചില്ലയോ സഞ്ജീവകക്കാളയെക്കൊണ്ടുവന്നൂ.
സൽഗ്ഗുണൻ മമ സ്വാമി കാളവന്നതിൽപ്പിന്നെ
നിര്ഗ്ഗുണൻ നിരീശ്വരനായ് വന്നു മഹാകഷ്ടം!
മന്നവൻ ഗുണവാനെന്നാകിലും ദുർമന്ത്രികൾ
വന്നുചേരുമ്പോളാർക്കും വേണ്ടാതായ് വരും നൃപൻ;
നല്ക്കുളങ്ങളിൽജ്ജലം നിർമ്മലമെന്നാകിലും
നക്രമുണ്ടെന്നു കേട്ടാലാരാനുമിറങ്ങുമോ?
ഗോപിതമാകും ദിക്കിലെപ്പോഴുമധിവാസം
ഭൂപതിപ്രവരന്മാർക്കൊട്ടുമേ ഗുണമല്ല.
സജ്ജനങ്ങടെ മദ്ധ്യേ സർവരും വസിക്കേണം;
ദുർജ്ജനങ്ങളോടുള്ള സമ്പർക്കം ത്യജിക്കണം.
സർവസമ്മതഗുണമുള്ളൊരു സചിവന്മാർ
സർവദാ സുഖസ്ഥിതന്മാരായാൽ മഹാസുഖം
മാധുര്യം ഭാവിക്കയും മാനസേ കപടവും
ജാതമാമമാത്യന്മാർ കേവലം വിഷം തന്നെ.
ബുദ്ധിയിൽ പരദ്രോഹം ചിന്തിച്ചുമേവും ഭവാൻ
ബുദ്ധിമാനെല്ലന്നതു വന്നീടും ദമനകാ.
ശാഠ്യത്തെ വിടാതെകൊണ്ടുള്ളൊരു സൗഹാർദ്ദവും
മൗഢ്യം വേർപെടാതെ കണ്ടുള്ളൊരു ധർമ്മങ്ങളും
ലോകരെ ദ്വേഷിച്ചുകൊണ്ടുണ്ടാക്കും ധനങ്ങളും
ലൗകികം കൂടാതുള്ള സാധുസൽക്കാരങ്ങളും
നിത്യവും സുഖിച്ചിരുന്നുള്ള വിദ്യാഭ്യാസവും
ചിത്തപാരുഷ്യത്തോടേ കാമിനീസംസർഗ്ഗവും
ഇച്ഛിക്കും പുരുഷന്മാരെത്രയുമധമന്മാർ;
തുച്ഛബുദ്ധികളവരെന്നു ബോധിക്ക ഭവാൻ.
ബാലക! ദമനക നിന്നുടെ പിതാവിന്റെ
ശീലമിന്നുപമിക്കാം നിന്നെടെ ശീലം കണ്ടാൽ.
താതന്റെ സ്വഭാവവും പുത്രന്റെ സ്വഭാവവും
ഭേദമില്ലെന്നു പറയുന്നതു പരമാർത്ഥം.
കൈതമേലുണ്ടാകുന്ന കായ്ക്കൾക്കും മുള്ളുണ്ടല്ലോ!
കൈതവപ്രയോഗങ്ങൾ താതങ്കൽ നിന്നുണ്ടായി.
എന്തിനു ഹിതോപദേശത്തെ ഞാൻ ചെയ്തീടുന്നു?
ചിന്തിക്കിൽ നിനക്കൊരു നേർവഴി കാണുന്നില്ല;
നല്ലൊരു കടുപ്പമുള്ളായുധം കല്ലിൽ വെച്ചു
തല്ലിയാൽ വളയുമോ? പൊട്ടുകേയുള്ളു ദൃഢം.
നല്ലതു പറഞ്ഞിട്ടു തനിക്കു നാശം വന്നു.
എങ്ങനെയതെന്നുടൻ ചോദിച്ചു ദമനക,-
നെങ്കിൽ നീ കേൾക്കെന്നുര ചെയ്തിതു കരടകൻ.