പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/മുയൽ സിംഹത്തെ സിദ്ധിപൂകിച്ചത്

ബുദ്ധിയുണ്ടെങ്കിലവനായതു ബലന്തന്നെ;
ബുദ്ധിയില്ലെങ്കിലവനൊട്ടുമേ ബലമില്ല.
ബുദ്ധിമാനൊരു മുയൽ പണ്ടൊരു സിംഹത്തിനെ-
സ്സിദ്ധിപൂകിച്ചാനതു മഗ്രജൻ കേട്ടിട്ടില്ലേ?
ആയതുമാത്രം കേട്ടിട്ടില്ലെന്നു കരടകൻ;
ഭൂയസാ വദാമി ഞാനെന്നുടൻ ദമനകൻ.
പണ്ടങ്ങു മദോൽക്കടനെന്നൊരു മഹാസിംഹം
കണ്ടെത്തും മൃഗങ്ങളെയൊക്കവേ ഭക്ഷിക്കുന്നു.
കുണ്ഠതപൂണ്ടു മൃഗക്കുട്ടങ്ങൾ സ്വരൂപിച്ചു-
കൊണ്ടവർ മൃഗേന്ദ്രനെ പ്രാപിച്ചു ചൊല്ലീടിനാർ.
തമ്പുരാനൊരു കഴിവുണ്ടെങ്കിലടിയങ്ങൾ
തങ്ങൾ തങ്ങടെ രാജ്യത്തിരുന്നു പൊറുത്തീടാം.
ശക്തിയില്ലെന്നു വന്നാലിങ്ങനെ ദുരാചാരം
ശക്തിമാൻ തുടങ്ങിയാൽ ദിക്കുകൾ നശിച്ചുപോം.
രക്ഷണം ചെയ്യേണ്ടുന്ന രാജാക്കൾ പ്രജകളെ
ബ്‍ഭക്ഷണം ചെയ്താൽപ്പരം കഷ്ടമെന്നതേ വേണ്ടൂ
ഇക്ഷണം നിർമ്മാര്യാദം കാട്ടുന്ന പ്രജകളെ-
ശ്ശിക്ഷണം ചെയ്പാൻ കാലനെന്നിയേ മറ്റാരുള്ളു?
ഓരോരോ ദിനന്തോറുമോരോരോ മൃഗങ്ങളെ-
യാരോമൽ ഭുജിച്ചരുളേണമേ സ്വാമിൻ ഭവാൻ.
ഊഴമിട്ടടിയങ്ങൾ തമ്പുരാൻ തിരുമുമ്പി-
ലൂനമെന്നിയേ വരാമായതു ഭുജിച്ചാലും.
പക്ഷിരാജനു പണ്ടു പാമ്പുകൾ ദിനംതോറും
ഭക്ഷിപ്പാൻ ക്രമത്താലേ വ്യവസ്ഥവച്ചപോലെ
അങ്ങനെ ചെയ്യാമെന്നു സിംഹവുമുരചെയ്തു;
മംഗലം കലർന്നിങ്ങു പോന്നിതു മൃഗങ്ങളും.
അന്നുതൊട്ടോരോ മൃഗമോരോ വാസരങ്ങളിൽ-
ചെന്നങ്ങു സിംഹത്തിനു ഭക്ഷണമേകീടുന്നു.
ഇത്ഥമങ്ങൊരു മാസം ചെന്നപ്പോൾ വിദ്ഗദ്ധനായ്
വൃദ്ധനാമൊരു ശശത്തിന്നുമങ്ങൂഴം വന്നു.
നമ്മുടെ മൃത്യുദിനം വന്നിതു മഹാകഷ്ടം!
ജന്മമുണ്ടെങ്കിൽ മൃത്യുപ്രാപ്തിയും ദൃഢമല്ലോ.
ദുർമ്മരണമെന്നതു സങ്കടമതുമെന്റെ
വല്ലതുമുപായമെന്നുണ്ടാക്കിസ്സിംഹേന്ദ്രനെ-
ക്കൊല്ലുക തന്നെ നല്ലൂ കില്ലതിനില്ലതെല്ലും;
ബുദ്ധിമാൻ വിചാരിച്ചാൽ വല്ല കാര്യമെന്നാലും
സിദ്ധിപ്പാൻ തടവില്ലെന്നൂറ്റക്കാർ പറയുന്നു
തെറ്റെന്നു വിചാരിച്ചു തത്ര ചെല്ലുവാൻ കാലം
തെറ്റിച്ചു മന്ദംമന്ദം നടന്നുചെന്നു മുയൽ.
നിത്യവും ശീലിച്ചൊരു കാലത്തു കാണയ്കയാൽ
ക്ഷുത്തുകൊണ്ടവശനാം സിംഹവും കോപിച്ചിതു.
എന്തെടോ! നേരം വൈകാൻ സംഗതി ശശാധമാ!
മത്ത! ഞാൻ വിശപ്പുകൊണ്ടെത്രയും ദുഃഖിക്കുന്നു.
കൈകളും കൂപ്പിക്കൊണ്ടു പറഞ്ഞു ശശം; കാലം
വൈകുവാൻ മൂലം സ്വാമിനേഷ ഞാനുണർത്തിക്കാം.
മറ്റൊരു സിംഹം മാർഗ്ഗേ വന്നുടൻ നമ്മെത്തിന്മാ-
നേറ്റവും മുതിർന്നടുത്തീടിനാൻ മഹാഘോരൻ.
മുറ്റുമത്തടിയനെപ്പേടിച്ചു കാട്ടിൽക്കൂടെ
മറ്റൊരുവഴി വളച്ചിങ്ങിഹ വിടകൊണ്ടേൻ.
കുറ്റമില്ലടിയനെന്നോർത്തു രക്ഷീച്ചീടണം;
കൂറ്റുകാരന്റെ പിഴ സ്വാമികൾ സഹിച്ചീടും.
മറ്റു സിംഹങ്ങൾ വന്നു വമ്പുകൾ കാട്ടുന്നതു-
മാറ്റുവാൻ സ്വാമിയല്ലാതരുള്ളു മഹീതലേ?
എങ്ങെടോ മഹാമൂഢൻ നമ്മുടെവനേ വരാൻ
സംഗതിയെന്തു വേഗാൽ സംഹരിക്കുന്നുണ്ടു ഞാൻ.
തൽക്ഷണമസ്സിംഹത്തെക്കൊല്ലാതെ നമുക്കിനി-
ബ്‍ഭക്ഷണം ഭാവമില്ല കുത്ര മേവുന്നു ഭോഷൻ?
ഇങ്ങനേ സിംഹത്തിന്റെ ഹുംകൃതി കേട്ടു ശശ-
മിങ്ങോട്ടേക്കെഴുന്നള്ളാമെന്നവൻ വഴികാട്ടി.
എത്രയും കുണ്ടുള്ളൊരു കൂപത്തിൻ തീരെ ചെന്നു
തത്ര നിന്നുരചെയ്തു തൃക്കൺ പാർത്തരുളേണം,
കൂപത്തിന്മീതേ ചെന്നു നോക്കിയാൽ സിംഹത്തിന്റെ
രൂപത്തെക്കീഴേ കാണാം സ്വാമിയെപ്പോലെ തന്നെ.
എന്നതുകേട്ടു സിംഹം കോപിച്ചു കൂപത്തിന്റെ
സന്നിധൗ നിന്നു കീയ്പോട്ടു നോക്കീടിനാൻ
തന്നുടെ പ്രതിരൂപംപോലെ കൂപത്തിൽക്കണ്ടു
തന്നുടെ പ്രതിയോഗി സിംഹമെന്നോർത്തു മൂഢൻ
ഊറ്റത്തിൽ സിംഹനാദം ചെയ്തപ്പോൾ കിണറ്റീന്നും
മറ്റൊലിക്കൊണ്ടു മഹാസിംഹനാദത്തെക്കേട്ടു.
എന്നുടെ ശബ്ദം പോലെ നീ കൂടെത്തുടങ്ങിയാൽ
നിന്നുടെ ശരീരത്തെബ്‍ഭഗ്നമാക്കുന്നുണ്ടു ഞാൻ
എന്നവൻ പറഞ്ഞപ്പോളങ്ങനെ തന്നെ കൂപ-
ന്തന്നിൽ നിന്നുടൻ പ്രതിശബ്ദവുമുണ്ടായ്‍വന്നു.
കൊല്ലുന്നുണ്ടു ഞാൻ നിന്നെയെന്നവൻ പറഞ്ഞപ്പോൾ
കൊല്ലുന്നുണ്ടു ഞാൻ നിന്നെയെന്നിങ്ങും കേൾപ്പാറായി.
ക്രുദ്ധനാകിയ സിംഹം കുണ്ടുകൂപത്തിന്നുള്ളിൽ-
സ്സ്വത്വരം കുതിച്ചു ചാടിടിനാൻ മഹാജളൻ.
ഉള്ളത്തിൽ മദമേറും മൂഢനാമവൻ കൂപേ
വെള്ളത്തിൽ മുങ്ങിപ്പൊങ്ങിക്കൈകാലും കുഴഞ്ഞഹോ!.
വെള്ളവും കുടിച്ചാശു പള്ളയും വീർത്തു പൊട്ടി-
ത്തൊള്ളയും പിളർന്നവൻ ചത്തുപോയന്നേ വേണ്ടൂ.