പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/സഞ്ജീവകന്റെ യാത്ര

എങ്കിലോ പണ്ടു മഹാസിംഹവും വൃഷഭവും
തങ്ങളിൽച്ചേർന്നു മഹാസ്നേഹമായ് വാഴും കാലം
ഏഷണിക്കാരനേകൻ ജംബുകൻ ചെന്നുകൂടി
ദൂഷണം പറഞ്ഞവർ തങ്ങളിൽ ഭേദിപ്പിച്ചു
ധൃഷ്ടനാം ക്രോഷ്ടാവിനെ ജംബുകനെന്നും ചൊല്ലും
സ്പഷ്ട്മാക്കേണമെങ്കിലായവൻ കറുനരി.
ഇക്കഥാവിശേഷത്തെ വിസ്തരിച്ചുരചെയ്തു
കേൾക്കേണമെന്നു നൃപനന്ദനന്മാരും ചൊന്നാർ.
ഉണ്ടുപോൽ മഹീതലേ മഹിളാരോപ്യമെന്നു
പണ്ടുപണ്ടുള്ളപുരം ദക്ഷിണരാജ്യം തന്നിൽ
വർദ്ധമാനനെന്നൊരു വ്യാപാരി ചെട്ടിശ്രേഷ്ഠൻ
വർദ്ധിതദ്രവ്യൻ ഭവ്യൻ തത്ര പണ്ടുണ്ടായിപോൽ.
വിത്തസമ്പത്തുകൊണ്ടു വിത്തനാഥനെപ്പോലും
ചിത്തത്തിലൊരു ബഹുമാനവുമവനില്ല
തദ്ധനങ്ങൾക്കു ചെറ്റു സംഖ്യയില്ലെന്നാകിലും
വർദ്ധനം വ്യാപാരങ്ങൾക്കൊട്ടുമേ കുറവില്ല.
അങ്ങനെ വേണം താനും അർത്ഥമുണ്ടായാലതും
തങ്ങളേ യത്നം ചെയ്തു വർദ്ധിതമാക്കീടേണം.
മുന്നമേ ലഭിക്കാതുള്ളർത്ഥങ്ങൾ ലഭിക്കേണം
പിന്നെയും ലഭിച്ചതു സാദരം രക്ഷിക്കേണം
രക്ഷിതധനം പിന്നെസ്സന്തതം വർദ്ധിപ്പിച്ചു.
തത്ക്ഷണം സല്പാത്രങ്ങൾക്കർപ്പണം ചെയ്തീടേണം
രക്ഷണം ചെയ്തില്ലെന്നാൽ തൽക്ഷണം നശിച്ചീടും
ലക്ഷണമതിന്നു കർപ്പൂരമെന്നറിഞ്ഞാലും.
കർപ്പൂരം മുളകുമിട്ടിങ്ങനെ സൂക്ഷിക്കാഞ്ഞാ-
ലെപ്പോഴെന്നറിയാതെ നാസ്തിയാമെന്നേ വേണ്ടൂ
പെട്ടിയിൽ ധനം പൂട്ടിക്കെട്ടിയിങ്ങിരിക്കയും
പട്ടിണിയിട്ടുകൊണ്ടുതാനങ്ങു കിടക്കയും
യഷ്ടികൾക്കല്ലാതതു തോന്നുമോ കഷ്ടം കഷ്ടം!
ചെട്ടികൾക്കതുചിതമല്ലെടോ ബാലന്മാരേ!
അർത്ഥമുണ്ടായാലതുകൊണ്ടനുഭവിക്കാഞ്ഞാൽ
അർത്ഥമുള്ളോനുമിരപ്പാളിയുമൊരുപോലെ.
ബുദ്ധിമാനായുള്ളൊരു ധനവാൻ ധനങ്ങളിൽ
പത്തിലൊന്നർത്ഥികൾക്കു ദാനവും ചെയ്തീടേണം.
സൽക്കാരവ്യയം തന്നെ രക്ഷണം ദ്രവത്തിനെ-
ന്നുൾക്കാമ്പിലെല്ലാവർക്കും ബോധമുണ്ടായിടേണം.
വട്ടമുള്ളോരു കുളമെങ്കിലും ജലം വന്നു
കെട്ടി നിൽക്കുമ്പോൾ തീരം പൊട്ടി വാർന്നൊക്കെ പോകും.
ഓവുവച്ചതിൽക്കൂടി വാർത്തുവാർത്തിരുന്നാകിൽ
പോകയില്ലതിലുള്ള വെള്ളമെന്നറിയേണം.
എന്നതുപോലെ മഹാബുദ്ധിമാൻ വർദ്ധമാനൻ
പിന്നെയും ധനമാർജ്ജിക്കേണമെന്നുറച്ചവൻ
ചാടുമുണ്ടാക്കി ദ്രവ്യമായതിലേറ്റിക്കൊണ്ടു
നാടുകൾ തോറും ചെന്നു വ്യാപാരം ചെയ്തീടുവാൻ
നന്ദിപൂണ്ടുതൻ പുറപ്പെട്ടിതു ചെട്ടിശ്രേഷ്ടൻ
നന്ദനന്മാരെ ദേഹരക്ഷണത്തിനുമാക്കി
നന്ദികൻ സഞ്ജീവകനിങ്ങനെ നാമത്തോടെ
നന്ദികൾ തനിക്കു രണ്ടുണ്ടിഹ മുമ്പേ തന്നെ.
നന്ദികളെന്നുചൊന്നാൽ കാളകളെന്നു നൃപ-
നന്ദനന്മാരെ! നിങ്ങൾക്കർത്ഥമുണ്ടായീടേണം.
മന്ദമെന്നിയേ രണ്ടുനന്ദിവീരന്മാരെയു-
മൊന്നിച്ചു ശകടത്തിൽ ബന്ധിച്ചു താനുമേറി
ഘോരമാം കാന്താരത്തിൽപ്പുക്കുടൻ ഗമിക്കുമ്പോൾ
ഭാരത്തെവലിച്ചുകൊണ്ടോടുന്ന കൂറ്റന്മാരിൽ
സാരമാം സഞ്ജീവകൻ തന്നുടെ പാദം തന്നിൽ
ക്രൂരമാം പാഷാണം വന്നടിച്ചുകാലുപൊട്ടി
പെട്ടെന്നു മഹീതലേ വീണപ്പോൾ വർദ്ധമാനൻ
കെട്ടഴിച്ചങ്ങുവിട്ടുകാട്ടിലങ്ങൊരുദിക്കിൽ
വെള്ളവും പുല്ലും നല്കി രക്ഷിപ്പാൻ ഭൃത്യന്മാരെ-
യുള്ളതിൽ നാലുപേരെപ്പാർപ്പിച്ചു പതുക്കവേ
ഒറ്റയായ് ചമഞ്ഞൊരുകൂറ്റനെക്കൊണ്ടും തന്റെ
മറ്റുള്ള ഭൃത്യന്മാരെക്കൊണ്ടുമശ്ശകടത്തെ
തെറ്റെന്നു വലിപ്പിച്ചു തൻപുരന്തന്നിൽച്ചെന്നു-
പറ്റിയെന്നതേവേണ്ടൂ പാരമാധിയും പൂണ്ടു
കാളയെ രക്ഷിപ്പാനായ്പാർക്കുന്ന ഭടന്മാരും
കാനനം കണ്ടുപേടിച്ചൊക്കവേ മാറിപ്പോന്നു
കാളയും ചത്തുപോയെന്നുള്ളൊരു ഭോഷ്കുണ്ടാക്കി
നീളവേ നടന്നുകൊണ്ടായവർ വീട്ടിൽപ്പുക്കു.

അരക്ഷിതം തിഷ്ഠതി ദൈവരക്ഷിതം
സുരക്ഷിതം ദൈവഹതം വിനശ്യതി
ജീവത്യനാഥോപി വനേ വിസർജ്ജിതഃ
കൃതപ്രയത്നോപി ഗൃഹേ ന ജീവതി