പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രഭേദം/സൂചിമുഖിയുടെ അപായം

മർക്കടക്കൂട്ടം മഹാശീതത്തെസ്സഹിയാഞ്ഞു
ഒക്കവേ വിറച്ചൊരു ദിക്കിൽ വന്നിരിക്കുമ്പോൾ
തീക്കനൽ തിരഞ്ഞൊരു വാനരൻ പുറപ്പെട്ടാൻ.
നീക്കമില്ലെടോ നല്ല തീയിതാ പറക്കുന്നു;
എന്നു നിശ്ചയിച്ചവൻ ചെന്നുടൻ മിന്നാമിനു-
ങ്ങെന്നുള്ള പ്രാണികളിലൊന്നിനെപ്പിടിപെട്ടാൻ;
പൃഷ്ഠത്തിൽ പ്രകാശമുണ്ടജ്ജന്തു പറക്കുമ്പോൾ
പൊട്ടന്താനതുകണ്ടു പാവകനെന്നുറച്ചു.
കൂട്ടക്കരിരിക്കുന്ന യോഗത്തിൽ കൊണ്ടുവന്നു
ചെണ്ടക്കാരനുമൂതിക്കത്തിപ്പാൻ തുടങ്ങുന്നു.
അന്നേരം സൂചിമുഖനെന്നൊരു പക്ഷി മെല്ലെ-
ച്ചെന്നങ്ങു കുരങ്ങിന്റെ കർണ്ണത്തിൽ മന്ത്രിച്ചിതു
വഹ്നിയല്ലിതു സഖേ വാനര! മിന്നാമിനു-
ങ്ങെന്നൊരു പ്രാണിയിതങ്ങൂതിയാലെരിയുമോ?
എന്നതു കേട്ടങ്ങുണർത്തീടിനാൻ കുരങ്ങച്ചാ-
രെന്തെടോ! നിന്നോടുണ്ടോ ചോദിച്ചുവെന്നങ്ങവൻ
പക്ഷിയെപ്പിടിച്ചാശു പാറമേലടിച്ചുടൻ
തൽക്ഷണം കൊലചെയ്തു ഭക്ഷണം കഴിച്ചിതു
എന്നതുകൊണ്ടു ഞാനും നാനാമ്യശ്ലോകം ചൊന്നേൻ

നാനാമ്യോനാമ്യതേ ദാരുഃ
നാശ്മനി സ്യാൽ ക്ഷുരക്രിയാ
സൂചിമുഖീം വിജാനീഹി
നിശിഷ്യായോപദിശ്യതേ.

എന്നുടെ ദമനക! ദുഷ്‍പ്രയത്നങ്ങൾ വൃഥാ,
തന്നുടെ ബുദ്ധികൊണ്ടും തന്നുടെ ശക്തികൊണ്ടും
തന്നുടെ ദ്രവ്യം കൊണ്ടും തന്നുടെ ധർമ്മം കൊണ്ടും
ഗോത്രത്തെ രക്ഷിക്കുന്നതേതൊരു പുമാനവൻ
പുത്രനായ് വരും മാതാവല്ലയോ മാതാവെടോ!
ഇങ്ങനെ കരടകൻ ചൊല്ലിയ വാക്കുകേട്ടു
മങ്ങിനെ മുഖത്തോടെ ഭൂതലം നോക്കിക്കൊണ്ടു
കുണ്ഠിതം വഴിപോലെ തോന്നിച്ചു ദമനകൻ
മിണ്ടാതെ നിന്നങ്ങുരചെയ്തിതു കരടകൻ:-
ദുഷ്ടബുദ്ധിയും ധർമ്മബുദ്ധിയുമിരുവരിൽ
ദുഷ്ടബുദ്ധിയാമവൻ തന്നുടെ പിതാവിനെ
വല്ലാതെ സ്ഥലത്തിങ്കൽകൊണ്ടുപോയ്‍പ്പാർപ്പിക്കയാൽ
വല്ലാതെ മരിപ്പിച്ചാനെന്നതു കേട്ടിട്ടില്ലേ?
അഗ്രജ! നമുക്കതു കേൾക്കണമെന്നു തമ്പി-
ക്കാഗ്രഹം സാധിപ്പിപ്പാനുക്തവാൻ കരടകൻ.