പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രലാഭം/ബന്ധു എന്ന രണ്ടക്ഷരം
അങ്ങനെ തമ്മിൽപ്പറഞ്ഞിരിക്കും വിധൗ,
തങ്ങടെ ബന്ധുവാം കൂർമ്മാധിരാജനും
ബന്ധുവൃത്താന്തം ഗ്രഹിപ്പാൻ പുറപ്പെട്ടു
ബന്ധനസ്ഥാനത്തു ചെന്നിരുന്നീടിനാൻ.
അപ്പോൾ പറഞ്ഞു ഹിരണ്യകൻ ഹന്ത! താ-
നിപ്പോളിവിടേയ്ക്കു വന്നതു നന്നല്ല
കണ്ടകൻ വേടൻ വരുന്നേരമേ ഞങ്ങൾ
മണ്ടിത്തിരിപ്പാൻ സമർത്ഥരല്ലോ സഖേ!
തോയത്തെ വിട്ടുകരയ്ക്കു സഞ്ചാരമി-
ത്തോയത്തിലുള്ള ഭവാന്മാർക്കു സങ്കടം,
മന്ദസഞ്ചാരിയാകും ഭവാനെശ്ശഠൻ
വന്നു പിടിക്കയില്ലല്ലീ! മഹാമതേ!
മന്ദരൻ ചൊല്ലിനാനെന്തു ചെയ്യാവതു?
മന്ദഭാഗ്യത്വം നമുക്കു വരുമെങ്കിൽ.
വന്നതു വന്നു; ഭവാന്മാരെ വേർപിരി-
ഞ്ഞങ്ങു വസിപ്പാനെളുതല്ലെനിക്കെടോ!
ബന്ധുക്കളൊടു വേർപെട്ടാൽ മനസ്സുമ-
ങ്ങന്ധമായീടും; വിഷാദമാമംബുധൗ-
മജ്ജനം ചെയ്യും; മമത്വമേറീടുന്ന
സജ്ജനത്തിന്റെ സ്വഭാവമേവം സഖേ!
എന്നു മറഞ്ഞങ്ങിരിക്കുന്ന നേരത്തു
വന്നു കൃതാന്തനെപ്പോലെ കിരാതനും;
അപ്പോൾ ഹിരണ്യൻ മൃഗത്തിന്റെ പാശവും
കെല്പോടു കണ്ടിച്ചു മണ്ടിത്തിരിച്ചിതു;
ചിത്രാംഗസാരംഗവും മഹാകാകനും
തത്രനിന്നാശു ഗമിച്ചൊളിച്ചീടിനാർ,
മന്ദം നടക്കുന്ന മന്ദരകൂർമ്മത്തെ
വന്നു പിടിച്ചു വനചരൻ വേഗേന,
വില്ലിന്റെ ഞാണുകൊണ്ടാശു ബന്ധിച്ചൊരു
കല്ലിന്റെ ചോട്ടിലുറപ്പിച്ചുവച്ചുടൻ
മറ്റൊരുദിക്കിനു പോയോരനന്തരം,
കാകൻ മൃഗം മൂഷികനിവർ മൂവരും
ശോകംമുഴുത്തു കരഞ്ഞു വിരഞ്ഞുടൻ
അന്തികേ വന്നൊരുനേരത്തു മന്ദരൻ
യന്ത്രിതനായ്‍ക്കിടന്നേവമുര ചെയ്തു:
എന്തിനു കേഴുന്നു ബന്ധുക്കളേ നിങ്ങ-
ളെന്തിങ്ങു സങ്കടം നിങ്ങൾ ജീവിക്കവേ
ബന്ധുവെന്നിങ്ങനെ രണ്ടക്ഷരം ജഗദ്-
ബന്ധുവാം സ്രഷ്ടാവു കല്പിച്ചതല്ലയോ?
പുത്രൻ സഹോദരൻ മാതാ ജനകൻ ക-
ളത്രവും ഭൃത്യനുമാപത്സമാഗമേ
മിത്രങ്ങളെപ്പൊലുപകരിക്കില്ലതു
സത്യമതൊക്കെപ്പുരാണസാരങ്ങളിൽ.
മിത്രന്റെ പുത്രനാം സുഗ്രീവവാനരൻ
മിത്രഭാവേന വർത്തിക്കകൊണ്ടല്ലയോ?
മിത്രവംശോത്ഭവൻ ശ്രീരാമചന്ദ്രനും
വൃത്രാരിവൈരിയാം രാത്രിഞ്ചരേന്ദ്രന്റെ
വൿത്രങ്ങൾ പത്തും ശരംകൊണ്ടു ഖണ്ഡിച്ചു
ധാത്രിതലം തന്നിലിട്ടുരുട്ടിത്തദാ
പത്രികൾക്കാഹാരമാക്കിച്ചമച്ചു ജ-
ഗത്ത്രയത്രാണവും ചെയ്തിതു രാഘവൻ.
എന്നതുകൊണ്ടു സുഹൃല്ലാഭമിങ്ങനെ
വന്നതുകൊണ്ടു നമുക്കു വിപത്തിനു
സംഗതിയില്ലിഹ സംശയമില്ലെടോ!
മംഗലംതന്നെ ഭവിക്കും ക്രമേണ മേ.
തത്രാന്തരേ ഹിരണ്യാഖ്യനാം മൂഷികൻ
ചിത്രാംഗവായസന്മാരോടു ചൊല്ലിനാൻ:-
ചിത്രാംഗസാരംഗവീരാ! ഭവാൻ ചെന്നു
മിത്രാംഗരക്ഷണം ചെയ്‍വാൻ സരസ്തടേ
ചത്തപോലെകിടന്നിടേണമന്നേര-
മെത്തുന്ന വേടനേച്ചെണ്ടകൊട്ടിക്കണം;
കാക! ഭവാനാ മൃഗത്തിന്റെ മേലിരു-
ന്നാകുലം കൂടാതെ കൊക്കിൻമുനകൊണ്ടു
കൊത്തുന്നപോലെ നടിക്കേണമന്നേര-
മത്യന്തമൂഢനാം വേടൻ മൃഗമിതു
ചത്തുവെന്നോർത്തു കൃതാർത്ഥനായ്പന്നീടു-
മുത്താനബുദ്ധികൾക്കുണ്ടോ വിവേകവും?
കാണിനേരംകൊണ്ടു കൂർമ്മത്തെ ബന്ധിച്ചു
ഞാണും കടിച്ചു ഖണ്ഡിക്കുന്നതുണ്ടു ഞാൻ
മന്ദരൻ വാപിയിൽച്ചാടി മുങ്ങും ദ്രുതം;
മന്ദനാം വേടൻ ഗ്രഹിക്കയുമില്ലെടോ!
ഉള്ളിൽ പ്രസാദേന മാനിനെക്കെട്ടുവാൻ
വള്ളിയും കണ്ടിച്ചുകൊണ്ടു വനചരൻ
വന്നടുക്കും മുമ്പേ നാമങ്ങു മൂവരും
മന്ദേതരം മണ്ടിമാറിത്തിരിക്കയും.
ഇത്ഥം പറഞ്ഞവർക്കപ്രകാരം തന്നെ
സിദ്ധിമായ്പന്നിതു സിദ്ധാന്തമൊക്കവേ.
ആയതുനേരത്തു വന്നു വേടൻ മൃഗം
മായമെന്യേ ചത്തുപോയെന്നുറച്ചുടൻ
ആയതമായുള്ള വള്ളികൾകൊണ്ടു ഞാൻ
കായമശേഷം വരിഞ്ഞു മൃഗത്തിനെ,
കെട്ടിയെടുത്തങ്ങു കൊണ്ടുപോവേനെന്നു
അഷ്ടിക്കുറച്ചു പുറപ്പെട്ടു കാനനേ
കെട്ടിപ്പിണഞ്ഞു കിടക്കുന്ന വള്ളികൾ
വെട്ടിച്ചിതം വരുത്തിത്തുടങ്ങീടിനാൻ.
സാരത്വമുള്ളൊരു കാകനുമാഖുവും
സാരംഗവീരനും മൂന്നുപേരും തദാ
മന്ദതരം മണ്ടിയോടിഗ്ഗമിച്ചിതു;
മന്ദരകൂർമ്മവും വാപീജലന്തന്നിൽ
മുങ്ങിത്തിരിച്ചങ്ങു ബന്ധുക്കൾ മൂവരും
സംഗിച്ചിരിക്കുന്ന സാങ്കേതഭൂമിയിൽ
ചെന്നങ്ങുകൂടിസ്സുഖിച്ചു ഗമിച്ചാശു
തങ്ങടെ ദിക്കിനെ പ്രാപിച്ചുമേവിനാൻ
ഒന്നും ലഭിക്കാഞ്ഞു കുണ്ഠിതം പൂണ്ടങ്ങു
ചെന്നു ഗൃഹംപുക്കു മൂഢനാം വേടനും
മന്ദരൻ കാകൻ മൃഗവും ഹിരണ്യനും
മന്ദിരം പ്രാപിച്ചു മന്ദേതരോത്സവം
നാലുപേരുംകൂടി ലാളിച്ചുമേളിച്ചു
ലീലവിലാസേന വാണു യഥാസുഖം
ഇത്ഥം സുഹൃല്ലാഭമെന്നുള്ള തന്ത്രവും
സിദ്ധം സമസ്തം സമാപ്തം ശുഭം ശുഭം.
ദ്വിതീയതന്ത്രം സമാപ്തം.