പഞ്ചതന്ത്രം കിളിപ്പാട്ട്/മിത്രലാഭം/ഭിക്ഷുമഠത്തിൽ എലിക്കു സംഭവിച്ചത്
ധന്യമാകും മിഹിളാരൂപ്യസന്നിധൗ
സന്ന്യാസിഗേഹമുണ്ടെത്രയുംപാവനം;
തത്ര ചൂഡാകർണ്ണനാമധേയൻ ബ്രഹ്മ-
ഗോത്രപ്രധാനപരിവ്രാജകോത്തമൻ
വാണരുളുന്നു ദിനേദിനേ ഭിക്ഷയാ
പ്രാണമാത്രം വൃത്തിചെയ്തുകൊണ്ടങ്ങനെ
തത്ര സ്വയംപാകഭിക്ഷകഴിച്ചുടൻ
പാത്രം സ്വർഗംഗയിൽ വയ്ക്കും രജനിയിൽ;
പാത്രത്തിലങ്ങു ശേഷിച്ചോരു ഭോജനം-
മാത്രം ലഭിക്കും നമുക്കതു ഭോജനം.
അക്കാലമഗ്‍ഗൃഹേ വന്നു ബൃഹൽസ്പിഗെ-
ന്നാഖ്യനായുള്ളോരു സന്ന്യാസിഭൂസുരൻ.
തത്ര ചൂഡാകർണ്ണസന്ന്യാസിതന്നുടെ
(സംസ്കൃതത്തിൽ അവന്റെ പേർ താമ്രചൂഢൻ എന്നാണ്. ഇരുവർക്കും തർക്കമുണ്ടായപ്പോൾ മഠാശ്രയത്തിനാൽ നരകപ്രാപ്തിയുണ്ടെന്നും ഒരുവൻ പറഞ്ഞു.
"നരകായ മതിസ്തേ ചേത് പൗരോഹിത്യം സമാചര; വർഷം യാവത് കിമന്യേന മഠചിത്യ ദിനത്രയം").
മിത്രമായുള്ള ബൃഹസ്പിക്കുമാദരാൽ
തത്ര വസിച്ചു പുരാണങ്ങൾ വായിച്ചു
മിത്രസന്ന്യാസിയെക്കേൾപ്പിക്കുമന്തരേ;
മൂഷികന്മാരെബ്‍ഭയപ്പേതുത്താനുള്ള
ഭീഷണിവാദ്യംമുഴക്കി ചൂഡാകർണ്ണൻ.
ആയതുകേട്ടു ചോദിച്ചു ബൃഹസ്പിക്കു-
മായതെന്തിപ്പോൾ തുടങ്ങി യോഗീശ്വര!
തെല്ലും പുരാണശ്രവണത്തിലാഗ്രഹ-
മില്ല ഭവാനെന്നു തോന്നുന്നു മേ സഖേ!
ഇച്ഛയില്ലായ്കകൊണ്ടല്ലെടോ! വില്ലുകൊ-
ണ്ടൊച്ചപ്പെടുത്തതിരുന്നാലെലി വന്നു.
ഭിക്ഷയ്‍ക്കുവെച്ചിരിക്കുന്ന ചോറൊക്കവേ
ഭക്ഷിക്കുമായതുകൊണ്ടിതു ചെയ്തു ഞാൻ
ഭാഷിതം കേട്ടു ബൃഹസ്പിക്കുരചെയ്തു:-
മുഷികന്മാരൊരു കൂട്ടമോ ഏകമോ?
ഏകനേയുള്ളൂ സമൂഹമില്ലാ സഖേ!
ഏകനേയെങ്കിൽ തന്റെ ഭിക്ഷാന്നഭക്ഷണം
ഒന്നുതന്നെ കാര്യമെന്നുവരികയി-
ല്ലന്യപ്രയോജനമുണ്ടായ്‍വരും ദൃഢം.
എള്ളു പകരംകൊടുത്തു താനിങ്ങോട്ടു
മെള്ളു മേടിക്കുന്ന ശാണ്ഡലിമാതാവി-
ന്നന്യമായിട്ടൊരുകാരണമുണ്ടെന്നു
ധന്യനാം വിപ്രനൊരുത്തൻ പറഞ്ഞിതു
എങ്ങനെ സംഗതിയെന്നു ചൂഡാകർണ്ണ;-
നെങ്കിലോ കേട്ടുകൊൾകെന്നു ബൃഹസ്പിക്കും.