പഞ്ചതന്ത്രം കിളിപ്പാട്ട്/സന്ധിവിഗ്രഹം/ചെണ്ടകൊട്ടിച്ചു നമ്മെക്കഷ്ടം അങ്ങാടിക്കാരൻ
നാട്ടിലെപ്പുഷ്ടിക്കിഷ്ടി ചെയ്‍വതിന്നൊരുവിപ്ര-
നാട്ടിനെക്കൊണ്ടുംകൊണ്ടു പോരുന്നമാർഗ്ഗന്തന്നിൽ.
ദുഷ്ടന്മാരൊരുകൂട്ടം നായന്മാരതുകണ്ടു
ശിഷ്ടനാം ദ്വിജേന്ദ്രനെച്ചതിപ്പാൻ വട്ടംകൂട്ടി
തങ്ങളിൽപ്പറഞ്ഞൊത്തു മാർഗ്ഗത്തിന്നിടയ്ക്കിടെ-
ത്തങ്ങടെ കൂട്ടം പലദിക്കിലും പാർത്തീടുവാൻ.
അന്തണൻ വരുംമുമ്പേ തത്ര ചെന്നവരവ-
രന്തികേ മരംമറഞ്ഞൊളിച്ചു മേവീടിനാർ.
ആയതിലൊരുഭടൻ വിപ്രനെച്ചെന്നുകൂപ്പി
നായിനെക്കൊണ്ടങ്ങെഴുന്നെള്ളുന്നതെന്തേ പോറ്റി!
ഉത്തരം പറയാതെ വിപ്രനും നടകൊണ്ടു
സത്വരം പോകുന്നേരം മറ്റൊരുഭടൻ വന്നു,
പട്ടിയെക്കെട്ടിക്കൊണ്ടുപോകുന്നതെന്തെന്നവൻ;
പട്ടിയല്ലെന്നു വിപ്രൻ പിന്നെയും നടകൊണ്ടു.
ആ വഴി പോകുന്നേരം മറ്റൊരുനായർ വന്നു
ശ്വാവിനെക്കെട്ടിക്കൊണ്ടു പോകുന്നോ എന്നുചൊന്നാൻ
ഇങ്ങനെ മാർഗ്ഗേ മാർഗ്ഗേവന്നവരെല്ലാം ശ്വാവെ-
ന്നിങ്ങനെ പലർ പറയുന്നതുകേട്ടു വിപ്രൻ,
കണ്ടവരെല്ലാം ശ്വാവെന്നല്ലാതെചൊല്ലുന്നില്ല;
ചെണ്ടകൊട്ടിച്ചു നമ്മെക്കഷ്ടമങ്ങാടിക്കാരൻ
ഒന്നു രണ്ടല്ലിങ്ങിപ്പോൾ വന്നുകാണുന്നോരെല്ലാ-
മൊന്നുപോലുരചെയ്താൽ വിശ്വസിക്കയേയുള്ളൂ.
ഇത്തരം വിചാരിച്ചുവിപ്രനങ്ങജത്തിനെ-
സ്സത്വരമുപേക്ഷിച്ചു ചെന്നു തന്നില്ലും പുക്കു,
പെട്ടെന്നു നായന്മാരുമൊക്കവേ യോഗംകൂടി-;
യാട്ടിനെ വെട്ടിക്കൊന്നു കൊണ്ടുപോയ്‍വച്ചുതിന്നാർ.
എന്നതുകൊണ്ടു ചൊന്നേൻ വൈരികൾ പലർകൂടി-
യൊന്നിച്ചുനിൽക്കുന്നതു ഭേദിപ്പാൻ പരാധീനം.
ഋശ്യശൃംഗാദ്രൗ വസിച്ചീടുവിൻ ഭവാന്മാരും.
വിശ്വസിപ്പിച്ചു ചതിച്ചീടുവാൻ പോകുന്നു ഞാൻ.
ഇത്ഥമങ്ങുരചെയ്തു ശിരസ്സുമുണ്ഡുമാക്കി-
ച്ചത്തകാകന്മാരുടെ ചോരയുമെടുത്തണി-
ഞ്ഞെത്രയും വികൃതമാം വിഗ്രഹത്തോടും പോയി-
ത്തത്ര കൗശികാവാസം പ്രാപിച്ചു ചിരഞ്ജീവി.
സൂര്യനസ്തമിച്ചപ്പോൾ മൂങ്ങകൾ പുറപ്പെട്ടു.
വൈരിശേഷത്തെക്കൊൽവാൻ വന്നിതു വടദ്രുമേ.
ന്യഗ്രോധദ്രുമന്തന്നിൽക്കണ്ടില്ല കാകന്മാരെ;
വ്യഗ്രതപൂണ്ടു പോന്നിങ്ങശ്വത്ഥം മുകളേറി,
അട്ടിക്കിൽച്ചിരഞ്ജീവിവല്ലാതെ വികൃതമായ്
ശബ്ദിച്ചാനതുകേട്ടു കൗശികക്കൂട്ടംചെന്നു,
കാക്കയെപ്പിടിച്ചു ബന്ധിച്ചുകൊണ്ടമർദ്ദന്റെ
കാൽക്കൽ വച്ചുടൻ വണങ്ങീടിനാരുലൂകന്മാർ.
ആരെടാ നീയെന്നുലൂകേശ്വരൻ ചോദ്യംചെയ്‍തു;
ധീരനാമവൻ ചൊന്നാനേഷ ഞാൻ ചിരഞ്ജീവി.
കാകലോകാധിപന്റെ മന്ത്രിപുംഗവൻ ഭവാ-
നാകുലപ്പെട്ടീവണ്ണം വന്നതിനെന്തുമൂലം?
ചൊല്ലിനാൻ ചിരഞ്ജീവി നിന്തിരുവടിയുടെ
ചൊല്ലേറും പ്രഭുത്വവും ശൗര്യാദിഗുണങ്ങളും
മന്ത്രശാലയിൽനിന്നു വർണ്ണിച്ചേനതുമൂലം
മന്ത്രിപുംഗവന്മാരും മേഘവർണ്ണനും പാരം
കയർത്തു ശത്രുപക്ഷക്കാരനാമിവനുടെ
കഴുത്തു ഖണ്ഡിക്കേണമെന്നതിൽച്ചിലജനം;
നരച്ച വൃദ്ധക്കാക്കക്കള്ളന്റെ രോമം പാടേ
ചിരച്ചു വിട്ടീടുകെന്നെന്നുടെ തമ്പുരാനും;
അങ്ങനെ കല്പിക്കയാൽ മന്ത്രിവായസന്മാരു-
മിങ്ങനെ വികൃതമാക്കീട്ടവർ വിട്ടീടിനാർ
എന്നതു കേട്ടു മന്ത്രിശ്രേഷ്ഠരെ വേറെവിളി-
ച്ചെങ്ങനെ വേണ്ടുവെന്നു ചിന്തിച്ചാനമർദ്ദനൻ.
കുക്കുരാക്ഷനും വൿത്രകപോതൻ ദീപ്താക്ഷനും
മുഷ്കരന്മാരാം മൂന്നുമന്ത്രികളുരചെയ്തു:-
ദൂതരെക്കൊലചെയ്ക യോഗ്യമല്ലെന്നു കേൾപ്പൂ;
ഭീതനാമിവനുടെ ഭീതിയുമൊഴിച്ചുടൻ
നൂതനങ്ങളായുള്ള മാംസശോണിതം നൽകി
പ്രീതനാക്കീടേണമെന്നെങ്ങൾക്കു തോന്നീടുന്നു.
മാന്യരായിരിപ്പവർക്കെല്ലാർക്കുമൊരുപോലെ
ദീനരിൽ കൃപ വേണമെന്നതു ധരിച്ചാലും.
ധീരാത്മാവമർദ്ദനൻ പിന്നെയും ബകനെന്നു
പേരായുള്ളമാത്യനെ വിളിച്ചു ചോദിച്ചിതുഃ-
കാകമന്ത്രിയെക്കൊലചെയ്‍കയോ മോചിക്കയോ
ലോകവീര്യനാം ഭവാനെങ്ങനെയഭിപ്രായം?
ഉക്തവാൻ ബകാമാത്യൻ ദീനനെക്കൊലചെയ്ക
യുക്തമില്ലതു സ്വാമിൻ അഞ്ജസാ രക്ഷിക്കേണം.
ബ്രഹ്മരാക്ഷസൻതാനും ചോരനും രക്ഷിച്ചുപോൽ
ബ്രാഹ്മണനെയുമദ്ദേഹത്തിന്റെ ഗോക്കളേയും,
എങ്ങനെയെന്നു സ്വാമി; കേട്ടാലുമെന്നു ബകൻ.