പഞ്ചതന്ത്രം കിളിപ്പാട്ട്/സന്ധിവിഗ്രഹം/ദന്തിരാജനക്കൊണ്ടു കൂട്ടത്തെ പിരിപ്പിച്ചത്

ഭൂതലെ പന്തീരാണ്ടു വർഷമില്ലായ്കമൂലം
ഭൂതജാലങ്ങളൊക്കെശ്ശോഷിച്ചു വശംകെട്ടു
കാനനേ മഹാഗജക്കൂട്ടങ്ങൾ ദാഹംകൊണ്ടു
ദീനതപൂണ്ടു ഗജശ്രേഷ്ഠനോടറിയിച്ചു.
കുംഭിരാജനായുള്ള തമ്പുരാൻ തിരുവടി
കുമ്പിടും ജനങ്ങളെക്കാത്തരുളേണം നാഥാ!
കാട്ടിലെക്കുളം തോടും പല്വലങ്ങളും വറ്റി-
ക്കാട്ടാനക്കൂട്ടങ്ങൾക്കും മറ്റുള്ള ജന്തുക്കൾക്കും
തോയപാനത്തിനെങ്ങും സംഗതി വരായ്കയാൽ
കായങ്ങൾ മെലിഞ്ഞേറ്റം നടപ്പാൻ മേലാതായി
ഏതൊരു ദിക്കിൽജ്ജലമുള്ളതെന്നന്വേഷിപ്പാൻ
ദൂതരെക്കല്പിച്ചയച്ചീടുകവേണം സ്വാമിൻ!
എന്നതുകേട്ടു ഗജശ്രേഷ്ഠനും വനേ വനേ
ചെന്നങ്ങു വിചാരിപ്പാൻ ദൂതരെ നിയോഗിച്ചു.
ആയതിലൊരു ദൂതൻ വന്നു നിന്നറിയിച്ചു:-
തോയപൂർണ്ണമായൊരു വാപിയുണ്ടൊരു ദിക്കിൽ.
ചന്ദ്രികാസരസ്സെന്നു നാമവും കേട്ടേനതിൽ-
സ്സാന്ദ്രശീതളം ജലം നിർമ്മലം നിരന്തരം.
അത്ര നിന്നൊരുകാതം മാത്രമേ വഴിയുള്ളു.
തത്ര ചെന്നംബുക്രീഡാസ്നാന്പാനങ്ങൾ സുഖം
എന്നതുകേട്ടു ഗജരാജനും വൃന്ദങ്ങളും
നന്ദിപൂണ്ടവിടേയ്ക്കു സത്വരം പുറപ്പെട്ടു.
ചന്ദ്രികാ സരസ്സിന്റെ തീരത്തു വസിക്കുന്ന
സുന്ദരശശങ്ങടെ വൃന്ദമുണ്ടനവധി.
ദന്തിയൂഥങ്ങൾ ചെന്നു ചവിട്ടിശ്ശശങ്ങടെ
പംക്തിയെപ്പാടേ കൊന്നുതുടങ്ങി മാർഗ്ഗങ്ങളിൽ.
അന്നേരം ശശങ്ങൾക്കു നാഥനാം ശിലീമുഖൻ
തന്നുടെ കാര്യക്കാരെ വരുത്തി വിചാരിച്ചു.
നമ്മുടെ സരസ്തടെ വാരണക്കൂട്ടം വന്നു
നമ്മുടെ പ്രജകളെച്ചവിട്ടിക്കൊന്നീടുന്നു.
എന്തൊരു മാർഗ്ഗംവേണ്ടൂ ദന്തിവൃന്ദത്തെ നീക്കാ-
നെന്നതു ചിന്തിക്കേണമെന്നുള്ള മൊഴികേട്ടു.
ചിന്തിച്ചു വിജയനെന്നുള്ളൊരു ശശാമാത്യൻ
ദന്തിരാജനെക്കൊണ്ടു കൂട്ടത്തെപ്പിരിപ്പിക്കാം.
ചന്ദ്രികാസരസ്സതിൽ വന്നിറങ്ങീടും മുമ്പേ
ചെന്നു ഞാൻ ഗജേന്ദ്രനേപ്പറഞ്ഞു നിർത്തീടുന്നേൻ.
തുഷ്ടനാം ശിലീമുഖൻ ചൊല്ലിനാൻ വിജയനെ-
ന്നെട്ടുദിക്കിലും പുകൾപൊങ്ങിന മുയൽ ഭവാൻ
ഒട്ടുമേ കാലക്ഷേപം കൂടാതെ ചെന്നു ഗജ-
ക്കൂട്ടത്തെപ്പിരിച്ചയച്ചീടുക മഹാബാഹോ!
അങ്ങിനെയെന്നങ്ങുരചെയ്തിതു വിജയനും
തുംഗനാം ഗജേന്ദ്രനേ പ്രാപിച്ചു വിചാരിച്ചു;
പ്രാണിക്കു ഗജങ്ങളൊടടുത്താൽ നാശം വരും;
ഘ്രാണിക്കുമ്പോലെ വന്നു വധിക്കും സർപ്പങ്ങളും;
പുഞ്ചിരിയിട്ടുംകൊണ്ടു കൊല്ലിക്കും ഭൂപാലന്മാർ;
വഞ്ചിക്കും ഖലന്മാരും ചേർന്നു നിൽക്കവേതന്നെ.
വമ്പനാം കൊലയാനക്കൊമ്പന്റെ പുറകിലും
മുമ്പിലുമിടംവലം രണ്ടു ഭാഗത്തിങ്കലും
ചെന്നു നിൽക്കരുതൊരുനേരവും തന്റെ പാട്ടിൽ
വന്നുവെന്നുള്ളബുദ്ധി തോന്നിയാൽ നാശം വരും,
എന്നതുകൊണ്ടു ഞാനും പർവതമുകളേറി
നിന്നുകൊണ്ടിവനോടു കല്യാണം പൃച്ഛിക്കുന്നേൻ.
ഇത്തരം വിചാരിച്ചു ബുദ്ധിമാൻ വിജയാഖ്യൻ
സത്വരം ഗിരിമുകളേറിനിന്നുര ചെയ്താൻ:-
നാഗരാജാവിന്നും തന്മന്ത്രിമാതംഗങ്ങൾക്കും
സ്വാഗതം ഭവിക്കുന്നോ ഭോഗസൗഖ്യവുമെല്ലാം?
രോഗങ്ങൾ കാര്യക്ഷയമിത്യാദി ദുഃഖത്തോടു
യോഗമെന്നിയേ വനേ വാണരുളുന്നീലയോ?
എന്നതു കേട്ടു ഗജശ്രേഷ്ഠനും കൂട്ടക്കാരു-
മെന്തൊരു മഹാത്ഭുതമാരുവാൻ പറയുന്നു?
ഇങ്ങനെ വിചാരിച്ചു മേല്പോട്ടു നോക്കുന്നേര-
മങ്ങിരുന്നുരചെയ്തു സാദരം വിജയനും.
താരകാധിപനാകും ചന്ദ്രനാം ഭഗവാന്റെ
ചാരനാമൊരുശശം ഞാനെന്നു ധരിച്ചാലും
നമ്മുടെ കുലംതന്നിൽ ശ്രേഷ്ടനാമൊരുമുയൽ
ചന്ദ്രനെ സ്സേവിച്ചല്ലോ മേവുന്നു സദാകാലം
ചന്ദ്രനിജ്ജനങ്ങൾക്കു നിത്യസൗഖ്യത്തിനായി-
ച്ചന്ദ്രികാസാരം ഭൂമൗ നിർമ്മിച്ചു മനോഹരം;
ആയതു കാപ്പാനെന്നെകല്പിച്ചു നിശാകരൻ.
ന്യായമല്ലാതെ വിഭോ ദൂതന്മാർ പറയുമോ?
ചന്ദ്രികാസാരന്തന്നിലാനകളനവധി
വന്നിറങ്ങിയാൽ വെള്ളമാകവേ കലങ്ങിപ്പോം.
എന്നതു കേട്ടു ഗജശ്രേഷ്ഠനെദ്ധരിപ്പിപ്പാ-
നെന്നുടെ സ്വാമി ചന്ദ്രൻ നമ്മളെ നിയോഗിച്ചു.
തന്നുടെ ഹിതന്മാർക്കു ശീതളൻ നിശാകരൻ;
തന്നുടെ ശത്രുക്കളെത്തപിപ്പിക്കയും ചെയ്യും.
കൈവരവങ്ങൾക്കു കാന്തി നൽകുന്ന നക്ഷത്രേശൻ
വൈരമുള്ളംഭോജത്തെക്കുണ്ഠിതമാക്കുന്നില്ലേ?
എന്നതു കേട്ടു ഭയപ്പെട്ടൊരു ഗജശ്രേഷ്ഠൻ
തന്നുടെ കൂട്ടക്കാരെപ്പിരിച്ചങ്ങയച്ചുടൻ
താനുമശ്ശശത്തോടു യാത്രയും ചൊല്ലിപ്പോയാ-
നെന്നതുകൊണ്ടു ചെന്നേൻ സൽക്കുലന്മാരേ നല്ലൂ
ക്ഷുദ്രനാം പുരുഷനെ വിശ്വസിപ്പവർക്കൊട്ടും
ഭദ്രമായ് വരികയില്ലെന്നതു ബോധിക്കേണം.
പണ്ടൊരു കപിഞ്ജലപ്പക്ഷിയും ശശകനും,
രണ്ടുപേർ മരിച്ചുപോൽ ക്ഷുദ്രവിശ്വാസം മൂലം
ആയതെങ്ങനെയെന്നു പക്ഷികൾ ചോദ്യം ചെയ്തു.